Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ന് ട്രൂഷൻ ക്വാസിൽ പാച്ച ഉടായിപ്പിട്ട് വാരണം!!!

Grammar Mistake

എന്റ പ്രായപ്പൊട്ട മോരിക്ക്,

ഒരു കാരിം പെറയണമെന്ന് കൊറേ നാളായി വിജാരിക്കുന്നു... വലച്ചുകൊട്ടാതെ പെറയാം.. എനിക്ക് തന്നേ ഒരു പേട് ഇഷ്ടമോണ്.... എന്നെയം തനിക്ക് ഇഷ്ടമാണൊങ്കിൽ അത് നേരിട്ട് പറയൺഡ.. ഇന്ന് ട്രൂഷൻ ക്വാസിൽ വരുമ്പോൾ ആ പാച്ച ഉടായിപ്പിട്ട് വന്നാ മദി... അതുകൺഡ് ഞാൻ തരിച്ചിരുന്നോളാം.. സ്നോഹത്തോടെ.... (ഒപ്പ്)

സുരേഷ്, അഭിലാഷ്, കുമാർ, ദിനു, അനിൽ, വേണു, നാണു, നവീൻ...ഇങ്ങനെ ഏതുപേരിലുമുള്ള ആരു വേണമെങ്കിലും എഴുതിയിട്ടുണ്ടാകും ഇതുപോലൊരു കത്ത്. പലരും എഴുതിയിട്ടുമുണ്ട്. അതിലെ തമാശ അടുത്തിടെ ‘പ്രേമ’ത്തിലെ പ്രിയപ്പെട്ട ചാളമേരിയുടെ രൂപത്തിൽ വരെ നമ്മൾ കണ്ടതുമാണ്. ഇങ്ങനെ അക്ഷരപ്പിശാചുക്കൾ നിറഞ്ഞ കത്ത് വായിക്കുന്നവർക്ക് അതൊരു കോമഡിയായിരിക്കും. പക്ഷേ അത് കൊടുക്കുന്നവരുടെ അവസ്ഥയോ? പ്രിയപ്പെട്ട മേരി പച്ച ഉടുപ്പിട്ടു വരുന്നതും കാത്തിരിക്കുന്ന പ്രിയകാമുകന് പക്ഷേ അവളുടെ കയ്യിൽ നിന്ന് കിട്ടുന്ന മറുപടി കേട്ട് ശരിക്കും തരിച്ചിരിക്കാനേ നേരം കാണുകയുള്ളൂ. ഇത് അക്ഷരാഭ്യാസമില്ലാത്ത മല്ലൂസിന്റെ പ്രശ്നം മാത്രമല്ല, ആഗോളവ്യാപകമായി ഇത്തരമൊരു പ്രതിസന്ധി നേരിടുന്നുണ്ട് ന്യൂജെൻ കാമുകന്മാർ. അതായത് മര്യാദയ്ക്ക് എഴുതാനറിഞ്ഞില്ലെങ്കിൽ ഒരു പെണ്ണും തിരിഞ്ഞുനോക്കില്ലത്രേ. പ്രേമലേഖനം മാത്രമല്ല എന്തെഴുതിയാലും അതിൽ ഗ്രാമർ മിസ്റ്റേക്കുകളുണ്ടെങ്കിൽ മിക്ക പെണ്ണുങ്ങളും ഇട്ടേച്ചു പോകുമെന്നാണ് പുതിയ വർത്തമാനം. ‌ ഒരു വിദേശ ഡേറ്റിങ് വെബ്സൈറ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇഹാർമണി എന്ന ഡേറ്റിങ്സൈറ്റിലെ ഓരോരുത്തരുടെയും പ്രൊഫൈലുകളിൽ വരുന്ന അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും എങ്ങനെയാണ് ബന്ധങ്ങളെ ബാധിക്കുന്നതെന്നായിരുന്നു അന്വേഷണം. തെറ്റില്ലാതെ എഴുതാൻ സഹായിക്കുന്ന ഗ്രാമർലി എന്ന വിദഗ്ധ വെബ്സംഘത്തിന്റെ സഹായത്തോടെയായിരുന്നു സർവേ. അതോടെ ഒരുകാര്യം വ്യക്തമായി: ഓരോരുത്തരെപ്പറ്റിയും വിശദമായി പറയുന്ന പ്രൊഫൈലുകളിൽ അക്ഷരത്തെറ്റോ വ്യാകരണപ്പിശകോ കണ്ടാൽ ഭൂരിപക്ഷം പേരും തിരിഞ്ഞു നോക്കില്ലത്രേ. പെണ്ണുങ്ങളാണ് ഇക്കാര്യത്തിൽ മുന്നിൽ. ആണുങ്ങളാകട്ടെ പെൺകുട്ടികളുടെ പ്രൊഫൈലുകളിൽ അൽപം ഗ്രാമർ തെറ്റുകുറ്റങ്ങളൊക്കെ കണ്ടാലും ‘ആ പോട്ട് പുല്ല്...’ എന്ന മട്ടിൽ തള്ളുകയാണത്രേ പതിവ്.

