Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനെ കൊന്നവരെ അവൾ കുടുക്കി 31 വർഷങ്ങൾക്ക് ശേഷം!

kinjal-singh കിഞ്ചല്‍ സിങ്

രണ്ടര വയസ്സ് മാത്രം പ്രായമുള്ളപ്പോൾ, പോലീസ് സൂപ്രണ്ടായ അച്ഛൻ െകാല ചെയ്യപ്പെടുക, പിന്നീട് അദ്ദേഹത്തിന്റെ കൊലപാതകികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനായി 'അമ്മ അഹോരാത്രം പോരാടുന്നതിനു സാക്ഷിയാകുക, കൂട്ടിന് ഒരു വയസുകാരി അനുജത്തിയും. ഐഎഎസ് ഓഫീസറായ കിഞ്ചൽ സിങിന്റെ കഥ ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്. അച്ഛന്റെ ഘാതകരെ കണ്ടെത്താൻ 'അമ്മ നടത്തിയ പോരാട്ടങ്ങൾക്ക് സാക്ഷിയായ ആ കുട്ടിക്ക്, അച്ഛനോടുള്ള ആദരസൂചകമായി ഐ എ എസിൽ കുറഞ്ഞ ലക്ഷ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഒടുവിൽ നീണ്ട 31  വർഷങ്ങൾക്ക് ശേഷം തന്റെ അച്ഛന്റെ ഘാതകരെ അവൾ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു. കിഞ്ചലിന്റെ കഥ അറിയാതെ പോകരുത്...

രാജ്യത്തിന്റെ പലഭാഗങ്ങളിലും പോലീസ് നേതൃത്വത്തിൽ തീവ്രവാദികൾക്കും മറ്റു ആക്രമികൾക്കും എതിരെ ഏറ്റുമുട്ടലുകൾ വ്യാപകമായ സമയത്താണ് കിഞ്ചലിന്റെ അച്ഛൻ കൊലചെയ്യപ്പെടുന്നത്. എന്നാൽ അത്, പൊലീസ് വകുപ്പിലെ ചില ഉന്നതർ നേതൃത്വം നൽകിയ വ്യാജ ഏറ്റുമുട്ടൽ ആയിരുന്നു എന്നും അതിന്റെ ഏക ഉദ്ദേശം സത്യസന്ധനായ പോലീസ് ഓഫീസറായിരുന്ന ഡിഎസ്പി കെപി സിങ് എന്ന കിഞ്ചലിന്റെ പിതാവിന്റെ കൊലപാതകം ആയിരുന്നു എന്നറിയാൻ അല്‍പം വൈകിപ്പോയി. 

35 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇത്തരത്തിൽ  വ്യാജ ഏറ്റുമുട്ടല്‍ ഉത്തര്‍പ്രദേശിലെ ഗോന്‍ഡ ജില്ലയിൽ നടന്നത്. ആ ഏറ്റുമുട്ടലില്‍ 13 ആള്‍ക്കാരുടെ ജീവനാണ് നഷ്ടമായത്. അഴിമതി, കൈക്കൂലി കേസുകള്‍ ചുമത്തപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു സിങിന്റെ മേലുദ്യോഗസ്ഥനായ സരോജ്. താന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ സത്യസന്ധനായ സിങ് വെളിച്ചത്തു കൊണ്ടുവരുമോ എന്ന സരോജിന്റെ ആശങ്കയാണ്, വ്യാജ ഏറ്റുമുട്ടൽ ആസൂത്രണം ചെയ്ത് സിങിനെ വകവരുത്താൻ സരോജിനെ പ്രേരിപ്പിച്ചത്. കുറ്റവാളികൾ ഒളിഞ്ഞിരിക്കുന്നു എന്ന വിവരം ലഭിച്ചു എന്ന വ്യാജ വാർത്ത നൽകിയായിരുന്നു ആക്രമണം. അങ്ങനെ നിരപരാധികളായ 12  ഗ്രാമവാസികളും ആക്രമണത്തിൽ മരണപ്പെട്ടു. 

സിങിന്റെ മരണത്തോടെ ഭാര്യ വിഭയും രണ്ടര വയസുകാരി മകൾ കിഞ്ചലും ഒരു വയസ് പ്രായമുള്ള മകൾ പ്രന്‍ജാലും ഒറ്റപ്പെട്ടു. എന്നിരുന്നാലും ഭർത്താവിന്റെ ഘാതകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനായി ഭാര്യ വിഭ പോരാടി. വരാണസിയിലെ ഒരു ട്രഷറിയില്‍ വിഭ ജോലി നേടിയെടുത്തു. ഭര്‍ത്താവിന്റെ മരണശേഷം നീതി നേടിയെടുക്കുന്നതിനു വേണ്ടി അവർ കോടതികൾ കയറിയിറങ്ങി. ഇതിനിടയ്ക്ക് മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകി. 

അച്ഛന്റെ മരണകാരണം കണ്ടെത്താനുള്ള ആഗ്രഹം 

കിഞ്ചലിന് രണ്ടര വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. അതിനാൽ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ രണ്ടു മക്കൾക്കും ഇല്ല. എന്നാൽ നല്ലവനായ അച്ഛന്റെ മരണകാരണവും പ്രതികളെയും കണ്ടെത്താൻ 'അമ്മ നടത്തിയ പോരാട്ടം നേരിൽ കണ്ടാണ് ഇരുവരും വളർന്നത്. അങ്ങനെ ഏതു വിധേനയും പ്രതികളെ കണ്ടെത്തണം എന്ന ആഗ്രഹം ഇരുവർക്കും ഉണ്ടായി. അച്ഛന്റെ ആഗ്രഹപ്രകാരം സിവിൽ സർവീസിന്റെ ഭാഗമാകാൻ ആ മക്കൾ ആഗ്രഹിച്ചു.

ഇതിനിടെ അമ്മയ്ക്കു കാൻസർ ബാധിച്ചത് ഇരുവരെയും മാനസികമായി തളർത്തി. 2004  ൽ വിഭ മരണപ്പെടുന്നത് വരെ അവർ തന്റെ ഭർത്താവിനായുള്ള പോരാട്ടം തുടർന്നു. അമ്മയുടെ മരണശേഷം കിഞ്ചൽ പഠനം പുനരാരംഭിച്ചു. അനുജത്തിയെയും കൂടെകൂട്ടി ഡൽഹിയിലേക്ക് പോയി സിവിൽ സർവീസിൽ ശ്രദ്ധ പതിപ്പിച്ചു. അങ്ങനെ 2007ല്‍ ഇരുവരും യുപിഎസ്‌സി എന്ന കടമ്പ കടന്നു. കിഞ്ചല്‍ 25-ാം റാങ്കും പ്രന്‍ജാല്‍ 252-ാം റാങ്കും കരസ്ഥമാക്കി.

ലക്ഷ്യം നിറവേറുന്നു 

കിഞ്ചൽ നേടിയ ഐ എ എസ് പദവിക്കു പിന്നിൽ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, തന്റെ അച്ഛന്റെ ഘാതകരെ കണ്ടെത്തണം, അമ്മയുടെയും അച്ഛന്റെയും ആത്മാവിനു ശാന്തി ലഭിക്കണം. ഐ എ എസ് നേടിയ ഉടൻ കിഞ്ചൽ ഇതിനുള്ള ഒരുക്കങ്ങൾ നടത്തി. കേസ് വീണ്ടും അന്വേഷിച്ചു. കുറ്റവാളികളായവരെ കണ്ടെത്തി. ഡിഎസ്പി സിങിന്റെ മരണത്തിനു കാരണക്കാരായ 18 കുറ്റവാളികളെയും ലക്‌നൗവിലെ സിബിഐ സ്‌പെഷല്‍ കോടതി കുറ്റക്കാരായി വിധിച്ചു. 31  വര്‍ഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ കെ പി സിങിന് നീതി ലഭിച്ചു എന്നു വേണം പറയാൻ. 2013 ലാണ് കേസിന്റെ വിധി വന്നത്. അച്ഛന്റെ ആഗ്രഹപ്രകാരം ഐ എ എസ് നേടിയ കിഞ്ചൽ ബെഹ്രൈച്ചിലെ ജില്ലാ മജിസ്‌ട്രേറ്റാണ്. അനുജത്തി പ്രന്‍ജാല്‍ സിങ് അംബാല കസ്റ്റംസിലെ അസിസ്റ്റന്റ് കമ്മീഷണറും.