Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷകരമായ ദാമ്പത്യത്തിന് 17 വഴികൾ

Couple

ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിൽ ജയറാമും അഭിരാമിയും ഭാര്യാ ഭർത്താക്കൻമാരാണ്. ജയറാം കമ്മിഷണറാണ്. അഭിരാമി ഡിജിപിയുടെ മകളും. പ്രമുഖ ടിവി ചാനൽ നടത്തിയ മൽസരത്തിൽ ഇരുവരും മികച്ച ദമ്പതികളായി തിരഞ്ഞെടുക്കപ്പെടുന്നു. മികച്ച ദമ്പതികളായിരിക്കാൻ ഇരുവരും കുടുംബജീവിതത്തിൽ എങ്ങനെ പെരുമാറുന്നു എന്നതിനെക്കുറിച്ച് ചാനലിൽ വാചാലരായി സംസാരിക്കുന്നു. പക്ഷെ, വീട്ടിലെത്തുമ്പോൾ കാണുന്ന കാഴ്ച മറ്റുളളവർക്ക് മുമ്പിൽ പ്രദർശിപ്പിച്ച മാതൃകാദാമ്പത്യത്തിന് നേർവിപരീതമായ വാക്കുകളും കലഹവും.

പ്രദ‌ർശന ദാമ്പത്യമെന്ന് ഇത്തരത്തിലുളള ദാമ്പത്യജീവിതത്തെ വിളിക്കാൻ പറ്റും. കാരണം, ഉളളിൽ അഹങ്കാരത്തിന്റെയും താൻപൊരിമയുടെയും ചിന്തകൾ ചീഞ്ഞുനാറുമ്പോഴും വിദ്വേഷത്തിന്റെയും ദേഷ്യത്തിന്റെയും വെറുപ്പിന്റെയും വേരുകൾ പടർന്നു പന്തലിക്കുമ്പോഴും സമൂഹത്തിന് മുമ്പിൽ തങ്ങൾ മാതൃകാദമ്പതികളാണെന്ന് കാട്ടാൻ മൽസരിക്കുന്ന ഭാര്യ-ഭർതൃബന്ധ്ത്തിന് പക്ഷെ ആയുസ് അധികം ഉണ്ടാവുകയില്ല. മാത്രമല്ല, മനസ്സിൽ അടിഞ്ഞുകൂടുന്ന നിഷേധാത്മക വികാരങ്ങളായ അടിച്ചമർത്തപ്പെട്ട ദേഷ്യം, വെറുപ്പ്, അസൂയ, വൈരാഗ്യം, അസഹിഷ്ണുത, പുച്ഛം, അഹങ്കാരം, ടെൻഷൻ എന്നിവ തലവേദന, ത്വക് രോഗങ്ങൾ, മുടികൊഴിച്ചിൽ, ബിപി മുതൽ ഒട്ടേറെ മാരകരോഗങ്ങളിലേക്ക് വരെ വഴിതെളിക്കുന്നതായി ശാസ്ത്രീയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. മറ്റുളളവരോട് നമ്മുടെ മനസ്സിൽ ഇത്തരം നിഷേധാത്മക വികാരങ്ങൾ നിറയുമ്പോൾ നാമറിയാതെ അത് നമ്മുടെ ജീവിതത്തെ തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചിലപ്പോൾ മറ്റുളളവർ നമ്മെ ഏതെങ്കിലും വിധത്തിൽ ദ്രോഹിച്ചതാകാം ഇത്തരം നിഷേധാത്മക വികാരങ്ങൾ നമ്മിലുണ്ടാകാൻ കാരണം. എങ്കിലും ഇരയേയും വേട്ടക്കാരനേയും അത് ഒരു പോലെ ബാധിക്കുന്നു. അതിനാൽ ജീവിതപങ്കാളിയോട്, മറ്റ് കുടുംബാംഗങ്ങളോട് അവരുടെ തെറ്റുകളിൽ പോലും ക്ഷമയോടെ അതിനെ തിരുത്താൻ ശ്രമിക്കാം. മനസിൽ നിന്ന് അവരോടുളള പകയും വിദ്വേഷവും നീക്കി മനസിനെ ശാന്തമാക്കാം. ഒപ്പം നിങ്ങളുടെ ക്രിയാത്മ ഊർജം താൽപര്യവും കുടുംബജീവിതത്തെ സഹായിക്കുന്നതുമായ മേഖലകളിലേക്ക് വഴിതിരിച്ചുവിടാം. കുടുംബജീവിതം സന്തോഷകരമാക്കാൻ ഏതാനും വഴികൾ താഴെക്കൊടുത്തിരിക്കുന്നു.

∙ ജോലിയും കുടുംബജീവിതവും ബാലൻസ് ചെയ്തു മുന്നോട്ടു കൊണ്ടുപോവുക. ജോലിക്ക് അമിത പ്രാധാന്യം കൊടുത്ത് വീട്ടിൽ വന്നാലും ലാപ്ടോപ്പും ഫോണുമായി ഓഫിസ് ടെൻഷൻ വീട്ടിലേക്ക് കൂടി വ്യാപിപ്പിക്കാതിരിക്കുക. ഓഫിസ് സമയത്ത് ജോലി ഏറ്റവും മികച്ച രീതിയിൽ ചെയ്യുക. ഓർക്കുക കൂടുതൽ സമയം ജോലി ചെയ്യുന്നത് മികവിന്റെ ലക്ഷണമല്ല. തങ്ങൾക്ക് അസൈൻ ചെയ്ത സമയത്തിനുളളിൽ ജോലി മികച്ച രീതിയിൽ ചെയ്യുന്നവരാണ് വിജയികൾ.

∙ ജോലിക്കും കുടുംബത്തിനും വേണ്ടിയുളള ഓട്ടത്തിനിടയിൽ സ്വന്തം കാര്യങ്ങളിൽ കൂടി ശ്രദ്ധിക്കുക.

∙ നമ്മുടെ സമ്പത്തിന്റെ ഒരു ഭാഗം അർഹതയുളളവരെ സഹായിക്കാനായി വിനിയോഗിക്കുക.

∙ നിങ്ങളുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യം, ആത്മീയ കാര്യങ്ങൾ, ഉന്നത പഠനം, ഉല്ലാസം, എന്നിവയ്ക്കായും സമയം കണ്ടെത്തുക.

∙ മക്കളെ ചെറിയ കാര്യങ്ങളുടെ പോലും മൂല്യം അറിയിച്ച് വളർത്തുക.

∙ തെറ്റുകൾ ചൂണ്ടിക്കാണിച്ച് മക്കളെ ശിക്ഷിക്കുക. അതൊരിക്കലും നിങ്ങളുടെ ദേഷ്യം തീർക്കലാവരുത്.

∙ ദമ്പതികൾ ചെറിയ കാര്യങ്ങൾ പോലും പരസ്പരം തുറന്നു സംസാരിക്കുക. പങ്കാളിയുടെ ഏതെങ്കിലും പ്രവർത്തിയിലുളള ദേഷ്യം മനസ്സിൽ വച്ചുകൊണ്ട് പെരുമാറാതിരിക്കുക. പകരം ഏതെങ്കിലും കാര്യത്തിൽ അനിഷ്ടമുണ്ടെങ്കിൽ അത് ശാന്തമായി തുറന്നു പറയുക.

∙ ദിവസം അര മണിക്കൂറെങ്കിലും ജീവിതപങ്കാളിയുമായി തുറന്നു സംസാരിക്കുക. ഭക്ഷണം ഒരുമിച്ച് കഴിക്കുക. ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണരുത്.

∙ സ്വാർത്ഥത വെടിയുക. എന്റെ കാര്യം മാത്രം എന്ന് ചിന്തിക്കാതെ കുടുംബത്തിന്റെ ഒട്ടാകെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുക. മറ്റ് കുടുംബാംഗങ്ങളുമായി ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കുക.

∙ ജീവിതപങ്കാളിക്ക് വേണ്ട പരിഗണനയും ബഹുമാനവും നൽകുക.

∙ വൈവാഹികേതര ബന്ധങ്ങളിൽ ചെന്നു ചാടാതിരിക്കാൻ ശ്രദ്ധിക്കുക. അൽപസുഖത്തിനായി നിങ്ങൾ ചെന്നു വീഴുന്ന കെണികൾ ജീവിതത്തെ ഒന്നാകെ തകർത്തേക്കാം.

∙ ദാമ്പത്യജീവിതത്തിൽ പരസ്പരം വിട്ടുവീഴ്ച ചെയ്യാൻ കഴിയണം. അതിനർഥം ജീവിതപങ്കാളിയുടെ എല്ലാ തെറ്റുകളും അംഗീകരിക്കുക എന്നല്ല, മറിച്ച് തെറ്റുകളും കുറവുകളും ചൂണ്ടിക്കാട്ടി തിരുത്താൻ തയാറാകണം. ഒപ്പം സ്വന്തം പോരായ്മകളും തിരിച്ചറിയണം. കുറവുകൾ സ്വയം അഗീകരിക്കുന്നവർക്ക് മാത്രമേ അത് തിരുത്താനും ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്താനും കഴിയുകയുളളൂ.

∙ ഞാൻ ചെയ്യുന്നതാണു ശരി. എന്നെ ആർക്കും തിരുത്താൻ അവകാശമില്ല. എന്ന ചിന്താഗതി മാറ്റുക. അനേകം ഒഴുക്കിപെട്ട് ഉരസലുകളിലൂടെയാണ് പരുക്കനായ പാറക്കല്ല് മിനുസവും ഭംഗിയുമുളള ഒരു വെളളാരം കല്ലായി തീരുന്നത്. അതുപോലെ നിങ്ങളുടെ മോശം ചിന്താഗതികളും മനോഭാവങ്ങളും തെറ്റായ ധാരണകളും മോശം പെരുമാറ്റങ്ങളും മാറ്റാൻ നിങ്ങളെ വിമർശിക്കുന്നവർ സഹായിക്കുകയാണെന്ന് തിരിച്ചറിഞ്ഞാൽ കുറ്റപ്പെടുത്തലുകളെ സഹിഷ്ണുതയോടെ സ്വീകരിക്കാൻ കഴിയും.

∙ നിങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിനുളള ഉപകരണങ്ങളായി മക്കളെ കാണാതിരിക്കുക. അവരുടെ താൽപര്യവും അഭിരുചിയും മനസിലാക്കി ആ മേഖലയിൽ വേണ്ട പ്രോൽസാഹനം കൊടുക്കുക.

∙ സ്നേഹം മൂടി വയ്ക്കാനുളളതല്ല. അത് പ്രകടിപ്പിക്കുക. ജീവിതപങ്കാളിയെ പണമെടുക്കാനുളള എടിഎം മെഷീനായി മാത്രം കാണാതെ ആത്മാർഥമായി സ്നേഹിക്കാൻ സാധിക്കുമ്പോഴാണ് ദാമ്പത്യജീവിതം വിജയത്തിലേക്ക് വരുന്നത്.

∙ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ ദമ്പതികൾ തന്നെ പരസ്പരം പറഞ്ഞുതീർക്കുക. അത് മൂന്നാമതൊരാളിലേക്ക് എത്താതിരിക്കാൻ ശ്രദ്ധിക്കുക.

∙ ശരിയായ മണി മാനേജ്മെന്റ് കുടുംബജീവിതത്തിൽ നടപ്പാക്കുക. വരുമാനത്തേക്കാൾ കൂടിയ ചെലവും അമിത കടബാധ്യതയും കുടുംബജീവിതത്തിൽ താളപ്പിഴകൾക്കിടയാക്കും.

ചിന്ത

കുടുംബ‌ത്തിൽ വിജയിക്കുമ്പോൾ ജീവിതത്തിലും വിജയിക്കുന്നു.