Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

30 വർഷമ‍ായി സ്വന്തം വീടും തള്ളി നടക്കുന്ന ഒരു കുടുംബം

Hand Cart മുരുകേശനും കുടുംബവും

വേളാങ്കണ്ണിയിൽ നിന്ന് തഞ്ചാവൂർ മാർഗം ട്രിച്ചിയിലെത്തി, അവിടെ നിന്നു കോയമ്പത്തൂരിലൂടെ കോഴിക്കോട്ടുവന്ന്, കൊച്ചി വഴി തിരുവനന്തപുരം ചുറ്റി തിരികെ വേളാങ്കണ്ണിയില്‍ നടന്നെത്തിയാൽ ലിംക റെക്കോർഡ് ബുക്കിൽ ഇടംനേടാൻ കഴിയുമോയെന്നു മുരുകേശനറിയില്ല. പക്ഷേ, താനടക്കം ആറുപേരുടെ വയർ നിറയുമെന്നു മാത്രമറിയാം. കഴിഞ്ഞ 31 വർഷമായി മുരുകേശൻ വേളാങ്കണ്ണിയിൽ നിന്നു കേരളത്തിലേക്ക് ഉന്തുവണ്ടിയും ജീവിതവും തള്ളുന്നു. ആക്രിപെറുക്കി വിറ്റുകിട്ടുന്ന പണവുമായി തിരികെ വേളാങ്കണ്ണിയിൽ നടന്നെത്തുന്നു. നിർധനർക്കുള്ള അഗതിമന്ദിരത്തിൽ താമസിച്ചു പഠിക്കുന്ന മൂന്നു മക്കൾക്കു പഠനച്ചെലവിനുള്ളതാണ് ആ പണം. മുരുകേശനും ഭാര്യ മേനകയ്ക്കും ഒന്നരവയസുള്ള ഇളയമകൾ മറിയയ്ക്കും ഈ ഉന്തുവണ്ടിയാണ് വീട്. ഊണും ഉറക്കവും ഇതിൽ തന്നെ (ഉറക്കം കൃത്യമായി നടക്കുന്നുണ്ട്, ഊണ്....?) മക്കളെ പഠിപ്പിക്കാൻ പണം സ്വരുക്കൂട്ടുന്ന ഈ അച്ഛനമ്മമാർ പറയുന്നു, ‘നല്ലാ പട്ടിണി കിടക്കറുതുക്ക് കൂടെ അയിമ്പതു രൂപ പറ്റാത് അണ്ണേ...’

∙ െതരുവിലേക്കിറങ്ങേണ്ടിവന്നാൽ?

കടക്കെണി നേരിടുന്ന ശരാശരി മലയാളി ഗൃഹനാഥന്മാരെല്ലാം ഊന്നിപ്പറയുന്നൊരു സാധാരണ ആത്മഗതമുണ്ട്, ‘തെരുവിലേക്ക് ഇറങ്ങേണ്ട ഗതിയായല്ലോ ഈശ്വരാ...’ പക്ഷേ, കാശില്ലെങ്കിൽ തെരുവിലും ജീവിക്കാനാവില്ലെന്നു മുരുകേശനും മേനകയും പറയുന്നു. മുന്‍പൊക്കെ ആക്രിവസ്തുക്കൾക്കു ഭേദപ്പെട്ട വില ലഭിച്ചിരുന്നു. ഒരു കിലോ ഇരുമ്പിന് 45 രൂപയും പ്ലാസ്റ്റിക്കിന് 50 രൂപയുമൊക്കെ അടുത്തകാലം വരെ വിലയുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ വില കുറഞ്ഞു. ആക്രിവസ്തുക്കളുടെ ലഭ്യതയും കുറവായി. രണ്ടുനേരം മൂന്നുപേർക്കു കാലിച്ചായ കുടിക്കാൻ തന്നെ 50 രൂപ വേണം. ഉച്ചയൂണ് ഏതെങ്കിലും വീടിന്റെ ഇറയത്തു തരമായ‍ില്ലെങ്കിൽ അന്നത്തെ ദിവസം ആകെ ഞെരുങ്ങും. രണ്ടുനേരമെങ്കിലും ഭക്ഷണം കഴിച്ചില്ലെങ്കിൽ വണ്ടി തള്ളാനുള്ള ആരോഗ്യം കിട്ടില്ലല്ലോ. ഹോട്ടലിൽ നിന്നു രണ്ടുനേരം ഭക്ഷണമായാൽ അന്നത്തെ ആകെ ചെലവ് നൂറുകടക്കും. അപ്പോൾ, മക്കളുടെ പഠനം തുലാസിലാകും.

Hand Cart മുരുകേശനും കുടുംബവും

∙ മറക്കില്ല, ആ സൂനാമി

മൂന്നുപതിറ്റാണ്ടായി ഉന്തുവണ്ടിയിൽ തന്നെയാണ് ജീവിതമെങ്കിലും പൂർണമായി വഴിയാധാരമായത് 11 കൊല്ലം മുൻപാണെന്നു മുരുകേശൻ പറയുന്നു. അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം വേളാങ്കണ്ണി പള്ളി പരിസരത്തു തന്നെ ജീവിച്ചവർ. സൂനാമിത്തിരകൾ വേളാങ്കണ്ണി കണ്ടു മടങ്ങിയപ്പോൾ ഇവരെയെല്ലാം കൂടെ കൊണ്ടുപോയി. കോഴിക്കോട്ട് ആക്രിപെറുക്കി നടക്കുകയായിരുന്ന മുരുകേശനും ഭാര്യയും നാലുമക്കളും ഉന്തുവണ്ടിയും മാത്രം ശേഷിച്ചു. വേളാങ്കണ്ണിയിൽ ബന്ധുക്കളോ മിത്രങ്ങളോ ആയി ആരുമില്ലെങ്കിലും മാസങ്ങൾ നീണ്ട യാത്രയ്ക്കൊടുവിൽ ഉന്തുവണ്ടി എങ്ങിനെയൊക്കെയോ വേളാങ്കണ്ണിയിൽ തന്നെ എത്തിച്ചേരും. അഗതിമന്ദിരത്തിൽ കഴിയുന്ന മൂന്നു പെൺമക്കള്‍ക്ക് ആക്രിക്കാശ് കൊടുത്തു വീണ്ടു യാത്രതുടങ്ങും. ഇത്രകാലം തുടർച്ചയായി മൂന്നു സംസ്ഥാനങ്ങളിലൂടെ കാൽനടയായി സഞ്ചരിച്ചാലതു റെക്കോർഡ് അല്ലേ എന്നാർക്കും തോന്നാം, മുരുകേശനൊഴിച്ച്.

∙ ഇതാണ് ഞങ്ങളുടെ വണ്ടി

തെരുവിൽ അലയുന്നവരെ പുനരധിവസിപ്പിക്കാനായി വേളാങ്കണ്ണിയിൽ 31 വർഷം മുൻപ് വിതരണം ചെയ്ത ഉന്തുവണ്ടിയാണിത്. മഴക്കാലത്ത് ആൾമറ കെട്ടിയും വേനലിൽ മേൽക്കൂര നിർമിച്ചും ഇടയ്ക്കിടെ സ്വയം പഞ്ചറൊട്ടിച്ചും മുരുകേശൻ ആ വണ്ടി ഇപ്പോഴും കൊണ്ടുനടക്കുന്നു. ആക്രിവിറ്റു കൂടുതൽ കാശുകിട്ടിയ കാലത്ത് ഒരു മോട്ടോർ എൻജിൻ ഘടിപ്പിച്ചിരുന്നു. കാശില്ലാതായ കാലത്ത് ഊരിവിറ്റു. ഇപ്പോൾ വീണ്ടും നടപ്പ് തന്നെ. വണ്ടിയിൽ ആക്രിസാധനങ്ങൾ നിറയ്ക്കുന്ന പെട്ടിയിലാണ് രാത്രി ഈ കുടുംബം താമസിക്കുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ജോലി ചെയ്യും. പിന്നെ ഏതെങ്കിലും കടത്തിണ്ണയോടു ചേർത്തു വണ്ടി നിർത്തി വിശ്രമം. (വിശ്രമം എന്ന വാക്കിന്റെ നിർവചനം കേട്ടാൽ മുരുകേശൻ പൊട്ടിച്ചിരിച്ചേക്കും...!)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.