Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹസ്തദാനം പേടി; ട്രംപിന്റെ ജീവിതസിനിമയിലെ വെറൈറ്റി സ്ക്രിപ്റ്റ് ഇതാ!

Donald Trump ഡോണൾ‍ഡ് ട്രംപ് ഭാര്യ മെലാനിയയ്ക്കും മകന്‍ ബാരൺ വില്യമിനുമൊപ്പം

70 എംഎം സ്ക്രീനിൽ തട്ടുപൊളിപ്പൻ രംഗങ്ങളുമായി നിറഞ്ഞോടുന്ന ബ്ലോക്ക് ബസ്റ്റർസിനിമ പോലെയാണു ഡോണൾ‍ഡ് ട്രംപിന്റെ ജീവിതം. യുഎസ് പ്രസിഡന്റാകുന്ന ഏറ്റവും നിറപ്പകിട്ടുള്ള വ്യക്തിത്വങ്ങളിലൊരാൾ. ഫാഷനും മോഡലുകളും പല നായികമാരും സിനിമയും റിയാലിറ്റി ഷോയും വൻകിട ബിസിനസുകളും തീപ്പൊരി ഡയലോഗുകളുമെല്ലാമുണ്ട് ട്രംപിന്റെ ജീവിതസിനിമയിൽ. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ പേര് വൈറ്റ്ഹൗസ് എന്നാണെങ്കിലും ട്രംപും കുടുംബവും എത്തുന്നതോടെ അത് കളർഫുൾ ഹൗസാകും.

ആദ്യകാലം: ചെറുപ്പത്തിലേ ബിസിനസുകാരൻ 1946 ജൂൺ 14നു ന്യൂയോർക്കിലെ ക്വീൻസിൽ ഡോണൾഡ് ജോൺ ട്രംപ് ജനിച്ചു. ജർമൻ–സ്കോട്ടിഷ് വേരുകളുള്ള ഫ്രഡ് സി.ട്രംപും മേരി മക്‌ലിയോഡും മാതാപിതാക്കൾ. 1968ൽ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ വാർട്ടൺ ബിസിനസ് സ്കൂളിൽനിന്നു ബിരുദം. പട്ടാളസേവനം ഒഴിവാക്കിയത് കാലിനു പ്രശ്നമുണ്ടെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി. 1971ൽ പിതാവിന്റെ റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്‌ഷൻ കമ്പനിയുടെ ചുമതല ഏറ്റെടുത്തു. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല.

Donald Trump 70 എംഎം സ്ക്രീനിൽ തട്ടുപൊളിപ്പൻ രംഗങ്ങളുമായി നിറഞ്ഞോടുന്ന ബ്ലോക്ക് ബസ്റ്റർസിനിമ പോലെയാണു ഡോണൾ‍ഡ് ട്രംപിന്റെ ജീവിതം. യുഎസ് പ്രസിഡന്റാകുന്ന ഏറ്റവും നിറപ്പകിട്ടുള്ള വ്യക്തിത്വങ്ങളിലൊരാൾ.

രാഷ്ട്രീയം: പലവഴി ചുറ്റി പ്രസിഡന്റ് പദത്തിൽ പുറംരാഷ്ട്രീയക്കാരൻ എന്നു ട്രംപിനെ വിശേഷിപ്പിക്കാം. അധികാരമോഹമുണ്ടായിരുന്നെങ്കിലും 1987 വരെ രാഷ്ട്രീയത്തിൽ കണ്ടിട്ടേയില്ല. റൊണാൾഡ് റെയ്ഗന്റെ ആരാധകനായിരുന്നു. 1988 മുതൽ മിക്ക തിരഞ്ഞെടുപ്പിലും ട്രംപിന്റെ പേരും സാധ്യതാപ്പട്ടികയിൽ വരും. ജോർജ് ബുഷിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 87ൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേർന്നു. 99ൽ റിഫോംസ് പാർട്ടിയിലേക്കു മാറി. 2000ത്തിലെ തിരഞ്ഞെടുപ്പിൽ റിഫോംസ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവുകയായിരുന്നു ലക്ഷ്യം. എന്നാൽ പ്രൈമറികൾക്കു മുൻപേ പിന്മാറി. രണ്ടുവർഷം കഴിഞ്ഞപ്പോൾ റിഫോംസ് വിട്ടു ‍ഡമോക്രാറ്റ് പാർട്ടിയിലെത്തി. 2009ൽ വീണ്ടും റിപ്പബ്ലിക്കൻ പാർട്ടിയിൽ.

വ്യക്തിജീവിതം: ആഘോഷത്തിമർപ്പ്

ടാബ്ലോയ്ഡ് പത്രങ്ങളുടെ ഹോട്ട് വിഭവമായിരുന്നു ട്രംപിന്റെ ജീവിതം എക്കാലത്തും. മൂന്നു വിവാഹങ്ങൾ. മൂന്നും മോഡലുകൾ. 1977ൽ മോഡൽ ഇവാന സെൽനിക്കോവയെ വിവാഹം കഴിച്ചു. ഈ വിവാഹത്തിൽ മൂന്നു മക്കൾ – ഡോണൾഡ് ജൂനിയർ, ഇവാങ്ക, എറിക്. 1993ൽ 47–ാം വയസ്സിൽ മുപ്പതുകാരി മോഡൽ മാർല മേപ്പിൾസിനെ മിന്നുകെട്ടി. വിവാഹത്തിനു മുൻപു മാർലയിലുള്ള മകളാണു ടിഫാനി. 2005ൽ വിവാഹം ചെയ്ത മോഡൽ മെലാനിയ ആണ് ഇപ്പോഴത്തെ ഭാര്യ. വിവാഹം നടക്കുമ്പോൾ മെലാനിയക്കു പ്രായം 35, ട്രംപിന് 59. ഈ ബന്ധത്തിലെ മകൻ ബാരൺ വില്യം.

Donald Trump ഡോണൾ‍ഡ് ട്രംപ് കുടുംബത്തിനൊപ്പം

വിചിത്ര രീതികൾ: എങ്ങനെ കൈകൊടുക്കും?

ജീവിതം ആഘോഷിക്കുന്നയാളാണെങ്കിലും ട്രംപിനെക്കുറിച്ചുള്ള ഈ വിവരം കേട്ടാൽ പലരും ഞെട്ടും – കക്ഷി മദ്യപിക്കില്ല! ഹസ്തദാനത്തെ ഭയക്കുന്ന ആളാണു ട്രംപ് എന്നതും കൗതുകകരം – ജേമോഫോബിയ എന്ന അവസ്ഥയാണിത്. ഹസ്തദാനം ചെയ്യുന്നതാണ് അമേരിക്കൻ സമൂഹത്തിന്റെ വലിയ ശാപങ്ങളിലൊന്ന് എന്നു ട്രംപ് ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഒരുവർഷം 6.5 ലക്ഷം തവണ ഹസ്തദാനം ചെയ്യേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്. ട്രംപ് കുടുങ്ങുക തന്നെ ചെയ്യും! മുടിയും പല്ലുമൊക്കെ ട്രംപിന്റെ വലിയ ദൗർബല്യങ്ങളാണ്. പതിവായും കൃത്യമായും ദന്തഡോക്ടറുടെ അടുത്തെത്തുമത്രേ ട്രംപ്!

ബിസിനസ്: വൈറ്റ്ഹൗസിലെ വലിയ മുതലാളി

യുഎസ് പ്രസിഡന്റാകുന്ന ഏറ്റവും ധനികനായ വ്യക്തിയാണു ട്രംപ്. ആസ്തി 450 കോടി ഡോളർ (ഏകദേശം 30,000 കോടി ഇന്ത്യൻ രൂപ). ആദ്യ പ്രസിഡന്റ് ജോർജ് വാഷിങ്ടന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോഡ് എന്നറിയുമ്പോൾ മനസ്സിലാകും ട്രംപിന്റെ സ്വത്തിന്റെ വലുപ്പം. ഫോബ്സ് മാസികയുടെ പുതിയ കണക്കുപ്രകാരം ലോകത്തെ ഏറ്റവും ധനികനായ 324–ാമത്തെ വ്യക്തിയാണു ട്രംപ്. അമേരിക്കയിൽ 156–ാമനും.

Donald Trump ട്രംപിന്റെ മക്കൾ ഡോണൾഡ് ജൂനിയർ,എറിക്, ബാരൺ വില്യം എന്നിവർ

റിയൽ എസ്റ്റേറ്റ് മേഖലയിലെ പുലിമുരുകൻ. ട്രംപ് ഓർഗനൈസേഷന്റെ ചെയർമാനും പ്രസിഡന്റും. എല്ലാ ബിസിനസുകളും ഈ കമ്പനിയുടെ പേരിലാണ്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുംമുൻപ് ഈ സ്ഥാനമൊഴിയുമെന്നു ട്രംപ് പറഞ്ഞിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാസിനോകളും റിസോർട്ടുകളും ഗോൾഫ് കോഴ്സുകളും. 1883ൽ മാൻഹട്ടനിൽ ട്രംപ് ടവർ തുറന്നു. ഇതു വളരെപ്പെട്ടെന്നു ടൂറിസ്റ്റ് ആകർഷണ കേന്ദ്രമായി. 1989ൽ തുടങ്ങിയ ആഭ്യന്തര ആ‍ഡംബര വിമാന സർവീസ് ‘ട്രംപ് ഷട്ടിൽ’ മൂന്നുവർഷം പറന്നു. പിന്നെ വിറ്റു. 91ൽ അറ്റ്ലാന്റിക് സിറ്റിയിൽ തുടങ്ങിയ കാസിനോയുടെ പേരു ട്രംപ് താജ്മഹൽ എന്നായിരുന്നു – നമ്മുടെ താജ്മഹൽ തന്നെ പ്രചോദനം.

1994ൽ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ സഹ ഉടമയായി. 2005ൽ തന്റെ മൂന്നു സ്ഥലങ്ങൾ ട്രംപ് വിറ്റപ്പോൾ അതു ന്യൂയോർക്ക് നഗരചരിത്രത്തിലെ ഏറ്റവും വലിയ വസ്തുവിൽപനയായിരുന്നു. മുംബൈയിലും പൂണെയിലുമുള്ള ട്രംപ് ടവറുകളാണ് ഇന്ത്യയിലെ ട്രംപിന്റെ ബിസിനസ് സംരംഭങ്ങൾ. ഇന്ത്യൻ പങ്കാളികളുമായി ചേർന്നാണ് ഇവ. ബിസിനസിൽ വലിയ പരാജയങ്ങളും ട്രംപിനുണ്ടായിട്ടുണ്ട്. പല സ്ഥാപനങ്ങളും പാപ്പരായി. നികുതിവിവരങ്ങൾ പുറത്തുവിടാത്തതും നികുതിവെട്ടിപ്പ് ആരോപണങ്ങളും തിരഞ്ഞെടുപ്പു കാലത്തു വലിയ വിവാദമായി.

Donald Trump ട്രംപിന്റെ മക്കൾ ഇവാങ്കയും ടിഫാനിയും

ബ്രാൻഡ് ട്രംപ്: എന്റെ പേര്, എന്റെ മുഖം

സഞ്ചരിക്കുന്ന ബ്രാൻഡാണു ട്രംപ്. മിനറൽ വാട്ടർ മുതൽ യൂണിവേഴ്സിറ്റി വരെ, മദ്യം മുതൽ വിമാനക്കമ്പനി വരെ, പെർഫ്യൂം മുതൽ കാസിനോകൾ വരെ... ട്രംപ് കൈവയ്ക്കാത്ത ബിസിനസുകളില്ല! സ്വന്തം ബിസിനസ് സംരംഭങ്ങൾക്കും ഉൽപന്നങ്ങൾക്കും തന്റെ തന്നെ പേരിടുന്നതാണു കക്ഷിയുടെ ശീലം. കഴിവതും പരസ്യങ്ങളിലും ആളുതന്നെ പ്രത്യക്ഷപ്പെടും. ട്രംപ് എന്ന പേരും ബ്രാൻഡും മാത്രമല്ല, സ്വന്തം ഫോട്ടോയ്ക്കു പോലും ട്രംപിനു പേറ്റന്റോ ലൈസൻസോ ഉണ്ട്! ഇതാ ചില ട്രംപ് ബ്രാൻഡുകൾ: ∙ ട്രംപ് വൈൻ – വർഷം 36,000 കെയ്സ് ഉൽപാദനം ∙ ട്രംപ് സ്റ്റീക്ക് – മാംസവിഭവം. ന്യൂയോർക്കിലെ ട്രംപ് ടവറിൽ കിട്ടും. വില 45 ഡോളർ ∙ ട്രംപ് ചോക്ലേറ്റ് – മൂന്നു രുചികളിൽ ചോക്ലേറ്റ്. വില 4.75 ഡോളർ ∙ ട്രംപ് നാച്വറൽ സ്പ്രിങ് വാട്ടർ – കുപ്പിവെള്ളം. നേരത്തേ ട്രംപ് ഐസ് എന്നായിരുന്നു പേര്. ലോകത്തെ ട്രംപിന്റെ എല്ലാ ഹോട്ടലുകളിലും ഈ വെള്ളം കുടിക്കാം. ∙ ട്രംപ് ഗെയിം – ബോർഡ് ഗെയിം. നമ്മുടെ കുട്ടികൾ ഇപ്പോൾ കളിക്കുന്ന മോണോപോളിയെക്കെ പോലുള്ള ഗെയിം. 1989ൽ ആണ് ഇതു പുറത്തിറങ്ങിയത്. ∙ ട്രംപ് പെർഫ്യൂമുകൾ – മൂന്നുതരം സുഗന്ധങ്ങൾ ∙ ട്രംപ് ക്രിസ്റ്റൽ – ചില്ലു പാത്രങ്ങൾ ∙ ട്രംപ് യൂണിവേഴ്സിറ്റി – ബിരുദം നൽകാത്ത, ബിസിനസിലും മറ്റും പരിശീലനം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനം. ഇടയ്ക്കു കേസുകളിലും പെട്ടു. ∙ ട്രംപ് ഷട്ടിൽ – ആഭ്യന്തര ആഡംബര വിമാന സർവീസ് 1989ൽ ആരംഭിച്ചു. മൂന്നുവർഷം പറന്നശേഷം വിൽക്കേണ്ടി വന്നു ∙ ഇതിനു പുറമേ കാസിനോകൾക്കും ഹോട്ടലുകൾക്കും ഗോൾഫ് കോഴ്സുകൾക്കും ഒക്കെ ട്രംപിന്റെ തന്നെ പേരാണ്.

Donald Trump 1993ൽ 47–ാം വയസ്സിൽ ട്രംപ് മുപ്പതുകാരി മോഡൽ മാർല മേപ്പിൾസിനെ മിന്നുകെട്ടി

ഗ്ലാമർ: ട്രംപ് നെവർ സ്ലീപ്സ്!

ടെലിവിഷൻ റിയാലിറ്റി ഷോ മുതൽ മിസ് യൂണിവേഴ്സ് മൽസരം വരെ ഗ്ലാമർ ലോകത്തു കൈവയ്ക്കാനുള്ള ഒരവസരവും ട്രംപ് പാഴാക്കിയിട്ടില്ല. 1996ൽ മിസ് യൂണിവേഴ്സ് മൽസരം നടത്തുന്ന സ്ഥാപനം ട്രംപ് സ്വന്തമാക്കുന്നു. മിസ് ടീൻ, മിസ് യുഎസ്എ സൗന്ദര്യമൽസരങ്ങളുടെയും നടത്തിപ്പ് ഇതേ സ്ഥാപനത്തിനായിരുന്നു. പിന്നീട് ട്രംപ് മോഡൽ മാനേജ്മെന്റ് എന്ന സ്ഥാപനം തുടങ്ങി. 2004ൽ എൻബിസി ചാനലിൽ ‘ദ് അപ്രന്റിസ് പ്രീമിയർ’ എന്ന റിയാലിറ്റി ടിവി ഷോ സൂപ്പർഹിറ്റായി. ജോലി നേടാൻ മൽസരാർഥികൾ ട്രംപിനോടു മൽസരിക്കുന്നതാണു ഷോ. ‘നിങ്ങളെ പിരിച്ചുവിടുന്നു (യൂ ആർ ഫയേഡ്) എന്നതായിരുന്നു ഷോയിലെ ട്രംപിന്റെ മുഖ്യ ഡയലോഗ്.

ഒട്ടേറെ സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ച ട്രംപ് രണ്ടുതവണ എമ്മി അവാർഡ് നോമിനേഷൻ നേടിയിട്ടുണ്ട്. ഇന്ത്യയിലും വൻവിജയം നേടിയ ‘ഹോം എലോൺ’ സിനിമാ പരമ്പരയിലെ ‘ഹോം എലോൺ 2–ലോസ്റ്റ് ഇൻ ന്യൂയോർക്കി’ൽ ട്രംപ് അഭിനയിച്ചിട്ടുണ്ട്. 2010ൽ ഇറങ്ങിയ ‘വാൾസ്ട്രീറ്റ്: മണി നെവർ സ്ലീപ്സ്’ ആണ് അവസാനമിറങ്ങിയ സിനിമ. റേഡിയോയിലെ ടോക് ഷോയുടെ പേര് ‘ട്രംപ്ഡ്’ എന്നായിരുന്നു. 1983ൽ യുഎസ് ഫുട്ബോൾ ലീഗ് ടീമായ ന്യൂജഴ്സി ജനറൽസ് സ്വന്തമാക്കി. മൂന്നു സീസണേ ടീം കളിച്ചുള്ളൂ. ബാസ്കറ്റ് ബോൾ, ബേസ് ബോൾ, സൈക്ലിങ്, ഗുസ്തി തുടങ്ങിയ കായിക ഇനങ്ങളുടെ സംഘാടനത്തിലും കൈവച്ചു. 1987ൽ പ്രസിദ്ധീകരിച്ച ആത്മകഥ ‘ആർട്ട് ഓഫ് ദ് ഡീൽ’ ഒരു വർഷത്തോളം യുഎസിലെ ബെസ്റ്റ് സെല്ലർ പട്ടികയിലുണ്ടായിരുന്നു.

Donald Trump 1977ൽ ട്രംപ് മോഡൽ ഇവാന സെൽനിക്കോവയെ വിവാഹം കഴിച്ചു.

മൂന്നു വിവാഹം കഴിച്ച ആദ്യ പ്രസിഡന്റ്!

∙ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്. ജനുവരി 20നു പ്രസിഡന്റ് പദമേൽക്കുമ്പോൾ ട്രംപിനു പ്രായം 70 വയസ്സും ഏഴര മാസവുമായിരിക്കും. തകർക്കുന്നത് റൊണാൾഡ് റെയ്ഗന്റെ റെക്കോർഡ്. 1981ൽ റെയ്ഗൻ അധികാരമേൽക്കുമ്പോൾ 69 വയസ്സും 11 മാസവും 16 ദിവസവുമായിരുന്നു പ്രായം.

∙ പ്രസിഡന്റാകുന്ന ആദ്യ സ്വയംപ്രഖ്യാപിത ശതകോടീശ്വരൻ

∙ 1909–1913ൽ പ്രസിഡന്റായ വില്യം എച്ച്.ടാഫ്റ്റിനു ശേഷം പ്രസിഡന്റാകുന്ന മദ്യപിക്കാത്ത ആദ്യയാൾ

∙ രാഷ്ട്രീയാധികാര–സൈനികസേവന അനുഭവമില്ലാത്ത ആദ്യത്തെ പ്രസിഡന്റ്

∙ മൂന്നു വിവാഹം കഴിച്ച ആദ്യ പ്രസിഡന്റ്. (ആറു പ്രസിഡന്റുമാർ രണ്ടു വിവാഹം കഴിച്ചവരാണ്).
 

Your Rating: