Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിമൂന്നു വർഷങ്ങൾക്കു മുമ്പ് കാണാതായതിന്റ നിഗൂഡരഹസ്യം പരസ്യമാക്കി യുവാവ്

julian-fernandes ജൂലിയൻ ഹെർണാണ്ടസ് കാണാതായ സമയത്തെ ചിത്രം

ദിനവും കാണാതാകുന്നവരുടെ എണ്ണം ഏറുകയാണ്. ചിലരെയൊക്കെ കാലങ്ങൾക്കു ശേഷം കണ്ടെത്തുമ്പോഴും ചിലരൊക്കെ ഇപ്പോഴും അദൃശ്യമായിത്തന്നെ ഉറ്റവരെയും ഉടയവരെയും വിട്ട് എങ്ങോ പോയിമറഞ്ഞിരിക്കുകയാണ്. ഇവിടെ കാണാതായ ഒരാൺകുട്ടി തന്റെ മിടുക്കുകൊണ്ട് ഇന്ന് പ്രിയപ്പെട്ടവരുടെ അടുക്കലേക്ക് തിരികെയെത്തുകയാണ്. ക്ലെവലാൻഡിലെ ഒഹിയോ സ്വദേശിയായ ജൂലിയൻ ഹെർണാണ്ടസ് ആണ് പതിമൂന്നു വർഷങ്ങൾക്കു മുമ്പു കാണാതായ തന്റെ നിഗുഡരഹസ്യം സ്വയം പരിശ്രമത്തിലൂടെ വെളിച്ചത്തുകൊണ്ടുവന്നത്.

അഞ്ചാം വയസിലാണ് ജൂലിയാനെ കാണാതായത്. അമ്മയുമായി പിരിഞ്ഞ അച്ഛൻ ബോബി പ്രീസ്കൂളിലേക്കെന്നു പറഞ്ഞ് കുഞ്ഞിനെ കടത്തുകയായിരുന്നു. 2002 ആഗസ്റ്റ് 28ന് ഇതുസബന്ധിച്ച് അമ്മ പരാതിയും നൽകി. എന്നാൽ വർഷങ്ങൾക്കു ശേഷം ഇപ്പോൾ പതിനെട്ടു വയസായതോടെ അച്ഛനൊപ്പം അലബാമയിൽ കഴിയുകയായിരുന്നുവെന്നു പുറത്തുവിട്ടത് ജൂലിയാൻ തന്നെയാണ്. സ്കോളർഷിപ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കവേയാണ് ജൂലിയാന് താൻ കാണാതായതാണെന്നുള്ള വിവരം ലഭിച്ചത്. പിതാവ് ബോബി ഹെർണാണ്ടസിനെ ഒഹിയോ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

julian-1 ജൂലിയാന്റെ പിതാവ് ബോബി

സർവകലാശാലകളിൽ സ്കോളർഷിപ് അപേക്ഷിക്കാൻ പോകവേയാണ് ജൂലിയാന്റെ സോഷ്യൽ സെക്യൂരിറ്റി നമ്പറുമായി ബന്ധപ്പെട്ടു ചില പ്രശ്നങ്ങൾ ഉയർന്നത്. ഇതെത്തുടർന്നു റെഡ്ഡിറ്റിൽ ജൂലിയാൻ പങ്കുവച്ച പോസ്റ്റാണ് വിവരങ്ങളെല്ലാം വെളിച്ചത്തു കൊണ്ടുവന്നത്. കഴിഞ്ഞ പതിമൂന്നു വർഷമായി സ്വന്തം മകനെ കാണാതായതിന്റെ വേദനയിൽ ഉരുകിക്കഴിയുന്ന ആ അമ്മയ്ക്കും ആശ്വാസമായിരിക്കുകയാണ് ഇപ്പോൾ. ഞാൻ കുട്ടിയായിരുന്നപ്പോൾ അച്ഛൻ തന്റെ അറിവില്ലാതെ തട്ടിക്കൊണ്ടുപോയെന്ന് റെഡ്ഡിറ്റിൽ പേരു നൽകാതെ നൽകിയ സന്ദേശമാണ് കേസിനു വഴിത്തിരിവായത്. പക്ഷേ നിലവിൽ ആ സന്ദേശം ഡിലീറ്റ് ചെയ്ത നിലയിലാണ് കാണപ്പെ‌ടുന്ന്ത്. അഞ്ചാം വയസിൽ അച്ഛൻ തന്നെ അമ്മയിൽ നിന്നും തട്ടിക്കൊണ്ടുപോവുകയും പേരും സോഷ്യൽ സെക്യൂരിറ്റി നമ്പറും മാറ്റുകയും ചെയ്തു. സ്കോളർഷിപ്പിനു അയക്കേണ്ടി വന്നപ്പോൾ അച്ഛൻ ടാക്സ് വിവരങ്ങൾ ഒന്നും നൽകിയില്ല. തുടർന്നു വീണ്ടും കാര്യങ്ങൾ ചോദിച്ചപ്പോൾ എല്ലാം തുറന്നു പറയുകയായിരുന്നുവത്രേ. തുടർന്നു സ്വയം നടത്തിയ അന്വേഷണത്തിൽ തന്റെ പേര് കാണാതായ കുട്ടികളുടെ ലിസ്റ്റിലും കണ്ടെന്ന് ജൂലിയാൻ പറയുന്നു.

പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും ജൂലിയാന് തന്റെ അച്ഛനോടു യാതൊരു ദേഷ്യവുമില്ല. അച്ഛൻ അദ്ദേഹം ചെയ്ത കാര്യത്തിൽ ഖേദിക്കുന്നുണ്ടെന്നും അദ്ദേഹമില്ലാതെ തനിക്ക് ഇത്രത്തോളം വളരാൻ സാധിക്കില്ലായിരുന്നുവെന്നും ജൂലിയാൻ പറ‍ഞ്ഞു. അച്ഛനെ ജയിലിലാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ വിഷയത്തിൽ ഒരു പരിഹാരത്തിന് ആരെങ്കിലും സഹായിക്കണമെന്നും അപേക്ഷിച്ചാണ് ജൂലിയാൻ റെഡ്ഡിറ്റിൽ പോസ്റ്റു ചെയ്തത്. ചെറുപ്രായത്തിലേ മറ്റൊരു സ്ഥലത്തായതിനാൽ തന്നെ കാണാതായതാണെന്ന് ജൂലിയാന് അറിയില്ലായിരുന്നുവെന്നാണ് വിവരം. അച്ഛനും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയ്ക്കും മക്കൾക്കുമൊപ്പമായിരുന്നു ജൂലിയാന്റെയും താമസം.

അതേസമയം മകനെ കണ്ടെത്തിയതിന്റെ ആഹ്ലാദത്തിലാണിപ്പോൾ ജൂലിയാന്റെ അമ്മ. എന്നാൽ ജൂലിയാന്‍ ഇപ്പോൾ പ്രായപൂർത്തിയായ വ്യക്തിയാണെന്നും അമ്മയ്ക്കൊപ്പമോ അച്ഛനൊപ്പമോ പോകണോയെന്നത് അവനാണു തീരുമാനിക്കേണ്ടതെന്നും അലബാമ പോലീസ് വ്യക്തമാക്കി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.