Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവൾ പെൺപുലി, ലൈംഗിക ചൂഷണത്തിൽ നിന്നും രക്ഷിച്ചത് 17000  പെൺകുട്ടികളെ!

Bharti Singh Chauhan ഭാരതി സിങ് ചൗഹാൻ

ഭാരതി സിങ് ചൗഹാൻ, ഈ പേര് നമ്മൾക്കൊരു പക്ഷെ അപരിചതമായി തോന്നിയേക്കാം, എന്നാൽ ജയ്പൂർ സ്വദേശികളായവർക്ക് ഈ പേരത്ര അപരിചിതമല്ല. സാമൂഹികമായി ഏറെ പിന്നോക്കം നിന്ന ഒരു ജനതയ്ക്കു മുന്നിൽ പ്രത്യാശയുടെ കിരണങ്ങളുമായി എത്തിയ ഭാരതി, 17000  യുവതികളെയാണ് ലൈംഗിക ചൂഷണത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. ഒരു വിധത്തിൽ പറഞ്ഞാൽ ഭാരതി നടത്തിയ ഒറ്റയാൾ പോരാട്ടത്തിന് പിന്നിൽ, ജീവിതത്തിന്റെ പലഘട്ടങ്ങളിലും താൻ അനുഭവിച്ച യാതനകളുടെ കയ്പു നീരുണ്ട്. ഭാരതി തുടക്കമിട്ട പ്രവീൺലാതാ സംസ്‌ഥാൻ എന്ന എൻജിഒയിലൂടെ മികച്ച ജീവിതം എന്ന സ്വപ്നം യാഥാർഥ്യമാക്കിയത് പതിനായിരക്കണക്കിന് സ്ത്രീകളാണ്. ജയ്പൂർ , ബാംഗ്ലൂർ എന്നിവിടങ്ങളിലായി സ്ത്രീ ഉന്നമനത്തിനു വേണ്ടി പ്രയത്നിക്കുന്ന ഭാരതി സിങ്ങിന്റെ കഥ അറിയാതെ പോകരുത്....

സമൃദ്ധിക്ക് നടുവിൽ ജനനം 

സാമ്പത്തികമായി ഏറെ മുന്നിട്ടു നിൽക്കുന്ന വീട്ടിൽ മാതാപിതാക്കളുടെ ആദ്യ പുത്രിയായാണ് ഭാരതിയുടെ ജനനം. മാതാപിതാക്കളുടെ  വിവാഹം നടക്കുമ്പോൾ അച്ഛന് 35  വയസ്സും അമ്മയ്ക്ക് 15  വയസ്സുമായിരുന്നു പ്രായം. വിവാഹം കഴിഞ്ഞ് 15  വർഷത്തോളം അവർക്കു കുട്ടികൾ ജനിച്ചില്ല. ഇതേ തുടർന്ന് ബന്ധുവിൽ നിന്നും ഒരു കുഞ്ഞിനെ ദത്തെടുത്തു. ഭാരതിയുടെ അച്ഛന്റെ സ്വത്തുക്കൾ സ്വന്തമാക്കുക എന്നതു മാത്രമായിരുന്നു ഈ ദത്തു നൽകാലിനു പിന്നിൽ. ആ സമയത്താണ് ഭാരതിയുടെ ജനനം. അതോടെ ദത്തു നൽകിയ കുട്ടിയെ വീട്ടുകാർ തിരിച്ചു കൊണ്ടുപോയി. അതോടെ അച്ഛന്റെ കുടുംബക്കാരിൽ നിന്നുള്ള സകല പിന്തുണയും ഇല്ലാതായി. 

അതിനു ശേഷം ഒരു അനിയൻ കൂടി ജനിച്ചു. ഭാരതി നാലാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരപകടത്തെ തുടർന്ന് അനിയന് അംഗവൈകല്യം സംഭവിച്ചു. തൊട്ടടുത്ത വര്‍ഷം ഒരു അഞ്ചു നിലകെട്ടിടത്തിനു മുകളിൽ നിന്നും വീണ് അച്ഛൻ ഒരു വർഷത്തോളം കോമയിൽ കിടന്നു. പിന്നീടു ബോധം വന്നെങ്കിലും ശരീരം തളർന്നിരുന്നു. അതോടെ ബിസിനസ് പൂർണമായും തകർന്നു. ശേഷിച്ച സമ്പാദ്യം അച്ഛന്റെയും അനിയന്റെയും ചികിത്സയ്ക്കായി വിനിയോഗിക്കേണ്ടി വന്നു. താമസിയാതെ ഭാരതിയും കുടുംബവും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. അതോടെ 9ാം ക്ലാസിൽ വച്ച് ഭാരതിയുടെ പഠനം നിർത്താൻ വീട്ടുകാർ തീരുമാനിച്ചു. 

Bharti Singh Chauhan ഭാരതി തുടക്കമിട്ട പ്രവീൺലാതാ സംസ്‌ഥാൻ എന്ന എൻജിഒയിലൂടെ മികച്ച ജീവിതം എന്ന സ്വപ്നം യാഥാർഥ്യമാക്കിയത് പതിനായിരക്കണക്കിന് സ്ത്രീകളാണ്...

വിധിയോടു പോരാടി നേടിയ വിദ്യാഭ്യാസം 

എന്നാൽ പഠനം നിർത്തുന്നതിനോട് ഭാരതിക്ക് യോജിപ്പുണ്ടായിരുന്നില്ല. ഏതു വിധേനയും തനിക്കു പഠിക്കണം എന്നു ഭാരതി പറഞ്ഞു. ഇതിനായി അവൾ പല ജോലികളും ചെയ്തു. സാരിക്കു ഫാൾ വയ്ക്കുക, തയ്യൽ പണികൾ ചെയ്യുക, കുട്ടികൾക്കു ട്യൂഷൻ എടുക്കുക തുടങ്ങി പലവിധ മാര്‍ഗങ്ങളിലൂടെ ഭാരതി ജീവിക്കുന്നതിനാവശ്യമായ വരുമാനം കണ്ടെത്തി. ഇതോടൊപ്പ , അവൾ അനിയന്റെയും അച്ഛന്റെയും ചികിത്സ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. ഒടുവിൽ രാജസ്ഥാൻ സർവകലാശാലയിൽ നിന്നും കൊമേഴ്‌സിൽ ബിരുദം നേടി. അപ്പോഴേക്കും വീട്ടിലെ സ്ഥിതി വീണ്ടും മോശമായിരുന്നു. എങ്ങനെയും ഒരു ജോലി നേടണം എന്ന ആഗ്രഹം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി. 

സ്ത്രീ സുരക്ഷിതയല്ല എന്ന ആദ്യ തിരിച്ചറിവ് 

വീട്ടു ചെലവിനായി പണം കണ്ടെത്തേണ്ടി വന്നപ്പോൾ ആദ്യം ലഭിച്ച ജോലി തന്നെ ഭാരതി സ്വീകരിച്ചു. അടിവസ്ത്രങ്ങൾ വിൽക്കുന്ന ഒരു സ്ഥാപനത്തിന്റെ സെയിൽസ് വിഭാഗത്തിലായിരുന്നു ജോലി. അവിടെ നിന്നും ഭാരതിക്ക് പലവിധ ദുരനുഭവങ്ങളും ഉണ്ടായി. ഉപഭോക്താക്കളുടെയും സഹപ്രവർത്തകരുടെയും ലൈംഗികച്ചുവയുള്ള സംസാരരീതി സ്ത്രീ സുരക്ഷിതയല്ലാത്ത സമൂഹമാണ് ഇതെന്ന തിരിച്ചറിവ് ഭാരതിക്കു നൽകി. തുടർന്ന് ഒരു ബാങ്കിൽ ജോലിക്ക് കയറി. ആ കാലയളവിലാണ് ഭുവനേന്ദ്രയെ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീടു വിവാഹത്തിലെത്തി. 

ഇതിനിടക്ക് ഭാരതി രാജസ്ഥാൻ പത്രിക എന്ന പ്രമുഖ പത്രത്തിൽ ജോലിക്കു ചേർന്നു. അവിടെ നിന്നും ലഭിച്ച അനുഭവസമ്പത്ത് സമൂഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിപ്പിച്ചു. ഭാരതിയുടെ എല്ലാപ്രവർത്തനങ്ങളിലും അമ്മയും അമ്മായിയമ്മയും ആയിരുന്നു പൂർണ പിന്തുണ. ഏറെ കഷ്ടപ്പെട്ട് തന്റെ കുടുംബത്തെ ക്ലേശങ്ങളിൽ നിന്നും കരകയറ്റിയ ഭാരതി ഇനി സമൂഹത്തിനായി എന്തെങ്കിലും ചെയ്യാനുള്ള സമയമാണ് എന്നു തിരിച്ചറിഞ്ഞു. സ്ത്രീ സുരക്ഷിതയല്ലാത്ത ഈ സമൂഹത്തിൽ സ്ത്രീ സുരക്ഷാ മുൻനിർത്തി തന്നെ പോരാടുവാൻ അതിലൂടെ ഭാരതി തീരുമാനിക്കുകയായിരുന്നു. 

Bharti Singh Chauhan ന്തം കുടുംബത്തിൽ തന്നെ ലൈംഗിക ചൂഷണത്തിനു വിധേയരായി പുറത്തു പറയാൻ പോലുമാകാതെ കഴിയുന്ന നിരവധിപേരെ ഭാരതി പരിചയപ്പെട്ടു. പിന്നീടുള്ള തന്റെ പ്രവർത്തനങ്ങൾ അവർക്കായി മാറ്റി വയ്ക്കുകയായിരുന്നു ഭാരതി...

മിഷൻ ജാഗ്രതി 

രാജസ്ഥാനിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഭാരതി ആദ്യമായി നേതൃത്വം നൽകിയ സംരംഭമാണ് മിഷൻ ജാഗ്രതി. വീട്ടിലും തൊഴിലിടങ്ങളിലും സമൂഹത്തിന്റെ പലഭാഗത്തു നിന്നും പലവിധ ചൂഷണങ്ങൾ നേരിടുന്ന സ്ത്രീകളെ കണ്ടെത്തി അവരെ മാനസികമായി ഒരു കുതിപ്പിനു തയ്യാറാക്കുകയായിരുന്നു ജാഗ്രതിയുടെ ലക്ഷ്യം. ഇതിലൂടെ സ്വന്തം കുടുംബത്തിൽ തന്നെ ലൈംഗിക ചൂഷണത്തിനു വിധേയരായി പുറത്തു പറയാൻ പോലുമാകാതെ കഴിയുന്ന നിരവധിപേരെ ഭാരതി പരിചയപ്പെട്ടു. പിന്നീടുള്ള തന്റെ പ്രവർത്തനങ്ങൾ അവർക്കായി മാറ്റി വയ്ക്കുകയായിരുന്നു ഭാരതി. 

36ാം വയസ്സിൽ പൂർണമായും ഒരു സാമൂഹ്യപ്രവർത്തകയുടെ റോളിലേക്ക് ഭാരതി പരിണമിച്ചു. സമൂഹത്തിന്റെ വിവിധഭാഗങ്ങളിലായി സംഘടിപ്പിക്കപ്പെട്ട വിവിധ സ്ത്രീ ശാക്തീകരണ സെമിനാറുകളിലൂടെയും വർക്ക്ഷോപ്പുകളിലൂടെയും 17000ത്തിൽപരം സ്ത്രീകളെയാണ് ലൈംഗിക ചൂഷണത്തിൽ നിന്നും ഭാരതി രക്ഷിച്ചത്. എങ്ങനെയാണ്, സ്ത്രീ സ്വയം രക്ഷിക്കേണ്ടത് എന്ന് ഭാരതി തന്റെ ക്‌ളാസുകളിലൂടെ പെൺകുട്ടികളെ പഠിപ്പിച്ചു. 

ആർത്തവം, ആർത്തവശുചിത്വം , ആരോഗ്യം എന്നിവയ്ക്കായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച്  ക്ളാസുകളും ഭാരതി നടത്തി. പെൺകുട്ടികളിൽ വിദ്യാഭ്യാസത്തിന്റെ മൂല്യം മനസിലാക്കിക്കൊടുത്ത ഭാരതി പഠനം മുടങ്ങിയ വനിതകൾക്ക് തുടര്‍ വിദ്യാഭ്യാസത്തിനുള്ള വഴിയൊരുക്കുകയും ചെയ്തു. പ്രവീൺലാതാ സംസ്ഥാൻ എന്ന പേരിൽ പ്രസ്ഥാനത്തിന് കീഴിൽ 90 പെൺകുട്ടികളാണ് ഇപ്പോൾ ഉന്നത വിദ്യാഭയം നേടുന്നത്. ഇന്ത്യയിലെ ശക്തരായ 100  വനിതകളുടെ പട്ടികയിൽ ഉൾപ്പെട്ട ഭാരതി സിംഗ് ചൗഹാൻ , തന്റെ തുടർന്നുള്ള ജീവിതവും സ്ത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനായി മാറ്റി വയ്ക്കാനാണ് ആഗ്രഹിക്കുന്നത്. നിലവിൽ വൊഡാഫോൺ കമ്യൂണിക്കേഷൻസിൽ ഉദ്യോഗസ്ഥയാണ് ഭാരതി സിംഗ്.