Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചക്രക്കസേരയിൽ ലോകം ചുറ്റി പ്രകാശം പരത്തുന്നവൾ

Preethi Srinivasan പ്രീതി ശ്രീനിവാസൻ

കഴുത്തിന് താഴേയ്ക്കു തളർത്തിയ അപകടം തെല്ലിടർച്ചയോടെ വിവരിക്കുമ്പോഴും അവൾ പ്രസന്നവതിയാണ്. കാരണം അപകടത്തിൽപ്പെട്ടു നിരാലംബരായ അനേകർക്ക് പ്രത്യാശ പകരുന്ന ‘സോൾ ഫ്രീ’ എന്ന സന്നദ്ധ സംഘടനയുടെ അമരക്കാരിയാണ് ഇന്ന് പ്രീതി ശ്രീനിവാസൻ. തന്റെ ചലനങ്ങളെ പരിമിതപ്പെടുത്തുന്ന ചക്രക്കസേരയിലും ലോകം മുഴുവൻ സഞ്ചരിച്ച് പ്രത്യാശയുടെ സന്ദേശം പകരുന്ന അവൾ പരിമിതികളുടെ ചങ്ങലയിൽ ബന്ധിക്കപ്പെടാത്ത നമുക്കൊരു മാതൃകയാണ്.

കൊച്ചു പ്രീതിയുടെ സ്വപ്നം

കൂടെ പഠിക്കുന്ന കൂട്ടുകാരികൾ വീട്ടിലെ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ, പ്രീതി എന്നും വാചാലയായിരുന്നത് ഇഷ്ടവിനോദമായ ക്രിക്കറ്റിനെക്കുറിച്ചായിരുന്നു. നാലാം വയസ്സു മുതൽ ബാറ്റും പന്തുമായി കളിക്കാനിറങ്ങുമ്പോൾ അവളുടെ ലക്ഷ്യം ആരാധനാ താരമായ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം അലക്സാണ്ടർ റിച്ചാർഡ്സണെ പോലെയാവുകയായിരുന്നു. ക്രിക്കറ്റിൽ താല്പര്യമുള്ള കുട്ടികൾക്കായി നടത്തിയ ക്യാംപിൽ അവൾ 300 ആൺകുട്ടി കളോടൊപ്പം പരിശീലനത്തിനിറങ്ങി. ചിട്ടയായ പരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി എട്ടാം വയസ്സിൽ തമിഴ്നാട് വനിതാ ക്രിക്കറ്റ് ടീം അംഗമെന്ന സുവർണനേട്ടം കരസ്ഥമാക്കി.

Preethi Srinivasan ചിട്ടയായ പരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി എട്ടാം വയസ്സിൽ തമിഴ്നാട് വനിതാ ക്രിക്കറ്റ് ടീം അംഗമെന്ന സുവർണനേട്ടം കരസ്ഥമാക്കി.

സ്വപ്നങ്ങൾ തച്ചുടച്ച ദിനം

1998 ജൂലൈ 11 ൽ അവൾക്കു പതിനെട്ടു വയസ്സു തികഞ്ഞിരുന്നു. കൗമാരത്തിന്റെ കുസൃതികളിൽനിന്നു ജീവിത യാഥാർത്ഥ്യങ്ങളുടെ പടവുകളിലേക്കുള്ള ആദ്യ പടി. എന്നാൽ ആ ദിനം തന്റെയുള്ളിൽ കത്തിജ്വലിച്ചിരുന്ന സ്വപ്നങ്ങൾക്ക് നിറം കെടുത്തുമെന്നവൾ കരുതിയിരുന്നില്ല. ഹൃദയത്തിൽ കോറിയിട്ട ആ ദിനം തെല്ലു വ്യക്തതയോടെ ഓർത്തെടുക്കുമ്പോഴും കണ്ണിലെ നനവിൽ അവളുടെ സ്വപ്നത്തിന്റെ ആഴം പ്രതിഫലിക്കുന്നു.

പോണ്ടിച്ചേരിയിൽ കൂട്ടുകാർക്കൊപ്പം ഉല്ലാസ യാത്ര പോയതിനുശേഷം മടങ്ങിവരികയായിരുന്നു. യാത്രാമധ്യേ സുഹൃത്തിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള കടലോര കേന്ദ്രത്തിൽ സമയം ചെലവിടുകയായിരുന്നു. നല്ല നീന്തൽ താരം കൂടിയായിരുന്ന പ്രീതി ഒരു കുസൃതിക്ക് കടലിലേക്കു ചാടി. ഒരു നിമിഷത്തേക്ക് തന്റെ കാൽപാദത്തിനടിയിലുള്ള മണ്ണൂർന്നു പോകുന്നതായി അവൾക്കു തോന്നി. ഇത്തരം സന്ദർഭങ്ങളെ എങ്ങനെ നേരിടണമെന്ന മുൻപരിചയം ഉണ്ടായിരുന്നിട്ടും അതൊന്നും അന്നവളുടെ രക്ഷയ്ക്കെത്തിയില്ല. കൂട്ടുകാർ അവളെ ഒരുവിധം തീരത്തെത്തിച്ചശേഷം പോണ്ടിച്ചേരിയിലെ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെനിന്ന് ചെന്നൈയിലെ ആശുപത്രിയിലേക്ക്. പക്ഷേ അപകടം നടന്നശേഷമുള്ള ആദ്യ നാലു മണിക്കൂറിൽ ആശുപത്രികൾ കാട്ടിയ അലംഭാവം തകർത്തത് അവളുടെ ജീവിതമായിരുന്നു. ആ നാലുമണിക്കൂറിനുള്ളിൽ അവളുടെ ശരീരം കഴുത്തിനു താഴോട്ടു തളർന്നിരുന്നു.

അപകടത്തിനുശേഷം

പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തുന്നതിനായി അമേരിക്ക നടത്തിയ 'who's who?' എന്ന ലിസ്റ്റിൽ ഇടം പിടിച്ച രണ്ടു ശതമാനം ഇന്ത്യൻ വിദ്യാർഥികളുടെ കൂട്ടത്തിൽ ഒരാളായിരുന്ന പ്രീതി. ഹാജർ നിർബന്ധമായതിനാലും വീൽചെയർ കൊണ്ടുപോകാനുള്ള സൗകര്യം കെട്ടിടത്തിനില്ലാത്തതിനാലും തമിഴ്നാടിലെ മിക്ക സർവകലാശാലകളിലും പ്രവേശനം നിഷേധിക്കപ്പെട്ടു. എന്നാൽ പ്രീതിയുടെ പോരാട്ട വീര്യം തളർത്താൻ ഇൗ തടസങ്ങൾക്കൊന്നുമായില്ല. അവൾ വിദൂരപഠനത്തിലൂടെ മനഃശാസ്ത്രത്തിൽ ബിരുദം നേടി.

Preethi Srinivasan പ്രതിഭാശാലികളായ കുട്ടികളെ കണ്ടെത്തുന്നതിനായി അമേരിക്ക നടത്തിയ 'who's who?' എന്ന ലിസ്റ്റിൽ ഇടം പിടിച്ച രണ്ടു ശതമാനം ഇന്ത്യൻ വിദ്യാർഥികളുടെ കൂട്ടത്തിൽ ഒരാളായിരുന്ന പ്രീതി.

‘സോൾഫ്രീ’ എന്ന സംഘടന

തന്നെപ്പോലെ അപകടത്തിൽപ്പെട്ട് സ്വപ്നങ്ങൾ വഴിയിൽ പൊലിഞ്ഞവർക്കായി പ്രീതി ‘സോൾ ഫ്രീ’ എന്ന സന്നദ്ധ സംഘടനയാരംഭിച്ചു. ക്വാട്രിപ്ലെജിക്സ്, പാരപ്ലെജിക്സ് രോഗികളുടെ പുനരധിവാസത്തിനായി വീടുകൾ നിർമിച്ചു നൽകുകയും അവരുടെ സഹായത്തിനായി ഫിസിയോതെറപ്പിസ്റ്റുകളെ നിയമിക്കുകയും ചെയ്തു. പ്രാഥമിക കൃത്യങ്ങൾക്കു പോലും പരസഹായം ആവശ്യമായി വരുന്നവർക്ക് സ്വന്തം കഴിവുകളെ എങ്ങനെ നല്ല വരുമാന മാർഗ്ഗമാക്കാം എന്ന് പ്രീതി പറഞ്ഞു കൊടുത്തു. ചലനങ്ങൾക്കു പരിമിതിയുണ്ടെങ്കിലും മനോഹരമായ ശബ്ദം കൊണ്ട് തൊഴിൽ നേടാനുള്ള നവീന ആശയമായ ‘ത്രോട്ട് ഫോൾട്ട്’ പദ്ധതിയിലൂടെ അനേകരെ റേഡിയോ അവതാരകരായും സിനിമാ സീരിയൽ രംഗങ്ങളിൽ ശബ്ദം നൽകുന്നവരായും മാറ്റിയെടുത്തു.

പല നിമിഷങ്ങളിലും സംഘടനയുടെ പ്രവർത്തനങ്ങൾക്കു പണം വിലങ്ങുതടിയായി മാറിയെങ്കിലും മറ്റുള്ളവരുടെ മുമ്പിൽ സഹതാപം കാത്തുനിൽക്കുന്ന നിരാലംബയാകുവാൻ പ്രീതി തയ്യാറായിരുന്നില്ല. പ്രസംഗവേദികളിൽ നിന്നു ലഭിച്ച വരുമാനം സംഘടനയുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. അപകടത്തിൽ പൊലിഞ്ഞുേപായ സ്വപ്നങ്ങളെയോർത്തു വിലപിക്കാതെ ചക്രക്കസേരയിലിരുന്ന് പുതിയ ചക്രവാളങ്ങളെ കൈപ്പിടിയിലാക്കുന്ന പ്രീതിയുടെ ജീവിതം നമുക്കു മാതൃകയാണ്.