Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്മുടെ ചില പൊലീസുകാർ എന്തു കൊണ്ടിങ്ങനെ?

police-angry

ആദ്യം ‘വിളി’, പിന്നെ അടി. കേരള പൊലീസിന്റെ പേരു ചീത്തയാക്കുന്നത് ചില ഉദ്യോഗസ്ഥരുടെ ഈ പ്രവർത്തിയാണ്, അഥവാ ഈ ‘വിളി’യാണ്.... ആരെ കണ്ടാലും അസഭ്യത്തിന്റെ ‘ആദ്യക്ഷരങ്ങളിലൂടെ’, പ്രായം പോലും നോക്കാതെ, സ്വയം തയാറാക്കിയ ‘നിഘണ്ടു’വിലെ ചില പദങ്ങളുപയോഗിച്ച് ‘അഭിസംബോധന’ ചെയ്യുന്നത് ചില പൊലീസുകാരുടെ സ്വന്തം ശീല(ദുഃ)വുമാണ്.  ഉത്സവപ്പറമ്പായാലും സമരമുഖത്തായാലും പൊലീസ് സ്റ്റേഷനായാലും വാദിയെയും പ്രതിയെയും തെറി പറഞ്ഞു വിരട്ടിയാൽ മാത്രമേ യഥാർഥ പൊലീസുകാരനാകൂവെന്ന, ആരോ പറഞ്ഞു പഠിപ്പിച്ചു വിട്ട ‘പാഠപുസ്തകം’ പോലെയാണു ചില കാക്കിക്കാരുടെ പെരുമാറ്റം.  

   

കുറ്റാന്വേഷണത്തിൽ അങ്ങ് സ്കോട്ട്ലന്റ് യാർഡിലെ മിടുമിടുക്കരായ ഉദ്യോഗസ്ഥരെ പോലും കേരള പൊലീസ് കടത്തി വെട്ടും.  പക്ഷേ, എംബിഎക്കാരും, നിയമബിരുദാരികളും, ബിരുദാനന്തര ബിരുദക്കാരും തിങ്ങി നിറഞ്ഞ നമ്മുടെ കേരള പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥർ ഈ ഇരുപതാം നൂറ്റാണ്ടിലും  അസഭ്യം പറയുന്നതിൽ ഒട്ടും പിന്നാക്കമല്ല.  ‘മൃദുഭാവേ ദൃഢകൃത്യേ’(മൃദുവായ പെരുമാറ്റം, ഉറച്ച നടപടി) എന്ന കേരള പൊലീസിന്റെ ആപ്തവാക്യത്തിനു ഇടങ്കോലിടുകയല്ലേ, ചില പൊലീസുകാരുടെ നാവിൻതുമ്പിലെ തെറിപ്പാട്ട്..?  ആവശ്യത്തിനും അനാവശ്യത്തിനും നമ്മുടെ ചില പൊലീസുകാർ എന്തിനു അസഭ്യം പറയുന്നു?  തെറി അഥവാ അസഭ്യം പൊലീസ് സേനയുടെ നാവിൻ തുമ്പിലെത്തിക്കാൻ പൊലീസുകാരെ ആരു പഠിപ്പിച്ചു?  ഒരൊറ്റ പൊലീസുകാരന്റെ പ്രവർത്തിയിലൂടെ കേരള പൊലീസ് സേനയിലെ അരലക്ഷത്തിലേറെ വരുന്ന പൊലീസുകാർ പൊതുജനമധ്യത്തിൽ മോശക്കാരാകുകയാണ്.  എന്നിട്ടും സ്വന്തം നാക്കുപിഴ തിരുത്താൻ പൊലീസുകാർ തയാറല്ല. 

ബാരക്കിലെ തെറി ‘പഠന’ ക്ലാസ്!

കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതാണ്. 1981 ൽ എസ്ഐമാരുടെ പരിശീലനം തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിങ് കോളജിൽ നടക്കുന്ന സമയം.  കഠിന പരിശീലനത്തിനു ശേഷം തളർന്നിരിക്കുന്നവർക്കിടയിൽ നിന്നു മാറി ചിലർ ബാരക്കിനു പുറത്തിരുന്നു അസഭ്യം വിളിച്ചും പറഞ്ഞും  പഠിക്കുകയാണ്. പരിശീലനം നൽകി കഷ്ടപ്പെടുത്തുന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെയും കടിച്ചാൽ പൊട്ടാത്ത പദങ്ങൾ ചേർത്തു ചിലർ വിളിച്ചു രസിക്കുന്നുമുണ്ട്.  പദങ്ങൾ തിരുത്താനും, അർഥം വിശദീകരിക്കാനും ചിലരുണ്ട്.  ഇതു വരെ കേൾക്കാത്ത തെറി വിളി കേട്ട് കാതുപൊത്തിയ ചിലർ സഹപ്രവർത്തകരോടു കാര്യം തിരക്കി.  പരിശീലനത്തിനു ശേഷം പൊലീസ് സ്റ്റേഷനിലെത്തുമ്പോൾ പ്രതികളെ ‘കൈകാര്യം’ ചെയ്യാനുള്ള സ്റ്റഡി ക്ലാസാണെന്നായിരുന്നു ഒറ്റവാക്കിലെ മറുപടി. ഒപ്പം കൂടിക്കോ ഇല്ലെങ്കിൽ ഭാവിയിൽ അനുഭവിക്കുമെന്നു പറഞ്ഞപ്പോൾ പലരും സ്റ്റഡി ക്ലാസിൽ പങ്കാളിയായത്രെ.  തെറി പറഞ്ഞാലേ നല്ല പൊലീസുകാരനാകൂവെന്ന് ആരും ഇതു വരെ കേരള പൊലീസിനെ പഠിപ്പിച്ചിട്ടില്ലെന്നു ഉന്നത ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ എവിടെയോ എപ്പോഴോ പതിഞ്ഞ തെറ്റായ കീഴ് വഴക്കത്തിന്റെ പേരിൽ അസഭ്യത്തിന്റെ അക്ഷരപ്പുര ഇന്നും ചില കാക്കി ഹൃദയങ്ങളെ വേട്ടയാടുകയാണ്. ഡ്യൂട്ടിയിലുള്ള എല്ലാ പൊലീസ് ഉദ്യോഗസ്‌ഥരും പൊതുജനങ്ങളോടുള്ള ഇടപെടലിൽ മര്യാദയും ഔചിത്യവും സഹാനുഭൂതിയും പ്രകടിപ്പിക്കുകയും സഭ്യവും മാന്യവുമായ ഭാഷ ഉപയോഗിക്കുകയും ചെയ്യണമെന്നു കേരള നിയമസഭ പാസാക്കിയ പൊലീസ് നിയമത്തിൽ വ്യക്തമായി പറയുണ്ടെങ്കിലും എത്ര ഉദ്യോഗസ്ഥർ ഇത് അനുസരിക്കുന്നു?  സർവീസ് ജീവിതത്തിനിടയിൽ ഇതു വരെ ആരെയും അസഭ്യം പറയാത്ത പൊലീസ് ഉദ്യോഗസ്ഥരും അനവധിയാണ്.  

ഉന്നത ബിരുദക്കാർ, പക്ഷേ നാവിൻ തുമ്പിൽ..? 

എസ്ഐയോ, സിവിൽ പൊലീസ് ഓഫിസറോ അതോ മേലുദ്യോഗസ്ഥരോ ആണോ കൂടുതൽ അസഭ്യം പറയുന്നതെന്നു ചോദിച്ചാൽ എസ്ഐമാർ മുതൽ താഴോട്ടുള്ളവരാണെന്നാണു പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കു ലഭിച്ച പരാതികളിൽ പറയുന്നത്.  സിഐ, ഡിവൈഎസ്പി, എസ്പി തുടങ്ങിയ റാങ്കിലുള്ളവർ അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുന്ന പരാതികൾ പൊലീസ് സേനയിൽ പൊതുവേ കുറവാണ്.  വിദ്യാഭ്യാസം കുറവായവർ അസഭ്യം പറയുമായിരിക്കാം. പക്ഷേ ഉന്നത ബിരുദമുള്ളവർ തെറി പറയുമോയെന്നു സമൂഹം ചോദിക്കുമ്പോൾ കേരള പൊലീസിലെ സബ് ഇൻസ്പെക്ടർമാരുടെയും സിവിൽ പൊലീസ് ഓഫിസർമാരുടെയും വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിക്കുന്നത് നന്നായിരിക്കും.  2004 ൽ നടന്ന എസ്്ഐമാരുടെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തവരിൽ 65 പേർ ബിരുദാനന്തര ബിരും നേടിയവർ. 14 പേർ നിയമബിരുദധാരികൾ. രണ്ടു കംപ്യൂട്ടർ എൻ‌ജിനീയർമാർ, അഞ്ച് എംബിബിഎസുകാർ, മൂന്ന് എംബിഎക്കാർ. 2015 ഒക്ടോബറിൽ പാലക്കാട് മുട്ടികുളങ്ങര കെഎപി ബറ്റാലിയനിൽ നടന്ന 437 പൊലീസുകാരുടെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തവരുടെ വിദ്യാഭ്യാസ യോഗ്യത കേട്ടാൽ കണ്ണു തള്ളും. നാല് എൻജിനീയർമാർ, ഒരു എംബിഎ, എംസിഎ/ എംഎസ്ഡബ്ള‌്യു– അഞ്ച്, ബിരുദാനന്തര ബിരുദം– 31, ബിരുദം– 171, നിയമ ബിരുദം– മൂന്ന്, ബിഎഡ്–ഒൻപത്.  വിവിധ ഡിപ്ലോമ കരസ്ഥമാക്കിയ 30 പേരും ഇവർക്കിടയിലുണ്ട്. ബിസിനസ് അഡ്‌മിനിസ്‌ട്രേഷനും എൻജിനീയറിങ്ങും മാർക്കറ്റിങ്ങും വരെ അരച്ചുകലക്കിക്കുടിച്ച് പരിശീലനം നേടി പുറത്തിറങ്ങുന്ന എസ്ഐമാരും, സിവിൽ പൊലീസ് ഓഫിസർമാരും ഔദ്യോഗിക ജീവിതത്തിൽ സംസാരത്തിനൊപ്പം എന്തിന് തെറിയെ കൂട്ടു പിടിക്കുന്നുവെന്നത് ഇപ്പോഴും ഉത്തരമില്ലാ ചോദ്യം. രാജ്യത്തെ പൊലീസുകാരിൽ തെറി വിളിയിൽ മുന്നിൽ നിൽക്കുന്നത് കേരള–തമിഴ്നാട് പൊലീസ് സേനകളിലുള്ളവരാണ്.  തമിഴ് പൊലീസിന്റെ വിളിയിൽ തന്നെ ക്രിമിനലുകൾ അറിയാതെ സത്യം പറഞ്ഞു പോകുമത്രെ. 

മാന്യമായി പെരുമാറൂ, എടാ പോടാ വിളി നിർത്തൂ...! (ആരു നിർത്തും?)

ടി.പി.സെൻകുമാർ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റപ്പോൾ സേനാംഗങ്ങൾക്കായി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഒരു സർക്കുലർ പുറത്തിറക്കി. ജനങ്ങളോടു മാന്യമായി പെരുമാറണം. ദ്വയാർഥ പ്രയോഗം ഒഴിവാക്കണം.  അവരെ സർ-മാഡം എന്നോ സഹോദരാ സഹോദരീ എന്നോ സുഹൃത്തേ എന്നോ വിളിക്കണം. താങ്ക് യൂ എന്ന വാക്ക് ഉപയോഗിക്കണം. തെറ്റു പറ്റിയാൽ സോറി എന്നു പറയാൻ മടിക്കരുത്..എന്നായിരുന്നു സർക്കുലർ.  എടാ, വാടാ, പോടാ വിളി നിർത്തൂ. ഇനിയും ആ ഭാഷ ആവർത്തിക്കുന്നവരെ ക്ലാസ് മുറിയിൽ കൊണ്ടുപോയി നാവിൻതുമ്പത്തു നാരായം കൊണ്ടു ശുദ്ധമലയാളം കോറിയിടാൻ ഡിവൈഎസ്പിമാർക്ക്, ഡിജിപി നിർദേശവും നൽകി. സർക്കുലർ പുറത്തിറക്കി ഒരു വർഷമായിട്ടും ചില ഉദ്യോഗസ്ഥർ ഇപ്പോഴും ‘പൊലീസിന്റെ തനതു ഭാഷ’ കൈവിട്ടിട്ടില്ലെന്നു കൊല്ലത്ത് വെള്ളിയാഴ്ച നടന്ന സംഭവം തെളിയിക്കുന്നു. 

പൊലീസ് അക്കാദമിയിൽ എന്തു പഠിപ്പിക്കുന്നു?

തൃശൂരിലെ പൊലീസ് അക്കാദമിയിൽ എസ്ഐമാർക്കും സിവിൽ പൊലീസ് ഓഫിസർമാർക്കും തീവ്ര പരിശീലനമാണു നൽകുന്നത്. എസ്ഐമാർക്ക് ഒരു വർഷം പരിശീലനവും, പത്തര മാസം പ്രായോഗിക പരിശീലവുമാണ് നൽകുക. ഇതിനു ശേഷമാണു എസ്ഐമാരെ പ്രിൻസിപ്പൽ എസ്ഐമാരായി നിയമിക്കുക. സിവിൽ പൊലീസ് ഓഫിസർമാർക്ക് ഒൻപതു മാസമാണു പരിശീലന കാലയളവ്. മാന്യമായി പെരുമാറുന്നതിനെക്കുറിച്ച് പൊലീസുദ്യോഗസ്ഥർക്ക് ബിവേഹിയർ കോഴ്സുമുണ്ട്. പക്ഷേ പരിശീലനത്തിനു ശേഷം പുറത്തിറങ്ങുന്നവരിൽ പലരും ‘ചൂടൻ’മാരായ പഴയകാല  ഏമാൻമാരുടെ മേലങ്കി എടുത്തണിയുകയാണു പതിവ്. സ്റ്റേഷൻ ഭരണം കൈയിൽ വരുമ്പോൾ ചില എസ്ഐമാർക്ക് വെള്ളിത്തിരയിൽ കണ്ട പൊലീസ് നായകരുടെ ഡയലോഗും പെരുമാറ്റവും മനസ്സിൽ ഓളംതല്ലും. സ്വപ്നലോകത്തായിരിക്കും ഇവരിൽ പലരും. പിന്നെ കാണുന്നവരെയും കിട്ടുന്നവരെയും ചില വാക്കുകൾ കൂട്ടി ‘അഭിഷേകം’ നടത്തുകയാണു വിനോദം.  ഇരുപതും മുപ്പതും വർഷം സർവീസുള്ള സിവിൽ പൊലീസ് ഓഫിസർമാരെ എടാ പോടായെന്ന് ചില യുവരക്തങ്ങളായ എസ്ഐമാർ വിളിക്കുന്നതിനെതിരെയും പൊലീസ് സേനയിൽ അമർഷമുണ്ട്. 

പറയുന്നതല്ല, പറയിക്കുന്നതാണു സർ

പൊലീസുകാർ തെറി പറയുന്നുവെന്നാണു ജനത്തിന്റെ പരാതിയെങ്കിൽ സഹികെട്ടു പറഞ്ഞു പോകുന്നുവെന്ന മറുപടി ഞങ്ങൾക്കും പറയാനുണ്ടെന്നാണു പൊലീസുകാരുടെ പക്ഷം.  വാഹന പരിശോധനയ്ക്കിടയിലും ഗതാഗത നിയന്ത്രണത്തിനിടയിലുമാണു നിവൃത്തിയില്ലാതെ അസഭ്യം  പറഞ്ഞു പോകുന്നതെന്നും പലരും പറയിച്ചേ അടങ്ങൂവെന്നു വാശി പിടിക്കുന്നുവെന്നും പൊലീസുകാരിൽ ഒരു വിഭാഗം പറയുന്നു. ‘‘തെറി പറയണമെന്ന് ആഗ്രഹമില്ല, പക്ഷേ ക്ഷമയുടെ നെല്ലിപ്പലക പരീക്ഷിക്കുന്നവരോടു എങ്ങനെയാണു പ്രതികരിക്കുക?... ജോലിയുടെ അമിത ഭാരവും ഉന്നത ഉദ്യോഗസ്ഥരുടെ ശകാരവും മറുവശത്ത്.  അവധിയില്ലാത്തതിന്റെയും വീട്ടിലെത്താൻ കഴിയാത്തതിന്റെയും ദുഖവും അമർഷവും വേറെ.  ഇതിനിടെ പറഞ്ഞതു അനുസരിക്കാത്തവരോടു എങ്ങനെ, ഏതു ഭാഷയിലാണു പൊലീസ് പെരുമാറുക...?’’– ഒരു വിഭാഗം പൊലീസുകാർ ചോദിക്കുന്നു.  മുന്നോട്ടു നീക്കി വാഹനം പാർക്കു ചെയ്യണമെന്നു ഭവ്യതയോടെ പറഞ്ഞാൽ ചിലർ തനിനിറം കാട്ടും. അപ്പോൾ ഉടക്കും. പിന്നെ തെറിവിളിയിലാണു ഇത് അവസാനിക്കുക.  പ്രതികളെ പിടികൂടുമ്പോൾ അവരോട്, ‘‘മോനെ സത്യം പറയൂ...’’എന്നു സ്നേഹത്തോടെ പറഞ്ഞാൽ ആരെങ്കിലും സത്യം പറയുമോ?  സത്യം പുറത്തുവരാൻ തെറി നല്ലൊരു ആയുധമാണ് സാർ!  ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ഒന്നു മാറി നിൽക്കണേയെന്നു പറഞ്ഞാൽ ആരും കേൾക്കില്ല.  സ്വരം കടുപ്പിച്ച് ഒന്നു വിരട്ടിയാൽ എത്ര ധൈര്യശാലിയും വഴി മാറും. ഇതൊക്കെ പൊലീസിന്റെ നമ്പരുകളല്ലേ സാർ...’’

പൊലീസിന്റെ സിഗ്നേച്ചർ ട്യൂൺ: റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, ചെയർമാൻ പൊലീസ് കംപ്ലയിന്റ് അതോറിറ്റി

അസഭ്യം പൊലീസിലെ ഒരു വിഭാഗത്തിന്റെ മാതൃഭാഷയാണ്.  തെറി വിളി, അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. അസഭ്യം പറയുന്നത് പൊലീസിന്റെ സിഗ്നേച്ചർ ട്യൂൺ ആണ്.  പിതാവിനെക്കാൾ പ്രായമുള്ളവരെ വരെ അസഭ്യം പറയുന്നത് ഇവരുടെ ശീലമാണ്.  2014 ബാച്ചിലെ എസ്ഐമാരാണു അസഭ്യം പറയുന്നതിൽ മുന്നിൽ.  ഇവരെ വീണ്ടും പരിശീലനത്തിനയച്ച് മര്യാദക്കാരാക്കാൻ മേലധികാരികൾ തയാറാകണം.  ജന സേവകരായ പൊലീസുകാർ നിസഹായരായ ജനങ്ങളുടെ അന്തസിനെ വിലമതിക്കാതെ തെറിവാക്കുകൾ പറയാൻ പാടില്ല.  മാന്യതയോടെ പെരുമാറാനും സംസാരിക്കാനുമുള്ള പരിശീലനവും ബോധവൽകരണവും പൊലീസുകാർക്കു നൽകിയാൽ മാത്രമേ പൊലീസുകാരെ ഒരു പരിധി വരെയെങ്കിലും നന്നാക്കാനാകൂ.  1970 ൽ അഭിഭാഷകനായിരുന്നപ്പോൾ വാഹനം പാർക്കു ചെയ്തതിന്റെ പേരിൽ കൊച്ചിയിൽ വച്ച് ഒരു പൊലീസുകാരൻ പരുഷമായി പെരുമാറിയത് മറക്കാനാകില്ല.  അനാവശ്യമായി അയാൾ തട്ടിക്കയറിയപ്പോൾ അഭിഭാഷകനാണെന്നു വെളിപ്പെടുത്തി. ഇതോടെ പൊലീസുകാരൻ നിശബ്ദനായി. 

പൊലീസുകാരെ മര്യാദക്കാരാക്കും: ലോക്നാഥ് ബെഹ്റ, ഡിജിപി

ഇന്ത്യൻ ശിക്ഷാ നിയമവും, ക്രിമിനൽ നടപടി ചട്ടവും മനപാഠമാക്കുന്നതോടൊപ്പം നന്നായി പെരുമാറാനും കേരള പൊലീസ് സേനാംഗങ്ങൾ പഠിക്കണം. സർവീസ് ജീവിതത്തിനിടെ ഇതു വരെ ആരെയും തെറി വിളിച്ചിട്ടില്ല.  തെറി വിളിക്കുന്നതിനോടു താൽപര്യവുമില്ല.  യൂണിഫോമിട്ടു ജോലി ചെയ്യുന്നവരാണു പൊലീസുകാരെന്നു ഓർക്കണം.  ജനങ്ങളുമായി ഇടപഴകുമ്പോൾ പലപ്പോഴും ക്ഷമ നഷ്ടപ്പെടാറുണ്ട്. പ്രകോപിതരാകാറുമുണ്ട്.  പക്ഷേ സംയമനത്തോടെ പെരുമാറുന്നതിലാണു ഒരു പൊലീസുദ്യോഗസ്ഥന്റെ മിടുക്ക്.  മോശമായ പെരുമാറ്റം പൊലീസ് സേനയുടെ അന്തസ് നഷ്ടപ്പെടുത്തും. മര്യാദയില്ലാതെ പെരുമാറുന്നവർ പൊലീസ് സേനയ്ക്ക് അപമാനമാണ്. ജനങ്ങളോടു മാന്യമായി പെരുമാറുന്നതിനായി പൊലീസ് സേനാംഗങ്ങൾക്ക് പ്രത്യേക പരിശീലന കോഴ്സും ഉടൻ നൽകും. ഇതിനായുള്ള മാർഗരേഖ തയാറാക്കി. ക്രിമിനൽ കേസുകളിൽ പ്രതികളായവരെ ചോദ്യം ചെയ്യുമ്പോൾ സത്യം തെളിയിക്കുന്നതിനു കടുത്ത സ്വരത്തിൽ സംസാരിക്കും.  തെറി പറയാതെ തന്നെ, സമർഥമായ ചോദ്യങ്ങളിലൂടെ ഒരു ക്രിമിനലിന്റെ മനസിലുള്ളതു മുഴുവൻ ചോർത്താനും കഴിയും. 

ഭയപ്പെടുത്തുക എന്ന അംശം നിലനിർത്താനുള്ള വാശി: ഡോ. സി.ജെ. ജോൺ, പ്രമുഖ മനശാസ്ത്ര വിദഗ്ദൻ

ഭയപ്പെടുത്തുക എന്ന അംശം പെരുമാറ്റത്തിലും വാക്കുകളിലും നിലനിർത്തണമെന്നു പൊലീസുകാർ വാശി പിടിക്കുന്നതാണു പല പ്രശ്നങ്ങൾക്കും ഇടയാക്കുന്നത്.  ആധുനികവൽക്കരണം വന്നിട്ടും ഇപ്പോഴും പഴഞ്ചൻ സംസ്കാരമാണു പെരുമാറ്റത്തിൽ ചില പൊലീസുകാർ തുടരുന്നത്.  പരുക്കനായി സംസാരിച്ച് അധികാരഭാവം കാട്ടിയാലേ ശരിക്കും പൊലീസാകുവെന്ന മിഥ്യാധാരണ പല ഉദ്യോഗസ്ഥർക്കുമുണ്ട്.  വിവേകത്തോടെ, സഭ്യമായ ഭാഷയിൽ പെരുമാറി, നിയമലംഘനം നടത്തുന്നവരെ തിരുത്താനാണു പൊലീസ് ശ്രമിക്കേണ്ടത്.  സംഘർഷഭരിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ മാസികാവസ്ഥ കൂടി ജനങ്ങൾ കണക്കിലെടുക്കണം. നല്ലതു ചെയ്താൽ പൊലീസുകാരെ അഭിനന്ദിക്കാനുള്ള മനസും ജനങ്ങൾക്കുണ്ടായാൽ പല പ്രശ്നങ്ങളും ഒഴിവാക്കാനാകും.