Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് 43,000 തവണ പീഡിപ്പിക്കപ്പെട്ടു, ഇന്നു മനുഷ്യാവകാശ പ്രവർത്തക- കാർലയ്ക്കു സല്യൂട്ട്

Karla കാർല ജാകിൻറ്റോ

പന്ത്രണ്ടാം വയസിൽ നമ്മുടെ ജീവിതം എങ്ങനെയായിരിക്കും? കളിയും പഠനവുമൊക്കെയായി അങ്ങനെ രസിച്ചു നടക്കുന്ന പ്രായം. പക്ഷേ ജീവിതം എന്താണെന്നു പോലും തിരിച്ചറിയാത്ത ആ കാലത്ത് കാർല ജാകിൻറ്റോ എന്ന പെണ്‍കുട്ടി ലൈംഗിക തൊഴിലാളിയായി. കളിപ്പാട്ടങ്ങളും പാഠപുസ്തകങ്ങളുമായി നടക്കേണ്ട പന്ത്രണ്ടാം വയസിൽ അവൾ മാറിമാറി പീഡനങ്ങൾക്കിരയായി. ഇന്ന് ഇരുപത്തിനാലുകാരിയായ കാർലയ്ക്ക് അതെല്ലാം അടഞ്ഞ അധ്യായമാണ്, താനൊരിക്കല്‍ പോലും കേൾക്കാൻ ആഗ്രഹിക്കാത്ത കാലം.

പന്ത്രണ്ടാം വയസു മുതലാണ് മെക്സിക്കോ സ്വദേശിയായ കാർലയുടെ ജീവിതത്തിലെ ആ കറുത്ത ദിനങ്ങൾ ആരംഭിക്കുന്നത്. പണവും പാരിതോഷികങ്ങളും നൽകി മനുഷ്യക്കടത്തിന്റെ ഒരു ഏജന്റ് തന്നെ കുടുംബത്തിൽ നിന്നും അടർത്തി മാറ്റുകയായിരുന്നു. മെക്സിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഗ്വാഡലജാരയിലേക്കാണ് അവളെ ആദ്യം കൊണ്ടുപോയത്. അന്നുമുതൽ വേശ്യാവൃത്തിക്കു പ്രേരിപ്പിച്ചു. പതിനാറു വയസിനുള്ളിൽ 43,000 തവണയാണ് അവൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്.

ഒരു ദിവസം ഏതാണ്ട് മുപ്പതു പുരുഷന്മാർക്കൊപ്പമെങ്കിലും കിടക്കേണ്ടി വന്നിട്ടുണ്ട്, തന്നെ പീഡിപ്പിച്ചതു സാധാരണക്കാർ‍ മാത്രമല്ല പൊലീസ് യൂണിഫോമിലുള്ളവരും ജഡ്ജിമാരും പാസ്റ്റർമാരും പുരോഹിതരുമൊക്കെ ആ കൂട്ടത്തിലുണ്ടായിരുന്നുവെന്ന് കാർല പറയുന്നു. 2008ൽ ഭാഗ്യമെന്നോണം മനുഷ്യക്ക‌ടത്തു വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കാര്‍ല രക്ഷിക്കപ്പെട്ടു. ഇന്ന് ഇരുപത്തിനാലു വയസുണ്ട് കാർലയ്ക്ക്. ജീവിതത്തെ അറിഞ്ഞ് ആസ്വദിച്ചു തുടങ്ങും മുമ്പുതന്നെ കാര്‍ലയുടെ മനസും ശരീരവും ഏറ്റ മുറിവുകൾ ചില്ലറയല്ല. തുടർച്ചയായി നേരിട്ട പീഡനങ്ങൾ പക്ഷേ അവളെ തളർത്തിയില്ല, കരുത്തോ‌ടെ മുന്നോട്ടു നീങ്ങി. ഇന്ന് അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തക കൂടിയാണ് കാർല.

ലൈംഗിക പീഡനങ്ങൾക്കിരയായവരെ കണ്ടെത്തി അവർക്കു വേണ്ട കൗൺസിലിങും ഉപദേശങ്ങളുമൊക്കെ നൽകി ലോകം മുഴുവനും സഞ്ചരിക്കുകയാണ് കാര്‍ല ഇപ്പോൾ. വിഷയം സംബന്ധിച്ച ഗൗരവ ചർച്ചയ്ക്കായി വത്തിക്കാനിലെ പോപ് ഫ്രാന്‍സിസിനെ പോലും കാർല സന്ദർശിച്ചു. മെക്സിക്കോയിൽ ക്രമാതീതമായി വർധിച്ചു വരുന്ന മനുഷ്യക്കടത്തിനെ സംബന്ധിച്ചു ബോധവൽക്കരണം ന‌ടത്തുകയാണ് തന്റെ പ്രധാനലക്ഷ്യമെന്നു കാര്‍ല പറയുന്നു. മെക്സിക്കോയിൽ ഓരോവർഷവും ഏതാണ്ട് ഇരുപതിനായിരത്തിൽപ്പരം സ്ത്രീകൾ ഇരകളാകുന്നുവെന്നാണ് കണക്കുകൾ പറയുന്നത്.


Your Rating: