Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമുകിയെ കാണിക്കാൻ രജനീകാന്ത് സ്റ്റൈലിൽ ചാടി; കിട്ടിയത് എട്ടിന്റെ പണി!!

building കുടുങ്ങിയത് ഈ കെട്ടിടങ്ങൾക്കിടയിൽ

കാമുകിയെ ഇംപ്രസ് ചെയ്യിക്കാനായി രജനീകാന്ത് സ്റ്റൈലിൽ അടുത്ത കെട്ടിടത്തിലേക്കു ചാടിയതാണു യുവാവ്. പക്ഷേ ചാട്ടത്തിനു നീളം അത്ര പോരായിരുന്നു. ലാൻഡ് ചെയ്തത് രണ്ടുകെട്ടിടങ്ങൾക്ക് ഇടയിലുള്ള ഇടുക്കിൽ. മുറിവേറ്റു ബോധംകെട്ടു കിടന്ന കാമുകനെ രക്ഷിക്കാനായി കാമുകി പൊലീസിനെ വിളിച്ചു വരുത്തി. ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയുടെ ഭിത്തി തുരന്നാണ് രക്തത്തിൽ കുളിച്ചു കിടന്ന യുവാവിനെ പൊലീസ് രക്ഷിച്ചത്.

യുഎസിലെ പിറ്റ്സ്ബർഗിൽ കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. വഴിയിൽ കണ്ടുമുട്ടിയ പെൺകുട്ടിയുമായി യുവാവ് ബഹുനിലക്കെട്ടിടത്തിനു മുകളിൽ കയറി. പ്രണയിച്ച് അങ്ങനെ ഇരുന്നപ്പോൾ യുവാവിന് ഒരാശയം. ഒരേ പൊക്കത്തിൽ നിൽക്കുന്ന അടുത്ത ടെറസിലേക്ക് അങ്ങു ചാടിയാലോ. ചേട്ടൻ വലിയ ചാട്ടക്കാരനാണെന്നു പെണ്ണിനങ്ങു തോന്നട്ടെ. മസിലൊക്കെ പെരുപ്പിച്ച് വൺ ടൂ ത്രീ പറഞ്ഞ് യുവാവ് ഒരു ചാട്ടമങ്ങു ചാടി. അടുത്ത കെട്ടിടത്തിൽ എത്തിയുമില്ല, ഈ കെട്ടിടത്തിൽനിന്നു പുറപ്പെടുകയും ചെയ്തു എന്ന മട്ടിലായി സ്ഥിതി. കെട്ടിടങ്ങൾക്കിടയിലെ വിള്ളലിലൂടെ നേരെ താഴേക്ക്. ഭൂമിയിൽ എത്തിയാൽ വേണ്ടില്ലായിരുന്നു. കെട്ടിടങ്ങൾക്കിടയിലെ ഭിത്തിയിൽ തിരിയാൻ വയ്യാതെ പെട്ടുപോയി.

നാട്ടുകാർ അറിയുമെന്നു പേടിച്ച് പെൺകുട്ടി മാറിനിന്നില്ല. വേഗം പൊലീസിനെ വിളിച്ചു വരുത്തി. പൊലീസ് നോക്കിയപ്പോൾ രക്ഷിക്കാൻ ഒരു വഴിയേ ഉള്ളൂ. യുവാവ് തങ്ങി നിൽക്കുന്ന ഭിത്തികളിലൊന്നു തുരക്കുക. ഒരു റസ്റ്ററന്റിനായിരുന്നു ആ ‘ഭാഗ്യം’. ഭിത്തി തുരന്ന് ആളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.

എന്തായാലും പണികിട്ടിയതു റസ്റ്ററന്റ് ഉടമയ്ക്കാണ്. ഇരുണ്ടു വെളുത്തപ്പോൾ റസ്റ്ററന്റിന്റെ ഭിത്തി ഒന്ന് ഇല്ലെന്നായി. ഭിത്തി നിർമാണത്തിനായി റസ്റ്ററന്റ് രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ പോകുന്നു. ഇതിന്റെ ചെലവ് ആരു വഹിക്കും? ഇൻഷുറൻസ് കമ്പനി അല്ലാതാരെന്ന് ബോധം വീണപ്പോൾ കാമുകൻ.  

Your Rating: