Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിണറ്റിലല്ല, ചിലപ്പോൾ പാതാളത്തിലും ഇറങ്ങും

എം.വി.നികേഷ്‌കുമാര് എം.വി.നികേഷ്‌കുമാർ

ഇരുപത് വർഷത്തെ  മാധ്യമ പ്രവര്‍ത്തനത്തിന് ശേഷം ആഴീകോട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായി രാഷ്ട്രീയത്തില്‍ സജീവമായിരിക്കുകയാണ് എം.വി.നികേഷ്‌കുമാര്‍. ചോദ്യങ്ങൾ ചോദിച്ച് ഉത്തരം മുട്ടിച്ചുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകനില്‍ നിന്നും രാഷ്ട്രീയ നേതാവിന്റെ കുപ്പായമണിഞ്ഞ നികേഷ്കുമാർ മനോരമ ഓൺലൈനിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു.

മാധ്യമപ്രവർത്തകനായിരുന്ന സമയത്ത് സമൂഹമാധ്യമങ്ങളെ അധികം ആശ്രയിക്കാതെ ഇരുന്ന വ്യക്തി, ഇപ്പോൾ എന്തിനാണ് സമൂഹമാധ്യമങ്ങളെ കൂടുതൽ ആശ്രയിക്കുന്നത്?

എനിക്ക് മാധ്യമങ്ങളിൽ നല്ല സ്വാധീനമുള്ളയാളാണ്. ഞാൻ മാധ്യമങ്ങളെ കൂട്ടുപിടിച്ച് എതിരാളികൾക്കെതിരെ പ്രചാരണം നടത്തുമെന്ന തോന്നൽ സ്വാഭാവികമാണ്. അത് ഇല്ല എന്ന തെളിയിക്കാനാണ് ഞാൻ സമൂഹമാധ്യമങ്ങളെ ആശ്രയിക്കുന്നത്. ഇതിലൂടെ തിരഞ്ഞെടുപ്പിലെ സത്യവും സമത്വവും ഞാൻ പാലിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. എനിക്ക് പറയാനുള്ളത് പറയാനും, അതിനോട് ജനങ്ങൾക്ക് പ്രതികരിക്കാനുമുള്ള വേദി കൂടിയാണ് സമൂഹമാധ്യമത്തിലുള്ള എന്റെ പേജ്. ഞാൻ ഒരു മാധ്യമത്തിലൂടെ എനിക്ക് പറയാനുള്ളത് വളരെ കൃത്യമായി സംവദിച്ചിരുന്ന വ്യക്തിയാണ്. സ്വന്തമായി അഭിപ്രായം പറയാനുള്ള ഒരു വേദി എനിക്ക് ടെലിവിഷനിൽ ഉണ്ടായിരുന്നു. ഇന്ന് എന്റെ കാഴ്ച്ചപ്പാടുകൾ വ്യക്തമാക്കാനുള്ള ഏക മാധ്യമം സോഷ്യൽമീഡിയയാണ്.

തിരഞ്ഞെടുപ്പ് ജയിച്ചാലും തോറ്റാലും മാധ്യമപ്രവർത്തനത്തിലേക്ക് തിരികെ വരില്ല എന്നൊരു വാർത്തയുണ്ടല്ലോ. എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം?

ഞാൻ ഇപ്പോൾ ഒരു കക്ഷി രാഷ്ട്രീയത്തിലേക്ക് കടന്നുകഴിഞ്ഞു. മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇനി എന്നെ സംബന്ധിച്ച് ഒരു ഡെയ്‌ലി ഷോ ചെയ്യാൻ സാധിക്കില്ല. ഒരു മാധ്യമസ്ഥാപാനത്തിന്റെ എഡിറ്റർ ഇൻ ചീഫായി ഇരിക്കാൻ പറ്റില്ല. രാഷ്ട്രീയത്തിലിറങ്ങിയ മാധ്യമപ്രവർത്തകർ തിരികെ മാധ്യമപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടാവാ. പക്ഷെ അത് എനിക്ക് ബാധകമല്ല. എനിക്ക് ശരിയെന്ന് തോന്നുന്നതാണ് എനിക്ക് ബാധകം.

എം.വി.നികേഷ്‌കുമാർ

ഒരു മാധ്യമപ്രവർത്തകനെന്ന രീതിയിൽ പലർക്കുമെതിരെ വാർത്തകൾ നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ താങ്കൾക്കെതിരെ വാർത്തകൾ വരുമ്പോൾ പരാതി നൽകുന്നത് എന്തിനാണ്?

പരാതി നൽകുന്നത് സ്വാഭാവികമാണ്. എനിക്ക് എതിരെ വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണ്. ഞാൻ പത്രത്തിലോ ടെലിവിഷനിലോ വിളിച്ചിട്ടല്ല പരാതി ബോധിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലാണ് പരാതി നൽകിയിരിക്കുന്നത്. അത് എന്റെ അവകാശമാണ്.

വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ രാഷ്ട്രീയത്തിൽ സ്വാഭവികമല്ലേ? അതിനെ ആ രീതിയിൽ സമീപിച്ചാൽ പോരായിരുന്നോ?

എനിക്ക് എതിരെ അപവാദപ്രചരണം ഉണ്ടെങ്കിൽ അതിനെ ആ ഗൗരവത്തിൽ തന്നെ സമീപിക്കാനാണ് എന്റെ തീരുമാനം. തിരഞ്ഞെടുപ്പിൽ ചില ചട്ടങ്ങളൊക്കെയുണ്ട്. ആ ചട്ടങ്ങളുടെ ലംഘനമാണ് എനിക്കെതിരെ നടന്നിരിക്കുന്നത്. വ്യാജവാർത്തയാണ് ഇതെന്ന് എനിക്ക് മാത്രം തോന്നിയാൽപ്പോര.  പ്രവാസി കോൺഗ്രസ് എന്ന പേരിൽ എനിക്കെതിരെ പത്തോപതിനഞ്ചോ നോട്ടീസുകളാണ് ഇറക്കുന്നത്. അങ്ങനെയൊരു പാർട്ടിയോ സംഘടനയോ ഇല്ല. ഇവരുടെ പേരിൽ എതിർസ്ഥാനാർഥി അടിച്ചിറക്കുന്നതാണ് എനിക്കെതിരെയുള്ള വാർത്തകൾ.  നോട്ടീസ് അടിച്ചിറക്കിയവർക്ക് ബോധ്യമാകണം. അതിനായി ഏതറ്റം വരെയും പോകും. തിരഞ്ഞെടുപ്പോടെ നിയമനടപടികൾ അവസാനിപ്പിക്കാൻ ഞാൻ തയ്യാറല്ല.

എം.വി.നികേഷ്‌കുമാർ

പിണറായി വിജയനും വി.എസ് അചുതാനന്ദനും ഇടതുപക്ഷത്തിനുമെതിരെ വാർത്തകൾ നൽകിയിരുന്ന താങ്കൾ ഇന്ന് അവരുടെ തോളോടുചേർന്ന് പ്രവർത്തിക്കുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് ജനങ്ങൾ മാധ്യമപ്രവർത്തകൻ എന്ന രീതിയിൽ താങ്കളിൽ അർപ്പിച്ച വിശ്വാസമല്ലേ?

ഞാൻ ആർക്കും എതിരെ വാർത്തകൾ നൽകിയിട്ടില്ല. എല്ലാരാഷ്ട്രീയ സംഭവവികാസങ്ങളും ഞാൻ പ്രവർത്തിച്ച മാധ്യമത്തിലൂടെ ചർച്ച ചെയ്തിട്ടുണ്ട്. അത് സ്വാഭാവികമാണ്. അന്നും എന്റെ മനസ്സിൽ ഒരു രാഷ്ട്രീയബോധമുണ്ടായിരുന്നു. അതൊരു പൊതുരാഷ്ട്രീയമാണ്. മാധ്യമപ്രവർത്തകൻ എന്ന രീതിയിൽ അത് ചർച്ചചെയ്യേണ്ടത് അത്യാവശ്യമായിരുന്നു. ഇന്ന് ഞാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്. അവസാനം വരെ അങ്ങനെ തന്നെ നിലകൊള്ളും.

അച്ഛൻ എം.വി രാഘവന്റെ ലേബലിലാണ് നികേഷ്കുമാർ രാഷ്ട്രീയത്തിൽ ഇറങ്ങിയതന്നും പ്രചരണങ്ങളുണ്ട്. മക്കൾ രാഷ്ട്രീയത്തെ വിമർശിച്ചിരുന്നു താങ്കൾ ഈ ആരോപണത്തെ എങ്ങനെ കാണുന്നു?

എനിക്ക് സ്വയമൊരു രാഷ്ട്രീയം ഉണ്ടായിക്കൂടാ എന്നാണ് ഇപ്പോഴുള്ള പ്രചാരണം. എന്റെ അച്ഛൻ സി.പി.എമ്മിനെ വിമർശിച്ചിരുന്ന ആളാണ് എന്ന് സമ്മതിക്കുമ്പോഴും എനിക്ക് എന്റേതായ രാഷ്ട്രീയമുണ്ട്. എന്റെ ഇത്രയും കാലത്തെ ജീവിതത്തിൽ നിന്നും ഞാൻ സ്വാംശീകരിച്ചെടുത്ത ഒരു രാഷ്ട്രീയമുണ്ടാകുന്നതിൽ എന്ത് തെറ്റാണുള്ളത്? 

കുടുംബം തകർത്ത പാർട്ടിയോടൊപ്പമാണ് ചേർന്നിരിക്കുന്നതെന്നാണ് കുടുംബക്കാർ അടക്കം ആരോപിക്കുന്നത്. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

പാർട്ടി എന്റെ കുടുംബം തകർത്തിട്ടൊന്നുമില്ല. അതൊക്കെ ആരെങ്കിലും തെറ്റിധരിപ്പിക്കുന്നതാണ്.  അച്ഛന് രാഷ്ട്രീയപരമായി എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ അത് കോൺഗ്രസിൽ നിന്നാണ്. സിപിഎമുമായിട്ടുള്ള എതിർപ്പുകളെല്ലാം നേരെ നിന്നുള്ളതായിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയതുപോലും നേർക്ക് നേർ നിന്നുള്ള നടപടികളാണ്. എന്നാൽ അച്ഛനെ പിന്നിൽ നിന്ന് കുത്തിയത് ഉമ്മൻചാണ്ടിയാണ്. അച്ഛനോട് തന്നെയല്ല എല്ലാ ഘടകകക്ഷി നേതാക്കളോടുമുള്ള ഉമ്മൻചാണ്ടിയുടെ സമീപനം അങ്ങനെയായിരുന്നു. വർഗീയതയ്ക്കെതിരെ എന്നും പോരാടിയ വ്യക്തിയാണ് അച്ഛൻ. അതുകാരണം പാർട്ടിയുമായി ചില അസ്വാരസ്യങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ അവസാനകാലത്ത് പിണറായി വിജയനും കാനം രാജേന്ദ്രനുമൊക്കെ അച്ഛനെ കാണാൻ വരികയും രാഷ്ട്രീയചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്. മാനസികമായി അച്ഛനെ തളർത്തിയത് കോൺഗ്രസാണ്.

രാഷ്ട്രീയപ്രവർത്തകരുടെ പ്രഹസനങ്ങളെ പലപ്പോഴും വിമർശിച്ച വ്യക്തിയായിരുന്നു താങ്കൾ. എന്നാൽ അഴീകോട് കിണറ്റിലിറങ്ങിയത് സ്വയം ഒരു പ്രഹസനമായിരുന്നില്ലേ? 

എനിക്ക് കിണറ്റിലിറങ്ങുക എന്നുപറയുന്നത് സാധാരണ ആൾക്കാർ കിണറ്റിലിറങ്ങുക എന്ന് പറയുന്നത് പോലെയല്ല. എനിക്ക് സ്റ്റെപ്പ് ഇറങ്ങുന്നത് പോലെയാണ് കിണറ്റിലിറക്കം. ഞാൻ ഇതൊക്കെ കഴിഞ്ഞ് വന്നിട്ടുള്ള ആളാണ്. പതിനെട്ടുവയസ്സുവരെ കണ്ണൂരിൽ തന്നെയാണ് താമസിച്ചത്. ഞങ്ങളുടെ നാട്ടിലെ കിണറൊക്കെ വൃത്തിയാക്കുന്നത് ഞങ്ങൾ കൂട്ടുകാർ ചേർന്നായിരുന്നു. എനിക്ക് സ്റ്റെപ്പ് ഇറങ്ങുന്ന ലാഘവത്തോടെ കിണറ്റിലിറങ്ങാൻ സാധിക്കും. ഞാൻ തെങ്ങിൽ കയറും, ഇലക്ട്രിക്ക് പോസ്റ്റിൽ കയറും. നാട്ടിൻപുറത്തെ കുട്ടികൾ ചെയ്യുന്ന എല്ലാകാര്യങ്ങളും എനിക്ക് ചെയ്യാൻ സാധിക്കും. ഞാൻ അങ്ങനെ ആകാശാത്തു നിന്നും പൊട്ടിവീണ ആളൊന്നുമല്ല.

തൊട്ടിയും കയറുമുണ്ടായിരുന്നിട്ടും കിണറ്റിലിറങ്ങേണ്ട ആവശ്യമെന്തായിരുന്നു. ഉപ്പുവെള്ളമെന്ന പ്രശ്നത്തെ അപഗ്രഥിക്കേണ്ട ശരിയായ രീതിയായിരുന്നോ കിണറ്റിലിറക്കം?

ഞാൻ ആ കിണറ്റിന്റെ അടുത്തുചെല്ലുന്നത് പതിനൊന്ന് പതിനൊന്നര സമയത്താണ്. കിണറിന്റെ നിഴൽ കാരണം വെള്ളത്തിന്റെ നിറം കാണാൻ സാധിക്കില്ലായിരുന്നു. സ്വാഭാവികമായും ഒരു സാധനത്തിന്റെ നിറം തിരിച്ചറിയാൻ സാധിക്കില്ലെങ്കിൽ ഇറങ്ങിനോക്കില്ലേ. കിണറ്റിലിറങ്ങിയപ്പോഴേക്കും ആളുകൾ അത് സംഭവമാക്കി. ഒരു പ്രശ്നം പഠിക്കാൻ ഏത് അറ്റംവരെയും ഞാൻ പോകും. പ്രശ്നങ്ങൾ പറയുമ്പോൾ കളിയാക്കുകയല്ല വേണ്ടത് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കുകയാണ് വേണ്ടത്. അഴീക്കോട്ടുകാർക്ക് വേണ്ടി ഏത് അഭ്യാസം വേണമെങ്കിലും ഞാൻ കാണിക്കും. കിണറ്റിൽ അല്ല പാതാളത്തിൽ വേണമെങ്കിലും ഇറങ്ങും. അതിൽ എനിക്ക് ഒരു ല‍‍ജ്ജയുമില്ല.