Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണീർമഴയത്ത് ചിരിയുടെ കുടചൂടി വിനീഷ്

vineesh വിനീഷ് ഡാൻസ്പാർട്ട്നർ ആൻമേരിയ്ക്കൊപ്പം

ചേട്ടന്റെ ചിതയെരിഞ്ഞ് അടങ്ങുന്നതിനു മുമ്പേ കണ്ണീർമഴ അടക്കിപിടിച്ച് പാട്ടുപാട്ടിയ ഗോപിനാഥന്റെ കഥ ഭരതത്തിലൂടെ കണ്ട് കരഞ്ഞവരാണ് മലയാളിപ്രേക്ഷകർ. അതേ തേങ്ങൽ തന്നെയാണ് മഴവിൽ മനോരമയിലെ ഡി3യിൽ വിനീഷിന്റെ പ്രകടനം കണ്ടപ്പോഴും പ്രേക്ഷകർക്ക് തോന്നിയത്.  ചേട്ടന്റെ മരണം നൽകിയ ആഘാതത്തിൽ നിന്നും മോചിതനാകുന്നതിനു മുമ്പേയാണ് വിനീഷ് ഡി3 വേദിയിൽ എത്തുന്നത്. ഉള്ളിലെ സങ്കടൽത്തിരയിൽപ്പെടാതെ ആടിതിമിർത്ത് വിനീഷ് ഡി3യുടെ പെയർ റൗണ്ടിൽ ഫൈനലിസ്റ്റ് ആയിരിക്കുകയാണ്. കടന്നുവന്ന കനൽവഴികളെക്കുറിച്ചും ഡി3 വേദിയെക്കുറിച്ചും വിനീഷ് മനസ്സുതുറക്കുന്നു.

ചേട്ടന്റെ ചിത കെട്ടടങ്ങുന്നതിന് മുമ്പേ ഡി3 വേദിയിലേക്ക്, അവിടെ നിന്നും ഫൈനലിസ്റ്റിലേക്ക്. എങ്ങനെയാണ് ഈ പ്രതിസന്ധി ഘട്ടം തരണം ചെയ്തത്? 

എന്റെ ചേട്ടന്റെ അടിയന്തരം കഴിഞ്ഞതിന്റെ പിറ്റേന്നാണ് ഞാൻ ഡി3യുടെ പ്രാക്ടീസിനായി എത്തുന്നത്. ഡാൻസർ എന്ന നിലയിൽ ഞാൻ പ്രശസ്തനാകണമെന്ന് ഏറ്റവും അധികം ആഗ്രഹിച്ചത് എന്റെ ചേട്ടനാണ്. പക്ഷെ എന്നെ ഡി3യിലേക്ക് സെലക്ട് ചെയ്തതും, പ്രാക്ടീസ് തുടങ്ങാൻ പോകുന്ന വിവരവും ഒന്നും അറിയാനുള്ള ഭാഗ്യം ചേട്ടനുണ്ടായില്ല. ഹൃദയാഘാതത്തെ തുടർന്ന് പെട്ടന്നുള്ള മരണമായിരുന്നു. ചേട്ടൻ പോയത് എന്റെ കുടുംബത്തിന് ഇന്നും ഉൾക്കൊള്ളാനായിട്ടില്ല. അതിൽ നിന്നും കരകയറാൻ എന്നെ സഹായിച്ചത് ഡാൻസും ഡി3വേദിയുമാണ്. 

സാമ്പത്തിക പരാധീനതകളെ അതിജീവിച്ചത് എങ്ങനെയാണ്? 

കൊച്ചിയിലെ വളരെ സാധാരണ കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. ചേട്ടന്റെ മരണത്തോടെ വീട്ടിന്റെ മുഴുവൻ ഉത്തരവാദിത്തവും എനിക്കായി. അതിന്റെ കൂടി ഡി3യ്ക്ക് വേണ്ടിയുള്ള ചെലവുകളും താങ്ങാൻ ബുദ്ധിമുട്ടായിരുന്നു. രണ്ടു മൂന്ന് സ്പോൺസേഴ്സ് ആ സമയത്ത് എനിക്കുണ്ടായിരുന്നു. അവരോടൊപ്പം ഡി3യുടെ അണിയറ പ്രവർത്തകരിൽ ഒരുപാടുപേർ സഹായിച്ചിട്ടുണ്ട്. പിന്നെ ഇതിൽ വന്നതിനുശേഷമാണ് ഒരുപാട് പേർ എന്നെ തിരിച്ചറിയാൻ തുടങ്ങിയത്. ഒരു ദിവസം ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഒരു കുടുംബം ഇങ്ങോട്ടുവന്ന് പരിചയപ്പെട്ടു. ദുബായിൽ ജോലി ചെയ്യുന്നവരാണ്, എന്റെ പരിപാടി കാണാറുണ്ടെന്നും വിജയിക്കാൻ പ്രാർഥിക്കാറുണ്ടെന്നും പറഞ്ഞ് അവർ എനിക്ക് കുറച്ചു കാശ് തന്നു. എനിക്ക് അറിയാത്ത എന്നെ അറിയാത്ത പ്രേക്ഷകർ സ്നേഹിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം ഡി3യാണ്. എനിക്ക് ഒരുപാട് അത്ഭുതം തോന്നിയ നിമിഷമായിരുന്നു അത്.  

d3

ഇത്തരം പ്രതിസന്ധികളിൽ വിനീഷിന്റെ ഡാൻസ്പാർട്ട്നർ ആൻമേരിയുടെ പിന്തുണ എത്രമാത്രം ഉണ്ടായിരുന്നു? 

ആൻമരിയ എട്ടാംക്ലാസിൽ പഠിക്കുന്ന ചെറിയ കുട്ടിയാണ്. അതുകൊണ്ട് അവളോട് ഇത്തരം സങ്കടങ്ങൾ ഒന്നും പറയാറില്ലായിരുന്നു. കൃത്യമായി പ്രാക്ടീസിന് വരുക എന്നുള്ളതായിരുന്നു ആൻമേരിയുടെ ജോലി. അത് ഭംഗിയായി തന്നെ അവൾ നിർവഹിച്ചിട്ടുണ്ട്. ചെറിയ കുട്ടിയാണെങ്കിലും വളരെ വേഗം ഓരോ സ്റ്റെപ്പും പഠിച്ചെടുത്ത് ഒരിക്കൽപ്പോലും മുടങ്ങാതെ അവൾ പ്രാക്ടീസിന് വരുമായിരുന്നു. അവളുടെ വീട്ടിലും അധികം സാമ്പത്തികസ്ഥിതിയൊന്നുമില്ല, അതുകൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നും അവളെ അറിയിച്ചിരുന്നില്ല. 

ഡി3 വേദിയിൽ കാലിടറിയ സന്ദർഭങ്ങളിൽ നിന്നും കരകയറിയത് എങ്ങനെ?

രണ്ടുവട്ടം ആ വേദിയിൽ കാലിടറിയിട്ടുണ്ട്. ഒരെണ്ണം പ്രാക്ടീസിന്റെ ഇടയ്ക്ക് പറ്റിയൊരു അപകടം മൂലം എന്റെ കഴുത്ത് ഉളുക്കിയത് മറ്റൊന്ന് ആൻമേരിയുടെ നടുവിന് പ്രശ്നം വന്ന് ഒരു പെർഫോമൻസ് പകുതിക്കുവെച്ചു നിർത്തേണ്ടി വന്നത്. ഈ രണ്ട് വെല്ലുവിളികളെയും അതിജീവിക്കാൻ പറ്റുമെന്ന് കരുതിയതല്ല. ഒരിക്കൽ പെർഫോം ചെയ്യുമ്പോൾ ആൻമേരിയുടെ ചാട്ടംപിഴച്ചു വന്ന് വീണത് എന്റെ കഴുത്തിലായിരുന്നു. കഴുത്ത് അനക്കരുത്, ഡാൻസ് കളിക്കരുതെന്നാണ് ഡോക്ടർ നിർദേശിച്ചത്. ആ സമയത്ത് ആൻമേരിയെ പ്രാക്ടീസ് ചെയ്യിച്ചത് എന്റെ ഒരു സുഹൃത്തായിരുന്നു. അവസാനം സ്റ്റേജിൽ മാത്രമാണ് ഞാൻ കയറിയത്. എന്റെ അപകടത്തിന് ശേഷമാണ് ആൻമേരിയുടെ അപകടം. മുകളിൽ കെട്ടിതൂക്കിയ റിങ്ങിന്റെ മുകളിൽ നിന്നും താഴെ നിൽക്കുന്നവരുടെ കൈയിലേക്ക് വീഴുന്ന സ്റ്റെപ്പുള്ള പെർഫോമൻസായിരുന്നു. പെർഫോമൻസിന്റെ ഇടയ്ക്ക് ഒരിക്കൽ ശരിക്കും വീണും, അന്ന് നടു ഇടിച്ചാണ് വീണത്.  നടുചതഞ്ഞു നീരായി പെർഫോം ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നു. അന്ന് ആൻമേരിയെ കാണിച്ചത് എന്റെ കഴുത്തുളക്കിയ സമയത്ത് കണ്ട വൈദ്യനെയാണ്. അദ്ദേഹം പറഞ്ഞു ശരിയാക്കി തരാം എന്നാൽ പെർഫോമൻസ് കഴിഞ്ഞ ഉടൻ വീണ്ടും വരണം, നന്നായി ശ്രദ്ധിക്കണമെന്ന്. അദ്ദേഹത്തിന്റെ ചികിത്സഫലിച്ച വേദന കുറഞ്ഞ് വീണ്ടും പ്രാക്ടീസ് ആരംഭിച്ചു. 

ആ സമയത്ത് ചതഞ്ഞ ഭാഗത്ത് തന്നെ വീണ്ടും വീണ്ടും ആഘാതമേറ്റതോടെ വേദന കൂടി. സ്റ്റേജിൽ ആൻമേരി കയറുന്നത് കടുത്ത വേദനയോടെയാണ്. പെർഫോമൻസ് തുടങ്ങി കുറച്ചു കഴിഞ്ഞതോടെ അവൾക്ക് ചെയ്യാൻ പറ്റാതെയായി പകുതിക്ക്‌വെച്ച് ഞങ്ങൾ നിറുത്തി. ഭാഗ്യത്തിന് ഈ പെർഫോമൻസിന്റെ ഗ്രൂമിങ്ങ് ദിനം പ്രസന്നമാസ്റ്റർ ഞങ്ങളുടെ പെർഫോമൻസ് കണ്ടിരുന്നു. അതുകൊണ്ട് 21 മാർക്ക് കിട്ടി അടുത്ത റൗണ്ടിലേക്ക് എത്തിപ്പറ്റി. അദ്ദേഹം അന്ന് ഞങ്ങളുടെ പെർഫോമൻസ് കണ്ടില്ലായിരുന്നെങ്കിൽ ഞങ്ങൾക്ക് ഡി3വേദി അന്യമായിപ്പോയേനേം.

d3-pair

ഡി3യുെട അവസാനഘട്ടത്തിൽ നിൽക്കുമ്പോൾ എന്തു തോന്നുന്നു?

ഇവിടേക്ക് വരുമ്പോൾ തന്നെ ഒരുപാട് ആഗ്രഹിച്ചതാണ് ഫൈനലിസ്റ്റാകണമെന്ന്. ആ സ്വപ്നമാണ് യാഥാർഥ്യമായിരിക്കുന്നത്. ഒരുപാട് സന്തോഷമുണ്ട്. ഇതുകണ്ട് എന്റെ ചേട്ടന്റെ ആത്മാവും സന്തോഷിക്കുന്നുണ്ടാകും. ഇത്രയൊക്കെ ആണെങ്കിലും ഇന്നും എന്റെ വീട്ടിൽ ചേട്ടന്റെ മരണം സൃഷ്ടിച്ച ആഘാതം വിട്ടൊഴിഞ്ഞിട്ടില്ല. ഇപ്പോഴും ഞങ്ങൾ അന്യോന്യം സംസാരിക്കാറില്ല. എന്തെങ്കിലും സംസാരിച്ചാൽ വിഷയം ചേട്ടനിലോ അച്ഛനിലോ വന്നു നിൽക്കും. അച്ഛന്റെ അഭാവം അറിയിക്കാതെ എന്നെ വളർത്തിയത് ചേട്ടനാണ്. ഈ സന്തോഷം പങ്കുവെക്കാൻ ചേട്ടനില്ലല്ലോ എന്ന ദുഖമുണ്ട്.

Your Rating: