Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ഒരൊറ്റ ചോദ്യം മാറ്റിമറിച്ചത് ഇയാളുടെ ജീവിതം!

Victer ഒരു തെരുവോരത്ത് മൂന്നുവർഷത്തോളം ആരോരുമില്ലാതെ തനിച്ചു കഴിഞ്ഞ ആ യുവാവിന്റെ ജീവിതം മാറ്റിമറിച്ചത് ജിഞ്ചറിന്റെ ഇടപെടലാണ്...

ആരോരും തുണയില്ലാതെ പൊതുനിരത്തുകളിലും കടയോരങ്ങളിലും മരച്ചുവടുകളിലുമൊക്കെ ധാരാളം പേർ ഇരിക്കുന്നതു നാം കണ്ടിട്ടുണ്ടാകും. ദിവസവും നമ്മുടെ യാത്രകൾക്കിടയിൽ അവരെ കണ്ടാലും അവർ ആരെന്നോ എന്തെന്നോ സഹായം എന്തെങ്കിലും ആവശ്യമുണ്ടെന്നോ ഒക്കെ ചോദിക്കാൻ മിനക്കെടുന്നവർ വളരെ കുറവായിരിക്കും. അത്തരം സാഹചര്യത്തിൽ വ്യത്യസ്തയാവുകയാണ് ടെക്സാസ് സ്വദേശിയായ ജിഞ്ചർ എന്ന യുവതി. ഒരു തെരുവോരത്ത് മൂന്നുവർഷത്തോളം ആരോരുമില്ലാതെ തനിച്ചു കഴിഞ്ഞ ആ യുവാവിന്റെ ജീവിതം മാറ്റിമറിച്ചത് ജിഞ്ചറിന്റെ ഇടപെടലാണ്.

മൂന്നുവർഷമായി വീടും വീട്ടുകാരുമില്ലാതെ വിക്ടർ എന്ന യുവാവ് ടെക്സാസിലെ ആ തെരുവോരത്ത് ജീവിതം കഴിച്ചുകൂട്ടുകയായിരുന്നു. വെയിലായാലും പെരുമഴയായാലും അതൊന്നും വകവെക്കാതെ വിക്ടർ അവിടെ തന്നെ ഇരിക്കും. രാത്രിയും പകലുമെന്നില്ലാതെ അവിടെ ജീവിച്ചുപോന്ന വിക്ടറിന്റെ കഥയറിയാൻ ജിഞ്ചർ വരുന്നതു വരേക്കും ആരും മുന്നോട്ടു വന്നുമില്ല.

Victer ജിഞ്ചറിനൊപ്പം വിക്ടര്‍

ആർട്ട് ഓഫ് ദ മീൽ എന്ന പേരിൽ ഭർത്താവിനൊപ്പം കുക്കിങ് സ്കൂൾ ന‌ടത്തുകയാണ് ജിഞ്ചര്‍. ജിഞ്ചർ തന്റെ കാറിൽ ജോലിസ്ഥലത്തേക്കു പായുന്നതിനിടയിലാണ് വിക്ടർ ശ്രദ്ധയിൽപ്പെടുന്നത്. പോകുമ്പോഴും തിരിച്ചു വരുമ്പോഴുമൊക്കെ യാതൊരു ഭാവവഭേദവുമില്ലാതെ ഇരിക്കുന്ന ആ യുവാവിനെ എപ്പോഴോ ജിഞ്ചർ ശ്രദ്ധിച്ചു തുടങ്ങി. അങ്ങനെയിരിക്കെ ഒരുദിവസം വിക്ടറിനെക്കുറിച്ച് അറിയാൻ തന്നെ അവൾ തീരുമാനിച്ചു. വിക്ടറിന് അടുത്തെത്തി വിവരങ്ങൾ ചോദിച്ച ജിഞ്ചർ അയാൾക്കു 32 വയസാണെന്നും വീടോ വീട്ടുകാരോ ഇല്ലാതെ മാനസിക ബുദ്ധിമുട്ടു നേരിടുന്നയാളാണെന്നും മനസിലാക്കി. പക്ഷേ അതൊന്നുമല്ല ജിഞ്ചറിന് അറിയേണ്ടിയിരുന്നത്, എന്തിനാണ് അയാൾ എന്നും ആ തെരുവോരത്തു തന്നെ ഇരിക്കുന്നതെന്ന്. ആ ജിജ്ഞാസയാണ് വിക്ടറുടെ ജീവിതം മാറ്റിമറിച്ചതും.

ആ തെരുവോരത്തു വച്ചാണ് വിക്ടർ തന്റെ അമ്മയെ അവസാനമായി കാണുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി വിക്‌ടർ അവിടെതന്നെ കാലം കഴിച്ചു കൂട്ടുന്നത്. എന്നെങ്കിലും തന്റെ അമ്മ അതേ സ്ഥലത്തു തിരിച്ചെത്തുമെന്നും അവർക്കൊപ്പം പോകാമെന്നുമായിരുന്നു വിക്ടറുടെ പ്രതീക്ഷ. സംഭവം കേട്ടതോടെ ജിഞ്ചറുടെ കണ്ണു നിറഞ്ഞെന്നു മാത്രമല്ല എങ്ങനെയെങ്കിലും വിക്ടറിന്റെ ജീവിതം ഭദ്രമാക്കണമെന്നു കൂടിയായി ചിന്ത. ഉച്ചഭക്ഷണത്തിനിടയ്ക്ക് വിക്ടറിനെ കാണാനെത്തുന്ന ജിഞ്ചർ അയാളുമായി കൂടുതൽ സൗഹൃദത്തിലായി.

Victer വിക്ടര്‍ ആര്‍ട്ട് ഓഫ് മീലില്‍ ജോലിക്കിടെ

പിന്നീടുള്ള മൂന്നുമാസക്കാലം വിക്ടറിന്റെ മാനസിക–ശാരീരിക നില മെച്ചപ്പെടുത്താനായി ഡോക്ടർമാർക്കരികിലേക്ക് എത്തിക്കാനും തങ്ങളുടെ ആർട്ട് ഓഫ് മീലിൽ ജോലി ചെയ്യാൻ പരിശീലിപ്പിക്കാനുമൊക്കെ അവർ മുന്നിട്ടു നിന്നു. വിക്ടറുടെ ജീവിതം വ്യക്തമാക്കി 'ദിസ് ഈസ് വിക്ടർ' എന്ന ഫേസ്ബുക് പേജിലൂടെ ലോകത്തെ അറിയിക്കുകയും ചെയ്തു അവൾ. ആയിരങ്ങൾ പിന്തുണയും സ്നേഹവുമായെത്തുകയും വിക്ടറിനു വേണ്ട സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്തു. വിക്ടറിനു വേണ്ടി രൂപീകരിച്ച സാമ്പത്തിക സഹായ ഫണ്ടിലേക്ക് ഇതിനകം പത്തുലക്ഷത്തിൽപ്പരം രൂപയാണ് ലഭിച്ചത്.

ലോകമെമ്പാടും കഥ പരന്നതോടെ വിക്ടറുടെ അമ്മാവന്‍ സംഭവങ്ങളെല്ലാം അറിയുകയും വിക്ടർക്കരികിലേക്ക് അമ്മയെ എത്തിക്കുകയും ചെയ്തു. ചുരുക്കിപ്പറഞ്ഞാൽ വിക്ടറിന്റെ ജീവിതത്തിലെ ഒരു മാലാഖയായിരുന്നു ജിഞ്ചർ. നമ്മുടെ ഓരോരുത്തരുടെയും ഒരു ചോദ്യമോ അനുകമ്പയോ ഒക്കെയാണ് മറ്റൊരാളുടെ ജീവിതം മാറ്റിമറിക്കുന്നത് എന്നുകൂടി വ്യക്തമാക്കുകയാണ് ഈ സംഭവം.