Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്താം ക്ലാസ് പാസായിട്ടില്ല, പക്ഷേ മാസവരുമാനം ഒരു ലക്ഷം രൂപ!

make-a-change

പത്താം ക്ലാസ് തോറ്റ വീട്ടമ്മയ്ക്ക് എന്തു ജോലി കിട്ടും? പരിശ്രമിച്ചാല്‍ മാസം ലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനം കിട്ടും. അതാണു കോതമംഗലം തൃക്കാരിയൂരില്‍ പ്രിയം ഫുഡ് പ്രോഡക്ട് എന്ന സ്ഥാപനം നടത്തുന്ന കല വിശ്വനാഥന്റെ ജീവിതം പഠിപ്പിക്കുന്നത്. കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമായിരുന്നു കല. ഒരിക്കല്‍ ഒരു കൂട്ടുകാരി കലയോടു ചോദിക്കുന്നു, നമുക്കു രണ്ടുപേര്‍ക്കും കൂടി എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങിക്കൂടേ?

Kala

കൂട്ടുകാരിയുടെ ആ ചോദ്യം ഒരു പ്രചോദനം തന്നെയായിരുന്നു. പക്ഷേ, കൈയില്‍ പണമില്ലാത്തവര്‍ക്ക് എന്തുചെയ്യാന്‍ പറ്റും? വീട്ടില്‍ ഉണ്ടായിരുന്ന ചെറിയ ഗ്രൈന്‍ഡറില്‍ ഇഡ്‌ഡലിമാവും ദേശമാവും ഉണ്ടാക്കി വില്‍ക്കുന്ന സംരംഭം തുടങ്ങാന്‍ തീരുമാനമായി. ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി റബര്‍ബാന്‍ഡ് ഇട്ടു തൊട്ടടുത്ത വീടുകളിലായിരുന്നു ആദ്യം വില്‍പന നടത്തിയത്. വേണ്ടെന്നു പറഞ്ഞു നിരസിച്ചവരെ, ഒരു തവണ വാങ്ങി നോക്കൂ, എന്നു പറഞ്ഞു നിര്‍ബന്ധിച്ചപ്പോള്‍ ചിലരൊക്കെ വാങ്ങാന്‍ തുടങ്ങി. ഇതിനിടെ പാര്‍ട്ണര്‍ ആയിരുന്ന കൂട്ടുകാരി, ഞാന്‍ വേറെ തുടങ്ങുകയാണെന്നു പറഞ്ഞു പോയി. പിന്നീടു കല സ്വന്തമായി നടത്തി. അങ്ങനെയാണ് ഇഡ്‌ഡലി മിക്‌സ്, ദോശമിക്‌സ് ഉല്‍പന്നങ്ങളുടെ നിർമാണവും വില്‍പനയും തുടങ്ങിയത്.

വീടിന്റെ അടുക്കളയില്‍ ആരംഭിച്ച സംരംഭം പിന്നീടു വീടിനോടു ചേര്‍ന്നുള്ള ഷെഡ്ഡിലേക്കു മാറ്റി. രണ്ടു കിലോ ഗ്രാം ശേഷിയുള്ള ഗ്രൈന്‍ഡറില്‍ ആരംഭിച്ച സംരംഭം ഇപ്പോള്‍ പത്തു ലീറ്ററിന്റെ രണ്ടു ഗ്രൈന്‍ഡറുകളിലായി വളര്‍ന്നു. വിപണി കണ്ടെത്താനും കല തന്നെ മുന്നിട്ടിറങ്ങി. സഹായത്തിനു ഭര്‍ത്താവ് വിശ്വനാഥനുമുണ്ടായിരുന്നു.

ഇഡ്‌ഡലി-ദോശ മിക്‌സ് കൂടാതെ അരിയുണ്ട, പപ്പടവട, ഉണ്ണിയപ്പം തുടങ്ങിയ റെഡി ടു കുക്ക്, റെഡി ടു ഈറ്റ് ഉല്‍പന്നങ്ങള്‍ കൂടി പ്രിയം ഫുഡ് പ്രോഡക്ടില്‍ നിന്ന് ഉണ്ടാക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, പലചരക്കു കടകള്‍, കേറ്ററിങ് യൂണിറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണു ഫുഡ് പ്രോഡക്ടുകള്‍ നല്‍കുന്നത്. ഇഡ്‌ഡലി–ദോശ മിക്‌സ് പോലെയുള്ള ഉല്‍പന്നങ്ങള്‍, ഫ്രിഡ്ജില്‍ വച്ചാല്‍ നാലുദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ പറ്റും. ഇപ്പോള്‍ അഞ്ചുലക്ഷം രൂപയ്ക്കു മുകളില്‍ പ്രതിമാസം വിറ്റുവരവുണ്ട്. മാസം ഒരുലക്ഷം രൂപയ്ക്കു മുകളില്‍ വരുമാനവും.

Your Rating: