Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുസ്തകങ്ങൾ മാത്രം സ്വത്തായുള്ള ധനമന്ത്രി

Thomas Isaac ഡോ.തോമസ് ഐസക്കും മക്കളായ സാറയും ഡോറയും

സംസ്ഥാന കമ്മിറ്റിക്കു ശേഷം മന്‍മോഹന്‍ ബംഗ്ലാവില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. അവിടെയെത്തുമ്പോള്‍ കയര്‍ത്തൊഴിലാളി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ആനത്തലവട്ടം ആനന്ദന്‍ ഉള്‍പ്പെടെയുള്ള സഖാക്കള്‍ എത്തിയിട്ടുണ്ട്. സഖാവ് ആനത്തലവട്ടം ആദ്യ സമരം മുതല്‍ കൂടെയുണ്ടല്ലോ എന്നു പറഞ്ഞപ്പോള്‍ ഡോ.തോമസ് ഐസക് ഇറങ്ങിപ്പോയ ആനത്തലവട്ടത്തെ തിരിച്ചുവിളിച്ചു - സഖാവേ ഇങ്ങു വന്നേ. ആനത്തലവട്ടം തിരികെ വന്നു. സ്വന്തം പിതാവിന്റെ കയര്‍ മില്ലിലെ തൊഴിലാളികളുടെ പണിമുടക്കാണു തോമസ് ഐസക് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ആദ്യമായി ഉദ്ഘാടനം ചെയ്തത്. ആ സമയത്ത് കയർത്തൊഴിലാളികളുടെ സംസ്ഥാന ജാഥ കൊടുങ്ങല്ലൂരിൽഎത്തി. അവിടെ ആനത്തലവട്ടംപ്രസംഗിക്കുകയായിരുന്നു. ഇരുവരും പഴയകഥകൾ പറഞ്ഞ് ചിരിച്ചു. ഇടതുപക്ഷത്തെ മറ്റു മന്ത്രിമാരില്‍നിന്നു തോമസ് ഐസക്കിനെ വ്യത്യസ്തനാക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. അതിലൊന്ന് അദ്ദേഹത്തിന്റെ അക്കാദമിക് അടിത്തറയാണ്. രാജ്യത്തെ മുന്‍നിര സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസില്‍ പഠിക്കുകയും പഠിപ്പിക്കുകയും ധനകാര്യസംബന്ധിയായ മികച്ച പുസ്തകങ്ങള്‍ രചിക്കുകയും രാജ്യത്തെ മികച്ച സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞര്‍ക്കു ശിക്ഷണം നല്‍കുകയും ചെയ്തിട്ടുണ്ട്, ഡോ. തോമസ് ഐസക്. ലോകരാഷ്ട്രങ്ങളുടെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ ജനകീയാസൂത്രണ പദ്ധതിയുടെ സൂത്രധാരനായിരുന്നു. പരിസ്ഥിതിയില്‍ അധിഷ്ഠിതമായ വികസനശൈലിയെ കേരളത്തിനു പരിചയപ്പെടുത്തിയ നേതാവ്. മുപ്പതോളം പുസ്തകങ്ങളുടെ കര്‍ത്താവ്. കേരളം: മണ്ണും മനുഷ്യനും എന്ന പുസ്തകത്തിനു കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. തോമസ് ഐസക്കുമായി നടത്തിയ സംഭാഷണത്തില്‍നിന്ന്:

ആദ്യ സമരോദ്ഘാടനം

എന്റെ അപ്പച്ചന്‍ ടി.പി. മാത്തുക്കുട്ടി കറകളഞ്ഞ കോണ്‍ഗ്രസുകാരനായിരുന്നു. അപ്പച്ചന്റെ നാട് അമ്പലപ്പുഴയിലാണ്. അമ്പലപ്പുഴയില്‍നിന്ന് അപ്പച്ചന്‍ കൊടുങ്ങല്ലൂരില്‍ വന്നു. അപ്പച്ചനു വലിയ കൊപ്രാക്കളങ്ങളുണ്ടായിരുന്നു. ഒപ്പം തുണിക്കടയും കയര്‍ മില്ലും. കൊടുങ്ങല്ലൂരില്‍ അപ്പച്ചനു വലിയ അംഗീകാരമുണ്ടായിരുന്നു. കോണ്‍ഗ്രസുകാരനായിരുന്നെങ്കിലും പല കമ്യൂണിസ്റ്റുകാരെയും അപ്പച്ചന്‍ ഒളിവില്‍ താമസിപ്പിച്ചിട്ടുണ്ട്. അതിലൊരാളാണു ഭാസ്കരമേനോന്‍.. അദ്ദേഹം സ്ഥലത്തെ പ്രധാനപ്പെട്ട സിപിഐ നേതാവായിരുന്നു. പൊലീസ് വന്നപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ അപ്പച്ചന്‍ ഭാസ്കരമേനോനെ കൊപ്രച്ചാക്കില്‍ കെട്ടിവച്ചു. പൊലീസിന് അദ്ദേഹത്തെ പിടികിട്ടിയില്ല. അങ്ങനെ അവര്‍ തമ്മില്‍ വലിയ ആത്മബന്ധമുണ്ടായി. അദ്ദേഹം ഞങ്ങളുടെ കടയുടെ മേല്‍നോട്ടം വഹിച്ചിരുന്നു.

കയര്‍ത്തൊഴിലാളി സമരം നടക്കുമ്പോള്‍ ഞാന്‍ മഹാരാജാസില്‍ പഠിക്കുകയാണ്. എസ്എഫ്ഐക്കാരനാണ്. അപ്പച്ചന്റെ മില്ലില്‍ പത്തു നാല്‍പതു തൊഴിലാളികളുണ്ട്. അവിടെയുള്ള സഖാക്കൾ പറഞ്ഞു, പണിമുടക്ക് ഉദ്ഘാടനം ചെയ്യണം. ഞാന്‍ സമ്മതിച്ചു. അങ്ങനെ ഞാന്‍ പ്രസംഗിക്കാന്‍ ചെന്നു. അവര്‍ യോഗം നടത്തിയതു കോട്ടപ്പുറം മാര്‍ക്കറ്റിലുള്ള അപ്പച്ചന്റെ തുണിക്കടയുടെ മുന്‍പിലാണ്. കയര്‍ മില്ലിന്റെ മുന്‍പില്‍ പോയി പ്രസംഗിച്ചിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. അപ്പച്ചന്‍ തുണിക്കടയിലുള്ള സമയമാണ്. എന്നുവച്ച് എനിക്കു പ്രസംഗിക്കാതിരിക്കാന്‍ സാധ്യമല്ലല്ലോ. ആ സമയത്താണു സഖാവ് ആനത്തലവട്ടം ജാഥയുമായി അവിടെയെത്തുന്നത്. അപ്പച്ചന്‍ കടയിലിരുന്ന് എന്റെ പ്രസംഗമെല്ലാം കേട്ടു. ഞാന്‍ പ്രസംഗം കാച്ചി സ്ഥലം വിട്ടു. പിന്നെ മൂന്നാലു കൊല്ലം വീട്ടില്‍ കയറാന്‍ എനിക്കു ധൈര്യമുണ്ടായില്ല. എങ്കിലും അപ്പച്ചന്‍ കൃത്യമായി ഹോസ്റ്റല്‍ ഫീസ് അയച്ചുതന്നിരുന്നു. ഞാന്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് 2001ല്‍ ആണ്. നാമനിര്‍ദേശ പത്രിക കൊടുത്തു കഴിഞ്ഞ സമയത്തായിരുന്നു അപ്പച്ചന്റെ മരണം. മരണം വരെ അപ്പച്ചന്‍ കോണ്‍ഗ്രസുകാരനായിരുന്നു. ഖദര്‍ മാത്രമേ അദ്ദേഹം ധരിച്ചിട്ടുള്ളൂ.

Thomas Isaac ഡോ.തോമസ് ഐസക്

വായനയുടെ ലോകം

അറുപതുകളില്‍ സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മൂന്നു ലൈബ്രറികളില്‍ അംഗമായിരുന്നു ഞാന്‍. സ്കൂള്‍ ലൈബ്രറി, കല്യാണദായിനി വായനശാല, പിന്നെ കോട്ടപ്പുറം ചന്തയിലുള്ള ഭാരത് സേവാസമാജം. ജീവിതത്തില്‍ എന്റെ ആദ്യത്തെ സാമൂഹിക രാഷ്ട്രീയ ഇടപെടല്‍ കോട്ടപ്പുറം ലൈബ്രറിയിലായിരുന്നു. ലൈബ്രറിയുടെ മേല്‍നോട്ടം കുരിശിങ്കല്‍ ഔസോ എന്ന പ്രായം ചെന്ന ആളിനാണ്. ഞങ്ങള്‍ അദ്ദേഹത്തെ ക്രോസ് ഹൗസ് എന്നാണു വിളിച്ചിരുന്നത്. ഒരുദിവസം ഞങ്ങള്‍ കുട്ടികള്‍ ചേര്‍ന്നു ലൈബ്രറിയുടെ പൂട്ടുപൊളിച്ച് പുസ്തകങ്ങള്‍ എടുത്തുകൊണ്ടു പോയി. അതു കേസായി. അവസാനം അപ്പച്ചനും മറ്റും ചേര്‍ന്നു കേസ് ഒതുക്കി. അതു കഴിഞ്ഞ് എന്നെ ലൈബ്രറിയുടെ സെക്രട്ടറിയാക്കി. ഞാന്‍ അന്ന് എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നു. അതാണ് ആദ്യമായി ഞാന്‍ വഹിച്ച ഭാരവാഹിത്വം.

കുട്ടിക്കാലം മുതല്‍ പുസ്തകവായനയും പഠിത്തവുമാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യങ്ങള്‍. പത്താം ക്ലാസ് വരെ പഠിച്ചത് അമ്മയുടെ തറവാട്ടുവീട്ടിലാണ്. അമ്മയുടെ വീട് കോട്ടപ്പുറം കോട്ടയുടെ തൊട്ടടുത്താണ്. മൂന്നുനിലയുള്ള വലിയൊരു വീടായിരുന്നു. ഇരുനൂറു പേര്‍ക്കിരുന്നു ഭക്ഷണം കഴിക്കാന്‍ പറ്റുന്ന വലിയൊരു തളമുണ്ടായിരുന്നു. കോട്ടപ്പുറം കോട്ടയുടെ മതിലില്‍ കയറിയിരുന്നാണു പുസ്തകവായനയും പഠിത്തവും.

രാഷ്ട്രീയത്തിലേക്ക്

പ്രീഡിഗ്രിക്കു തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ ചേര്‍ന്നു. അവിടെ വച്ച് ഓള്‍ ഇന്ത്യ കാത്തലിക് യൂണിവേഴ്സിറ്റി ഫെഡറേഷന്റെ യൂണിറ്റ് സെക്രട്ടറിയായി. അന്നു പ്രസിഡന്റ് ആയിരുന്ന ആളാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് നേതാവായ പി.സി.ജോസഫ്. ഫെ‍ഡറേഷന്‍ ജസ്യൂട്ട് പുരോഹിതന്‍മാരുടേതായിരുന്നു. ഈ പുരോഹിതന്‍മാരില്‍ അധികം പേരും ഇടതുപക്ഷ ആഭിമുഖ്യമുള്ളവരായിരുന്നു. ഫാ.സെബാസ്റ്റ്യന്‍ കാപ്പന്‍, ഫാ.തോമസ്, ഫാ.വട്ടമറ്റം തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ പുരോഹിതന്‍മാര്‍ താമസിച്ചിരുന്നത് കളമശ്ശേരി എച്ച്എംടി ജംക്്ഷനു സമീപമുള്ള ഗ്ലാസ് ഫാക്ടറിക്കടുത്ത് റബര്‍ മരങ്ങള്‍ നിറഞ്ഞ ഒരു കുന്നിലെ നീണ്ട കെട്ടിടത്തിലായിരുന്നു. ഞാന്‍ അവിടെ ഇടയ്ക്കിടെ പോകും. കാരണം, ഇവരെല്ലാം നന്നായി വായിക്കുന്ന പുരോഹിതന്‍മാരായിരുന്നു. പിന്നീടു ഞാന്‍ അവിടെ ഒരന്തേവാസിയായി. ഫാ.കാപ്പന്റെ ‘വിശ്വാസത്തില്‍നിന്നു വിപ്ലവത്തിലേക്ക്’ ഞാനൊരു കൈപ്പുസ്തകമായിത്തന്നെ കൊണ്ടുനടന്നിരുന്നു. ഫാ. കാപ്പനാണ് എനിക്കു കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആദ്യമായി വായിക്കാന്‍ തന്നത്. ഇവരെല്ലാം സാമൂഹിക പ്രവര്‍ത്തനത്തില്‍ ഇടപെട്ടവരായിരുന്നു. അങ്ങനെയാണു സാമൂഹിക മാറ്റത്തിന് ഒരു രാഷ്ട്രീയ മാറ്റം വേണമെന്ന് എനിക്കു തോന്നിയതും. ഡിഗ്രിക്കു മഹാരാജാസ് കോളജില്‍ ചേരുമ്പോഴും ഞാന്‍ അവിടെനിന്നാണു കോളജില്‍ പോയിരുന്നത്. പിന്നീടാണു ഹോസ്റ്റലിലേക്കു മാറിയത്.

എസ്എഫ്ഐയിലേക്ക്

1971ല്‍ ആണു ഞാന്‍ എസ്എഫ്ഐയില്‍ അംഗമായത്. അന്നു തന്നെ ഞാനൊരു കാര്യം തീരുമാനിച്ചു. എന്തായാലും മഹാരാജാസ് കോളജ് പിടിച്ചെടുക്കണം. അന്ന് എസ്എഫ്ഐയ്ക്കു മഹാരാജാസ് കോളജ് ഒരു കീറാമുട്ടിയായിരുന്നു. ജയിക്കാന്‍ വലിയ പ്രയാസമായിരുന്നു. അതുകൊണ്ടു ഞാന്‍ ഒരുപാടു പ്രസംഗിച്ചു. അതിലേറെ ഞാന്‍ കുട്ടികളുമായി ഒരു വ്യക്തിബന്ധം ഉണ്ടാക്കാന്‍ ശ്രമിച്ചു. അന്നു കോളജില്‍ ധാരാളം ഗ്രൂപ്പുകളുണ്ടായിരുന്നു. അതിലെല്ലാം ഞാന്‍ അംഗമായി. അക്കാലത്തു റെക്സ് ഐസക്കിന്റെ കീഴില്‍ വയലിന്‍ പഠിക്കാന്‍ പോകുമ്പോഴും വയലിന്‍ പഠിക്കുക മാത്രമായിരുന്നില്ല ലക്ഷ്യം. മറിച്ച് അവിടെ പഠിക്കാന്‍ വരുന്ന കുട്ടികളുമായി സൗഹൃദമുണ്ടാക്കുകയാണ്. കോളജ് തിരഞ്ഞെടുപ്പു വന്നപ്പോള്‍ ഞങ്ങള്‍ ‘യാഗം’ എന്ന പേരില്‍ ഒരു ഇല‍ക്‌ഷൻ സുവനീര്‍ ഇറക്കി. കടമ്മനിട്ട, സച്ചിദാനന്ദന്‍, കെ.ജി.ശങ്കരപ്പിള്ള, വിനയചന്ദ്രന്‍, സാനു മാഷ് എന്നിവരുടെയൊക്കെ കവിതകളും ലേഖനങ്ങളും നേരിട്ടുപോയി വാങ്ങി. അതു കോളജിനെ സംബന്ധിച്ചിടത്തോളം വലിയൊരു സംഭവമായിരുന്നു. കെഎസ് യു കുട്ടികള്‍ പോലും ആ സുവനീറിനു വേണ്ടി കാത്തുനിന്നു. ആകെ അഞ്ഞൂറ് വോട്ട് മാത്രം കിട്ടിയിരുന്ന കോളജില്‍ ആയിരത്തിയഞ്ഞൂറിലേറെ വോട്ടുകള്‍ കിട്ടുകയും ഞാന്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ആയി തിരഞ്ഞെടുക്കപ്പെടുകയു ചെയ്തു.

Thomas Isaac ഡോ.തോമസ് ഐസക്കും അമ്മയും

സമരകാലം

ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ കാലമായിരുന്നു അത്. മട്ടാഞ്ചേരിയിലെ ഗുണ്ടാസംഘവുമായി ഏറ്റുമുട്ടല്‍ പതിവായിരുന്നു. കൊച്ചിയില്‍ നടന്ന ഒരു വോളിബോള്‍ ടൂര്‍ണമെന്റ് അലങ്കോലപ്പെടുത്താന്‍ വന്ന ഒരു കുപ്രസിദ്ധ ഗുണ്ടയെ അംഗപരിമിതിയുള്ള ഒരു എസ്എഫ്ഐ നേതാവ് ആല്‍ബി ആക്രമിച്ചു. ഗുണ്ട വിരണ്ടോടി. ആള്‍ക്കൂട്ടത്തിനിടയില്‍ കത്തിയുമായി നിന്ന സഖാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ സഖാവിനെ ഗുണ്ടകള്‍ വളഞ്ഞു.

മഹാരാജാസില്‍നിന്ന് എന്റെ നേതൃത്വത്തില്‍ പോയ സംഘം മട്ടാഞ്ചേരിയിലെ സഖാക്കളുമായി ചേര്‍ന്ന് ആല്‍ബിയെ രക്ഷപ്പെടുത്തി. അന്നു ഞാന്‍ എസ്എഫ്ഐയുടെ ജില്ലാ സെക്രട്ടറിയാണ്. അതോടെ എന്നോട് അവര്‍ക്കു വലിയ പകയുണ്ടായി. തൊട്ടടുത്ത ഒരു ദിവസം എന്റെ കണ്ണട ഒടിഞ്ഞു. കണ്ണട നന്നാക്കാന്‍ ഹോസ്റ്റലില്‍നിന്നിറങ്ങി ഞാന്‍ രാവിലെ ജനറല്‍ ആശുപത്രിക്ക് അടുത്തേക്കു നടന്നുപോകുമ്പോള്‍ എന്റെ അടുത്തു വന്ന് ഒരു കാര്‍ ബ്രേക്കിട്ടു നിന്നു. ഞാന്‍ കാര്യമറിയാതെ കാറിനുള്ളിലേക്കു നോക്കിയപ്പോള്‍ അതില്‍ വടിവാളും ആയുധങ്ങളും കണ്ടു. എന്നെ വധിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, കണ്ണട ഇല്ലാത്തതുകൊണ്ട് അവര്‍ക്ക് ആശയക്കുഴപ്പമുണ്ടായി. എന്നെയാണ് അവര്‍ തിരയുന്നതെന്നു മനസ്സിലായെങ്കിലും ഞാന്‍ വളരെ ശാന്തനായി നടന്നുപോയി. അവരുടെ കണ്‍‌വെട്ടത്തുനിന്നു മാറിയതും ഒരൊറ്റ ഓട്ടമായിരുന്നു.

ജയിലില്‍

എന്നെ പിടിക്കാന്‍ പറ്റാത്ത ദേഷ്യത്തില്‍ ഗുണ്ടകള്‍ ഹോസ്റ്റലില്‍ കടന്നു കണ്ടവരെയെല്ലാം കുത്തി. ഒന്നുമറിയാതെ ഒരു ബന്ധുവിനെ തേടി വന്ന ലക്ഷദ്വീപുകാരന്‍ മുത്തുക്കോയ കുത്തേറ്റു മരിച്ചു. മട്ടാഞ്ചേരിയിലെ പോൾ ഒന്നാം പ്രതിയായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയമായിരുന്നുഅത്. ഞങ്ങള്‍ രണ്ടുമാസം കോളജില്‍ അടിയന്തരാവസ്ഥയ്ക്കെതിരെ സമരം നടത്തി. ഞാന്‍ അന്നു കണ്ണടയെല്ലാം മാറ്റി മീശ വടിച്ച് ആള്‍മാറാട്ടം നടത്തിയാണു കോളജില്‍ പോയിരുന്നത്. പൊലീസിന് എന്നെ അറസ്റ്റ് ചെയ്യാന്‍ പറ്റിയില്ല. പക്ഷേ, വെറ്റില മുറുക്കുന്ന ശീലം ഞാന്‍ ഉപേക്ഷിച്ചിരുന്നില്ല. കോളജ് പൂട്ടിയപ്പോള്‍ ഞാന്‍ നാട്ടില്‍ പോയി. ഞങ്ങളുടെ തുണിക്കടയുടെ അടുത്ത് ഒരു മുറുക്കാന്‍ കടയില്‍ മുറുക്കിക്കൊണ്ടു നില്‍ക്കുമ്പോള്‍ പെട്ടെന്നു പിറകില്‍നിന്ന് ഐസക് എന്നൊരു വിളി. ഞാന്‍ തിരിഞ്ഞു നോക്കി. മഫ്തി പൊലീസ് ആയിരുന്നു. അപ്പോള്‍ത്തന്നെ എന്നെ പൊക്കി. കൊടുങ്ങല്ലൂര്‍ ലോക്കപ്പില്‍ കൊണ്ടുപോയിട്ടു നല്ലോണം തല്ലി. പൊലീസ് അറസ്റ്റ് ചെയ്ത് എന്നെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോകുമ്പോള്‍ അപ്പച്ചന്‍ കടയിലുണ്ട്. പക്ഷേ, പുറത്തുവന്നില്ല. പിറ്റേന്നു പൊലീസ് എന്നെ എറണാകുളത്തു കൊണ്ടുപോയി. നടത്തിക്കൊണ്ടാണു പോകുന്നത്. ആരും അടുത്തുവരുന്നില്ല. പൊലീസ് വിലങ്ങു വച്ചു കൊണ്ടുപോകുകയാണല്ലോ. മൂത്തകുന്നം ഫെറി കടന്നുവേണം പോകാന്‍. ഫെറിയുടെ അടുത്ത് എത്തിയപ്പോള്‍ പ്രായമുള്ള ഒരു തൊഴിലാളി രണ്ടു ഗ്ലാസ് ചായ വാങ്ങിക്കൊണ്ടുവന്ന് എന്നോടു പറഞ്ഞു, കുടിക്കു സാറേ. അദ്ദേഹം പൊലീസുകാരുടെ അനുവാദം ചോദിച്ചില്ല. അറസ്റ്റിനു ശേഷം എനിക്ക് ആദ്യമായി കിട്ടിയ ഭക്ഷണമായിരുന്നു അത്. എറണാകുളത്തു ലോക്കപ്പില്‍ തല്ലൊന്നും കിട്ടിയില്ല. അതിനു കാരണം അപ്പച്ചന്റെ സുഹൃത്ത് ഭാസ്കരമേനോന്റെ ഇടപെടലായിരുന്നു. അദ്ദേഹം അച്യുതമേനോനെ വിളിച്ചു. അദ്ദേഹം സിപിഐക്കാരനായിരുന്നല്ലോ. എന്തിന്റെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്, എന്തു തെറ്റാണു ചെയ്തത്, അയാളെ ലോക്കപ്പിലിട്ടു തല്ലി, ഞങ്ങളെയൊക്കെ ഇട്ട ലോക്കപ്പാണ്, സഖാവിന് അറിയാമല്ലോ. എന്നു പറഞ്ഞു. അതുകൊണ്ടായിരിക്കാം എറണാകുളത്ത് എനിക്കു തല്ലുകിട്ടിയില്ല. കുറച്ചു ദിവസങ്ങള്‍ക്കുശേഷം അപ്പച്ചന്‍ എന്നെ ജയിലില്‍ കാണാന്‍ വന്നു. കുറച്ചു നല്ല ആപ്പിള്‍ കൊണ്ടുതന്നു. ഒന്നും സംസാരിക്കാതെ പോയി. ജയിലര്‍ ആപ്പിളൊക്കെ മുറിച്ചു നോക്കിയിട്ടാണ് എനിക്കു തന്നത്. ലോക്കപ്പില്‍നിന്നു പിന്നീട് എന്നെ സബ് ജയിലിലേക്കു മാറ്റി. അവിടെ രണ്ടരമാസം കിടന്നു. ഇതല്ലാതെ വേറെയും ഒന്നുരണ്ടു പെറ്റിക്കേസുണ്ടായിരുന്നു. ഞാന്‍ ജയിലിലുള്ളപ്പോഴാണു ലക്ഷദ്വീപുകാരന്റെ കൊലയുമായി ബന്ധപ്പെട്ട വിചാരണ. അതില്‍ ഏകസാക്ഷി ഞാനാണ്. എന്നെ ആഴ്ചയില്‍ രണ്ടുദിവസം മഹാരാജാസിന്റെയും സെന്റ് തെരേസാസിന്റെയും മുന്‍പിലൂടെ കോടതിയിലേക്കു നടത്തിക്കൊണ്ടുപോകും. അവിടെയൊക്കെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ധാരാളം പേര്‍ കൂടി നില്‍ക്കും. അവര്‍ ചിരിക്കുകയും കൈ കാണിക്കുകയും ചെയ്യും. അങ്ങനെ രാജകീയമായാണ് എന്റെ യാത്ര. സാക്ഷിവിസ്താരം തുടങ്ങി. പ്രഭാകരന്‍ വക്കീലാണു പ്രതിഭാഗം. വലിയ ദേഷ്യക്കാരനാണ്. മട്ടാഞ്ചേരിയിലെ പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. പ്രഭാകരന്‍ വക്കീല്‍ ചോദിച്ചു, നിങ്ങള്‍ക്ക് ഇയാളോടു ദേഷ്യമുണ്ടോ? ഞാന്‍ പറഞ്ഞു, ഉണ്ട്. ഇയാളെ കയ്യില്‍ കിട്ടിയാല്‍ നിങ്ങളെന്തു ചെയ്യും? ഞാന്‍ പറഞ്ഞു, ശരിപ്പെടുത്തും. ഏതായാലും കേസില്‍ പ്രതി തോറ്റു.

നീലകണ്ഠന്‍

അടിയന്തരാവസ്ഥകഴിഞ്ഞു. ഞാന്‍ ജയില്‍ മോചിതനായി. എംഎ പാസ്സായി. അതു കഴിഞ്ഞപ്പോള്‍ ആലുവ ഭാഗങ്ങളില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാമെന്നായിരുന്നു എന്റെ മനസ്സില്‍. ഉന്നത പഠനത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. ആ ധാരണ തിരുത്തിയത് എ.ഡി.നീലകണ്ഠനായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ നീലു എന്നാണു വിളിച്ചിരുന്നത്. അദ്ദേഹം ജെഎന്‍യുവിലെ ആദ്യ എസ്എഫ്ഐ. സെക്രട്ടറിയായിരുന്നു. ജെഎന്‍യുവിലെ പഠനം കഴിഞ്ഞു നീലു തിരുവനന്തപുരം സിഡിഎസില്‍ പിഎച്ച്ഡിക്കു ചേര്‍ന്ന സമയമായിരുന്നു. ഇഎംഎസിന്റെ മകള്‍ മാലതിയുടെ ഭര്‍ത്താവും ശാസ്ത്രജ്ഞനുമായ എ.ഡി.ദാമോദരന്റെ ഏറ്റവും ഇളയ അനുജനായിരുന്നു നീലു. അദ്ദേഹം ഇടയ്ക്കു ഞങ്ങളുടെ മുറിയില്‍ വന്നിരുന്ന് ഒരുപാടു സൈദ്ധാന്തികമായ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. എന്നെയും കെ.എന്‍.ഗണേശനെയും ജെ എന്‍ യുവിലോ സിഡിഎസി ലോ ചേര്‍ക്കാന്‍ വേണ്ടി വന്നതായിരുന്നു എന്നു പിന്നീടാണു മനസ്സിലായത്. കാരണം, കേരളത്തിലെ സഖാക്കള്‍ ആരും പഠിക്കുന്നില്ല. അതുകൊണ്ടു കുറച്ചുപേരെയെങ്കിലും ഉന്നത ബിരുദങ്ങള്‍ക്കു പഠിപ്പിക്കണം എന്നതായിരുന്നു ദൗത്യം. 

ഒരു ദിവസം അദ്ദേഹം പറഞ്ഞു, നമുക്കു സിഡിഎസ് ഒന്നു പോയിക്കാണാം. അങ്ങനെ നീലു എന്നെയും ഗണേശനെയും കൂട്ടി തിരുവനന്തപുരത്തേക്കു പുറപ്പെടുകയാണ്. അദ്ദേഹം നന്നായി പാടുമായിരുന്നു. രാത്രി സെക്കന്‍ഡ് ഷോ കഴിഞ്ഞു തിരുവനന്തപുരത്തേക്കു ബസില്‍ പുറപ്പെട്ടു. രാവിലെ തിരുവനന്തപുരത്തെത്തും. പക്ഷേ, ഹരിപ്പാട്ടു വച്ചു ബസ് അപകടത്തില്‍പ്പെട്ടു. ഞങ്ങളെല്ലാം തെറിച്ചു വീണു. നീലുവിനു നല്ല പരുക്കുകളുണ്ടായിരുന്നു. നീലുവിനെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. പക്ഷേ, ആശുപത്രിയിലെത്തുമ്പോഴേക്കു മരണം സംഭവിച്ചു. ശരീരം പാര്‍ട്ടി ഓഫിസില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം ആലപ്പുഴ ചുടുകാട്ടില്‍ സംസ്കരിച്ചു. അന്നു സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സിഡിഎസില്‍നിന്നു ഡോ. കെ.എന്‍. രാജ്, ഐ.എസ്. ഗുലാത്തി, കൃഷ്ണാജി, തുടങ്ങിയവരും ധാരാളം വിദ്യാര്‍ഥികളും എത്തിയിരുന്നു. അവര്‍ക്കൊക്കെ അറിയാമായിരുന്നു ഞങ്ങളെയും കൊണ്ടു സിഡിഎസ് കാണിക്കാനുള്ള യാത്രയിലായിരുന്നു നീലു എന്ന്. അവര്‍ ഞങ്ങളോടു പറഞ്ഞു, നിങ്ങളെന്തായാലും സിഡിഎസില്‍ ചേരണം. അങ്ങനെയാണു ‍നീലുവിന്റെ ഓര്‍മകളോടെ സിഡിഎസില്‍ ചേരുന്നത്.

Thomas Isaac ഡോ.തോമസ് ഐസക്കും മക്കളായ സാറയും ഡോറയും

ഭാര്യയും മക്കളും

നീലുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു നടാ ദുവ്വരി. എന്നെക്കാള്‍ ഒരുവര്‍ഷം സീനിയര്‍ ആയിരുന്നു. നീലുവിന് അപകടം നടക്കുമ്പോള്‍ നടാ കേരളത്തിലില്ല. അവര്‍ അവധിക്കു ഹൈദരാബാദിലുള്ള സ്വന്തം വീട്ടില്‍ പോയിരിക്കുകയായിരുന്നു. സംസ്കാരസമയത്തു പലരും നടാ വരും എന്നൊക്കെ പറയുന്നതു കേള്‍ക്കാമായിരുന്നു. പിന്നീടാണ് ഞാന്‍ അവരെ കണ്ടത്. പില്‍ക്കാലത്തു ഞാനും നടായും വിവാഹിതരായി. ഞങ്ങള്‍ക്കു രണ്ടു മക്കളാണ്. മകള്‍ സാറ ദു ഐസക്കിന്റെ വിവാഹം ഈയിടെ കഴിഞ്ഞു. നടായുടെ പേരിലെ ദുവും എന്റെ പേരും ചേര്‍ത്താണ് ദു ഐസക് എന്നു പേരിട്ടത്. എന്റെ അമ്മയുടെ പേരാണു സാറ. സാറ കമ്യൂണിറ്റിഹെല്‍ത്തിലാണ്. ഇനി മെഡിസിനു ചേരാന്‍പോകുന്നു. രണ്ടാമത്തെ മകള്‍ ഡോറ പിഎച്ച്ഡിക്കു ഫീല്‍ഡ് വര്‍ക്ക് ചെയ്യുകയാണ്. രണ്ടുപേരും കൂടി ഇപ്പോള്‍ ഹൈദരാബാദില്‍ ഒരു വീടെടുത്തു താമസിക്കുകയാണ്. ഞാനും നടായും വിവാഹമോചിതരായശേഷം അവരുടെ പഠിത്തത്തിന് ആവശ്യമായ പണമൊക്കെ രണ്ടുപേരും ജോലി ചെയ്താണു സമ്പാദിച്ചിട്ടുള്ളത്. എനിക്ക് അവരെ സഹായിക്കാന്‍ സാധിച്ചിട്ടില്ല. കാരണം, എന്റെ കയ്യില്‍ ഒന്നുമില്ല. ഭൂമിയോ വീടോ ഇല്ല. പുസ്തകങ്ങളല്ലാതെ യാതൊരു ജംഗമസ്വത്തുക്കളുമില്ല. ഇപ്പോള്‍ കെഎസ്എഫ്ഇയില്‍ നിന്ന് ആദ്യമായി ഒരു ചിട്ടിയടിച്ചു. ജീവിതത്തിലാദ്യമായാണ് അങ്ങനെയൊരു സംഭവം. അതു സ്ഥിരനിക്ഷേപമായി ഇട്ടിട്ടുണ്ട്.

വകുപ്പുകൾ: ധനകാര്യം, ട്രഷറി, ലോട്ടറി, കേരള ഫിനാൻസ് കോർപറേഷൻ, ലോട്ടറി, കെഎസ്എഫ്ഇ, കയർ, നാഷനൽ സേവിങ്സ് തുടങ്ങിയവ.

വിലാസം: റൂം നമ്പർ 131, 2nd ഫ്ലോർ നോർത്ത് ബ്ലോക്ക്
ഗവ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം.
ഫോൺ: 0471–2333294, ഫാക്സ്: 0471,2334648

Your Rating: