Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ പൂച്ചക്കുഞ്ഞിനെ അവന് പെരുത്തിഷ്ടായി!

Cat ട്രക്കിനടിയിൽ ഭയന്നിരിക്കുന്ന പൂച്ച

പതിവുപോലെ ഓഫീസു കഴിഞ്ഞ് വീട്ടിലേക്കു പോകുവാൻ ഒരുങ്ങുകയായിരുന്നു അയാൾ. പോകുന്നതിനിടയിലാണ് ഓഫീസിനു സമീപത്തു പാർക്ക് ചെയ്തിരിക്കുന്ന ട്രക്കിനടിയിൽ എന്തോ ഇരിക്കുന്നുണ്ടല്ലോയെന്നു തോന്നിയത്. ഒന്നുകൂടി നോക്കി, സംഗതി തോന്നലല്ല, ഒരു കുറുമ്പനാണ് വാഹനത്തിനടിയില്‍ ഇരിക്കുന്നത്. ടയറിൽ എത്തിപ്പിടിച്ച് പേടിച്ചരണ്ട കണ്ണുകളോടെ ഉടമസ്ഥനെ നോക്കുന്ന ഒരു പൂച്ച. എന്നെ ഒന്നും ചെയ്യല്ലേ ചേട്ടാ എന്നു കാലുപിടിച്ചു പറയുകയണെന്നു തോന്നും ആ കണ്ണുകൾ കണ്ടാൽ, അത്രത്തോളം ദയനീയതയായിരുന്നു ആമിഴികളിൽ. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രമാണിത്.

ജസ്റ്റ് അനദർ ഗുഡ്ഗൈ എന്ന റെഡ്ഡിറ്റ് യൂസറാണ് ചിത്രം പങ്കുവച്ചത്. ഒറ്റനോട്ടത്തിൽ തന്നെ ആ പൂച്ചക്കുഞ്ഞിനെ പെരുത്തിഷ്ടമായെന്നു മാത്രമല്ല അതിനെ അവിടെ ഒറ്റയ്ക്കുപേക്ഷിച്ചു പോകാനും മനസില്ലായിരുന്നു. പിന്നൊന്നും നോക്കിയില്ല ആ പൂച്ചക്കുട്ടന്റെ ചിത്രമെടുത്ത് പ്രിയതമയ്ക്കയച്ചു എന്നിട്ടു ചോദിച്ചു ഞാൻ ഇവനെയും വീട്ടിലേക്കു കൊണ്ടുവന്നോട്ടെ... ഭാര്യ എന്തു പറയുമെന്നോർത്ത് വിഷമിച്ചിരിക്കുമ്പോളതാ മറുപടി വന്നിരിക്കുന്നു. ആർക്കാണ് ആ മുഖത്തോ‌ടു നോ പറയാനാവുക എന്ന്. ഭാര്യയും പൂച്ചയുടെ കണ്ണുകളിൽ മയങ്ങിയെന്നു പ്രത്യേകം പറയേണ്ടല്ലോ, ആദ്യംതന്നെ ഇരുവരും ചേർന്ന് അവനൊരു പേരിടുകയാണു ചെയ്തത്, ആക്സെൽ.

അധികം താമസിയാതെ ആക്സലിനെ ഒരു മൃഗഡോക്ടറുടെയടുക്കലേക്കു കൊണ്ടുപോയി പരിശോധിച്ചു. വെറും അഞ്ചു ആഴ്ച്ച പ്രായം മാത്രമേ ആക്സലിനുള്ളുവെന്നു ഡോക്ടർ പറഞ്ഞു. പൂച്ചക്കുഞ്ഞിനെ ഒറ്റയ്ക്കാക്കി അമ്മപ്പൂച്ച കടന്നുകളഞ്ഞതാകുമെന്നാണ് നിഗമനം. എന്തായാലും തങ്ങളുടെ വീട്ടിൽ മറ്റൊരു പൂച്ചയ്ക്കും പട്ടിക്കുമൊപ്പം ആക്സലും സുഖമായി കഴിയുന്നുണ്ടിപ്പോൾ എന്നു പറയുന്നു ആ യുവാവ്... വഴിയരികിൽ കണ്ട മൃഗത്തോടു അലിവു കാണിച്ച ആ യുവാവിനു നൽകാം ഒരു ബിഗ് സല്യൂട്ട്.