Mobile

ചുമ്മാ പിള്ളേരെയൊന്നു ഞെട്ടിക്കാമെന്നു കരുതി നടത്തിയ പഠനമൊന്നുമായിരുന്നില്ല ഇത്. ഡേറ്റിങ് വെബ്സൈറ്റുകൾ കാര്യക്ഷമമാക്കാൻ വേണ്ടിയായിരുന്നു. പഠനറിപ്പോർട്ട് വന്നതിനു തൊട്ടുപിറകെ പല ഡേറ്റിങ് സൈറ്റുകളും ‘അറ്റകുറ്റപ്പണി’യും തുടങ്ങി. പ്രൊഫൈലുകളിൽ ഒരു അക്ഷരത്തെറ്റോ ഗ്രാമർ പ്രശ്നമോ വരാതെ ‘ക്ലീൻ’ ആയി എഴുതാൻ സഹായിക്കുന്ന ടൂളുകൾ ചേർക്കുകയായിരുന്നു ആദ്യപടി. അതുകണ്ട് സകല ടെക്കികളും ചേർന്ന് ആപ്പുകളും മറ്റ് ഓൺലൈൻ സർവീസുകളും തുടങ്ങി–ലക്ഷ്യം ഒന്നു മാത്രം നിങ്ങളുടെ പ്രൊഫൈൽ ഏറ്റവും ഭംഗിയായി മറുപാതിയുടെ മുന്നിലെത്തിക്കുക. അതായത് വായിക്കുന്നവർക്കു തോന്നും തങ്ങൾ ഡേറ്റ് ചെയ്യാൻ പോകുന്നത് ഷേക്സ്പിയറിനെയോ വേഡ്സ്‌വർത്തിനെയോ ഒക്കെയാണെന്ന്. തങ്ങളാൽ ചെയ്യാനുള്ളതൊക്കെ ചെയ്തു, ഇനി നേരിട്ടു കാണുമ്പോൾ സ്നേഹം മൂത്ത് ‘എന്റെ കൊരളിന്റെ കൊരളേ...’ എന്നെഴുതി കുളമാക്കാതിരുന്നാൽ മതിയെന്ന ഫ്രീ ഉപദേശവും ഒപ്പമുണ്ട്.

എന്നാൽ ഇതൊക്കെ ശുദ്ധവിഡ്ഢിത്തമാണെന്നു വിമർശിക്കുന്നവരും ഏറെ. സ്വന്തം ജീവിതമാണ് അവർ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. പ്രണയലേഖനത്തിലെ തെറ്റു കണ്ട് കെട്ടാതിരുന്നെങ്കിൽ അത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമായേനെ എന്നാണ് അവർ പറയുന്നത്. ‘ജീവിതത്തിന് ഒരു ഗ്രാമറുണ്ട്. അതിൽ തെറ്റൊന്നും വരുത്താതെ നോക്കിയാൽ പോരേ പങ്കാളീ...’ എന്നാണിവരുടെ ചോദ്യം.