Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകുട്ടിയാണെന്നു കരുതി പറയരുത് ഇതെല്ലാം

Daughter Representative Image

സാമൂഹിക–വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നേറ്റം വരിച്ച സംസ്ഥാനമാണു നമ്മുടേത്. എന്നാലും പെണ്മക്കളുടെ കാര്യം വരുമ്പോള്‍ ‘മുള്ളു വന്നു വീഴുന്ന ഇല’യുടെ പഴഞ്ചൊല്ലിനപ്പുറം വളര്‍ന്നിട്ടില്ല നമ്മളില്‍ പലരുടെയും രക്ഷകര്‍തൃബോധം. അതുകൊണ്ടു തന്നെ അടക്കിയൊതുക്കി പെണ്‍കുട്ടികളെ വളര്‍ത്താന്‍ തന്നെയാണ് ഇപ്പോഴും ശ്രമിക്കുന്നതും. ആണ്‍കുട്ടികള്‍ കമന്റടിക്കും എന്നു പറഞ്ഞു പെണ്മക്കളുടെ സ്വാതന്ത്ര്യം നിയന്ത്രിക്കാനാണ് പലരും ശ്രദ്ധവയ്ക്കുന്നത്. ഇന്നു പെണ്‍കുട്ടികള്‍ നേരിടുന്ന ഇത്തരം പ്രശ്നങ്ങള്‍ക്കു പ്രധാന പരിഹാരം അവരെ ശാക്തീകരിക്കുക എന്നതാണ്, അല്ലാതെ അവരെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുക എന്നതല്ല. വീട്ടില്‍ നിന്നു തന്നെ തുടങ്ങാം അത്തരം മുന്നേറ്റങ്ങൾ. ഇനി പറയാൻ പോകുന്നത് നാം ഇടയ്ക്കിടെ പെൺമക്കളോടു പറയുന്ന ചില കാര്യങ്ങളാണ്. പക്ഷേ സത്യത്തിൽ ഇതെല്ലാം നാം പറയാൻ പാടുള്ളതാണോ?‌ അറിയാം, ഇനി മുതൽ ശ്രദ്ധവയ്ക്കാം അത്തരം ചില കാര്യങ്ങളിൽ:

‘പെണ്ണാണ്‌ അതുകൊണ്ട്...’

“ഈ വീട്ടില്‍ പെണ്ണുങ്ങള്‍ ജോലിയ്ക്ക് പോകാറില്ല, അതുകൊണ്ട് നീയും പോകേണ്ട...”
“പെണ്ണാണ്‌ അതുകൊണ്ട് സഹിച്ചോണം...”
ഇത്തരം ‘അതുകൊണ്ടുകള്‍’ പെണ്ണായി ജനിച്ചു എന്ന ഒറ്റകാരണം കൊണ്ട് മാത്രം ഇവര്‍ അര്‍ഹിക്കുന്നില്ല. ഈ വാക്കുകള്‍ ജീവിതകാലം മുഴുവന്‍ അവരെ പിന്നോട്ടു വലിക്കും. എഴുപതു വയസ്സായ മുത്തശ്ശി കൊച്ചുമകന്‍ തല്ലിയപ്പോള്‍ മിണ്ടാതിരുന്നതും മകന്‍ നിര്‍ബന്ധിച്ചു സ്വത്തുക്കള്‍ എഴുതിവാങ്ങിയപ്പോള്‍ പരാതിപ്പെടാതിരുന്നതും ഈ വാക്യങ്ങള്‍ കേട്ടു വളര്‍ന്നത്‌ കൊണ്ടാണ്.

‘വേറൊരു വീട്ടില്‍ ചെന്ന് കയറാന്‍ ഉള്ളതാ ...’

ഭക്ഷണം കഴിച്ചു എഴുന്നേല്‍ക്കാന്‍ നില്‍ക്കുന്ന മകനും മകളും. മകന്‍ കഴിച്ചു കഴിഞ്ഞശേഷം പാത്രം തിരിഞ്ഞു നോക്കാതെ എണീറ്റ്‌ പോകുന്നു. അപ്പോള്‍ മിണ്ടാതിരിക്കുന്ന അച്ഛനമ്മമാര്‍ അതുകഴിഞ്ഞു മകള്‍ അതുപോലെ ഏഴുന്നേറ്റു പോയാല്‍ ഉടന്‍ പറഞ്ഞു തുടങ്ങും ഈ ഡയലോഗ്. നാളെ മകളെ കെട്ടിച്ചു വിടുമ്പോള്‍ ആ വീട്ടുകാര്‍ കുറ്റം പറയരുത്.അതിനു വേണ്ടിയാണെന്നാവും ന്യായീകരണം. എന്നാല്‍ നാളെ ഒരു പെണ്‍കുട്ടി വന്നുകയറാന്‍ ഉള്ളതാ അതുകൊണ്ടു നന്നാക്കിക്കോ നിന്‍റെ ശീലങ്ങള്‍ എന്നു മകനോട്‌ പറയാറും ഇല്ല.
ഈ സാഹചര്യത്തില്‍ എന്താണ് ശരി ?

Daughter Representative Image

രണ്ടു മക്കളുടെയും പാത്രം അമ്മ പോയി കഴുകുകയല്ല വേണ്ടത്. പകരം രണ്ടു പേരോടും സ്വയം പര്യപ്തതയുടെ പാഠം പറഞ്ഞു കൊടുക്കുകയാണ് വേണ്ടത്. പ്രായത്തിനനുസരിച്ചുള്ള ജോലികള്‍ കുട്ടികളെ ചെയ്യിപ്പിക്കാന്‍ മാതാപിതാക്കള്‍ ഉപേക്ഷ വിചാരിക്കേണ്ടതില്ല. പാത്രം കഴുകാനും ഭക്ഷണം ഉണ്ടാക്കാനും വീടു വൃത്തിയാക്കാനും മകനും മകളും പഠിക്കേണ്ടതുണ്ട്. കാരണം അത് അവരെ സ്വയം പര്യാപ്തര്‍ ആക്കുകയും ഉത്തരവാദിത്തതോടെ കാര്യങ്ങള്‍ ഏറ്റെടുത്തു ചെയ്യാന്‍ ശീലിപ്പിക്കുകയും ചെയ്യും.

‘ ഇതൊക്കെ ആണുങ്ങള്‍ ചെയ്തോളും നീ ഇടപെടേണ്ട...’

ലിംഗവിവേചനം അതിന്‍റെ പാരതമ്യത്തില്‍ അനുഭവിക്കുന്നവര്‍ ആണ് നമ്മുടെ പെണ്‍കുട്ടികള്‍. പെണ്‍കുട്ടിയായതു കൊണ്ടു മാത്രം വണ്ടിയോടിക്കാനും വ്യായാമം ചെയ്യാനും ഒക്കെ ഉള്ള സ്വതന്ത്ര്യം പലരും അവര്‍ക്കു നിഷേധിക്കാറുണ്ട്. ജീവിതത്തെ ആത്മവിശ്വാസത്തോടെ സമീപിക്കാനുള്ള സാഹചര്യം അവര്‍ക്ക് ഇതിലൂടെ നമ്മള്‍ നിഷേധിക്കുകയാണ് ചെയ്യുന്നത് എന്നു മറക്കാതിരിക്കുക.

‘നാട്ടുകാര്‍ എന്തു പറയും!’

ജനിക്കുന്നതിനും മരിക്കുന്നതിനും ഇടയ്ക്കു മലയാളികള്‍ക്ക് ഏറ്റവും അധികം ആവലാതി ഇക്കാര്യത്തില്‍ ആണെന്ന് ഒരു പൊതുധാരണയുണ്ട്. ഇതിന്‍റെ ഏറ്റവും വലിയ ഇരകള്‍ വീട്ടിലെ പെണ്‍കുട്ടികള്‍ ആണ്. കുട്ടിയുടെ പഠനം, ഇഷ്ടങ്ങൾ‍, കല്യാണം ഇതെല്ലാം നിയന്ത്രിക്കുന്നത് ഈ ആവലാതികള്‍ ആണ്. ഇതിനിടയ്ക്ക് കുട്ടികളുടെ ഇഷ്ടം പോയിട്ട് വീട്ടുകാരുടെ താൽപര്യം പോലും വിഷയമാവാറില്ല. നാട്ടുകാര്‍ എന്തു വിചാരിക്കും എന്ന ആവലാതിയ്ക്കപ്പും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കും നീതിബോധത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളെ വളര്‍ത്തുന്നതാണ് അവരുടെ വ്യക്തിത്വവികാസത്തിന് ഗുണം ചെയ്യുക.

‘ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ...’

കുട്ടികളെ നിശബ്ദരാക്കി വളര്‍ത്തുകയാണ് നമ്മുടെ ശീലം. ശബ്ദമുണ്ടാക്കാതെ ഇരിക്കുന്ന ക്ലാസ്സ്‌ ആണ് നമുക്ക് അച്ചടക്കത്തിന്‍റെ അളവുകോല്‍. അപ്പോള്‍ പിന്നെ പെണ്‍കുട്ടികളുടെ കാര്യം പറയാനില്ലല്ലോ. പെണ്‍കുട്ടികള്‍ ഉച്ചത്തില്‍ സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നത് ശരിയല്ല എന്ന ധാരണയില്‍ അവരെ അടക്കുന്നത് അവരുടെ വ്യക്തിത്വവികാസത്തിന് ദോഷം ചെയ്യും. അങ്ങനെ വളരുന്നവര്‍ക്ക് അപകര്‍ഷതാബോധം കൂടുതല്‍ ആയിരിക്കും. നാണത്തോടെ പിന്‍വലിഞ്ഞു നില്‍ക്കാനല്ല ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും ആശയങ്ങള്‍ പങ്കു വയ്ക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.

‘എന്നാല്‍ നീ വല്ല കുരുത്തക്കേടും കാണിച്ചു കാണും’

Daughter Representative Image

ടീച്ചര്‍ തല്ലി, കൂട്ടുകാരി പിണങ്ങി... ഇങ്ങനെ എന്തു കാര്യം കുട്ടി പറഞ്ഞാലും അതു നീ വല്ല തെറ്റും ചെയ്തിട്ടാവും എന്നു പറയുന്നത് പല മാതാപിതാക്കളുടെയും ശീലമാണ്. ഇതു പല പ്രശ്നങ്ങള്‍ക്കും കാരണമാകാം.
ഒന്ന് – ആര് അവരോടു തെറ്റു ചെയ്താലും അതിന്‍റെ കാരണക്കാരി സ്വയം ആണെന്ന് വിചാരിച്ചു അവര്‍ കുറ്റബോധപ്പെടും.
രണ്ട്- ശാരീരികമായി ഒരാള്‍ അവളെ പീഡിപ്പിച്ചാല്‍ പോലും നിങ്ങളോട് വന്നു പറയാനുള്ള ധൈര്യം അവള്‍ക്കുണ്ടാവില്ല.
അപ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ എന്തു ചെയ്യും?
കുട്ടിയോട് സംഭവം ചോദിച്ചു മനസിലാക്കാം എന്നിട്ട് ശരിതെറ്റുകള്‍ വിലയിരുത്തി മാത്രം പ്രതികരിക്കാം. ക്ഷമിക്കാനും സഹിക്കാനും മാത്രമല്ല സാഹചര്യമനുസരിച്ച് പ്രതികരിക്കാനും പ്രതിഷേധിക്കാനും കുട്ടിയെ പഠിപ്പിക്കേണ്ടതുണ്ട്.

‘ഇരിക്കുന്നത് കണ്ടില്ലേ? തടിച്ചു/മെലിഞ്ഞ്, ആരു കണ്ടിഷ്ടപെടാനാ?’

പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തിലും സ്വയംപര്യാപ്തതയിലും ഒന്നും വല്യതാൽപര്യമില്ലെങ്കിലും അവരുടെ സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ഉപേക്ഷ ആരും വിചാരിക്കാറില്ല. കാരണം പെണ്‍കുട്ടിയെന്നാല്‍ സുന്ദരമായി കാണപ്പെടേണ്ട ഒന്നാണ് . സ്വന്തം ഇഷ്ടം അനുസരിച്ച് മുടി മുറിക്കാന്‍ പോലും പല പെണ്‍കുട്ടികള്‍ക്കും സ്വാതന്ത്ര്യമില്ല. കാരണം മുടി കൂടുതലുള്ള പെണ്‍കുട്ടികള്‍ക്കാണ് കാണാന്‍ അഴക്‌ എന്നാണു മലയാളിയുടെ സൗന്ദര്യബോധം. ഇതിനെ തൃപ്തിപെടുത്തി ജീവിക്കാനാണ് നമ്മള്‍ കുട്ടികളോടു പറയുന്നത്. ഇങ്ങനെ പൊതു ധാരണയ്ക്കൊപ്പം അവളെ വളര്‍ത്താന്‍ നോക്കുമ്പോള്‍ വല്ലാത്ത അപകര്‍ഷതബോധവും ആത്മനിന്ദയുമാകും നമ്മള്‍ അവളില്‍ നിറയ്ക്കുന്നത്.

അപ്പോള്‍ എന്താണു പറയേണ്ടത് ?

നിറത്തിന്‍റെയും ശരീരത്തിന്റെയും പേരിൽ ഒരിക്കലും കുട്ടികളോട് വിവേചനം കാണിക്കരുത്. അതു മാത്രമല്ല വെളുത്തനിറത്തിനു മാത്രമേ സൗന്ദര്യമുള്ളു എന്ന പരസ്യവാചകം അവരുടെ ആത്മവിശ്വാസത്തെ ബാധിക്കാനും അനുവദിക്കരുത്. സ്വന്തം ശരീരത്തെ ഉള്‍ക്കൊള്ളാനും സ്നേഹിക്കാനും പഠിപ്പിക്കാം. സൗന്ദര്യപരിപാലനം സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ട ഒന്നാണെന്ന് പറഞ്ഞു കൊടുക്കാം. അതു മറ്റുള്ളവരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാകരുത്. സൗന്ദര്യത്തില്‍ ശ്രദ്ധകൊടുക്കരുത് എന്ന് ഇതിന് അര്‍ഥമില്ല. സൗന്ദര്യത്തിന്‍റെ അളവുകോല്‍ വച്ചു മാത്രം ആത്മവിശ്വാസം വളര്‍ത്തരുത് എന്നു മാത്രം.

മേൽപറഞ്ഞ കാര്യങ്ങളെല്ലാം നമ്മള്‍ പറയുന്നത് നമ്മുടെ പെണ്‍മക്കളോട് സ്നേഹം ഇല്ലാത്തതുകൊണ്ടല്ല, അവര്‍ നമ്മുടെ അഭിമാനം ആയതുകൊണ്ടാണ്. നമ്മുടെ സ്നേഹവും അഭിമാനവും ഒക്കെയായ അവരെ സ്വയം പര്യാപ്തതയോടെ തലയുയര്‍ത്തി ജീവിക്കാന്‍ പഠിപ്പിക്കുകയല്ലേ വേണ്ടത്.