Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ആ വിവാദ യാത്രയുടെ സത്യാവസ്ഥ ഇതാണ്'

minister-rama മന്ത്രി ടി. പി. രാമകൃഷ്ണന്‍

പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം നടന്നു കൊണ്ടിരിക്കുന്നതിനാല്‍ മന്ത്രി ടി. പി. രാമകൃഷ്ണന്‍ തിരക്കിലായിരുന്നു. രണ്ടു തവണ കാണാന്‍ തീരുമാനിച്ചതും മാറ്റിവയ്ക്കേണ്ടി വന്നു. ഒടുവില്‍ ഉച്ചഭക്ഷണസമയത്ത് കാണാമെന്നായി. ക്ലിഫ്ഹൗസിനു സമീപമുള്ള എസെന്‍ഡെന്‍ എന്ന മന്ദിരത്തില്‍ മന്ത്രി കാത്തിരിക്കുകയാണ്. അധികം സന്ദര്‍ശകരൊന്നുമില്ല. ടീഷര്‍ട്ടും മുണ്ടും ധരിച്ച് മന്ത്രി ഫയലുകള്‍ക്കിടയിലാണ്. ഭാര്യയും കുടുംബവും നാട്ടില്‍. അതുകൊണ്ട് മന്ത്രി മന്ദിരത്തില്‍ ടി.പി. രാമകൃഷ്ണന്‍ ഒറ്റയ്ക്കാണ്. മൂന്നു തവണ പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു. ദീര്‍ഘകാലം സംഘടനാ രംഗത്തു പ്രവര്‍ത്തിച്ച രാമകൃഷ്ണന്റെ ശക്തി എന്നും ജനങ്ങളുമായുള്ള സമ്പര്‍ക്കമായിരുന്നു. കോഴിക്കോട് പാര്‍ട്ടി സമ്മേളനത്തിന് ചുക്കാന്‍ പിടിച്ചതാണ് അദ്ദേഹത്തിന്റെ സംഘാടന പാടവത്തിന്റെ ഒടുവിലത്തെ ഉദാഹരണം. ലാളിത്യമാണ് ടി. പി. രാമകൃഷ്ണന്റെ പെരുമാറ്റത്തിന്റെ പ്രത്യേകത. മന്ത്രിയുമായുള്ള സംഭാഷണത്തില്‍നിന്ന് :

കുട്ടിക്കാലം

ഞാൻ ജനിച്ചത് കൊയിലാണ്ടി താലൂക്കിൽ കീഴരിയൂർ വില്ലേജിൽ നമ്പറത്തുകര എന്ന സ്ഥലത്താണ്. ഒരു സാധാരണ കർഷക കുടുംബം. അച്ഛനും അമ്മയും ഇപ്പോൾ ജീവിച്ചിരിപ്പില്ല. അച്ഛന്റെ പേര് ഉണിച്ചിരാം വീട്ടില്‍ ശങ്കരന്‍. ഉണിച്ചിരാംവീട്ടിൽ അച്ഛന്റെ തറവാടിന്റെ പേരാണ്. അച്ഛന്റെ കുടുംബം ഭാഗം വച്ചപ്പോൾ ഞങ്ങള്‍ താഴത്ത് പറമ്പ് എന്ന വീട്ടിലായി താമസം. അതാണ് ടി. പി. ഞങ്ങളുടെ നാട്ടിൽ ഇനീഷൽ വരുന്നത് വീട്ടുപേര് വച്ചാണ്. ഞാൻ ജനിക്കുന്നതിനു മുൻപുതന്നെ അച്ഛന്‍ കടത്തുകാരനായിരുന്നു. അച്ഛന്റെ ഒരു ജ്യേഷ്ഠനും അനുജനും കടത്തു ജോലി ചെയ്യുന്നവരായിരുന്നു. കണയംകോട് പുഴയില്‍ നടേരി കടവിലാണ് അച്ഛന്‍ കടത്തുജോലി ചെയ്തിരുന്നത്. തോണി തുഴയാൻ രണ്ട് ഉപകരണങ്ങൾ ഉപയോഗിക്കും. സാധാരണ പങ്കായവും. പിന്നെ സ്പീഡ് കിട്ടാൻ വേണ്ടിയും ഓളത്തെ മുറിച്ചു കടക്കാൻ വേണ്ടിയും വലിയ ഒരംകോലും. വലിയ മുളയാണത്. കുട്ടിക്കാലത്തെ പ്രധാന ഓര്‍മ അച്ഛന്‍ നടേരി കടവില്‍ ആളുകളെ അക്കരെയിക്കരെ ഇറക്കുന്നതായിരുന്നു. അവസാന കാലത്ത് അച്ഛന്‍ കടത്തുജോലി വിട്ട് ഒരു എസ്റ്റേറ്റില്‍ ജോലിക്കു കയറി. ചെറിയാൻ ജോർജ് എന്ന ഒരു പ്ലാന്ററുടെ എസ്റ്റേറ്റിൽ മേസ്തിരിയുടെ ജോലിയായിരുന്നു അച്ഛന്.

അച്ഛന്‍ കമ്യൂണിസ്റ്റ്

അച്ഛൻ ഒരു കമ്യൂണിസ്റ്റായിരുന്നു. അനീതിക്കെതിരെ വലിയ രീതിയിൽ ശബ്ദമുയർത്തുന്ന ഒരാളായിരുന്നു. ആര്‍ക്കും കീഴ്പെടാത്ത ഉറച്ചനിലപാട് എടുത്തിരുന്നു. 1948ല്‍ കമ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട കാലഘട്ടത്തിൽ അച്ഛൻ കൊടിയ പീഡനങ്ങൾക്ക് ഇരയായി. അഞ്ചോ ആറോ മാസം ജയിലിൽ കിടന്നു. അത് ഞാൻ ജനിക്കുന്നതിനു മുൻപാണ്. പാർട്ടി നിരോധിച്ച സമയത്ത് പാർട്ടിനേതാക്കളെ അച്ഛൻ ഒളിവിൽ താമസിപ്പിച്ചു സംരക്ഷണം കൊടുത്തിരുന്നു. അന്ന് നേതാക്കളുടെ കത്തുകളും ലഘുലേഖകളും ഒളിവിലിരിക്കുന്ന സഖാക്കള്‍ക്ക് എത്തിച്ചിരുന്നത് അച്ഛനായിരുന്നു. അന്ന് സർക്കുലർ തയാറാക്കാൻ ഉപയോഗിച്ചിരുന്നത് കല്ലച്ചാണ്. അത് അച്ഛന്റെ കസ്റ്റഡിയിൽ സൂക്ഷിക്കുകയും കത്തുകള്‍ അച്ഛൻ കടത്തിക്കൊണ്ടു പോവുകയും ചെയ്തിരുന്നു.

1949ല്‍ ആണ് എന്റെ ജനനം. ചെറുപ്പത്തിൽ തന്നെ അച്ഛന്‍ എന്റെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. പാര്‍ട്ടി അച്ഛനു വലിയ വികാരമായിരുന്നു. പാർട്ടി മീറ്റിങ്ങുകൾക്ക് അച്ഛനും അമ്മയും പോകുമ്പോൾ എന്നെയും കൊണ്ടുപോകും. അച്ഛനും അമ്മയ്ക്കും വലിയ വിദ്യാഭ്യാസമൊന്നും ഉണ്ടായിരുന്നില്ല. അന്ന് നാട്ടിലൊരുപാടു ചായക്കടകളുണ്ട്. അച്ഛൻ ചായ കുടിക്കാൻ പോകുമ്പോൾ എന്നെയും കൂട്ടിക്കൊണ്ടുപോകും. അവിടെ രാഷ്ട്രീയ ചർച്ചകൾ ഉണ്ടാകും. ഒരിക്കൽ അച്ഛനോടൊപ്പം പോയപ്പോൾ ആരോ ഒരാൾ ഇഎംഎസ്സിനെ പറ്റി എന്തോ മോശമായി പറഞ്ഞു. അച്ഛന് അത് ഇഷ്ടപ്പെട്ടില്ല. അച്ഛൻ അയാള്‍ക്ക് ഒരു അടി വച്ചുകൊടുത്തു. അച്ഛനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയും നേതാക്കളും ഒരു വികാരമായിരുന്നു. ആ സാഹചര്യത്തിലാണു ഞാൻ വളർന്നുവന്നത്.

minister-rama-1 മന്ത്രി ടി. പി. രാമകൃഷ്ണന്‍ കുടുംബത്തോടൊപ്പം

ഓട്ടമുക്കാല്‍ മാല

ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠിച്ചത് നമ്പറത്ത് കര യുപി സ്കൂളിലാണ്. ഏഴാംക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സാഹിത്യസമാജം സെക്രട്ടറിയായി. അന്നു മുതലാണ് പ്രസംഗിച്ചു തുടങ്ങിയത്. തുടര്‍ന്നു കൊയിലാണ്ടി ഗവ. ബോയ്സ് ഹൈസ്കൂളില്‍ ചേര്‍ന്നു. എട്ടും ഒൻപതും അവിടെയാണു പഠിച്ചത്. വീടിനടുത്തുള്ള ശ്രീവാസുദേവാശ്രമം ഹൈസ്കൂളിൽനിന്നാണ് എസ്എസ്എൽസി പാസ്സായത്.. ചെറിയപ്രായത്തിൽ തന്നെ ഞാൻ ബാലസംഘത്തിൽ അംഗമായി. അരിക്കുളം എന്നു പറയുന്നത് ഞങ്ങളുടെ തൊട്ടടുത്ത സ്ഥലമാണ്. അത് കമ്യൂണിസ്റ്റ് പർട്ടിയുടെ ഒരു കേന്ദ്രമാണ്. എം. എൻ. ഗോവിന്ദൻ നായര്‍ പാര്‍ട്ടി സെക്രട്ടറി ആയിരിക്കെ 1958ല്‍ അദ്ദേഹം അവിടെ വന്നു. ബാലസംഘത്തിന്റെ പേരിൽ എം. എൻ ഗോവിന്ദൻ നായർക്ക് ഒരു മാലയിടണം. ഞങ്ങൾ അതേപ്പറ്റി ആലോചിച്ചു. അന്നത്തെ ഒരു നാണയം മുക്കാൽ ആണ്. മുക്കാൽ എന്നാൽ ഒരു ദ്വാരമുള്ള മുക്കാൽ ആണ്. ഓട്ടമുക്കാൽ എന്നാണു പറയുക. ഞങ്ങൾ മുക്കാൽ ശേഖരിച്ചു വീടുകളിൽ കയറിയിറങ്ങി. പത്തു നൂറ് മുക്കാൽ കിട്ടി എന്നാണ് എന്റെ ഓർമ. അതുവച്ച് മാലയുണ്ടാക്കി. ഞാനാണ് അന്ന് എം. എൻ. ഗോവിന്ദൻ നായർക്കു മാലയിട്ടത്. അന്ന് അച്ഛന്റെ ഒരു സ്നേഹിതനുണ്ടായിരുന്നു, വലിയിടത്ത് കുഞ്ഞിക്കണ്ണൻ നായർ . അദ്ദേഹത്തിന്റെ ചായപ്പീടികയിലായിരുന്നു ഞങ്ങളുടെ സങ്കേതം. എല്ലാവർക്കും ചുമന്ന തൊപ്പിയുണ്ടാകും. ബാലസംഘമാണെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ ചുമന്ന കൊടിയാണ് ഉപയോഗിച്ചിരുന്നത്.വെല്ലത്തിന് (ശർക്കര) ആണിവെല്ലം എന്നാണു പറയുക. പ്രകടനമുള്ള ദിവസം ഞങ്ങള്‍ക്ക് അതു കിട്ടും . അന്ന് റസ്ക്കിന്റെ മറ്റൊരു രൂപം ഉണ്ടായിരുന്നു. ലൊട്ട എന്നാണു പറയുക. അതും കിട്ടും.

സ്കൂള്‍

മുത്താമ്പി കടവ് കടന്നു നാലഞ്ച് കിലോമീറ്റർ നടന്നുവേണം കൊയിലാണ്ടി സ്കൂളിൽ എത്താൻ. അന്ന് എന്തെങ്കിലും കുസൃതി കാണിച്ചാൽ അധ്യാപകര്‍ നന്നായി തല്ലും. തല്ലിയാൽ മാഷുമാരോട് സ്നേഹമേ തോന്നിയിട്ടുള്ളൂ. അവരുടെ ശിക്ഷണം എന്റെ സ്വഭാവം രൂപീകരിച്ചതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. കുഞ്ഞിരാമൻ നായർ സാർ ആയിരുന്നു ഹെഡ്മാസ്റ്റർ. അദ്ദേഹം എക്സ് മിലിട്ടറിയായിരുന്നു. കര്‍ശനമായ അച്ചടക്കം പാലിച്ച അധ്യാപകനായിരുന്നു. അതു നമ്മുടെ ജീവിതത്തിലും അച്ചടക്കമുണ്ടാക്കാൻ സഹായിച്ചു. എനിക്ക് ഒരു ചേച്ചിയുണ്ട്- ദേവകി. രണ്ട് അനുജന്‍മാരും - രാജനും സുരേന്ദ്രനും. എസ്എസ്എൽസി കഴിഞ്ഞ് കോഴിക്കോട് ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ചേർന്നു. എന്റെ വീട്ടിൽനിന്ന് ഞാൻ മാത്രമേ കോളജിൽ പോയിട്ടുള്ളൂ.

കെ എസ് എഫ്

കോളജിൽ ചേർന്നപ്പോൾ തന്നെ കെഎസ്എഫിന്റെ പ്രവർത്തകനായി. ആ സമയത്ത് തലശ്ശേരിയിൽ വച്ച് കെഎസ്എഫിന്റെ സംസ്ഥാന സമ്മേളനം നടന്നു. അന്ന് പിണറായി വിജയനാണ് സ്റ്റേറ്റ് സെക്രട്ടറി. വിജയേട്ടൻ തീരെ മെലിഞ്ഞിട്ടായിരുന്നു. അന്നു പരിചയമൊന്നുമില്ല. എങ്കിലും ആ സമ്മേളനമൊക്കെ മനസ്സില്‍ പച്ചപിടിച്ചു നിൽക്കുന്നു. പ്രീഡിഗ്രിക്ക് കണക്ക് ഗ്രൂപ്പ് ആയിരുന്നു ഞാന്‍ എടുത്തത്. അന്നു കോളജിൽ ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് പരീക്ഷയെഴുതാൻ സാധിച്ചില്ല.. വലിയ പ്രതീക്ഷയോടുകടി അച്ഛൻ കോളജിൽ ചേർത്തതാണ്. പരീക്ഷയെഴുതാൻ കഴിയാതെ വന്നപ്പോൾ വീട്ടിൽ പോകാൻ ഭയമായി.

ആദ്യ ലാത്തിച്ചാര്‍ജ്

അന്ന് കെ. പദ്മനാഭൻ ആണ് കോഴിക്കോട് പാർട്ടി ജില്ലാ സെക്രട്ടറി. ദേശാഭിമാനിയുടെ അടുത്തായിരുന്നു പാർട്ടി ഓഫിസ്. എനിക്കു പാർട്ടി ദേശാഭിമാനി ബുക്ക്സ്റ്റാളിൽ ജോലി തന്നു. 1969 ഡിസംബർ ഒന്നിന് കലക്ടറേറ്റ് മാർച്ച് നടന്നു. ദേശാഭിമാനി ബുക്ക്സ്റ്റാൾ നോക്കാന്‍ ഒരാളെ ഏൽപ്പിച്ച് ഞാൻ മാര്‍ച്ചിനു പോയി. അന്ന് ഭയങ്കരമായ ലാത്തിച്ചാർജ് നടന്നു. ഞാൻ പരുക്കു പറ്റി ആശുപത്രിയിലായി. തുടർന്ന് ഞാൻ പാർട്ടിയുടെ ഫുൾ ടൈം പ്രവർത്തകനായി മാറി. കുറച്ചു കഴിഞ്ഞപ്പോൾ ദേശാഭിമാനി ബുക്ക്സ്റ്റാൾ വിട്ടു. ആ സമയം കെഎസ്എഫിന്റെ കൊയിലാണ്ടി താലൂക്ക് സെക്രട്ടറിയുമായിരുന്നു.

പാര്‍ട്ടിയില്‍

1970ൽ എസ്എഫ്ഐ രൂപീകരിച്ചു. ഞാന്‍ കൊയിലാണ്ടി എസ്എഫ്ഐയുടെ സെക്രട്ടറിയായി.. അതേ കാലത്തു തന്നെ അന്നത്തെ കെ എസ് വൈ എഫിന്റെയും കൊയിലാണ്ടി സെക്രട്ടറിയും താലൂക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായി. പിന്നീട് പാർട്ടി ബ്രാഞ്ച് സെക്രട്ടറിയായി . പതിനെട്ടുവയസ്സുള്ളപ്പോൾ തന്നെ പാർട്ടി അംഗമായി. ഇരുപതാംവയസ്സിൽ ബ്രാഞ്ച് സെക്രട്ടറിയായി. ആ സമയത്ത് കർഷകത്തൊഴിലാളി യൂണിയന്റെയും വില്ലേജ് സെക്രട്ടറിയായി.

1972 ൽ മിച്ചഭൂമി സമരം വന്നപ്പോൾ സമരകേന്ദ്രത്തിന്റെ ചുമതല പാർട്ടി എന്നെ ഏൽപ്പിച്ചു. ക്യാംപ് ലീഡർ എന്ന പദവിയാണ്. സമരകേന്ദ്രത്തിൽ ആളുകളെ താമസിപ്പിക്കുക, സമരഭൂമിയിൽ ആളുകളെ എത്തിക്കുക ഇതൊക്കെയായിരുന്നു എന്റെ ജോലി. അന്ന് സമരത്തിനു വരുന്നവര്‍ ഓരോ വില്ലേജിലും പോയി സ്ക്വാഡ് വർക്ക് നടത്തി നാളികേരം, അരി, പൈസ ഇതൊക്കെ ശേഖരിച്ചു കൊണ്ടുവരണം. അങ്ങനെയാണ് സമരം നടത്തുന്നതിനുള്ള ചെലവ് സമാഹരിച്ചിരുന്നത്.

വിവാഹം

അച്ഛൻ ജോലി ചെയ്തിരുന്ന ചെറിയാൻ ജോർജിന്റെ കൈവശ ഭൂമിയിലാണ് സമരം ചെയ്യുന്നത്. അതിൽ അച്ഛന് എതിർപ്പൊന്നുമില്ലായിരുന്നു. ആ സമയത്താണ് എന്നെ പേരാമ്പ്ര എസ്റ്റേറ്റിൽ പോയി പ്രവര്‍ത്തിക്കാന്‍ പാർട്ടി നിയോഗിച്ചത്. എനിക്ക് ഒരു പരിചയമില്ലാത്ത എന്റെ നാടല്ലാത്ത ഒരു സ്ഥലത്തേക്ക് ഞാൻ മാറുകയാണ്. പേരാമ്പ്രയിൽ ഒരു ഗവ. പ്ലാന്റേഷൻ ഉണ്ട്. ആ എസ്റ്റേറ്റിൽ ഞാൻ യൂണിയന്റെ സെക്രട്ടറിയായി . ഈയിടെ അന്തരിച്ച സഖാവ് ദക്ഷിണാമൂർത്തിയാണ് എന്നെ അവിടെ വിടാന്‍ മുൻകൈ എടുത്തത്. 1973 മുതൽ പാർട്ടി പ്രവർത്തനമായി പേരാമ്പ്ര മേഖലയിൽ കേന്ദ്രീകരിച്ചു. അന്നെനിക്ക് 23 വയസ്സേയുള്ളൂ. ചക്കിട്ടുപാറ, ചങ്ങരോത്ത്, കൂത്താട് എന്നീ മൂന്ന് പഞ്ചായത്തുകൾ ചേർന്ന് കടിയങ്ങാട് ലോക്കൽ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അതിന്റെ സെക്രട്ടറിയുമായി.

ആ സമയത്താണ് വിവാഹം. പാർട്ടി തലത്തിൽ ആലോചിച്ചു നടത്തിയതാണ്. നളിനി എന്നാണ് ഭാര്യയുടെ പേര് . അവർ കർഷകത്തൊഴിലാളി മേഖലയിലും മഹിളാരംഗത്തും പ്രവർത്തിച്ചിരുന്നു. കൊയിലാണ്ടിയിലെ കർഷകത്തൊഴിലാളി ഓഫിസിൽ വച്ച് സാധാരണ ഒരു പൂമാല അങ്ങോട്ടുമിങ്ങോട്ടും ഇട്ടു. അത്രയേ ഉണ്ടായുള്ളൂ. വേറെ ചടങ്ങുകൾ ഒന്നും ഉണ്ടായില്ല. അവരും ആ സമയത്ത് പാർട്ടി മെബറാണ്. 1975 ഫെബ്രുവരി 16 നായിരുന്നു വിവാഹം. ഇതേ കാലത്താണ് അടിയന്തരാവസ്ഥ.

minister-rama-3 മന്ത്രി ടി. പി. രാമകൃഷ്ണന്‍

അടിയന്തരാവസ്ഥ

അടിയന്തരാവസ്ഥയ്ക്ക് എതിരായി പ്രകടനം നടത്തി എന്ന പേരിൽ കേസ് വന്നത് ആ സമയത്താണ്. വിവാഹം കഴിഞ്ഞ സമയമായതുകൊണ്ട് കടിയങ്ങാട് എന്ന സ്ഥലത്ത് പാർട്ടി എനിക്കൊരു വീട് എടുത്തു തന്നിരുന്നു. പൊലീസിന്റെ ശല്യം സഹിക്കാൻ കഴിയാതെ ഭാര്യ അവരുടെ വീട്ടിലേക്കുപോയി. അന്ന് നല്ല ബുദ്ധിമുട്ടായിരുന്നു. ചില വീടുകളിൽ പോയാലേ ഭക്ഷണം കിട്ടൂ. ഞങ്ങളുടെ പേരിൽ ഡിഫൻസ് ഓഫ് ഇന്ത്യ റൂൾ വകുപ്പ് ചുമത്തി കേസുണ്ട്. 1976 ഫെബ്രുവരി 27 നാണ് കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണം നടന്നത്. നക്സലൈറ്റുകളാണതു നടത്തിയത്. ഇന്ദിരാഗാന്ധിക്കെതിരെ പ്രകടനം നടത്തി എന്ന കേസില്‍ പ്രതിചേർത്ത് ആ സമയം ഞാൻ പേരാമ്പ്ര ലോക്കപ്പിലാണ്. പക്ഷേ, കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട് ഞങ്ങളെ ചോദ്യം ചെയ്യാൻ കക്കയം ക്യാംപിൽ കൊണ്ടുപോയി. കായണ്ണ ലോക്കപ്പിൽ കൊണ്ടുപോകുമ്പോള്‍ അടിവസ്ത്രം മാത്രമേ ധരിക്കാന്‍ അനുവദിച്ചുള്ളൂ. പിറ്റേദിവസം കക്കയം ക്യാംപിൽ കൊണ്ടുപോയി മർദിച്ചു.

അന്ന് അറസ്റ്റ് ചെയ്ത് ലോക്കപ്പിൽ കൊണ്ടുവന്ന ആളാണ് എബ്രഹാം ബൻഹർ. അന്ന് അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസിൽ ഗവേഷണം നടത്തുകയായിരുന്നു. അയാൾ ഐഎസ്ഒയുടെ ചെയർമാനാണ്. അദ്ദേഹം ഇപ്പോൾ പരിസ്ഥിതി പ്രവർത്തകനാണ്. ബൻഹറിനെ അതിഭീകരമായി ഭേദ്യം ചെയ്തു. ഉലക്കകൊണ്ടുള്ള ഉരുട്ടാണ്. അത് ഏറ്റാൽ പിന്നെ എണീറ്റു നടക്കാൻ പറ്റില്ല. ബൻഹറിന് എണീറ്റു നടക്കാൻ പറ്റാതെയായി.

എനിക്ക് ആറുദിവസം ഭക്ഷണം കിട്ടിയില്ല. ബൻഹറിന് പൈപ്പിന്റെ അടുത്തുവരെ പോകാൻ പറ്റില്ല. ബൻഹർ ബനിയൻ അഴിച്ചുതന്നിട്ട് ഇതൊന്നു നനച്ചു തരാൻ പറഞ്ഞു. ബനിയൻ പിഴിഞ്ഞ് വെള്ളം കൂടിക്കാൻ വേണ്ടി. ഞാൻ ഒരു ജെഗ്ഗിൽ വെള്ളം കൊണ്ടുപോയി കൊടുത്തു. അതിന്റെ പേരിൽ എനിക്കു കൊടിയ തല്ലു കിട്ടി. അതേ സമയത്താണ് രാജന്റെ മരണം. രാജൻ മരിക്കുന്ന സമയത്ത് ഞങ്ങൾ കക്കയം ക്യാംപിലുണ്ട്. അതിനുശേഷം എന്നെ പേരാമ്പ്ര ലോക്കപ്പിൽ കൊണ്ടുവന്നു. പിന്നെ കോടതിയിൽ ഹാജരാക്കി. ജയിലിൽ ആയി. ഈ സമയത്ത് എന്റെ ഭാര്യ ഗർഭിണിയാണ്. ആറുമാസത്തിനു ശേഷം ജയിൽ മോചിതനായി.

ജില്ലാ കമ്മിറ്റിയില്‍

1979ലെ പാർട്ടി ജില്ലാ സമ്മേളനം നടന്നപ്പോൾ എന്നെ ജില്ലാ കമ്മിറ്റിയിലേക്ക് എടുത്തു. സിഐടിയുവിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ഒൻപതുകൊല്ലം ഞാന്‍ പ്രവര്‍ത്തിച്ചു. 2001 ലെ ഇലക്ഷനിൽ പേരാമ്പ്രയിൽ നിന്ന് മത്സരിച്ചു ജയിച്ചു. അന്ന് 40 എംഎൽഎ മാരാണ് എൽഡിഎഫിന് ഉണ്ടായിരുന്നത്. അന്ന് സഖാവ് ദക്ഷിണാമൂർത്തിയായിരുന്നു കോഴിക്കോട് പാർട്ടി സെക്രട്ടറി. അദ്ദേഹം ഒഴിഞ്ഞപ്പോള്‍ പകരം എന്നെ നിയോഗിച്ചു. മൂന്നു തവണ കാലാവധി പൂർത്തിയായപ്പോൾ കഴിഞ്ഞ ജില്ലാസമ്മേളനത്തിൽ പാർട്ടി സെക്രട്ടറിസ്ഥാനം ഒഴിഞ്ഞു.അതേ കാലത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ എന്നെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്തു. ഇപ്പോൾ സിഐടിയുവിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി എന്നോട് പേരാമ്പ്രയില്‍ നിന്ന് മത്സരിക്കാൻ ആവശ്യപ്പെട്ടു. മത്സരിച്ചു. വിജയിച്ചു. ഇപ്പോൾ മന്ത്രിയാവാൻ ആവശ്യപ്പെട്ടു.

minister-rama-2 മന്ത്രി ടി. പി. രാമകൃഷ്ണന്‍ കുടുംബത്തോടൊപ്പം

കുടുംബം

എനിക്കും നളിനിക്കും രണ്ടു മക്കളാണ്. മകൻ രജുലാൽ. അയാൾ പാർട്ടി അംഗമാണ്. അയാൾ വടകരയ്ക്ക് അടുത്ത് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ കണക്ക് അധ്യാപകനായി ജോലി ചെയ്യുന്നു. വിവാഹം കഴിഞ്ഞു . ഭാര്യ പ്രജുല. അവരും അധ്യാപികയാണ്. അവർക്കു രണ്ടു മക്കളുണ്ട്- അന്നകലാന, അൽമിത്ര. ഇളയതു മകളാണ്. രഞ്ജിനി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ ജോലി ചെയ്യുന്നു. അവൾ പോളിഡിപ്ലോമ പാസ്സായ ശേഷം എൻജിനീയറിങ് കോളജിൽ ഇവനിങ് കോഴ്സ് ബിടെക് ബിരുദത്തിനു പഠിക്കുന്നു. അവളുടെ ഭര്‍ത്താവ് ബിപിൻ. പയ്യോളിക്കാരനാണ്. എൻജിനീയറായി ജോലി ചെയ്യുന്നു. ഭാര്യ ഇപ്പോൾ ജില്ലാകമ്മിറ്റി മെംമ്പറാണ്. അവർ മഹിളാ അസോസിയേഷന്റെ സ്റ്റേറ്റ് കമ്മിറ്റിയിലുണ്ട്. ഒരു തവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. അവരുടെ അച്ഛൻ കൊടുത്ത പതിനഞ്ച് സെന്റ് സ്ഥലത്താണ് ഞാൻ വീടുണ്ടാക്കിയത്. അവർ വളരെ സജീവമായി പാർട്ടി പ്രവർത്തനത്തിലുണ്ട്.

ചൈന യാത്ര

യാത്രകൾ എനിക്കു വളരെ ഇഷ്ടമാണ്. ഞാൻ ആദ്യമായി സന്ദര്‍ശിച്ച വിദേശ രാജ്യം ചൈനയാണ്. മാവോസെ ദുങ്ങിന്റെ നാട് ഒന്നു കാണണം എന്നത് വളരെ ചെറുപ്പത്തിലേയുള്ള മോഹമായിരുന്നു. സോവിയറ്റ് യൂണിയനെക്കാളും താൽപര്യം ചൈനയോടു തോന്നിയിട്ടുണ്ട്. സിപിഎമ്മിന്റെ ഇരുപതാം പാർട്ടി കോൺഗ്രസ് കോഴിക്കോടുവച്ചായിരുന്നു. അതിന്റെ സ്വാഗതസംഘത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. ഞാൻ. പിണറായിയാണ് ചെയർമാൻ. അതിനു മുൻപുതന്നെ പാർട്ടി സമ്മേളനം കഴിഞ്ഞ് ചൈനയ്ക്കു പോകണമെന്നു തീരുമാനമെടുത്തിരുന്നു. ചക്കിട്ടുപാറയിലെ ഇപ്പോഴത്തെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് ജയിംസൺ. അയാൾ സഹകരണബാങ്കിന്റെ പ്രസിഡന്റാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു ടൂറിസം സൊസൈറ്റിയുണ്ട്. അവർ സംഘടിപ്പിച്ച യാത്രയായിരുന്നു. ഞാനും ഭാര്യയും ഉണ്ടായിരുന്നു. യാത്രയ്ക്കുള്ള പൈസയൊക്കെ മക്കളും തന്നു. അതിനിടയിലാണ് ചന്ദ്രശേഖരൻ കൊലചെയ്യപ്പെട്ട സംഭവം ഉണ്ടായത്. അതിൽ പാർട്ടിക്കൊരു ബന്ധവുമുണ്ടായില്ല. പാർട്ടി ചൈനയിൽ പോകാൻ അനുവദിച്ചു. തിരിച്ചു നെടുമ്പാശേരിയില്‍ ഇറങ്ങിയപ്പോള്‍ വിമാനത്താവളത്തില്‍ പത്രക്കാർ മുഴുവൻ ഉണ്ട്. അവിടെനിന്ന് കോഴിക്കോട് ഓഫിസിൽ വന്നപ്പോൾ അവിടെയും മുഴുവൻ പത്രക്കാർ. ഞാൻ അവരോടു കാര്യങ്ങൾ വിശദീകരിച്ചു. അന്ന് മാധ്യമങ്ങൾ മുഴുവൻ എനിക്കും പാർട്ടിക്കും എതിരായി. അങ്ങനെ കാത്തിരുന്നു കാത്തിരുന്നുള്ള എന്റെ ചൈന യാത്ര വലിയ വിവാദമായി.