Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ജീവിതം തുടങ്ങും മുൻപ് അറിയണം ഈ 9 കാര്യങ്ങൾ

life

വിവാഹ ഒരുക്കം എന്നു പറഞ്ഞാൽ പലർക്കും ആ ഒരൊറ്റ ദിവസത്തേക്കുള്ള ഒരുക്കമാണ്. സാരി, ആഭരണം, മണ്ഡപം, സദ്യ... ഒറ്റദിവസം കൊണ്ട് എല്ലാം തീർന്നു. ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന യാത്രയ്ക്കുള്ള ഒരുക്കമാണിതെന്നു കരുതിയാൽ മാത്രമേ യാത്ര അവസാനിക്കും വരെ എങ്ങനെ അതിന്റെ രസങ്ങൾ നിലനിർത്താം എന്ന് ആലോചിക്കൂ. ഇതാ, പുതിയ ജീവിതം തുടങ്ങും മുമ്പ് ചിന്തകളിൽ, മനോഭാവങ്ങളിൽ, ശീലങ്ങളിൽ എല്ലാം കൂടുതൽ തെളിവു നൽകുന്ന ചില കണ്ണടക്കാഴ്ചകൾ...

കണ്ണട 1 : കല്യാണച്ചിന്തകൾക്ക്

പരസ്പരം ഉൾക്കൊള്ളുകയും ബഹുമാനിക്കുകയും സ്േനഹിക്കുകയും ചെയ്യുന്ന രണ്ടു വ്യക്തികൾ മാനസിക പക്വതയോടെ ഒന്നിച്ചു ജീവിതം പങ്കിടാൻ തീരുമാനിക്കുകയാണ്. തന്നോടുള്ള അതേ സ്നേഹവും ബഹുമാനവും പങ്കാളിയോടുണ്ടായാലേ അവനെയോ അവളെയോ അറിഞ്ഞു പെരുമാറാനും ഉൾക്കൊള്ളാനും സാധിക്കൂ.

വിവാഹം കഴിക്കേണ്ട വ്യക്തിയുടെ അഭിപ്രായം കൂടെ കണക്കിലെടുത്താകണം വിവാഹാലോചന തുടങ്ങേണ്ടത്. ജീവിതത്തിലുടനീളം കൂടെക്കൂട്ടേണ്ട വ്യക്തിക്കായി ഒരുങ്ങുമ്പോൾ ധൃതി വേണ്ട. മക്കളെ വിവാഹം കഴിപ്പിക്കുന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ദൗത്യം എന്നു കരുതുന്ന മാതാപിതാക്കൾ ഇന്നില്ല.

മനസ്സിലെ ആഗ്രഹങ്ങളും പ്ലാനുകളും അച്ഛനമ്മമാരുമായി പങ്കുവച്ചോളൂ. ആദ്യമായി കണ്ട്, അന്യോന്യം ഇഷ്ടമായി, വിവാഹാലോചന പുരോഗമിക്കുമെന്ന് തോന്നിയാൽ ഇഷ്ടങ്ങളും ശീലങ്ങളും സ്വപ്നങ്ങളും തുറന്നുപറയാം.

സംസാരത്തിൽ ചെറിയതെങ്കിലും പൊരുത്തക്കേടുകൾ അനുഭവപ്പെട്ടാൽ തുറന്നു സംസാരിച്ച് ഒരു തീരുമാനത്തിലെത്തണം. ചേരുന്ന ആളാണെന്ന് തോന്നിയാൽ വിവാഹം വരെയുള്ള കാലത്ത് പരസ്പരം അറിയാൻ ശ്രമിക്കാം. പ്രണയിക്കാം. ‘എനിക്ക് ഇഷ്ടമല്ലാത്ത പങ്കാളിയുടെ ശീലങ്ങൾ വിവാഹശേഷം മാറ്റിയെടുക്കാം’ എന്ന ധാരണ ശരിയല്ല. തീരെ അംഗീകരിക്കാനാകാത്ത വ്യക്തിത്വമാണ് പങ്കാളിയുടേതെന്ന് തോന്നിയാൽ ആ ആലോചന വേണ്ടെന്നു വയ്ക്കാൻ മടിക്കരുത്.

പ്രണയവിവാഹമാണെങ്കിൽ, വിവാഹശേഷം ജാതി, മതം, സാമ്പത്തികസ്ഥിതി ഇതൊക്കെ ചിലർക്കെങ്കിലും പ്രശ്നമാകാറുണ്ട്. ഒരേയോരു പരിഹാരം മാത്രം–പ്രണയകാലത്തെ നന്മയും സ്േനഹവും മാത്രം എന്നും പങ്കാളിയിൽ കാണാൻ ശ്രമിക്കുക.

marriage_life

കണ്ണട 2 : മനോഭാവത്തിന്

പൊസിറ്റീവ് ആറ്റിറ്റ്യൂഡ് നിലനിർത്തിയാൽ ബന്ധങ്ങൾ ഊഷ്മളമാകും. വിവാഹജീവിതത്തിനു തയാറെടുക്കുമ്പോൾ അത്യാവശ്യം വേണ്ട കാര്യമാണ് വിവാഹജീവിതത്തോടുള്ള പൊസിറ്റീവ് മനോഭാവം. ജീവിതാവസാനം വരെ നിലനിൽക്കേണ്ട ബന്ധമാണെന്ന് മനസ്സിലാക്കുകയും അതിനു വേണ്ടുന്ന പ്രാധാന്യം നൽകുകയും വേണം. ആത്മാർഥതയില്ലാത്ത, ക്ഷണികമായ, ഭാവപ്രകടനങ്ങൾ അത്ര തന്നെ ക്ഷണികമായ ബന്ധങ്ങളേ തിരിച്ചുതരൂ.

സ്നേഹത്തോടൊപ്പം ബോണസ്സായിക്കിട്ടുന്ന ഒന്നാണു പൊസ്സസീവ്നെസ്. ഇത് ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് ദാമ്പത്യത്തിന്റെ ആദ്യഘട്ടത്തിലാണ്. അത് ആസ്വദിച്ചനുഭവിക്കാം

വിവാഹം രണ്ടു കുടുംബങ്ങളുെട കൂടിച്ചേരൽ ആണെന്നു മനസ്സിലാക്കുക. ഭർത്താവിൽ മാത്രം ഒതുങ്ങുന്നതാകരുത് പെൺകുട്ടിയുടെ ജീവിത സ്വപ്നങ്ങൾ. താൻ എങ്ങനെ പരിഗണിക്കപ്പെടുന്നു, സ്േനഹിക്കപ്പെടുന്നു എന്നു മാത്രം ചിന്തിച്ചു കൊണ്ടിരുന്നാൽ സ്വാർഥവും ക്ഷണികവുമായ ബന്ധത്തിലേ ചെന്നെത്തൂ.

ഭർത്താവിന്റെ വീട്ടുകാരും സ്വന്തം ആളുകളാണെന്നു കരുതി പെരുമാറിയാൽ വിവാഹശേഷമുള്ള ‘െസറ്റിൽമെന്റ്’ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. ഭാര്യയുടെ കുടുംബത്തെ സ്വന്തമായിക്കാണാൻ ആൺകുട്ടികൾക്കും ഈ ടെക്നിക് പരീക്ഷിക്കാം. ഭാര്യയുടെ സ്ഥാനത്തു സ്വന്തം അമ്മയെയോ, സഹോദരിയെയോ, സുഹൃത്തിനെയോ കരുതി നോക്കൂ. ഭാര്യ എന്റെ മാത്രം സ്വത്താണെന്നും അവൾക്കു സ്വന്തമായി കരിയറും കുടുംബവും സുഹൃത്തുക്കളും പാടില്ലെന്നുമുള്ള തോന്നലുകൾ ഉണ്ടെങ്കിൽ അത് ഇങ്ങനെ ചിന്തിച്ചു നോക്കുമ്പോൾ തനിയെ ഇല്ലാതാകും.

അടുപ്പത്തോടെയിരുക്കുന്ന നിമിഷങ്ങളിൽ ആണെങ്കിലും പങ്കാളിയോടു സ്വന്തം വീട്ടുകാരുടെ കുറ്റം പറയാതിരിക്കുക. പറഞ്ഞ കാര്യങ്ങൾ അവരുടെ മനസ്സിൽ മായാെത കിടക്കും. പരസ്പരം തർക്കങ്ങൾ ഉണ്ടാകുമ്പോൾ പങ്കാളി ഇത് ആയുധമാക്കി സംസാരിച്ചാൽ ബന്ധത്തെ സാരമായി ബാധിക്കും.

ഉത്തമപങ്കാളി എന്നത് സ്വപ്നം മാത്രമാണെന്ന് തിരിച്ചറിയുക. ഒാരോരുത്തരും അവരുടെ രീതിക്കനുസരിച്ച് പങ്കാളിയെക്കുറിച്ച് സ്വപ്നങ്ങൾ മെനയും. പങ്കാളിക്കും അതുപോലെ സ്വപ്നമുണ്ടാകില്ലേ? തികച്ചും വ്യത്യസ്തമായ ഈ രണ്ടു സ്വപ്നങ്ങള‍ുടെ വിളുമ്പുകൾ ഉരസലുകളില്ലാതെ സ്വസ്ഥമായി കൂടിച്ചേരുന്നതാണു സംത‍ൃപ്ത ദാമ്പത്യം.

കണ്ണട 3 : ബന്ധങ്ങൾക്ക്

സ്നേഹത്തോടൊപ്പം ബോണസ്സായിക്കിട്ടുന്ന ഒന്നാണു പൊസ്സസീവ്നെസ്. ഇത് ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് ദാമ്പത്യത്തിന്റെ ആദ്യഘട്ടത്തിലാണ്. അത് ആസ്വദിച്ചനുഭവിക്കാം. പിന്നീട് കുട്ടികളും തിരക്കുമൊക്കെയാകുമ്പോൾ ഇതിൽ വ്യത്യാസമുണ്ടാകുമെന്നും വ്യക്തമായി മനസ്സിലാക്കുക. പങ്കാളി എന്റേത് മാത്രമാണെന്ന തോന്നലും കരുതലും സന്തോഷം തരുന്നതാണെങ്കിലും പരിധി കവിഞ്ഞാൽ ‘ബന്ധം’ ‘ബന്ധനം’ ആയി മാറും.

ഈ തിരിച്ചറിവ് ഇല്ലാതെ വരുമ്പോഴാണ് ‘പണ്ടൊക്കെ നിനക്ക് / നിങ്ങൾക്ക് എന്നോട് സ്നേഹമായിരുന്നു. ഇപ്പോൾ അതൊക്കെ പോയി...’ എന്ന പരാതി ഉയരുന്നത്. പങ്കാളിയെ അനാവശ്യമായി സംശയിക്കാൻ വരെ ചിലപ്പോൾ ഇത് ഇടയാക്കും. തന്നോടുള്ള സ്നേഹക്കുറവ് മറ്റാരോടോ ഉള്ള സ്നേഹമായി വ്യാഖ്യാനിക്കപ്പെടുന്നത് മൂലം പ്രശ്നങ്ങൾ ഉണ്ടാകുന്നതും കുറവല്ല. ഇത്തരം അസ്വാരസ്യങ്ങൾ ഒഴിവാക്കി ദാമ്പത്യം പുതുമ നിറഞ്ഞതാക്കാം. ഒാേരാ ഘട്ടത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കി മനസ്സൊരുക്കിയാൽ ദാമ്പത്യം ഇരട്ടിമധുരമുള്ളതാകും.

മുൻകാല പ്രണയത്തെക്കുറിച്ച് പങ്കാളിയോട് തുറന്നു സംസാരിക്കണോ? പലരും ഇക്കാര്യത്തിൽ കുഴങ്ങിപ്പോകും. പ്രണയ നൈരാശ്യത്തോടെ ഒരിക്കലും മറ്റൊരു വിവാഹത്തിനു തയാറാകരുത്. പഴയ ബന്ധം പൂർണമായി മറന്ന്, പുതിയൊരാളെ ഉൾക്കൊള്ളാൻ കഴിയും എന്നു വിശ്വാസം വരുമ്പോൾ മാത്രം പുതിയ ബന്ധത്തിനു തയാറെടുക്കുക.

partner

പ്രസക്തിയില്ലാത്ത പഴയ ബന്ധത്തെക്കുറിച്ച് വിസ്തരിച്ചു പറയണമെന്നില്ല. പക്ഷേ, പഴയ ബന്ധം നിലനിർത്താൻ ശ്രമിക്കില്ല എന്ന് സ്വയം തീരുമാനമെടുത്തേ തീരൂ. പങ്കാളിയെ പ്രണയിതാവുമായി താരതമ്യം ചെയ്യരുത്. ഒാേരാ വ്യക്തിയും ഒാേരാ തരത്തിൽ വ്യത്യസ്തരാണെന്നു മനസ്സിലാക്കി, ആ വ്യത്യസ്തതയെ ആത്മാർഥമായി സ്േനഹിക്കാനും ബഹുമാനിക്കാനും പഠിക്കുക.

കുടുംബത്തിനൊപ്പമുള്ള യാത്രകൾ ഇല്ലാതാകുമ്പോഴാണ് കൂട്ടുകാരും ഏകാന്തയാത്രയും കടന്നു വരുന്നത്. കുടുംബത്തിനൊപ്പം യാത്ര പോകുന്നതും കഴിയാവുന്നത്ര സമയം കുടുംബത്തിനൊപ്പം ചെലവഴിക്കുന്നതും ദാമ്പത്യ ഐക്യം വർധിപ്പിക്കും.

കണ്ണട 4 : സോഷ്യൽ ട്യൂണിങ്ങിന്

വിവാഹജീവിതത്തിന് തയാറെടുക്കുമ്പോൾ സമൂഹവുമായൊരു ട്യൂണിങ് വേണം. കല്യാണത്തിനു മുമ്പ് ഒഴിവുസമയം ഇഷ്ടപ്രകാരം ചെലവഴിക്കാം. പെട്ടെന്നൊരു ദിവസം മറ്റൊരാളുടെ ഇഷ്ടങ്ങൾ നോക്കി സമയം ചെലവഴിക്കാനും ശീലങ്ങൾ മാറ്റാനും ശ്രമിച്ചാൽ ബുദ്ധിമുട്ടാകാം. അത് മനസ്സിലാക്കി സ്വയമൊരൂ ട്യൂണിങ് നടത്താം.

സുഹൃത്തുക്കൾക്കും വാട്സ്ആപ്പിനും ഫെയ്സ്ബുക്കിനും ആവശ്യമുള്ള പ്രാധാന്യം മാത്രം െകാടുക്കാൻ നേരത്തേ തന്നെ ശീലിച്ചു തുടങ്ങാം. ഓഫിസ് പാർട്ടികൾക്കോ സിനിമയ്ക്കോ പങ്കാളിയെക്കൂടെ കൂട്ടാം. രണ്ടു പേരുടെയും കുടുംബങ്ങളിലെ വിശേഷാവസരങ്ങളിൽ ഒന്നിച്ചു പങ്കെടുക്കാൻ സമയം കണ്ടെത്തണം.

പരസ്പരം ഉള്ള സ്നേഹം അളക്കാൻ മറ്റുള്ളവരുമായി താരതമ്യം വേണ്ട. ഭർത്താവ് സഹോദരിക്കു നൽകുന്ന അതേ വാത്സല്യവും കരുതലും തന്നെ തനിക്കും നൽകണമെന്നു ഭാര്യയും ഭാര്യ സഹോദരന്റെ കാര്യത്തിൽ കാണിക്കുന്ന കരുതൽ തന്നെ തന്നോടും പുലർത്തണമെന്ന് ഭർത്താവും ശഠിക്കരുത്. താരതമ്യങ്ങൾ വേണ്ട. തിരിച്ചുകിട്ടാൻ വേണ്ടി ഒന്നും ചെയ്യാതിരിക്കുക. ആത്മാർഥ സ്േനഹത്തിലൂടെ നിങ്ങളുടെ സ്ഥാനം നേടണം. പങ്കാളിയും കുടുംബവും നിങ്ങളുടേതായിരിക്കും എന്നും.

കണ്ണട 5 : പ്രഫഷനലുകളുടെ ദാമ്പത്യത്തിന്

കരിയറിനു പ്രാധാന്യം നൽകുന്നവർ ജോലിയിൽ സെറ്റിൽ ചെയ്ത ശേഷം വിവാഹം ചെയ്യുന്നതാകും നല്ലത്. കരിയർ മാത്രം മതി എന്നു കരുതുന്നവർ വിവാഹത്തെക്കുറിച്ചു ചിന്തിക്കാതിരിക്കുന്നതിൽ തെറ്റില്ല.

പെൺകുട്ടികളുടെ കരിയർ ക്ലോക്കും ബയോളജിക്കൽ ക്ലോക്കും എതിർ ദിശയിലേക്കാണ്. വരന്റെ ജോലിയും സ്ഥലവും അനുസരിച്ച് ജോലി വേണ്ടെന്നു വയ്ക്കേണ്ടി വരാം. സ്ഥലം മാറ്റം വേണ്ടി വരാം. ഈ മാറ്റങ്ങൾക്കിടയിൽ കരിയറിൽ ഉയർന്നുവരാനുള്ള സാഹചര്യങ്ങളും സാധ്യതകളും നഷ്ടപ്പെടാം. പ്രസവവും കുഞ്ഞിനെ വളർത്തലും സമയത്ത് നടക്കാതെയും പറ്റില്ല. ആവശ്യമുള്ളപ്പോൾ മക്കൾക്കും കുടുംബത്തിനും ഭർത്താവിനും നിശ്ചിത സമയം നൽകുന്ന തരത്തിൽ പ്ലാൻ ചെയ്യാൻ കഴിയണം. പക്ഷേ, ഇതിനു ഭർത്താവിന്റേയും കുടുംബത്തിന്റേയും പരിപൂർണ പിന്തുണ വേണം.

ഭാര്യ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞാൽ അത് മനസ്സിലാക്കുക, ബഹുമാനിക്കുക, പ്രോത്സാഹിപ്പിക്കുക. കരിയർ വേണമെന്ന് ആഗ്രഹിക്കുന്ന പെൺകുട്ടികൾ ആ ൺകുട്ടികൾക്ക് അനുഗ്രഹമാണ്. എല്ലാ അർഥത്തിലും തുല്യ പങ്കാളിത്തത്തോടെ ജീവിത സ്വപ്നങ്ങൾ സ്വന്തമാക്കുന്നത് രസമുള്ള കാര്യമല്ലേ. രണ്ടുപേർക്കും ഒരുപോലെ അഭിമാനിക്കാൻ കഴിയുന്ന നേട്ടങ്ങളുടെ ചുരുക്കെഴുത്താകട്ടെ ജീവിതം.

കണ്ണട 6 : കുടുംബ ബജറ്റിന്

വിവാഹ നിശ്ചയത്തിനു ശേഷമുള്ള സംസാര വേളകളിലോ വിവാഹ ശേഷമോ കുടുംബ ബജറ്റിനെക്കുറിച്ച് പ്ലാൻ ചെയ്യാം. രണ്ടു പേർക്കും സ്വീകാര്യമായ പ്ലാൻ തയാറാക്കണം.

വിവാഹശേഷം കുടുംബ ബജറ്റിലേക്കായി കൂടുതൽ പണം വിനിയോഗിക്കേണ്ടിവരുമെന്ന് മനസ്സിലാക്കി മാനസ്സിക തയാറെടുപ്പ് നടത്തിയാൽ വിവാഹശേഷമുള്ള വരവുചെലവുകൾ ബാധ്യതയാകില്ല. പങ്കാളിയുടെ വരുമാനം കൂടി മുന്നിൽക്കണ്ട് വിവാഹത്തിനു മുമ്പേ കുടുംബ ബജറ്റ് പ്ലാൻ ചെയ്യുന്നത് ശരിയായ രീതിയല്ല. സാഹചര്യങ്ങൾക്കനുസരിച്ച് ഇരുവരും ചർച്ച ചെയ്തു തീരുമാനങ്ങൾ എ‍ടുക്കാം.

ഞാൻ പറയുന്ന കാര്യങ്ങൾ മാത്രമാണ് ശരി എന്ന ചിന്ത ആദ്യമേ തന്നെ മാറ്റിവയ്ക്കണം. രണ്ടുപേരുടെയും ആവശ്യങ്ങൾ അന്യോന്യം അറിയിച്ച്, സേവിങ്സും ബജറ്റും പ്ലാൻ ചെയ്താൽ പണം സ്നേഹവഴിയിൽ തടസ്സമാകില്ല.

life.jpg.image

കണ്ണട 7 : ശീലങ്ങൾക്ക്

എന്തിനും പരാതിയും പരിഭവവും പറയുന്ന രീതി നല്ലതല്ല. ചെറിയ കാര്യങ്ങളിൽ പോലും സംതൃപ്തിയും സന്തോഷവും ശീലിച്ചാൽ പങ്കാളിക്കും സന്തോഷമാകും. മനസ്സിലുള്ള ഇഷ്ടം പ്രകടിപ്പിക്കുക തന്നെ വേണം. ‘പ്രകടിപ്പിക്കാത്ത സ്നേഹം ക്ലാവ് പിടിച്ച ചെമ്പുനാണയം പോലെയാണെന്ന’ തത്വം മറക്കാതിരിക്കുക.

പങ്കാളി അങ്ങനെയൊരാളല്ലെങ്കിലും, ഒരുമിച്ചു കഴിയുമ്പോൾ പൊസിറ്റീവ് ആയി കാര്യങ്ങളെ കാണാനും പ്രകടിപ്പിക്കാനും പഠിച്ചോളും. ആഗ്രഹത്തിനനുസരിച്ചു പങ്കാളി പെരുമാറിയില്ലെങ്കിൽ പിണക്കമോ പരിഭവമോ അല്ല പരിഹാരം. കുറ്റപ്പെടുത്തലും പരാതിയും മടുപ്പിക്കുകയേ ഉള്ളൂ. പെട്ടെന്നുള്ള ദേഷ്യത്തിനു പങ്കാളിയെക്കുറിച്ചു മോശമായി വീട്ടുകാരോടും കൂട്ടുകാേരാടും പറയുന്നതു പിന്നീട് ദോഷം ചെയ്യും.

പങ്കാളിയുടെ വ്യക്തിത്വത്തെ മാനിച്ച്, സ്േനഹത്തോടെ സംസാരിച്ചാൽ ഏതു പ്രശ്നവും എളുപ്പം പരിഹരിക്കാം. പറഞ്ഞു തീർക്കാവുന്ന അഭിപ്രായ വ്യത്യാസങ്ങൾ, സമയമെടുത്തായാലും പറഞ്ഞുതീർക്കുന്നതു തന്നെയാണു നല്ലത്. ഇഷ്ടപ്പെടാത്ത കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ പറയേണ്ട രീതിയിൽ പറയേണ്ട സമയത്ത് കാര്യ കാരണസഹിതം പങ്കാളിയോട് പങ്കുവച്ചു നോക്കൂ. മനസ്സിലാക്കാൻ അവർക്കു കഴിയും. ഇക്കാര്യങ്ങൾ പങ്കാളിയോടല്ലാതെ മറ്റുള്ളവരോടു പങ്കുവയ്ക്കാതിരിക്കുക എന്നത് ദാമ്പത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്.

‘ൈപസ നോക്കി മാത്രമാണല്ലേ, എന്നെ വിവാഹം കഴിച്ചത്... വിവാഹശേഷം ഇഷ്ടമുള്ള ഒരു ഡ്രസ് പോലും വാങ്ങിയിട്ടില്ല...’ തുടങ്ങി ദേഷ്യം കത്തിക്കയറുമ്പോൾ എന്തും പറയുന്ന രീതി ഉണ്ടെങ്കിൽ ഭർത്താവായാലും ഭാര്യ ആയാലും ഉപേക്ഷിക്കണം. ദേഷ്യം അരമണിക്കൂർ കൊണ്ടോ ഒരു ദിവസം കഴിയുമ്പോഴോ മാറാം. പക്ഷേ, കലിയുടെ കൂട്ട് പിടിച്ച് പുറത്ത് ചാടിയ വാക്കുകളുടെ വിഷമുള്ളുകൾ ഉണ്ടാക്കുന്ന മുറിവുകൾ അത്ര വേഗം ഉണങ്ങില്ല.

യാത്രകളോടുള്ള ഇഷ്ടക്കുറവ് ഒരു ശീലമാണ്. മറ്റു ശാരീരിക ബുദ്ധിമുട്ടുകളില്ലെങ്കിൽ ഇതു മാറ്റിയെടുക്കാം. ‘‘വിവാഹശേഷം ഞാൻ നല്ല യാത്രകൾ ചെയ്തിട്ടേയില്ല. എന്റെ പങ്കാളിക്ക് യാത്ര ചെയ്യാൻ താൽപര്യമില്ല... പിന്നെന്തു ചെയ്യും?’’ ഈ വാക്കുകളിലെ നിരാശാബോധം മാറ്റിക്കൊടുക്കുന്നയാൾ തീർച്ചയായും ഒരു നല്ല പങ്കാളിയാകും. ഓരോ യാത്രയിലും ഉണ്ടാകും എന്തെങ്കിലും പുതുമകൾ. ഇങ്ങനെ പുതുമകൾ തേടിയുള്ള ചെറുസഞ്ചാരങ്ങളാണ് സംത‍‍‌ൃപ്തവും ദൈർഘ്യമേറിയതുമായ ജീവിതയാത്രയുടെ തുടിപ്പും പച്ചപ്പും.

കണ്ണട 8 : ആരോഗ്യത്തിന്

‘വിവാഹപൂർവ കൗൺസലിങ്’ പോലെ വിവാഹത്തിനു മുമ്പ് ‘വിവാഹപൂർവ ഹെൽത് ചെക്ക് അപ്’നടത്തിക്കോളൂ– ശരീരത്തിനും ആവശ്യമെങ്കിൽ മനസ്സിനും. ആരോഗ്യമുള്ള ശരീരവും മനസ്സും ദാമ്പത്യ പൊരുത്തത്തിൽ പ്രധാനമാണ്. ഗർഭധാരണത്തിനോ ഗർഭാവസ്ഥയിലോ ഉണ്ടായേക്കാവുന്ന പല പ്രശ്നങ്ങളും ഈ പരിശോധനയിലൂടെ നേരത്തേ പരിഹരിക്കാം.

ചിട്ടയായ ജീവിതം ശീലിക്കാം. ആവശ്യത്തിന് ഉറക്കവും സമയത്ത് ഭക്ഷണവും ഉണ്ടെങ്കിൽ ശരീരത്തിനും മനസ്സിനും ഉണർവു ലഭിക്കും.

പങ്കാളിയുെടയും വീട്ടുകാരുടെയും ദിനചര്യയും ഭക്ഷണതാൽപര്യവും മാറ്റാം എന്നു കരുതല്ലേ. വിവാഹം തീരുമാനിക്കുന്നതിനു മുമ്പേ വെജിറ്റേറിയൻ / നോൺവെജിറ്റേറിയൻ ഭക്ഷണ താൽപര്യങ്ങൾ മനസ്സിലാക്കി, അംഗീകരിച്ച് തീരുമാനിക്കാം. അപ്പോൾ കുടുംബജീവിതത്തിൽ ഭക്ഷണശീലം ഒരു പ്രശ്നമാകില്ല.

കണ്ണട 9 : അച്ഛനമ്മമാർക്ക്

മക്കളുടെ വിവാഹജീവിതത്തിൽ കഴിയുന്നതും ഇടപെടാതിരിക്കുക. നിങ്ങളോടുള്ള സ്േനഹവും ബഹുമാനവും എന്നും നിലനിൽക്കും. അകാരണമായോ നിസ്സാരകാര്യത്തിനോ പങ്കാളിയെ കുറ്റപ്പെടുത്തുന്നു എന്നു തോന്നിയാൽ നിരുത്സാഹപ്പെടുത്തണം. ദാമ്പത്യം അവർ ആസ്വദിച്ച് ജീവിക്കട്ടെ.

എന്റെ മകൻ / മകൾ എന്നെ വിട്ട് പോകുമെന്ന ചിന്ത അസ്ഥാനത്താണ്. നിങ്ങൾ വിവാഹിതരായ കാലം ഒാർത്താൽ ആ ചിന്ത തെറ്റാണെന്നു മനസ്സിലാകും. എത്ര വലിയവരായാലും, മക്കളുടെ മേൽ അച്ഛനമ്മമാരുടെ വാക്കുകൾക്ക് ശക്തിയുണ്ടാകും. അതുകൊണ്ട് മകന്റെയോ മകളുടെയോ പങ്കാളിയെക്കുറിച്ചു സംസാരിക്കുമ്പോൾ വാക്കുകൾ അളന്നും തൂക്കിയും തന്നെ സംസാരിക്കുക.

തെറ്റ് നേരിട്ടു കണ്ടാൽ, മരുമകളെയോ, മരുമകനെയോ കുറ്റപ്പെടുത്താതെ, നേരിട്ടു സംസാരിച്ച് അഭിപ്രായങ്ങൾ പറയുക. തെറ്റു തിരുത്താൻ അവർ ശ്രമിക്കും. പരസ്പരം മനസ്സിലാക്കിയും സ്േനഹിച്ചും പ്രോത്സാഹിപ്പിച്ചും രണ്ടു കൂട്ടുകാർ നടത്തുന്ന ഉല്ലാസയാത്രയാണു വിവാഹം. ഈ ജീവിതത്തിൽ കിട്ടിയ നല്ലകൂട്ട് സദാ കൂടെയുണ്ടാകട്ടെ. നേരുന്നു, ശുഭയാത്ര...!

നീത നടരാജ്, ഡീൻ, ഗുഡ് ഷെപ്പേഡ് ഫിനിഷിങ് സ്കൂൾ, ഊട്ടി.

Your Rating: