Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരയ്ക്കു താഴെ തളര്‍ന്നു, എന്നിട്ടും സിദ്ധു പോരാടിയത് നമുക്കു വേണ്ടി

Sidhu ഹര്‍മന്‍ സിങ് സിദ്ധു

ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു സുപ്രീം കോടതി ഹൈവേകളിലെ മദ്യവില്‍പ്പനശാലകള്‍ നിരോധിച്ച് ഉത്തരവിറക്കിയത്. ഹൈവേകളില്‍ വര്‍ധിച്ചുവരുന്ന വാഹന അപകടങ്ങളില്‍ മദ്യത്തിനുള്ള പങ്കുകണക്കിലെടുത്തായിരുന്നു ഇത്തരമൊരു നീക്കം. എന്നാല്‍ ഇതിനു വേണ്ടി പോരാടിയ ഒരു മനുഷ്യനുണ്ട്, രണ്ടു കാലുകള്‍ക്കും ചലനശേഷിയില്ലാതെ, വീല്‍ ചെയറില്‍ ഇരുന്ന് ഹൈവേകളിലെ മദ്യശാലകള്‍ക്കെതിരെ കോടതിയെ സമീപിച്ച, റോഡപകടങ്ങള്‍ കുറയ്ക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്ന ഒരാള്‍, പേര് ഹര്‍മന്‍ സിങ് സിദ്ധു.

സിദ്ധുവിന് 26 വയസ്സുള്ളപ്പോള്‍, 1996ല്‍ ഒരു വിനോദയാത്രയ്ക്കിടെ ആയിരുന്നു ആ ദുരന്തം സംഭവിച്ചത്. സിദ്ദുവും മൂന്നു കൂട്ടുകാരും ഹിമാചല്‍ പ്രദേശിലെ തടാകങ്ങള്‍ സന്ദര്‍ശിച്ച് ഛണ്ഡീഗഡിലേക്ക് തിരിച്ചുവരുകയായിരുന്നു. വന്യമൃഗങ്ങളെ കാണാമെന്ന പ്രതീക്ഷയില്‍ മെയിൻ റോഡില്‍ നിന്നു മാറി, ചെറിയ റോഡുകളിലൂടെയാണ് അവര്‍ വണ്ടി ഓടിച്ചത്. കുന്നിനു സമാനമായ റോഡിലൂടെ ഇറങ്ങുമ്പോള്‍ പെട്ടെന്നായിരുന്നു അവരുടെ കാര്‍ സ്‌കിഡ് ആയി നിയന്ത്രണം വിട്ടു മറിഞ്ഞത്. 

മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍. സുഹൃത്തുക്കള്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടെങ്കിലും സിദ്ധുവിന്റെ നട്ടെല്ലിന് ക്ഷതമേറ്റു. അരയ്ക്ക് താഴെ ശരീരം മരവിച്ചുപോയി. കാലുകള്‍ക്കു ചലനശേഷി നഷ്ടപ്പെട്ട സിദ്ധുവിന്റെ പിന്നീടുള്ള ജീവിതം വീല്‍ ചെയറിലായിരുന്നു. റോഡപകടങ്ങള്‍ എന്ന വലിയ ദുരന്തത്തെക്കുറിച്ച് സിദ്ധു കൂടുതല്‍ മനസിലാക്കിയത് അതിനു ശേഷമായിരുന്നു. 

തന്റെ ചുറ്റുപാടുമുള്ളവരിലേക്ക് അയാള്‍ റോഡപടകങ്ങളെക്കുറിച്ച് അവബോധം ജനിപ്പിക്കുന്ന സന്ദേശങ്ങള്‍ നല്‍കാന്‍ തുടങ്ങി. നിരവധി കാംപെയ്‌നുകള്‍ തുടങ്ങി റോഡ് സുരക്ഷയെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കി. അമിതാഭ് സിങ് എന്ന പൊലീസുകാരനാണ് തന്റെ മനോഭാവത്തില്‍ മാറ്റംവരുത്തിയതെന്ന് സിദ്ധു പറയുന്നു. സിങിന്റെ നിര്‍ദേശമനുസരിച്ചാണ് ട്രാഫിക് അവബോധത്തിനായി ഒരു വെബ്‌സൈറ്റ് തുടങ്ങാന്‍ സിദ്ധു തയ്യാറായത്. 

സുരക്ഷിത, ഉത്തരവാദിത്ത ഡ്രൈവിംഗ് കാംപെയ്‌നുകള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റ് വന്‍ഹിറ്റായെന്ന് സിദ്ധു പറയുന്നു. ഇതിനു തൊട്ടുപിന്നാലെ അറൈവ് സേഫ് എന്ന സന്നദ്ധ സംഘടനയും സിദ്ധു രൂപീകരിച്ചു. റോഡ് സുരക്ഷയ്ക്കായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുമായും ഐക്യരാഷ്ട്രസഭയുമായും അയാള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. 

ഇന്ത്യന്‍ റോഡുകളില്‍ നാലു മിനിറ്റില്‍ ഒരാള്‍ മരിച്ചുവീഴുന്നുവെന്ന ഭയാനകമായ കണക്കായിരുന്നു അരയ്ക്കു കീഴ്‌പ്പോട്ട് മരവിച്ചുപോയ സിദ്ധുവിനെ അനന്യസാധാരണമായി ഇതെല്ലാം ചെയ്യാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം 1,46,133 പേരാണ് റോഡപകടങ്ങളില്‍ രാജ്യത്ത് മരിച്ചത്. ഇത് റോഡപകടങ്ങളും മദ്യപാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കാന്‍ സിദ്ധുവിനെ പ്രേരിപ്പിച്ചു. ദേശീയപാതയോരങ്ങളിലെ മദ്യവില്‍പ്പനശാലകളെക്കുറിച്ച് പഠനം നടത്തിയ സിദ്ധു വിവരാവകാശനിയമപ്രകാരം നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ നിന്നും എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും പരമാവധി വിവരങ്ങള്‍ ശേഖരിച്ചു.

പനിപത്-ജലന്തര്‍ നാഷണല്‍ ഹൈവെ 1ല്‍ 291 കിലോമീറ്ററിനിടെ 185 മദ്യവില്‍പ്പനശാലകളുണ്ടെന്നത് അയാളെ ഞെട്ടിച്ചു. അതായത് 1.5 കി.മീ കൂടുമ്പോള്‍ ഒരു മദ്യവില്‍പ്പനശാല. ഇതോടുകൂടി ദേശീയപാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ പൂട്ടിക്കാനായി സിദ്ധുവിന്റെ പോരാട്ടം. 

ആക്‌സിഡന്റ് കാപ്പിറ്റല്‍ ഓഫ് ദി വേള്‍ഡ് എന്ന നിലയിലേക്ക് ഇന്ത്യ മാറുന്നുവെന്ന് കാട്ടി തെരുവുകളോളം പ്രചരണം നടത്തിയ അദ്ദേഹത്തിന്റെ മുന്നേറ്റത്തിനുള്ള അംഗീകാരം കൂടി ആയിരുന്നു ഡിസംബറില്‍ ദേശീയപാതയോരത്ത് മദ്യശാലകള്‍ വിലക്കിയുള്ള സുപ്രീം കോടതി വിധി.