Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സ്ത്രീ പറയുന്നതുകേട്ട് യുവ ഐഎഎസ് ഓഫീസര്‍ ഞെട്ടിത്തരിച്ചുപോയി

Shah Faesal ഷാ ഫൈസൽ

കശ്മീരില്‍ നിന്നും ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടി രാജ്യത്തിന്റെ മുഴുവന്‍ സ്‌നേഹവും അഭിനന്ദനവും ഏറ്റു വാങ്ങിയ ഷാ ഫെസലിനെ ആരും മറക്കാന്‍ ഇടയില്ല. എല്ലാ കാര്യങ്ങളും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനാണ് ഷാ. അതുകൊണ്ടുതന്നെ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുമുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം ഫേസ്ബുക്കില്‍  പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു വനിതാ സഹപ്രവര്‍ത്തകയുടെ രാജിക്കത്ത് ലഭിച്ചതും അതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് ഷാ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

ഷായ്ക്ക് തന്റെ ഒരു വനിതാ സഹപ്രവര്‍ത്തകയില്‍ നിന്നും രാജിക്കത്ത് ലഭിക്കുന്നു. ആ ബ്യൂറോക്രാറ്റ് അപ്പോള്‍ ആദ്യം ചിന്തിച്ചത് ഇങ്ങനെ, ജോലിക്ക് വേണ്ടി ജനങ്ങള്‍ പെടാപ്പാടു പെടുന്ന ഈ സമയത്ത് ഒരു സര്‍ക്കാര്‍ ജോലി വേണ്ടെന്ന് വെക്കുകയോ. ആശ്ചര്യം തന്നെ.

രാജിക്കത്ത് ബ്യൂറോക്രസിയുടെ വിവിധ തട്ടുകളിലേക്ക് പാസ് ചെയ്യപ്പെട്ട് അവസാനം ഷാ ഫൈസലിന്റെ അടുത്ത് തിരിച്ചെത്തി. കുറച്ചുകഴിഞ്ഞ് പ്രസ്തുത രാജി സമര്‍പ്പിച്ച സ്ത്രീ ഷായുടെ ഓഫീസിലെത്തി കത്തു കാണണമെന്ന് പറഞ്ഞു. അതിനുശേഷം അതുവാങ്ങി കീറിക്കളഞ്ഞു. ഒരു സര്‍ക്കാര്‍ രേഖ തന്റെ മുന്നിലിട്ടു കീറിക്കളഞ്ഞതുകണ്ട് ഷാ ഞെട്ടിത്തരിച്ചു നിന്നുപോയി. എന്തിനാണെന്നല്ലേ, ഷായുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം അറിയുക:

പോസ്റ്റ് ആയിട്ടായിരുന്നു എനിക്ക് ആ രാജിക്കത്ത് ലഭിച്ചത്. മനോഹരമായ മഞ്ഞ എണ്‍വലപ്പിനുള്ളില്‍. പുറത്തു പേഴ്‌സണല്‍ എന്നെഴുതിയിട്ടുണ്ട്. എന്റെ പേര് വെച്ച് അഡ്രസ് ചെയ്തിട്ടുമുണ്ട്. ഇംഗ്ലീഷിലാണ് ടൈപ്പ് ചെയ്തിരിക്കുന്നത്. പ്രത്യേകിച്ചു കാരണങ്ങളൊന്നും രാജിക്കു പറയുന്നില്ല. സര്‍ക്കാര്‍ സര്‍വീസില്‍ തുടരാന്‍ ആഗ്രഹമില്ലെന്നു മാത്രമേ പറയുന്നുള്ളു. തൊഴില്‍ ദാരി്ദ്ര്യത്തിന്റെ ഈ കാലത്ത് സര്‍ക്കാര്‍ ജോലി ഒരാള്‍ ഉപേക്ഷിക്കുന്നത് എനിക്ക് ആശ്ചര്യമായി. 

എന്റെ അടുത്ത ഓഫീസര്‍ക്ക് ഞാന്‍ രാജിക്കത്ത് മാര്‍ക്ക് ചെയ്തു നല്‍കി, അദ്ദേഹം അടുത്ത ഓഫീസര്‍ക്കും. അങ്ങനെ ബ്യൂറോക്രസിയുടെ ആറു ലെവലുകള്‍ താണ്ടി രാജിക്കത്ത് എന്റെ അടുക്കല്‍ തന്നെ തിരിച്ചെത്തി. ഞാന്‍ അതു നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഒരു സ്ത്രീ എന്റെ ചേംബറിലേക്ക് ഇരച്ചെത്തി. എന്നെ വല്ലാതെ തുറിച്ചു നോക്കി. ഞാന്‍ ഒന്നു ഞെട്ടി. ഞാന്‍ നോക്കുന്ന ഫയല്‍ നോക്കി. അതിനുശേഷം എന്റെ കയ്യില്‍ നിന്നും അതു തട്ടിപ്പറിച്ചു. ഞാന്‍ പ്രതിരോധിച്ചെങ്കിലും അവര്‍ അതെടുത്തു. അപ്പോൾത്തന്നെ ഞാന്‍ എന്റെ അസിസ്റ്റന്റുകളെ വിളിച്ചു. അപ്പോഴേക്കും ആ ഫയലിലെ പേജ് അവര്‍ കീറിക്കളഞ്ഞു കഴിഞ്ഞിരുന്നു. ആ കീറിയ പേപ്പറുമെടുത്ത് അവര്‍ നിലത്തിരുന്ന് കരയാന്‍ തുടങ്ങി.

ഞാന്‍ അവരോടു കരച്ചില്‍ നിര്‍ത്താന്‍ പറഞ്ഞു. അവര്‍ പറയുന്നതൊന്നും എനിക്കു മനസിലായില്ല. ഒന്നു കൂള്‍ ആയ ശേഷം അവര്‍ പറഞ്ഞ കാര്യം കേട്ട് ഞങ്ങള്‍ ഞെട്ടിപ്പോയി.

ഞാന്‍ ഈ രാജിക്കത്ത് തന്നിട്ടില്ല. എന്റെ പേരില്‍ ഞനറിയാതെ എന്റെ ഭര്‍ത്താവ് അയച്ചതാണ് ഈ കത്ത്. അയാള്‍ക്ക് ജോലിയൊന്നുമില്ല. ഞാന്‍ ജോലി ചെയ്യുന്നത് അയാള്‍ക്ക് ഇഷ്ടവുമല്ല. എനിക്കു ജോലി ചെയ്യണം, എന്റെ കുട്ടികളെ പോറ്റണം-ഇതായിരുന്നു ആ സ്ത്രീ പറഞ്ഞത്.

സ്ത്രീയുടെ മറുപടി കേട്ട് യുവഐഎഎസ് ഓഫീസറും സംഘവും തകര്‍ന്നു പോയി. ഇനി എത്ര വ്യാജ രാജിക്കത്തുകള്‍ ഭാവിയില്‍ ഭാവി ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാരുടെ പേരില്‍ അയക്കുമായിരിക്കും എന്ന് ആശ്ചര്യപ്പെട്ടാണ് ഷാ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.  

Your Rating: