Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം പാട്ടിന് പോട്ടേ, എല്ലാം മറക്കാൻ ഇതാ 9 വഴികൾ

Breakup

ബ്രേക്അപ്പുകൾ എല്ലാവർക്കും വേദനയേ സമ്മാനിക്കൂ. പ്രത്യക്ഷമായി ശരീരത്തിലുണ്ടാകുന്ന മുറിവിനേക്കാൾ വേദനാജനകമായിരിക്കും മനസിന്റെ വേദന. പലരും പ്രണയബന്ധം തകർന്നു കഴിഞ്ഞാൽ അതിൽത്തന്നെ തൂങ്ങിപ്പി‌ടിച്ചു കിടക്കുന്നവരും മുന്നോട്ടുള്ള ജീവിതത്തിൽ യാതൊരു ഉത്സാഹവും കാണിക്കാത്താവരുമാണ്. മുൻകാമുകന്റെ/ കാമുകിയു‌ടെ ഓർമയിൽ നിന്നും പൂർണമായും മുക്തമാകാന്‍ പലർക്കും കഴിയാറില്ല. തകർന്ന പ്രണയബന്ധത്തെ എളുപ്പം മറക്കാനുള്ള 9 വഴികളാണ് ഇവിടെ പറയുന്നത്.

1 യാഥാർഥ്യം മനസിലാക്കി മുന്നോട്ടു പോവുക

എന്തായാലും പ്രണയം തകർന്നു. നല്ലപാതിയെന്നു വിശ്വസിച്ചയാൾ ഇട്ടുപോവുകയും ചെയ്തു. ഇനിയും ദിവ്യപ്രണയം എന്നും ചൊല്ലി നടന്നിട്ടു കാര്യമുണ്ടോ? അതിനാൽ യാഥാർഥ്യത്തെ സ്വീകരിച്ച് മുന്നോട്ടു പോവാൻ ശ്രമിക്കുക. എത്രത്തോളം വിഷമിക്കുന്നോ അത്രത്തോളം തകരുന്നത് നിങ്ങളുടെ ജീവിതം മാത്രമാണെന്നു മനസിലാക്കുക. ആ പാഠം അവസാനിച്ചുവെന്നു മനസാലേ ഉറപ്പിക്കുക. പ്രണയിച്ചയാളെക്കുറിച്ചുള്ള ഓർമകളിൽ നിന്നും മുക്തനാകുക.

2 പോകുന്നവൻ/അവൾ പോവട്ടെ

നിങ്ങളുടെ വില മനസിലാക്കാതെ പോകുന്നയാൾ അങ്ങു പോവട്ടെ എന്നു കരുതൂ. ഓർമകളെ അത്ര എളുപ്പം കുഴിച്ചുമൂടൽ സാധ്യമല്ലെന്നറിയാം എങ്കിലും ശ്രമിക്കുക. അയാളെ നിങ്ങൾ ആത്മാർഥമായും സ്നേഹിച്ചിട്ടുണ്ടെങ്കിൽ പിന്നീട് ഒരിക്കലും ശല്യം ചെയ്യാതെ തന്റെ ജീവിതത്തിൽ നിന്നും പോകുവാനാഗ്രഹിച്ചയാളെ ഓര്‍ത്ത് സമയം പാഴാക്കാതിരിക്കുക.

3 പുറത്തു പോവാം, ആസ്വദിക്കാം

പ്രണയം തകർന്നെന്നു കരുതി മുറിക്കുള്ളിൽ ചടഞ്ഞു കൂടിയിരിക്കുന്നതുതന്നെ മാനസികമായി വീണ്ടും തളർത്തും. ഇത്തരം സമയങ്ങളിൽ എല്ലാവർക്കും തനിച്ചിരിക്കാനാകും ഇഷ്ടം. പക്ഷേ പുറത്തു പോവുകയും കുടുംബത്തിനും സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിക്കുന്നതമൊക്കെ മാനസികോല്ലാസം നൽകും. ഒപ്പം വ്യായാമം ചെയ്യുന്നതും നല്ല വായു ശ്വസിക്കുന്നതും സൂര്യപ്രകാശം കൊള്ളുന്നതുമെല്ലാം മനസികമായി ഉണർത്തും.

4 പ്രണയകാലത്തു കൈമാറിയവയെല്ലാം ഉപേക്ഷിക്കുക

ശരിയാണ് പ്രണയകാലത്ത് ഇഷ്ടപ്പെട്ടയാൾ പലതും സമ്മാനിച്ചിട്ടുണ്ടാകും. പക്ഷേ അയാള്‍ തന്നെ ഉപേക്ഷിച്ചു കഴിഞ്ഞും വീണ്ടും അവയെല്ലാം കാത്തുസൂക്ഷിച്ച് വിഷമിക്കുന്നതിലും നല്ലത് അവ ഉപേക്ഷിക്കുന്നതാണ്. അത്രത്തോളം ആ ഓര്‍മകൾ കുറഞ്ഞുകിട്ടും.

5 പുതിയ ഓർമകൾ മെനഞ്ഞെടുക്കാം

പണ്ട് കാമുകനൊപ്പം കറങ്ങിയടിച്ച സ്ഥലത്തേക്കാൾ മികച്ച സ്ഥലത്തേക്ക് സുഹൃത്തുക്കൾക്കോ കുടുംബത്തിനോ ഒപ്പം പോകാം. ഇതുവരെ രുചിക്കാത്ത ഭക്ഷണങ്ങൾ പരീക്ഷിക്കാം, പാർട്ടികളിൽ പങ്കെടുക്കാം. അങ്ങനെ പഴയ ഓർമകള്‍ക്കു മേൽ പതിയെ പുത്തൻ ഓർമകള്‍ നെയ്യാം.

6 കൂടുതൽ ക്രിയേറ്റീവ് ആവാം

പ്രണയിച്ചിരുന്ന സമയത്ത് സമയ കിട്ടാതിരുന്ന പലതും ഇനി ഇഷ്ടംപോലെ ചെയ്യാം. പെയിന്റിങ്, എഴുത്ത്, ഡിസൈനിംഗ് തുടങ്ങി കലാപാരമായ കഴിവുകൾ പൊടിതട്ടിയെടുക്കാം. കലാപരമായി കൂടുതൽ അടുക്കുംതോറും ഇത്തരം ഓർമകളിൽ നിന്നും മുക്തി നേടാം. ‌‌

ആവശ്യമെങ്കിൽ ഒരു റോള്‍ മോഡലിന്റെയോ മെന്ററുടെയോ സഹായവും അഭ്യർഥിക്കാം. അതു നിങ്ങളെ ഏറ്റവും അടുത്തറിയാവുന്ന ആളാണെങ്കിൽ അത്രയും നന്ന്.

7 പ്രണയിച്ചയാളുമായി സമ്പർക്കം പലുര്‍ത്താനുള്ള വഴികൾ ഒഴിവാക്കാം

വേണ്ടെന്നുവച്ചു പോയയാളുടെ ഓർമകളില്‍ ജീവിക്കുന്നത് ദുസ്സഹമാണ്. അവരുമായി സമ്പർക്കം പുലര്‍ത്താനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കാം. കാണാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനൊപ്പം മൊബൈലിൽ നിന്നും നമ്പർ നീക്കം ചെയ്യുകയും സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ നിന്നും ഒഴിവാക്കുകയും ചെയ്യാം. പഴയ മെസേജുകളും മെയിലുകളുമെല്ലാം ഡിലീറ്റ് ചെയ്യാം.

8 നിങ്ങളിലെ നന്മകളെ കാണാൻ ശ്രമിക്കൂ

ജീവിതത്തിൽ മുന്നോട്ടുപോവാൻ തീരുമാനിച്ചാൽ പിന്നെ ഒന്നിനും നിങ്ങളെ തടയാനാവില്ല. നിങ്ങളിലെ നല്ല ഗുണങ്ങളെയെല്ലാം മനസിലാക്കി വെക്കാം. വേണമെങ്കിൽ നിങ്ങളുടെ നൂറു നല്ല ഗുണങ്ങള്‍ ഒരു പേപ്പറിലെഴുതാം. ഓരോന്നും എഴുതുമ്പോൾ നിങ്ങളുടെ ആത്മവിശ്വാസം കൂടുകയേയുള്ളു തീര്‍ച്ച.

9 വീണ്ടും പ്രണയിക്കുക

ഒരു ബന്ധം തകർന്നുവെന്നു കരുതി വീണ്ടും പ്രണയിക്കാതിരിക്കരുത്. പ്രതീക്ഷയോടെ കാത്തിരിക്കുക, നിങ്ങളെ ആത്മാർഥമായും അർഹിക്കുന്ന ഒരാൾ കാത്തിരിക്കുന്നുണ്ടാവും. അത്തരം ഒരാളെ കണ്ടെത്തിയെന്നു തോന്നുമ്പോൾ പ്രണയിക്കാൻ മടിക്കുകയേ വേണ്ട, മറക്കല്ലേ മുൻബന്ധത്തെ മറക്കാൻ ഏറ്റവും നല്ല വഴിയും ഇതു തന്നെയാണ്. പഴയ ബന്ധത്തിൽ നിന്നും പാഠമുൾക്കൊണ്ട് സ്വന്തം കുറവുകളെ പരമാവധി ഇല്ലാതാക്കാനും നോക്കുമല്ലോ.

അപ്പോ ഗൈസ് മാനസമൈനേ പാടി നടക്കാതെ ഇന്നു തൊട്ടു പരീക്ഷിച്ചു നോക്കിക്കോളൂ മുകളിൽ പറഞ്ഞ കാര്യങ്ങൾ. തീർച്ചയാണ് വിഷാദക്കയത്തിൽ നിന്നും നിങ്ങൾ മുക്തി നേടിയിരിക്കും.