Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭർത്താവിനെ മരിക്കാൻ അനുവദിക്കണം, ഭാര്യയുടെ പരിശ്രമം ഫലം കണ്ടു!

 Paul Briggs ലിൻഡ്സെയും പോൾ ബ്രിഗ്സും മകൾക്കൊപ്പം

ഭർത്താവിന്റെ മരണത്തിനു വേണ്ടി അപേക്ഷിച്ച് ഒരു ഭാര്യ നിയമത്തെ സമീപിച്ച വാർത്തയെ ഞെട്ടലോടെയാണ് സമൂഹം കണ്ടത്. സ്വന്തം ജീവൻ പണയപ്പെടുത്തിയാണെങ്കിലും പങ്കാളിക്കു പുതുജീവൻ കൊ‌ടുക്കാൻ ശ്രമിക്കുന്ന ദമ്പതികൾക്കിടയിൽ ഇതെന്തൊരു ഭാര്യ എന്നു പലരും ചിന്തിച്ചു. ചിലരൊക്കെ വാർത്ത എന്തെന്നറിയും മുമ്പു തന്നെ അവളെ വെറുക്കപ്പെട്ടവളായി ചിത്രീകരിച്ചു. എന്നാൽ ആ ഭാര്യയുടെ പ്രാർഥനയ്ക്കും ശ്രമത്തിനും ഫലം കണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച ലിൻഡ്സെ എന്ന ആ യുവതിയുടെ ഭർത്താവ് ഈ ലോകം വിട്ടുപോയി, ഒരർഥത്തിൽ പറഞ്ഞാൽ വേദനകളിൽ നിന്നുള്ള എന്നെന്നേക്കുമായ മോചനമായിരുന്നു അത്.

ഗൾഫ് യുദ്ധത്തിലെ പോരാളി കൂടിയായിരുന്ന പോൾ ബ്രിഗ്സ് എന്ന നാൽപത്തിമൂന്നുകാരനാണ് ലിൻഡ്സെയുടെ ഭർത്താവ്. സൈനികനായിരുന്ന ബ്രിഗ്സ് പിന്നീടു പൊലീസിൽ ചേരുകയായിരുന്നു. 2015 ജൂലൈയിൽ ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ ഉണ്ടായ ഒരു മോട്ടോർ സൈക്കിൾ അപക‌ടം ബ്രിഗ്‍സിനെ കിടക്കയിൽ നിന്നും എഴുന്നേല്‍പ്പിച്ചില്ല, പൂർണമായും കോമയിലേക്ക് ആഴുകയായിരുന്നു അയാൾ. കഴിഞ്ഞ പതിനേഴു മാസമായി യാതൊരു ചലനവുമില്ലാതെ തീർത്തും കിടപ്പിലായിരുന്നു ബ്രിഗ്സ്.

 Paul Briggs പോൾ ബ്രിഗ്സ് ആശുപത്രിയിൽ

മിനിമലി കോണ്‍ഷ്യസ് സ്റ്റേറ്റ് എന്നതായിരുന്നു ബ്രിഗ്സിന്റെ അവസ്ഥയെ ഡോക്ടർമാർ പറഞ്ഞത്. മരുന്നുകൾ അനവധി കയറിയിട്ടും ബ്രിഗ്സ് സംസാരിക്കുകയോ ശരീരം അനക്കുകയോ ചെയ്തിട്ടില്ല, ഈ സാഹചര്യത്തിൽ മരണതുല്യമായി കിടക്കുന്നതിലും നല്ലത് സ്വസ്ഥമായി മരിക്കാന്‍ അനുവദിക്കുന്നതാണെന്നാണ് ലിൻഡ്സെ ആവശ്യപ്പെട്ടത്. കോർട്ട് ഓഫ് പ്രൊട്ടക്ഷന്റെ പരിഗണനയിലായിരുന്ന വിഷയത്തിൽ വാദഗതികൾക്കൊടുവിൽ ലിൻഡ്സെയുടെ അപേക്ഷ ഫലം കണ്ടു.

ഡിസംബറിൽ ലിൻഡ്സെയുടെ വാദം ശരിയാണെന്നും പോളിനെ മരിക്കാൻ അനുവദിക്കണണെന്നും കോടതി വിധിച്ചു. രണ്ടാഴ്ച മുമ്പ് പാലിയേറ്റീവ് കെയർ വിദഗ്ധരുള്ള ഹോസ്പൈസിലേക്ക് പോളിനെ മാറ്റുകയും അവർ ക്രമേണ പോളിന്റെ ജീവൻ നിലനിർത്തുന്ന സംവിധാനങ്ങൾ പിൻവലിക്കുകയും ചെയ്തു. അങ്ങനെ പോൾ വേദനകളുടെ ലോകത്തു നിന്ന് എന്നെന്നേക്കുമായി വിടപറഞ്ഞു. ശനിയാഴ്ച രാവിലെയായിരുന്നു പോളിന്റെ മരണം.

 Paul Briggs ലിൻഡ്സെയും പോൾ ബ്രിഗ്സും

പോളിനെ നഷ്ടപ്പെ‌‌ട്ടതിൽ ദു:ഖമുണ്ടെങ്കിലും അദ്ദേഹത്തെ സമാധാനപരമായി സ്വതന്ത്രനാക്കിയല്ലോയെന്നോർത്ത് ആശ്വസിക്കുകയാണെന്ന് ലിൻഡ്സെ പറ‍ഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ രോഗിയെ മരിക്കാൻ അനുവദിക്കണോ അതോ ചനലശേഷിയില്ലാത്ത ശരീരമായി അവശേഷിപ്പിക്കണോ എന്നാലോചിച്ച് ഉഴലുന്നവർക്ക് സഹായകമാകാനാണ് തന്റെ കഥ പങ്കുവച്ചതെന്നും ലിൻഡ്സെ പറ‍ഞ്ഞു. 2000ത്തിലാണ് ലിൻഡ്സെയെ ബ്രിഗ്സ് വിവാഹം കഴിക്കുന്നത്. ഇവർക്ക് നാലുവയസുള്ള ഒരു മകളുമുണ്ട്.

Your Rating: