Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറഞ്ഞു കേൾക്കുന്നതൊന്നുമല്ല ചുവന്ന നഗരം, കണ്ണുനിറയ്ക്കും ഈ കാഴ്ചകൾ!

sonagachi-4 മാംസത്തിന്റെ ആഘോഷം മാത്രമല്ല സോനാഗച്ചിയിലെ ചുവന്ന വെളിച്ചം; നരച്ച കാഴ്ച്ചകളുടേതു കൂടിയാണ്.

അതിസാഹസികമായി ഫോട്ടോ ജേർണലിസ്റ്റ് പകര്‍ത്തുന്ന, പാതിശരീരം പ്രദർശിപ്പിച്ച് ചുണ്ടു ചുവപ്പിച്ചു നിൽക്കുന്നവരുടെ ചിത്രം മാത്രമല്ല സോനാഗച്ചി. ശരീരം വളരുന്നതിനു മുന്നേ കീഴടങ്ങേണ്ടി വരുന്ന കുഞ്ഞു പെൺകുട്ടികളുടെയും, പ്രായത്തിന്റെ അതിർത്തി കടന്ന ഒറ്റപ്പെട്ടുപോയവരുടെയും ലോകമാണ്. മാംസത്തിന്റെ ആഘോഷം മാത്രമല്ല സോനാഗച്ചിയിലെ ചുവന്ന വെളിച്ചം; നരച്ച കാഴ്ച്ചകളുടേതു കൂടിയാണ്. കടന്നു ചെല്ലുമ്പോഴുളള അപകടങ്ങൾ മാത്രമല്ല, നിസ്സഹായത കളിൽ കുരുങ്ങി മടിക്കുത്തഴിക്കേണ്ടിവരുന്നവളുടെ കണ്ണുനീരും ആ കാഴ്ചകളിൽ തങ്ങിനിൽക്കുന്നുണ്ട്....

‘ഹമാരി കഹാനി ഇത്നീ ഛോടീ നഹീ ഹെ. വോ ബഹുത് ലംബീ ഹെ’– ഈ വഴിയിൽ നിന്ന് പറഞ്ഞാൽ തീരാത്ത അത്രയും വലുതാണു തന്റെ കഥയെന്നു പറഞ്ഞു ജൂഹി (യഥാർത്ഥ പേരല്ല; ഇവിടെ ആരും സ്വന്തം പേരുകൾ പറയാറില്ല!) തന്റെ വാടക മുറിയിലേക്കു ക്ഷണിച്ചു. കുടുംബത്തിന്റെ വിശപ്പടക്കാൻ‌ വേണ്ടി സ്വന്തം ശരീരം വിൽക്കുന്ന സോനാഗച്ചിയിലെ ഓരോ ജീവിതവും ഇങ്ങനെയുളള നീണ്ട കഥകളാണ്.

കൽക്കത്തയിലെ ശോഭാ ബസാർ മെട്രോ സ്റ്റേഷനിൽ നിന്ന് മൂന്നു മിനിറ്റ് മാത്രം ദൂരത്തിലുളള ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഈ ചുവന്ന തെരുവിന്റെ കഥകൾ ആരും പറയാറില്ല. പറയുന്ന കഥകളിലാവട്ടെ, ചുണ്ടു ചുവപ്പിച്ച ചിത്രങ്ങളും അവനവന്റെ സാഹസികതയുടെ നിറവുമാണ് കൂടുതലും. മണിക്കൂറിന്റെ നിരക്കുകളെക്കുറിച്ചു പറയുമ്പോഴും ആ ജീവിതങ്ങളുടെ മറുപുറത്തെക്കുറിച്ചു നിശബ്ദമാവുന്നു കൂടുതല്‍ കുറിപ്പുകളും. അതുകൊണ്ടു തന്നെ സോനാഗച്ചിയിലേക്കു എത്തിച്ചേരാനുളള വഴികൾ കൃത്യമായി അറിയില്ലായിരുന്നു. ഗൂഗിളില്‍ നിന്നുളള വിവരങ്ങൾ വച്ച് തുടങ്ങിയ അന്വേഷണം പഴകിപ്പൊളിഞ്ഞു തുടങ്ങിയ കെട്ടിടങ്ങളെ വലംവെച്ചു കൊണ്ടേയിരുന്നു. വഴിയിൽ കണ്ടവരോടും അവിടത്തെ താമസക്കാരോടും വഴി ചോദിക്കുമ്പോൾ പരിഹാസച്ചിരി കലർന്ന നോട്ടവും അറിയില്ലെന്ന തലയാട്ടലും മാത്രം. ബ്രിട്ടീഷുകാരുടെ കാലത്തു നിർമ്മിക്കപ്പെട്ട കെട്ടിടങ്ങളാണ് കൂടുതലും. ഇടുങ്ങിയ ഗലികളിലൂടെയും പൊട്ടിപ്പൊളിഞ്ഞ വാതിൽ വഴികളിലൂടെയും നടക്കുമ്പോൾ പഴയ ബംഗാളി സിനിമകളിലും കഥകളിലും വന്നു പെട്ടതുപോലെ. അവയ്ക്കിടയിലൂടെ കറങ്ങിത്തിരിഞ്ഞ് വീണ്ടും വന്നിറങ്ങിയ മെട്രോ സ്റ്റേഷന്റെ മുന്നിൽ തന്നെയെത്തി. അവസാന ശ്രമമായി ഹൈവേ മുറിച്ചു കടന്ന് എതിർ വശത്തെ സോഡാ കടക്കാരനോടു ചോദിച്ചപ്പോൾ അയാൾ ചേർന്നു കിടക്കുന്ന റോഡിലേക്ക് വിരൽ ചൂണ്ടി–‘യേ ഹെ സോനാഗചി ക്യാ ചാഹിയേ? സംശയത്തിന്റേതാണോ അതോ ഒരു കസ്റ്റമറെ തേടുന്ന ഏജന്റിന്റെതാണോ അയാളുടെ ചോദ്യമെന്ന് മനസ്സിലാവാത്തതു കൊണ്ടു നന്ദി പറഞ്ഞ് വഴിയിലേക്ക് ഇറങ്ങി.

sonagachi അതിസാഹസികമായി ഫോട്ടോ ജേർണലിസ്റ്റ് പകര്‍ത്തുന്ന, പാതിശരീരം പ്രദർശിപ്പിച്ച് ചുണ്ടു ചുവപ്പിച്ചു നിൽക്കുന്നവരുടെ ചിത്രം മാത്രമല്ല സോനാഗച്ചി. ശരീരം വളരുന്നതിനു മുന്നേ കീഴടങ്ങേണ്ടി വരുന്ന കുഞ്ഞു പെൺകുട്ടികളുടെയും, പ്രായത്തിന്റെ അതിർത്തി കടന്ന ഒറ്റപ്പെട്ടുപോയവരുടെയും ലോകമാണ്.

വീതിയുളള വഴികളാണ് സോനാഗച്ചിയിലേക്കുളളത്. റിക്ഷകളും ബൈക്കുകളും സൈക്കിളുകളും റോഡിലേക്ക് ഇറക്കി നിർത്തിയിട്ടിരിക്കുന്നു. കയറി വരുന്ന റോഡിന് ഒരു വശത്ത് കുളിക്കാനും അലക്കാനുമുളള വാട്ടർ ടാപ്പ്. അതിനു ചുവട്ടിൽ കുട്ടികളും മുതിർന്നവരും ഒരുമിച്ചു സോപ്പിൽ പതയുന്നു. കുളിച്ചതിനു ശേഷമുളള വെളളം നടപ്പാതയ്ക്ക് ഇരുവശത്തുമായി ഒഴുകുന്നുണ്ട്. ആരെയും അതൊന്നും ബാധിക്കുന്നേയില്ല. എന്നും ഇങ്ങനെയൊക്കെതന്നെയായിരിക്കണം. രണ്ടും മൂന്നും നിലകളുളള പഴകിത്തുടങ്ങിയ കെട്ടിടങ്ങളാണ് ഇരുവശത്തും. ചിലതിൽ ചുമരിന്റെ നിറം തിരിച്ചറിയാനാവാത്ത വിധം പൂപ്പൽ നിറഞ്ഞിട്ടുണ്ട്. മുകളിലെ നിലകളിൽ, പാതി ചാരിയ ജനലുകളിൽ നിന്നും കണ്ണുകൾ മാത്രം പുറത്തേക്കു കാണാം. സ്വപ്നം നരച്ച കണ്ണുകൾക്കു ചുറ്റും കൺമഷിയിട്ട നോട്ടങ്ങൾ

വേശ്യാവൃത്തി നിയമവിധേയമല്ലെങ്കിലും സോനഗച്ചി പ്രവർ ത്തിക്കുന്നത് സർക്കാരിന്റെ അറിവോടു കൂടിയാണ്. ദർബാർ മഹിളാ സമാന്‍വായ കമ്മിറ്റി (dmsc) എന്ന സംഘടനയാണ് സോനാഗചിയുടെ മേൽനോട്ടക്കാര്‍. 1992 മുതൽ ഈ സംഘടന ഇവിടത്തെ ലൈംഗിക തൊഴിലാളികളുടെ സംരക്ഷണത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പ്രവർത്തിക്കുന്നു. അവരുടെ സഹകരണമുണ്ടെങ്കിൽ മാത്രമേ സോനാഗചിയെക്കു റിച്ചു കൂടുതല്‍ അറിയാനാവൂ എന്നതുകൊണ്ട് അവരുടെ ഓഫീസിലേക്ക് തിരിച്ചു. ഒരുപാടു കെട്ടിടങ്ങളുളള സോനാഗചിയിൽ ഓഫീസ് കണ്ടു പിടിക്കുക അത്ര എളുപ്പമല്ലായിരുന്നു. ഓഫീസാണെന്നു കരുതി ആദ്യമെത്തിയതു സോനാഗചി യിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ്. dmsc യുടെ നേതൃത്വത്തിൽ നടത്തുന്ന ഈ ചെറിയ ആശുപത്രിയാണ്

ഇവിടെയുളളവരുടെ ഏക ആശ്രയം. ആശുപത്രിയുടെ ചുമരുകൾ അടര്‍ന്നു വീണു തുടങ്ങിയിരിക്കുന്നു. പനിയും തലവേദനയും മറ്റുമായി സോനാഗചിയിലെ കുറച്ച് അന്തേവാസികൾ അവിടെയുണ്ടായിരുന്നു. സാധാരണ ‘കസ്റ്റമേഴ്സൊ’ന്നും വരാത്ത ഇടമായതിനാലാവണം അവരെല്ലാം അത്ഭുതത്തോടെ നോക്കി ചിരിച്ചു. അവിടെ വച്ചാണ് ഗോപീചന്ദിനെ പരിചയ പ്പെട്ടത്. ക്ലിനിക്കിലെ സഹായിയാണ്. ഓഫീസിലേക്കുളള വഴി കാണിച്ചു മുന്നിൽ നടക്കുന്നതിനിടെ കാമറ ഉപയോഗിക്കരുതെന്ന് അയാൾ ഇടയ്ക്കിടെ ഓർമ്മപ്പെടുത്തി.

‘‘ഇവിടെ നിന്നുളള ചിത്രങ്ങള്‍ പകർത്തുന്നത് എല്ലാവർക്കും ഇഷ്ടപ്പെട്ടുകൊളളണമെന്നില്ല. ചില ഏജന്റുമാർ കാമറ തല്ലി പ്പൊളിച്ചെന്നിരിക്കും. ഒരു പക്ഷെ, ആക്രമിക്കുകയും ചെയ്യും’’ പറയുന്നത് കാര്യമാണെന്നു തെളിയിക്കാൻ പാകത്തിലായിരുന്നു ചിലരുടെ നോട്ടവും പെരുമാറ്റവും.

sonagachi-5 മുറുക്കിച്ചുവന്ന ചുണ്ടുകളുളള, സിനിമയിൽ കാണുന്ന സെക്സ് വർക്കേഴ്സിന്റെ ക്ലീഷേ ചിത്രങ്ങളല്ല; മെലിഞ്ഞുണങ്ങിയ, നിറം മങ്ങിയ വസ്ത്രങ്ങളുളള സ്ത്രീകളും ഇവിടുത്തെ യാഥാർത്ഥ്യമാണ്.

വീതിയുളള റോഡിൽ നിന്നു മാറി ഇടുങ്ങിയ വഴികളിലൂടെ നടന്ന് ഡിഎംഎസ് സിയുടെ ഓഫീസിലെത്തി. കടലാസുകെട്ടുകൾ നിറഞ്ഞ മേശക്കു ചുറ്റിലുമായി രണ്ടുമൂന്നു പേർ ഇരിക്കുന്നു. സെക്രട്ടറിയെ കാണണമെന്നു പറഞ്ഞപ്പോൾ അകത്തേക്കു വിളിച്ചു. സംഘടനയുടെ ചരിത്രവും പ്രവർത്തന വുമെല്ലാം ഓഫീസിലുളള സെക്രട്ടറി ഭാരതി ഡേ വിശദീകരിച്ചു. സോനാഗചിയുടെ മേൽനോട്ടത്തിനു ലൈംഗിക തൊഴിലാളികളുടെ ഉന്നമനത്തിനുമായി നിലകൊളളുന്നുവെന്ന് അവകാശപ്പെടുന്ന dmsc, വിദേശഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിൽ അഴിമതിയുണ്ടെന്നു വിമർശനമുണ്ടല്ലോ എന്നു ചോദിച്ചപ്പോൾ കഴിഞ്ഞ കുറേ വർഷങ്ങളായി സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചായി അവരുടെ സംസാരം.

‘‘തങ്ങളുടെ പ്രവർത്തനം കാരണം 10,000 ത്തോളം ‘തൊഴിലാളികളുളള’ ഇവിടെ hiv നിരക്കുകളില്‍ വന്‍ കുറവുണ്ടായിട്ടുണ്ട്. കുട്ടികൾക്കു വിദ്യാഭ്യാസം ലഭിക്കുന്നു, ലൈംഗികത്തൊഴി ലാളികൾക്കു കിട്ടാതിരുന്ന മാനുഷിക പരിഗണനകൾ ഒരു പരിധി വരെയെങ്കിലും കിട്ടുന്നു. അതൊന്നുമാരും കാണാത്തെതെന്താണ്?’’ അവർ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു നിർത്തി. കൂടുതൽ നേരം തെരുവുകളിലൂടെ കറങ്ങിത്തിരിയരുതെന്നും ഏജന്റുമാർക്കോ സോനാഗചിയുടെ രീതികൾക്കോ എതിരായ വിധത്തിൽ സംസാരിക്കരുതെന്നും താക്കീതുതന്ന്, മെയിൻ റോഡിലേക്കുളള വഴി കാണിച്ചു തരാൻ ഗോപീ ചന്ദിനെ കൂടെ വിട്ടു. അവസാനത്തെ ചോദ്യം അവരെ മുഷിപ്പിച്ചിട്ടുണ്ടാവണം.

സോനാഗചിയുടേതെന്നു പറ‍ഞ്ഞു പ്രചരിപ്പിക്കുന്ന ചിത്രങ്ങളും കഥകളും മാത്രമല്ല ഇവിടുത്തെ ജീവിതം. മുറുക്കിച്ചുവന്ന ചുണ്ടുകളുളള, സിനിമയിൽ കാണുന്ന സെക്സ് വർക്കേഴ്സിന്റെ ക്ലീഷേ ചിത്രങ്ങളല്ല; മെലിഞ്ഞുണങ്ങിയ, നിറം മങ്ങിയ വസ്ത്രങ്ങളുളള സ്ത്രീകളും ഇവിടുത്തെ യാഥാർത്ഥ്യമാണ്. ആരെങ്കിലും തന്നെ തിരഞ്ഞെടുക്കുമെന്ന് പ്രതീ ക്ഷിച്ചു നിൽക്കുന്ന ആ ജീവിതങ്ങളും പറഞ്ഞു മറക്കുന്ന വേശ്യാത്തെരുവിന്റെ ഭാഗമാണ്. അവനവന്റെ മുറികളോടു ചേർന്നാണ് എല്ലാവരുടെയും നിൽപ്. ഉൾവഴികളിലാണ് പ്രായം ചെന്നവർക്കു സ്ഥാനം. പ്രധാന വഴികൾ പുതുതല മുറക്കാർ കയ്യടക്കിയിരിക്കുന്നു. ഏറിയാൽ പന്ത്രണ്ടോ പതി മൂന്നോ മാത്രം വയസ്സുളള ചെറിയ പെൺകുട്ടികൾ വരെയുണ്ട് ആ കൂട്ടത്തിൽ, കടന്നു പോകുന്നവരെ തന്റെ ശരീരം കാട്ടി ആകർഷിക്കുവാനും ചിലപ്പോഴൊക്കെ കൈ കടന്നു പിടിക്കാനും അവർ ശ്രമിക്കുന്നു. ഇഷ്ടമുണ്ടായിട്ടല്ല; തന്റെ ‘ഉടമസ്ഥ ന്റെ’ നിർബന്ധത്തിനും വഴങ്ങിയും കുടുംബത്തിന്റെ പട്ടിണി മാറ്റാനും അവർ ശ്രമം തുടർന്നു കൊണ്ടേയിരിക്കുന്നു. കളിക്കൂട്ടുകാരന്റെയോ കൂട്ടുകാരിയുടെയോ കൈപിടിച്ച് ഓടേണ്ട പ്രായത്തിൽ, തന്റെ ശരീരത്തിലേക്കു അതിഥികളെ ക്ഷണിക്കേണ്ടി വരുന്ന പെൺകുട്ടിക്കാലങ്ങൾ, കണ്ണു നിറയ്ക്കുന്ന കാഴ്ചകളിൽ‌ നിന്നു മറഞ്ഞുനിൽക്കാൻ സോനാഗചിയിലെ ത്തുന്ന ആർക്കുമാവില്ല. ഇങ്ങനെ രാവിലെ മുതൽ സ്വയം വിൽക്കേണ്ടി വരുന്നവർക്ക് ഒരു ദിവസം എത്ര രൂപയുടെ വരുമാനമുണ്ടാവുമെന്ന് ഗോപീചന്ദിനോടു ചോദിച്ചു.

sonagachi-2 ‘‘ജിത് നാ അച്ഛാ ഫിഗർ ഹോഗാ, ഉത് നാ സ്യാദാ പേസാ കമായേഗാ(കാണാനുളള ‘ഫിഗർ’ എത്രത്തോളം നല്ലതാണോ, അത്രയും കൂടുതൽ പൈസ കിട്ടും)– ആ ഒരൊറ്റ മറുപടിയിൽ സോനാഗചിയുടെ രാഷ്ട്രീയം മുഴുവനുണ്ടായിരുന്നു.

‘‘ജിത് നാ അച്ഛാ ഫിഗർ ഹോഗാ, ഉത് നാ സ്യാദാ പേസാ കമായേഗാ(കാണാനുളള ‘ഫിഗർ’ എത്രത്തോളം നല്ലതാണോ, അത്രയും കൂടുതൽ പൈസ കിട്ടും)– ആ ഒരൊറ്റ മറുപടിയിൽ സോനാഗചിയുടെ രാഷ്ട്രീയം മുഴുവനുണ്ടായിരുന്നു. എല്ലുകൾക്കു ബലം കൂടുന്ന, ശരീരത്തിലെ മാംസത്തിന്റെ വളർച്ചയും ഒതുക്കവും കൈവിട്ടു പോകുന്ന കാലം വരെ മാത്രം തെരഞ്ഞെടുക്കപ്പെടുന്ന ജീവിതങ്ങളുടെ വേദന മുഴുവൻ അതിലൊതുങ്ങുന്നു.

പ്രധാന വഴിയിലെ കെട്ടിടങ്ങള്‍ക്കെല്ലാം പൊതുവിലായി ഒരു നിഗൂഢതയുണ്ട്. തീരെ ചെറിയ ജനലുകളും കയറിപോകാൻ ഇടുങ്ങിയ വരാന്തയും മാത്രം, അത്രയെളുപ്പം ആര്‍ക്കും അതിന കത്തേക്കു കടന്നു ചെല്ലാനാവില്ല. അകത്തു പോയാൽ തിരിച്ചു വരാനും. വീടുകളിൽ നിന്നും യാത്രയ്ക്കിടെ കാണാതായ പല നാട്ടിൽ നിന്നുമുളള ഒരുപാടു പെൺകുട്ടികൾ, വഴികളുടെയ റ്റത്തെ നിഗൂഢമായ അകത്തളങ്ങളിൽ കണ്ണീരു വറ്റിയുറങ്ങുന്നുണ്ടാവണം. വഴികൾ കയറിച്ചെല്ലുന്നത് സാരി കൊണ്ടു മറച്ച, ചെറിയ മുറികളിലേക്കാണെന്നു ഗോപീചന്ദ് പറഞ്ഞു. ഈ ചെറിയ മുറികൾ ലൈംഗികത്തൊഴിലാളികൾ വാടകയ്ക്ക് എടുക്കുന്നതാണത്രെ. വർഷങ്ങളായി ചില മുറികൾ മറ്റാർക്കും വിട്ടു കൊടുക്കാതെ കയ്യടക്കി നിൽക്കുന്ന ചിലരെ അയാൾ ചൂണ്ടിക്കാണിച്ചു തന്നു. വാടക സമയാസമയം കെട്ടിടത്തിന്റെ ഉടമസ്ഥന്‍ വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും അവർക്കു അവരുടെ ഇടം വിട്ടു പോവാൻ കഴിയില്ല; പുതിയൊരിടത്തേക്കു ചെന്നെ ത്തുക അത്രയെളുപ്പമല്ല– അന്നം മുട്ടും!

ആശുപത്രിയുടെ മുന്നിൽ നിന്ന ഹൈവേയിലേക്കുളള വഴിയിൽ ചെറിയ കുട്ടികൾ ഓടിക്കളിക്കുന്നു. തങ്ങളുടെ അമ്മമാരും ചേച്ചിമാരും ജീവിക്കുന്നത് എങ്ങനെയാണ് എന്നറിയാന്‍ മാത്രം വളർന്നിട്ടില്ലാത്ത ആ കുട്ടികളുടെ കളിചിരികൾ സോനാഗചിയുടെ വഴികളിലാരും ശ്രദ്ധിക്കുന്നതു കണ്ടില്ല. റോഡിലും അപ്പുറത്തുളള ചെറിയ മൈതാനത്തിലും അവർ അവരുടെ സ്വപ്ന ലോകം തീർക്കുകയാവും. ദാഹിക്കുമ്പോൾ ചാക്കിട്ടു മറച്ച കൂരകളിലേക്ക് അവർ ഓടിക്കയറിക്കൊണ്ടി രുന്നു. ഇല്ലെങ്കിൽ കുളിക്കാനും അലക്കാനും വേണ്ടി പണിതിട്ട ടാങ്കിലേക്ക് ഓടിച്ചെന്ന് തലമുക്കി.

‘‘അഭീ യെ ഹെ. കൽ ഇൻകെ ബച്ചെ ഹോംഗെ’’ (ഇന്നവരാണ് നാളെ അവരുടെ കുട്ടികൾ ഏറ്റെടുക്കും) കുട്ടികളെ നോക്കി നില്‍ക്കുന്നതു കണ്ടപ്പോൾ ഗോപീചന്ദ് യൊതൊരു ഭാവഭേദവും കൂടാതെ പറഞ്ഞു, സോനാഗചിയിലെ ജീവിതം അങ്ങനെയാണ്. അങ്ങനെ തുടർന്നു കൊണ്ടേയിരിക്കുന്നു.

പുറമേ നിന്നു നോക്കുമ്പോൾ, കെട്ടിടങ്ങളിലെ ഇരുട്ടും മങ്ങിയഇടനാഴികളുമൊഴിച്ച്, ശരീരം വിൽക്കപ്പെടുന്നിടമാണെന്ന ഒരു തോന്നലും സോനാഗചിയുണ്ടാക്കുന്നില്ല. ജീവിതം തീർത്തും സാധാരണമായി മറ്റെവിടെയും എന്നപോലെ ഇവിടെ സംഭവിക്കുന്നു. പ്രധാനപ്പെട്ട നഗരത്തിലെ റോഡുകളിലൊന്നോടു ചേർന്നു ഒരു തെരുവ്, അത്രമാത്രം. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കെട്ടിടങ്ങളും വൃത്തിഹീനമായ ഓടകളുമുണ്ടെങ്കിലും മറ്റെന്തോ ഒരു പ്രത്യേകത സോനാഗചിയിലെ തെരുവുകൾക്കുണ്ട്. പഴകിത്തുടങ്ങിയതാണെങ്കിലും ആ കെട്ടിടങ്ങളും മനുഷ്യരും കൽക്കത്തയുടെ ചരിത്രത്തിന്റെ ഭാഗമാണ്.

sonagachi-1

ക്ഷണിക്കുന്നവരോടെല്ലാം വേണ്ടെന്ന് തലയാട്ടി എല്ലായിടത്തും ശ്രദ്ധിച്ചു നടക്കുന്നത് കണ്ടിട്ടാവണം നാലഞ്ചു പേർ ചുറ്റും നടക്കാൻ തുടങ്ങി. അപരിചിതരായ അതിഥികൾക്കു ചുറ്റും സോനാഗചിയുടെ ഇങ്ങനെ ചില കാവൽക്കാരുണ്ട്. പത്രക്കാരാണോ? കാമറയുണ്ടോ? എന്താ ഉദ്ദേശം? തുടങ്ങി ബംഗാളി ഭീഷണി മണക്കുന്ന ചോദ്യങ്ങൾ ഉയർന്നു തുടങ്ങി. കേരളത്തിൽ നിന്നും വന്നതാണെന്നും റിസർച്ച് വിദ്യാർത്ഥിയാണെന്നും പറഞ്ഞ് ഒരു വിധം രക്ഷപ്പെട്ടു. റിസർചായാലും എന്തായാലും കൊളളാം പെട്ടെന്ന് കാര്യം തീർത്ത് പൊയ്ക്കൊളളണമെന്ന് പറഞ്ഞ് സംഘം പിരിഞ്ഞു.

ഇനി നിൽക്കുന്നത് അത്ര നന്നാവില്ലെന്ന തിരിച്ചറിവിൽ ഡിവൈഡർ ചാടിക്കടന്ന ഹൈവേയുടെ മറുവശത്തെത്തി. റോഡിലേക്കു മുഖം തിരിച്ചു നിൽക്കുന്ന പുതിയ കെട്ടിടങ്ങൾ ക്കിടയിലൂടെ നിന്നു സോനാഗചിയിലേക്കു നോക്കുമ്പോൾ ഉണങ്ങാനിട്ട സാരികളിലെ കടുംനിറങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു. അതിനിടയിൽ ഒളിച്ചു കളിക്കുന്ന കുട്ടികളും പാതി ചാരിയ വാതിലുകൾക്കു മുന്നിൽ ചുണ്ടിൽ ചെഞ്ചായം പൂശി ആരെയോ കാത്തിരിക്കുന്ന പെൺകുട്ടികളുമെല്ലാം മറ്റേതോ ലോകത്തിലെന്ന പോലെ മഹാനഗരത്തിൽ ഒരു റോഡിനപ്പുറം ജീവിതം തുടരുന്നു......

Your Rating: