Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എന്റെ ഭർത്താവിനെ മരിക്കാൻ അനുവദിക്കണം' , ഭാര്യയുടെ അപേക്ഷ !

 Paul Briggs ലിൻഡ്സെയും പോൾ ബ്രിഗ്സും മകൾക്കൊപ്പം

ജീവിത പങ്കാളിക്കു വേണ്ടി മരിക്കാൻപോലും തയ്യാറാണ് പലരും. നിഴലുപോലെ കൂടെയുള്ള ആ നല്ലപാതിയുടെ സന്തോഷത്തിനു വേണ്ടി അവർ ഏതറ്റം വരെയും പോകും. പക്ഷേ ഇവിടെയൊരു ഭാര്യ വാർത്തകളിൽ നിറയുന്നത് തന്റെ ഭർത്താവിനെ മരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്. ഇത്രയും ക്രൂരയായ ഭാര്യയോ എന്നു ചിന്തിക്കുംമുമ്പ് ആ സ്ത്രീയ‌ു‌ടെ ഈ തീരുമാനത്തിനു പിന്നിലെ കഥ കൂടി അറിയേണ്ടതുണ്ട്. നാൽപതുകാരിയായ ലിൻഡ്സെ എന്ന യുവതിയാണ് ഭർത്താവിന്റെ മരണത്തിനു വേണ്ടി നിയമത്തിനു മുന്നിൽ എത്തിയിരിക്കുന്നത്.

ഗൾഫ് യുദ്ധത്തിലെ പോരാളി കൂടിയായിരുന്ന പോൾ ബ്രിഗ്സ് എന്ന നാൽപത്തിമൂന്നുകാരനാണ് ലിൻഡ്സെയുടെ ഭർത്താവ്. സൈനികനായിരുന്ന ബ്രിഗ്സ് പിന്നീടു പൊലീസിൽ ചേരുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ജൂലൈയിൽ ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ ഉണ്ടായ ഒരു മോട്ടോർ സൈക്കിൾ അപക‌ടം ബ്രിഗ്‍സിനെ കിടക്കയിൽ നിന്നും എഴുന്നേല്‍പ്പിച്ചില്ല, പൂർണമായും കോമയിലേക്ക് ആഴുകയായിരുന്നു അയാൾ. തെറ്റായദിശയിൽ എതിരെവന്ന വാഹനം ബ്രിഗ്സിനെ ഇടിച്ചുതെറിപ്പിച്ചു പോയി. നട്ടെല്ലിനു സംഭവിച്ച ഗുരുതര പരിക്കുകൾക്കൊപ്പം തലച്ചോറിലെ അമിതമായ രക്തപ്രവാഹവും ശരീരഭാഗങ്ങളിൽ അങ്ങിങ്ങായുണ്ടായ മുറിവുകളുമൊക്കെയായാണ് അന്നു ബ്രിഗ്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 Paul Briggs പോൾ ബ്രിഗ്സ് ആശുപത്രിയിൽ

കഴിഞ്ഞ പതിനേഴു മാസമായി യാതൊരു ചലനം പോലുമില്ലാതെ തീർത്തും കിടപ്പിലാണ് ബ്രിഗ്സ്. മരണത്തിനു സമാനമായ ബ്രിഗ്സിന്റെ കിടപ്പു കണ്ടു സഹിക്കവയ്യാതെയാണ് ഭര്‍ത്താവിനു ജീവൻനിലനിർത്താനുള്ള മരുന്നുകൾ കൊടുക്കുന്നതു നിർത്തി അദ്ദേഹത്തെ അന്തസോ‌ടെ മരിക്കാൻ അനുവദിക്കണമെന്ന് ലിൻഡ്സെ അപേക്ഷിക്കുന്നത്. എന്നാൽ ഡോക്ടർമാർ ലിൻഡ്സേയുടെ നിലപാടിനോടു യോജിച്ചിട്ടില്ല. വിഷയം കോർട്ട് ഓഫ് പ്രൊട്ടക്ഷന്റെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച വാദഗതികളിൽ വരുന്ന ദിവസങ്ങളിൽ ന്യായാധിപർ വിധി പറയും.

മിനിമലി കോണ്‍ഷ്യസ് സ്റ്റേറ്റ് എന്നാണ് ബ്രിഗ്സിന്റെ അവസ്ഥയെ ഡോക്ടർമാർ പറയുന്നത്. മരുന്നുകൾ അനവധി കയറിയിട്ടും ബ്രിഗ്സ് ഇതുവരെയും സംസാരിക്കുകയോ ശരീരം അനക്കുകയോ ചെയ്തിട്ടില്ല, ഈ സാഹചര്യത്തിൽ മരണതുല്യമായി കിടക്കുന്നതിലും നല്ലത് സ്വസ്ഥമായി മരിക്കാന്‍ അനുവദിക്കുന്നതാണെന്നാണ് ബ്രിഗ്സിന്റെ കുടുംബം പറയുന്നത്. മെഡിക്കൽ രംഗത്തെ വിദഗ്ധരിൽ നിന്നും കുടുംബത്തിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിനു ശേഷമായിരിക്കും കോർട്ട് ഓഫ് പ്രൊട്ടക്ഷൻ വിധി പ്രസ്താവിക്കുക.

 Paul Briggs ലിൻഡ്സെയും പോൾ ബ്രിഗ്സും

അതേസമയം ബ്രിഗ്സിന്റെ മരണത്തിനു േവണ്ടി നിയമം തേടുന്ന തന്റെ വേദന എത്രത്തോളമുണ്ടെന്നു വിവരിക്കാനാവില്ലെന്നു ലിൻഡ്സെ പറയുന്നു. എന്നാൽ ബ്രിഗ്സിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടുനില്‍ക്കാനാവില്ല. ദിവസങ്ങളും മാസങ്ങളുമൊക്കെ യാതൊരു പുരോഗതിയുമില്ലാതെയുള്ള ബ്രിഗ്സിന്റെ ഈ കിടപ്പ് കുടുംബത്തിലോരോരുത്തരെയും നിരാശയിലാഴ്ത്തുകയാണ്. ജീവിച്ചിരിക്കുന്നുണ്ടെന്നു േപാലും പറയാനാവാത്ത അവസ്ഥയാണ്. ഓരോ ദിവസം കഴിയുംതോറും അദ്ദേഹത്തിന്റെ നില കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് താൻ ഇത്തരമൊരു ക‌ടുത്ത തീരുമാനം എടുത്തതെന്നും ലിൻഡ്സെ പറയുന്നു. 2000ത്തിലാണ് ലിൻഡ്സെയെ ബ്രിഗ്സ് വിവാഹം കഴിക്കുന്നത്, ഇരുവർക്കും നാലുവയസുള്ള മകളുമുണ്ട്. 

Your Rating: