Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിയുമായി ദിവസവും നേർക്കുനേർ, കാനത്തിനെന്താണ് ഈയിടെയായി ഒരു ശബ്ദമാറ്റം?

kanam

നാഗവല്ലി മോഡൽ കോപത്തിൽ പോകണ്ടാന്നു പിണറായി വിജയൻ പറഞ്ഞാൽ, എന്താ പോയാൽ എന്ന് കാനം രാജേന്ദ്രൻ തിരിച്ചു ചോദിക്കുന്നു. സിപിഎമ്മിന്റെ വല്യേട്ടൻ ഭാവമല്ല, കാനം രാജേന്ദ്രന്റെ കനപ്പെട്ട ഭാവമാറ്റമാണ് കരുതിയിരിക്കേണ്ടതെന്ന് ഇടതുപക്ഷത്തിൽ ഇപ്പോൾ പറഞ്ഞു കേൾക്കുന്നുണ്ട്. കാനം കൊച്ചുപുരയിടത്തിൽ വി.കെ.പരമേശ്വരൻ നായരുടേയും ടി.കെ. ചെല്ലമ്മയുടേയും മകനായ രാജേന്ദ്രൻ പൊതുപ്രവർത്തകനായപ്പോൾ പേരിനൊപ്പം നാടിന്റെ പേരുകൂടി ചേർത്തു. പേരിന്റെ കനമാണ് ഇപ്പോൾ വാക്കുകളിലും തിളങ്ങുന്നത്.

കാനത്തിനെന്താണ് ഈയിടെയായി ഒരു ശബ്ദമാറ്റം?
സർക്കാരിന്റെ മാവോയിസ്റ്റ് വേട്ട മുതൽ തുടങ്ങിയ ആ മാറ്റം ലോ അക്കാദമി സമരവും മന്ത്രിസഭാ തീരുമാനങ്ങളുടെ വിവരാവകാശം വരെയെത്തി. സിപിഎമ്മിന്റെ ഇടതുവശത്തുനിന്ന് ഒപ്പത്തിനൊപ്പം കാര്യങ്ങൾ പറയാൻ ശ്രമിക്കുകയാണ് കാനത്തിലൂടെ സിപിഐ. സിപിഎമ്മുമായി കാനം ട്വന്റി ട്വന്റി കളിക്ക് ഇറങ്ങിയതിന്റെ ആവേശമുണ്ട് സിപിഐയ്ക്കും.

∙ പ്രതിപക്ഷത്തിരുന്നു സമരം നയിക്കുന്നതുപോലെ അല്ലല്ലോ ഭരണത്തിലെത്തുമ്പോൾ മുൻ നയങ്ങൾക്ക് അൽപം പരുക്കു ഏൽക്കേണ്ടിവരില്ലേ?

അത് പറ്റില്ല, ഭരണത്തിൽ നമ്മുടെ രാഷ്ട്രീയം പ്രതിഫലിക്കണം. അതല്ലെങ്കിൽ ബിജെപിയോ കോൺഗ്രസോ ഭരിച്ചാൽ പോരെ...ജനം പ്രതീക്ഷിക്കുന്നത് നമ്മൾ മുന്നോട്ടുവച്ച രാഷ്ട്രീയത്തിന്റെ വ്യത്യാസം ഭരണത്തിൽ കാണാനാണ് അതല്ലെങ്കിൽ പിന്നെ എല്ലാ രാഷ്ട്രീയവും ഒന്നാണെന്ന് ജനം പറയില്ലേ....

∙ കാനം രാജേന്ദ്രൻ മുൻപേ ഇങ്ങനെയാണോ, അതോ ഇൗ സമയത്ത് കൂടുതൽ കർശനമായ നിലപാട് ശരീരഭാഷയിലും വരുത്തിയതാണോ?

തൊഴിലാളി പ്രസ്ഥാനമായിരുന്നു എന്റെ തട്ടകം. എഐടിയുസി സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചപ്പോൾ ഇതിനേക്കാൾ കടുപ്പമേറിയ നിലപാടുകൾ എടുത്തിട്ടുണ്ട്. കമ്യൂണിസ്റ്റ് നയം മാറ്റാനും എടുത്ത നിലപാടിൽ വെള്ളം ചേർക്കാനും എങ്ങനെയാണ് ഓരോ കാലത്തും കഴിയുക. എതിർക്കേണ്ടതിനെ മുഖം നോക്കാതെ എതിർക്കും.

∙ഇൗ മുഖം നോക്കാതെയുള്ള എതിർപ്പ് സിപിഎമ്മിന് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് കേൾക്കുന്നുണ്ട്?
അത്തരം അസ്വസ്ഥതകൾ നോക്കേണ്ടതില്ല. രാഷ്ട്രീയമല്ലേ. ഭരണത്തെ തിരുത്താനും ശക്തിപ്പെടുത്താനുമാണ് എന്റെ നിലപാട്. ഭരണം ശരിയായ ദിശയില്ലല്ലെങ്കിൽ ഇടപെട്ടല്ലേ പറ്റു. അതിന് സിപിഎമ്മിന് അസ്വസ്ഥതയുണ്ടാകേണ്ട കാര്യമില്ല.

∙ സൗകര്യാധിഷ്ടമായ വാചകകസർത്തു മാത്രമാണോ അതോ നയത്തിലും ഭരണത്തിലും നിലപാട് ഉറപ്പിച്ചുനിൽക്കുമോ? മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശം വഴി നൽകേണ്ടതില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ചു നിൽക്കുന്നുണ്ട്. താങ്കൾ എതിർപ്പ് അറിയിച്ചിട്ടും മാറ്റമില്ല. ?

കേരളത്തിന്റെ ഇടതുപക്ഷ മനസിനെ നിർവചിക്കുന്നത് എടുക്കുന്ന സുതാര്യമായ നിലപാടുകളാണ്. മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തറിയുന്നതിൽ എന്താണ് തെറ്റ് ? തീരുമാനം എടുക്കുന്നതുവരെ നടക്കുന്ന ചർച്ചകൾ രഹസ്യമാക്കിക്കോളു. പക്ഷേ തീരുമാനമായാൽ അത് ജനമറിയണം. ഉമ്മൻചാണ്ടിയുടെ കാലത്ത് മന്ത്രിസഭാ തീരുമാനങ്ങൾ വിവരവാകാശം വഴി നേടിയെടുത്ത് ഹൈക്കോടതിയിൽ കേസിനു പോയി ചില അനുകൂല വിധികൾ വരെ ഞാൻ സമൂഹത്തിനായി നേടിയിട്ടുണ്ട്. പുറത്തറിയാൻ പാടില്ലാത്ത ചില തീരുമാനങ്ങൾ എടുത്ത കഴിഞ്ഞ സർക്കാരാണ് വിവരാവകാശം വഴി മന്ത്രിസഭാതീരുമാനം കൊടുക്കേണ്ടെന്ന് തീരുമാനിച്ചത്. യുഡിഎഫ് സർക്കാരിന്റെ നയം ഇടതുസർക്കാർ തുടരേണ്ടതില്ലെന്ന നിലപാടാണ് എന്റെ പാർട്ടിക്കുള്ളത്. വിവരാവകാശ നിയമം സംപൂർണ തോതിൽ നടപ്പാക്കാൻ ഒന്നാം യുപിഎ സർക്കാരിന്റെ കോമൺ മിനിമം പരിപാടിയിൽപ്പെടുത്തി പാർലമെന്റിൽ വാദിച്ചതാണ് സിപിഎമ്മും സിപിഐയും ഇപ്പോൾ ആ നിലപാടിൽ എങ്ങനെ വെള്ളം ചേർക്കാൻ പറ്റും. കേന്ദ്രനിയമമുണ്ട് ഇതിന്. അത് നടപ്പാക്കിയേ തീരു.

∙ മുഖ്യമന്ത്രിയുൾപ്പെടെ ചില സിപിഎം നേതാക്കൾ ശക്തമായ മറുപടി പറഞ്ഞ് അപ്പുറത്തുണ്ട്. ഇവിടെ ഒറ്റയ്ക്കാണ് മറുപടികൾ...
ഏതെങ്കിലും വാചകങ്ങളോ വാക്കുകളിലോ പിടിച്ച് ഞാൻ മറുപടി പറയില്ല. ഇത് ഗൗരവമുള്ള രാഷ്ട്രീയമല്ലേ ആശയപരമായ വിട്ടുവീഴ്ചയില്ലെന്നേ ഞങ്ങൾ പറയുന്നുള്ളു. ഭിന്നമായ നിലപാടുകൾ ഉണ്ടാകാം. നയവും പ്രകടനപത്രികയും മറ്റുമൊക്കെ മുന്നോട്ടുവച്ചല്ലേ ഇടതുപക്ഷം ജനങ്ങളെ സമീപിച്ചത്. അതൊക്കെ നടപ്പാക്കാൻ ഇൗ നിലപാടുകളിൽ തന്നെ മുന്നോട്ടുപോകും.

Your Rating: