Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലീ... സ്മൈൽ പ്ളീസ്, ഒരു ഫൊട്ടൊ എടുക്കാനാ

Seema സീമ സുരേഷ്

കാട്ടിനുള്ളിൽ പറന്നു നടക്കുന്ന മനോഹരിയായ ഒരു ചിത്രശലഭത്തെ പോലെയാണ് സീമ സുരേഷ് . മുഴുവൻ പേര് സീമ സുരേഷ് നീലാംബരി മോഹൻ. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്നാ ചെറുകഥയോടുള്ള ആരാധന പേരിൽ കുടിയിരുത്തുമ്പോൾ സീമ ഒരു വായനക്കാരിയും ആയി മാറുന്നു. എന്നാൽ പരിചിതരുടെ ഇടയിൽ സീമ ഫോട്ടോഗ്രാഫറാണ് . കാടിന്റെ വന്യതയെ ഫ്രെയിമിലാക്കാൻ സമയവും സന്ദർഭവും നോക്കാതെ സുഹൃത്തുക്കൾക്കൊപ്പം കാട് കയറുന്ന കാടിന്റെ സ്വന്തം പടമെടുപ്പുകാരി. സീമ സ്മൈൽ പ്ലീസ് പറയുന്നത് മനുഷ്യരുടെ മുഖത്ത് നോക്കിയല്ല കാടിന്റെ വന്യതയിലെയ്ക്ക് നോക്കിയാണ്. ഫോട്ടോഗ്രഫി അനുഭവങ്ങളെ കുറിച്ച് സീമ

Seema സീമ സുരേഷ്

പത്രപ്രവർത്തകയിൽ നിന്ന് ഫോട്ടോഗ്രാഫാറിലേയ്ക്കുള്ള ദൂരം..

പത്രപ്രവർത്തനം ഏറ്റവും ഇഷ്ടമായതിനാൽ തിരഞ്ഞെടുത്ത ജോലി ആയിരുന്നു. സിനിമാ വിഭാഗത്തിലും പ്രവർത്തിച്ചു ഏറെ നാൾ. പ്രശസ്തരായ സിനിമാ താരങ്ങളുടെ അഭിമുഖങ്ങൾ, സിനിമാ ഫീച്ചറുകൾ, പക്ഷേ എന്ത് വലിയ തലം അതിലുണ്ടെങ്കിലും അമിതമാകമ്പോൾ മടുപ്പുണ്ടാകും. അതെന്നെയും എപ്പോഴോ ബാധിച്ചു തുടങ്ങി. അതു തിരിച്ചറിഞ്ഞപ്പോൾ രണ്ടും കൽപ്പിച്ച് ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചു. പിന്നീട് ഫ്രീലാൻസ് പത്രപ്രവർത്തകയായി. ഇപ്പോഴും ഞാൻ ഫ്രീലാന്‍സായി ജോലി ചെയ്യാറുണ്ട്. പക്ഷേ ഇപ്പോഴുള്ള ജീവിതം ക്യാമറയ്ക്ക് ഒപ്പമാണ്. ഫോട്ടോഗ്രഫി ഇഷ്ടമായിരുന്നു. പണ്ട് ക്യാമറ എന്ന് വച്ചാൽ നിറഞ്ഞ കൗതുകം തരുന്ന ഒന്നായിരുന്നു. പിന്നീട് വിവാഹ ശേഷമാണ് ജിവിതം മാറി മറിഞ്ഞത്. ഭർത്താവ്‌ സുരേഷ് ക്യാമറ ഉപയോഗിച്ച് ജീവിതം കണ്ടെത്തുന്ന വ്യക്തിയാണ്, അദ്ദേഹത്തിന് ക്യാമറയോടുള്ള പ്രണയം എന്നിലേയ്ക്കും പകരുകയായിരുന്നിരിക്കണം. ഞാനും പ്രണയിച്ചു തുടങ്ങി.

പക്ഷേ പാഷൻ ആകുന്നത് ഒരു നേച്ചർ ക്യാംപിലേയ്ക്കുള്ള യാത്രയിലാണ്. അവിടുത്തെ അന്തരീക്ഷവും പഠനവും എന്നെ മാറ്റി മറിച്ചു. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ എൻ . എ. നസീർ സംഘടിപ്പിച്ച ചിമ്മിനി ഡാമിലെ ഒരു ക്യാമ്പായിരുന്നു അത്. അവിടെ നിന്നും ഞാൻ തിരികെയെതുന്നത് ക്യാമറ വുമൻ എന്ന മോഹവും പേറിയാണ്. സുരേഷിൽ നിന്ന് പഠിക്കാൻ ആകില്ല എന്നറിയാം, കാരണം ഏറ്റവും അടുത്ത് നിൽക്കുന്നവർ പഠിപ്പിക്കാൻ ശ്രമിച്ചാൽ നമുക്ക് ആ സീരിയസ്നസ് ഉണ്ടാകില്ല. അതിനാൽ ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങൾ അടിസ്ഥാനപരമായി കോഴ്സ് ചെയ്തുതന്നെ പഠിച്ചു. പിന്നെ ക്യാമറയുമായിറങ്ങി. അന്ന് എന്റെ കയ്യിൽ ഉണ്ടായിരുന്നത് നിക്കോണിന്റെ ബേസിക് സെറ്റിംഗ്സ് ഉള്ള ഒരു ക്യാമറയായിരുന്നു. ഇന്നത് ഫൈവ് ഡി യിൽ എത്തി നിൽക്കുന്നു.

Seema സീമ സുരേഷ് എടുത്ത ചിത്രം

കാടിനോടുള്ള പ്രണയം മണ്ണിനോടുള്ള പ്രണയം 

എന്റെ അച്ഛൻ ഒരു കർഷകനായിരുന്നു. മണ്ണിനോടുള്ള സ്നേഹം അതുകൊണ്ട് കുട്ടിക്കാലത്തേയുണ്ട്. പ്രകൃതിയ്ക്ക് ഒരു കഴിവുണ്ട്, അതിലേയ്ക്ക് നമ്മൾ ഇറങ്ങി കഴിഞ്ഞാൽ സങ്കടങ്ങളും വിഷമങ്ങളും ഒക്കെ മാറുന്ന വഴി കാണില്ല. അപാരമായ ഊർജ്ജമാണ് പ്രകൃതിയിൽ നിന്ന് ലഭിക്കുക. മഴക്കാലത്ത് കാറ്റിൽ പോകുമ്പോൾ അറിയാം, ഒരു പ്രത്യേക സുഖമുള്ള ഗന്ധമുണ്ട് കാടിന്. പച്ചപ്പിനൊക്കെ ഇത്രയും വേരിയേഷൻ ഉണ്ടെന്നു കാറ്റിൽ ചെല്ലുമ്പോഴേ നമുക്ക് മനസ്സിലാകൂ. മാലിന്യം ഇല്ലാത്ത, മനുഷ്യർ ഇല്ലാത്ത പ്രകൃതി സന്തോഷം നൽകും, മനസ്സിനെ ശാന്തമാക്കും. 

നസീർ സാറിന്റെ ക്യാമ്പിൽ വച്ചാണ് വന്യജീവികളുടെ അടുത്തെയ്ക്കുള്ള യാത്രകളെ കുറിച്ച് സ്വപ്നം കണ്ടു തുടങ്ങുന്നത്. വീട്ടിൽ എല്ലാവരും എപ്പോഴും പറയും നിനക്ക് ഞങ്ങളുടെ മുഖം എടുക്കുന്നതിനെക്കാൾ താൽപ്പര്യം മൃഗങ്ങളുടെ ചിത്രമെടുക്കാനാണല്ലോ എന്ന്. സത്യമാണ് എന്റെ ക്യാമറയിൽ മനുഷ്യരുടെ ചിത്രങ്ങളില്ല , കാടിന്റെയും അവിടുത്തെ കാട്ടുജീവികളുടെയും മാത്രമേയുള്ളൂ. അതൊരു ലോകമാണ്, തികച്ചും വ്യത്യസ്തമായ അനുഭവങ്ങളുടെ ഒരു ലോകം. 

Seema സീമ സുരേഷ്

കാട്ടിലേയ്ക്കുള്ള വഴികൾ

വഴികൾ ഒട്ടും എളുപ്പമല്ല. ഇതൊരു പാഷന്റെ പുറത്തു മാത്രം ചെയ്യുന്നതാണ്. നമ്മുടെ കയ്യിലെ പണം എടുത്തു ചിലവാക്കി, ലക്ഷങ്ങളുടെ ക്യാമറയും തൂക്കി, ഒന്നും നോക്കാതെയുള്ളൊരു യാത്ര. പക്ഷേ ചിലപ്പോൾ നമുക്ക് കിട്ടുന്ന ഒരു ചിത്രം എല്ലാ ബുദ്ധിമുട്ടുകളെയും ഇല്ലാതെയാക്കും. എന്നാൽ ചിലപ്പോൾ മാസങ്ങളോളം അലഞ്ഞു നടന്നാലും നമ്മൾ ഉദ്ദേശിക്കുന്ന ചിത്രം കിട്ടിയില്ലെന്ന് വരാം. ഒരു പുലിയെ കാണണം എന്ന് പറഞ്ഞു പോയാൽ പുലിയെ കണ്ടു കിട്ടില്ല, എന്നാൽ വിചാരിയ്ക്കാത്ത നേരത്ത് കണ്ടു കിട്ടുകയും ചെയ്യും. ചിലപ്പോൾ ക്ലിക്കാൻ പോലും മറന്നു പോയിട്ടുണ്ട്. 

സുരേഷ് എപ്പോഴും പറയും നിനക്ക് എന്താണോ സന്തോഷവും സംതൃപ്തിയും തരുന്നത് അത് ചെയ്യുക എന്ന്. ആ സ്വാതന്ത്ര്യത്തിന്റെ ഊർജ്ജത്തിലാണ് എന്റെ യാത്രകൾ ഒക്കെയും. അദ്ദേഹം വിദേശത്താണ്. 4-5 മാസം കൂടുമ്പോൾ നാട്ടില്‍ വന്നാൽ പിന്നെ ഒന്നിച്ചു ക്യാമറകളും തൂക്കി രണ്ടു പേരും കൂടിയും ഇറങ്ങും. യാത്രകളില്ലാതെ ഞങ്ങൾക്ക് ഒരു ലോകവുമില്ല. അദ്ദേഹത്തെ പോലെ ഒരാളെ കിട്ടിയത് തന്നെയാണ് എന്റെ ഭാഗ്യം. അല്ലാതെ കാട്ടിലേയ്ക്ക് പോകുമ്പോൾ സുഹൃത്തുക്കൾക്കൊപ്പമാണ് പോവുക. ഒറ്റയ്ക്ക് കാട്ടിലേയ്ക്ക് പോകാനുള്ള ധൈര്യം ഇതുവരെ വന്നിട്ടില്ല. കാരണം ഒരു സ്ത്രീ എന്ന നിലയിലുള്ള എന്റെ പരിമിതികള എനിക്കറിയാം. കാട്ടിനുള്ളിൽ ഉള്ള അപകടങ്ങൾ ബോധ്യമുണ്ട്, അതുകൊണ്ട് തന്നെ അടുത്ത സുഹൃത്തുക്കളോടൊപ്പമല്ലാതെ കാട്ടിലേയ്ക്കും യാത്രകൾ പോകാറില്ല. 

Seema സീമ സുരേഷ് എടുത്ത ചിത്രം

കാട് തന്ന ആശകളും നിരാശകളും 

അപൂർവ്വമായ ഒരു ഭാഗ്യമാണ് എനിക്ക് ഉണ്ടായതെന്ന് തോന്നാറുണ്ട്. ഒരു സ്ത്രീ ചിത്രങ്ങളെടുക്കാൻ കാടുകളിൽ അലഞ്ഞു നടക്കുക. അപൂർവ്വമായ വൃക്ഷങ്ങളും പക്ഷി മൃഗാദികളെയും കണ്ടെത്തുക, ക്യാമറ കണ്ണിൽ അവയൊക്കെ ഒതുക്കുക, ഇതൊക്കെ ഒരു ഭാഗ്യം തന്നെയാണ്. ഒരു നല്ല ചിത്രത്തിനായി ഏറെ നേരം കാത്തിരിക്കണം. 20 തവണയൊക്കെ പോയി ആഗ്രഹിച്ചത് കിട്ടാതെ തിരികെ വരേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതിലൊന്നും നിരാശയില്ല, കാരണം ഇതൊക്കെ ഉണ്ടാകുന്നത് തന്നെയാണ്. ഒരിക്കൽ 18 കിലോമീറ്റർ വരെ ഉള്ളിലേയ്ക്ക് പോയി പാറക്കെട്ടുകളിൽ കിടന്നുറങ്ങി വെറുതെ തിരികെ പോരേണ്ടി വന്നു. ഒരു തവണ ആനയുടെ മുന്നിലും ചെന്നുപെട്ടു. അന്ന് രക്ഷപെട്ടത് ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന ഡ്രൈവറിന്റെ മാനസിക ധൈര്യം കൊണ്ടു മാത്രമാണ്. പക്ഷേ ഇത്രയും കാലത്തിനിടയിൽ ഒരു വന്യജീവിയും ആക്രമിക്കാൻ മുതിർന്നിട്ടില്ല. കാറ്റിൽ പോകുമ്പോൾ കാടിന് കാടിന്റേതായ നിയമം ഉണ്ടെന്നും അത് പാലിക്കപ്പെടേണ്ടതാണെന്നും ഉള്ള ഓർമ്മ നമുക്കുണ്ടാകണം. ആ തിരിച്ചറിവോട് കൂടി പോയാൽ ഒരു ജീവിയും നമ്മെ അക്രമിക്കില്ല, കാടിന്റെ പവിത്രതയെ നശിപ്പിക്കാൻ നമുക്ക് തോന്നുകയും ഇല്ല. 

കാട്ടുമൃഗങ്ങളോട് സ്മൈൽ പ്ലീസ് പറയുമ്പോൾ 

നമ്മുടെ ജീവൻ നമ്മൾ തന്നെ സൂക്ഷിക്കണം എന്നതാണ് കാട്ടിലേയ്ക്കു പോകുമ്പോഴുള്ള ആദ്യ പാഠം. പിന്നെ മൃഗങ്ങളെ ഒരിക്കലും പ്രകോപിപ്പിക്കാൻ പാടില്ല. ആഗ്രഹിച്ച ജീവിയെ കണ്ടെത്തി കഴിഞ്ഞാൽ അവരെ ഉപദ്രവിച്ചു പെട്ടെന്ന് ക്യാമറയെടുത്തു പെട്ടെന്ന് ക്ലിക്കുകൾ അടിയ്ക്കുന്നതല്ല ഒരു ഫോട്ടോഗ്രാഫറുടെ കടമ. ക്ഷമയോട് കൂടി നില്ക്കുക. പതുക്കെ ക്യാമറ എടുത്തു അധികം ശബ്ദങ്ങൾ ഒന്നും കേൾപ്പിക്കാതെ സമയത്തിനായി കാത്തു നില്ക്കുക. അച്ചടക്കവും മനസ്സിന്റെ നിയന്ത്രണവും തന്നെയാണ് കാട്ടിലെ ചിത്രമെടുക്കാൻ ഏറ്റവും ആദ്യം വേണ്ട ഗുണം. പിന്നെ നമ്മൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനുവാദവും വാങ്ങി അവരുടെ ഒരു ഗൈഡിനൊപ്പമാണ് എപ്പോഴും പോവുക. കാട് നന്നായി അറിയുന്നവർ യാത്രകളിൽ കൂട്ട് ഉള്ളത് എപ്പോഴും നല്ലതാണ്. 

seema-8 സീമ സുരേഷ്

ക്യാമറാവുമൺ ആൻഡ് ദ ഓവർ കോട്ട്

എന്റെ പ്രിയപ്പെട്ട വേഷമാണ് ഞാൻ മിക്കപ്പോഴും ധരിയ്ക്കുക. ജീൻസ്, ഷർട്ട്, ഒരു ഓവർ കോട്ട് ഇതാണ് എന്റെ സ്ഥിരം വേഷം. ഒരിക്കൽ ഒരു കോളേജിൽ ചെന്നപ്പോൾ ഇത്തരം വേഷങ്ങൾ ധരിച്ചു കൊണ്ട് അവിടെ ക്ലാസ് എടുക്കാൻ ചെല്ലേണ്ടാതില്ലെന്നു പറഞ്ഞു. ഞാൻ എനിക്ക് സ്വീകാര്യമായ, ശരീര ഭാഗങ്ങൾ മറച്ച മാന്യമായ വസ്ത്രമാണ് ധരിയ്ക്കുന്നത്. അവിടെ എന്ത് മര്യാദ കേടാണ് ഞാൻ കാണിയ്ക്കുന്നത്? കാറ്റിൽ പോകുമ്പോൾ ഒരിക്കലും സാരി ഉടുത്തു പോകാൻ ആകില്ല. മാത്രവുമല്ല സാരി ഉടുക്കുന്നത് ഇഷ്ടമാണെങ്കിലും എനിക്ക് അത്ര കംഫർട്ടബിൾ ആയ വസ്ത്രമല്ല സാരി. മിക്കപ്പോഴും ജീൻസോ ത്രീഫൊർതൊ കാർഗോയോ ഒക്കെ തന്നെയാകും യാത്രകളിലെ വേഷം. അത് സൗകര്യത്തിനു വേണ്ടിയാണ്. മാത്രമല്ല കാറ്റിൽ പോകുമ്പോൾ ഒരിക്കലും ഡാർക്ക് കളർ തിരഞ്ഞെടുക്കാൻ ആകില്ല. കാടിന്റെ നിറങ്ങളുമായി അടുത്ത് നിൽക്കുന്ന നിറങ്ങൾ ഉള്ള വസ്ത്രങ്ങൾ മാത്രമേ ധരിയ്ക്കാൻ ആകൂ. ഇതൊക്കെ ഒരു ഫോട്ടോഗ്രാഫർ ശ്രദ്ധിക്കണം. 

ഇത്ര നീളമുള്ള മുടി യാത്രയ്ക്കിടയിൽ ...

യാത്ര പോകുമ്പോൾ മുടി അഴച്ചിടാറില്ല. എപ്പോഴും മുകളിലേയ്ക്ക് പൊക്കി കെട്ടി വയ്ക്കും. ഒന്നാമത്തെ കാരണം കാറ്റും മണ്ണും തന്നെയാണ്. നീളൻ മുടിയിലൊക്കെ മണ്ണായാൽ പിന്നെ വളരെ ബുദ്ധിമുട്ടാണ് അതിനാൽ കെട്ടി മുകളിൽ വയ്ക്കും. മണ്ണ് അധികമുണ്ടെങ്കിൽ തൊപ്പിയും ധരിക്കേണ്ടി വരും. പിന്നെ ട്രക്കിങ്ങിനു പോകുമ്പോൾ മുടി അഴിച്ചിട്ടാൽ പറന്നു അസ്വസ്ഥത ഉണ്ടാക്കും. അങ്ങനെ പല കാരണങ്ങൾ കൊണ്ടും മുടി എപ്പോഴും കെട്ടി വയ്ക്കുക തന്നെയാണ് പതിവ്. മഴ സമയത്ത് ക്യാമറ അധികം എടുക്കില്ല. ആ സമയത്താണ് മുടി കൂടുതൽ സമയും അഴിച്ചിടുക. ക്യാമറ മഴ നയാൻ ആകില്ലല്ലോ. എങ്കിലും ബേസിക് സെറ്റിംഗ്സ് ഉള്ള ഒരു ക്യാമറ ഇതു മഴ യാത്രയിലും കയ്യിൽ കരുതും. 

Seema സീമ സുരേഷ് എടുത്ത ചിത്രം

ഏറ്റവും പ്രശ്നം കണ്ണാണ്. എപ്പോഴും കൂളിംഗ് ഗ്ലാസ് വയ്ക്കാറുണ്ട്. പലരും ചോദിയ്ക്കും മമ്മൂട്ടിയുടെ ബാധ കയറിയതാണോ എന്ന്. പക്ഷേ എന്റെ കണ്ണുകൾ വരെ സെൻസിറ്റീവാണ്. പെട്ടെന്ന് അലർജി വരും. യാത്രകളിലോക്കെ പോടി അടിയ്ക്കുമ്പോൾ പെട്ടെന്ന് കണ്ണ് ചുവന്നു പ്രശ്നമാകും. അതിനാൽ കൂളിംഗ് ഗ്ലാസ് എപ്പോഴും കണ്ണിൽ ഉണ്ടാകും, അതും ഇപ്പോൾ ശരീരത്തിന്റെ ഒരു ഭാഗമായി മാറി കഴിഞ്ഞു. 

വിവാഹം... സുരേഷ്... 

ഞാൻ ജേർണലിസം പഠിച്ചിറങ്ങിയ ശേഷം ഒരു ചാനലിൽ ജോലി ചെയ്യാൻ കയറിയപ്പോൾ അവിടെ ക്യാമറ കൈകാര്യം ചെയ്തിരുന്നത് സുരേഷായിരുന്നു. കണ്ടതിന്റെ പിറ്റേന്ന് മുതൽ തുടങ്ങിയ അടി ഒടുവിൽ കൊണ്ടെത്തിച്ചത് പ്രണയത്തിലാണ്. അദ്ദേഹം ബ്രാഹ്മിൻ ആണ് ഞാൻ നായരും. പക്ഷേ വീട്ടിൽ വലിയ പ്രശ്നം ഒന്നും ഉണ്ടായില്ല. അതിന്റെ വരും വരായ്കകളെ കുറിച്ച് വീട്ടിൽ പറഞ്ഞു തന്നു. ഞാൻ കേട്ടു. എന്റെ തീരുമാനം അദ്ദേഹത്തോടൊപ്പം ചേരണം എന്ന് തന്നെയായിരുന്നു. ഒടുവിൽ വിവാഹം നടത്തി തന്നു. പിന്നീട് അദ്ദേഹത്തിന്റെ അമ്മയായിരുന്നു എന്റെ ഏറ്റവും നല്ല സപ്പോർട്ടർ. സ്വന്തം അമ്മെയക്കാൾ ആ അമ്മ എന്നെ പരിഗണിക്കുകയും ശ്രദ്ധിക്കുകയും ചെയ്തിരുന്നു. 

Seema സീമ ഭർത്താവിനൊപ്പം

കുട്ടികളില്ലാത്തതിന്റെ ദുഖമോന്നും ഞങ്ങൾ രണ്ടാൾക്കും ഇല്ല. കാരണം ഒരുപക്ഷേ ഉണ്ടായിരുന്നെങ്കിൽ ഇത്തരം യാത്രകൾ ഒന്നും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുമായിരുന്നില്ല. ആദ്യമൊക്കെ നാട്ടുകാർ ചോദിയ്ക്കുമ്പോൾ ബുദ്ധിമുട്ട് തോന്നുമായിരുന്നു, ഇപ്പോൾ പ്രശ്നമില്ല. ഒരുപാട് ആൾക്കാരുള്ള ഒരു വീട്ടിൽ നിന്നാണ് വന്നതെങ്കിലും ഉള്ളിൽ ഏകാന്തത ആവശ്യത്തിലേറെ ഉള്ളോരാളാണ് ഞാൻ. അതിനെ ഞാൻ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സുരേഷ് നാട്ടിൽ ഇല്ലാത്തപ്പോൾ ഞാൻ വായിക്കും, സ്വപ്നം കാണും... യാത്രകൾ പോകും... ഒറ്റയ്ക്ക് എന്നോട് തന്നെ സംസാരിക്കും...എന്തിനു ദുഖിക്കണം... യാത്രകൾ എല്ലാം ചേർത്ത് വച്ച് ഒരു പുസ്തകം മനസ്സില് ഉണ്ട്. ചെയ്യണം. പിന്നെയും പിന്നെയും യാത്രകൾ ചെയ്യണം അതൊക്കെ തന്നെയാണ് ജീവിതം.