Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയത്തിന്റെ പഞ്ച്

mary-kom-family മേരി കോമും കുടുംബവും

‘ഒൺലറാണ് എന്റെ കുട്ടികളുടെ അമ്മ’– ഇന്ത്യൻ വനിതാ ബോക്സിങ്ങിലെ ഇതിഹാസതാരം എം.സി. മേരികോം എല്ലായ്പ്പോഴും പറയും. അമ്മയായശേഷവും ഇടിക്കൂട്ടിലിറങ്ങി മെഡലുകൾ വാരിക്കൂട്ടിയപ്പോൾ അദ്ഭുതപ്പെട്ടവരോടു മേരി പറഞ്ഞ വാക്കുകളാണിത്. നിരന്തരം മൽസരങ്ങളുമായി മേരി സ്വദേശത്തും വിദേശത്തും സഞ്ചരിച്ചപ്പോൾ അമ്മയുടെ അസാന്നിധ്യമറിയിക്കാതെ കുട്ടികളെ നോക്കി വളർത്തിയ ഭർത്താവ് ഒൺലറിനുള്ള സ്നേഹത്തിന്റെ സർട്ടിഫിക്കറ്റ്. ‘ഏതു പുരുഷന്റെ വിജയങ്ങൾക്കു പിന്നിലും ഒരു സ്ത്രീയുണ്ടാകും’ എന്ന ചൊല്ല് മേരിയുടെയും ഒൺലറിന്റെയും കാര്യത്തിൽ മറിച്ചാണ്. എതിരാളികളെ ഇടിക്കൂട്ടിൽ ഇടിച്ചിട്ട് മേരി മെഡലുകൾ നേടിയതു പോലൊരു കഥയാണ് മേരിയെ ഒൺലർ സ്വന്തമാക്കിയതും.

2000 ത്തിൽ ആണ് മേരിയും ഒൺലറും ആദ്യമായി കാണുന്നത്. ഡൽഹിയിൽ ഒരു ട്രെയിനിങ്ങിനിടെ. പരിചയക്കാർ ആരും ഇല്ലാത്തതിനാൽ അങ്കലാപ്പോടെയാണു മേരി ഡൽഹിയിൽ താമസിച്ചിരുന്നത്. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായി വിസിറ്റർ ഉണ്ടെന്നറിഞ്ഞപ്പോൾ ആകാംക്ഷയായി. ഒൺലറും അദ്ദേഹത്തിന്റെ സുഹൃത്തുമായിരുന്നു അത്. കോം റെം സ്റ്റുഡന്റ്‌സ് യൂണിയന്റെ ഡൽഹിയിലെ പ്രസിഡന്റായിരുന്നു ഒൺലർ. നിയമത്തിൽ ബിരുദവും ചെയ്യുന്നുണ്ടായിരുന്നു. യൂണിയനെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും മേരിയോട് വിവരിക്കാനാണ് ഒൺലർ വന്നത്. കുറച്ചുസമയം രണ്ടുപേരും സംസാരിച്ചു. ഒരു മുതിർന്ന സഹോദരനെപ്പോലെയാണ് ഒൺലറെ മേരി കണ്ടത്. എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നു പറഞ്ഞ് ഒൺലർ മടങ്ങി.

ക്യാംപിനിടയിലെ ഇടവേളയിൽ വീട്ടിലേക്കു മടങ്ങിയപ്പോൾ മേരി ഒൺലറെ മറന്നില്ല. തിരികെ വന്നപ്പോൾ വീട്ടിൽനിന്നു കുറച്ച് ഭക്ഷണവും ഉണക്കമീനും കൊണ്ടുവന്നു. അതിൽ കുറച്ച് ഒൺലർ താമസിക്കുന്ന മുനീർക്കയിലെ വാടക വീട്ടിലെത്തിച്ചു. ചെറിയൊരു സൗഹൃദ സമ്മാനം. രണ്ടുപേരുടെയും ബന്ധം ശരിക്കും ദൃഢമാകുന്നത് മേരി ഹിസാറിൽ താമസിക്കുമ്പോഴാണ്. മേരിയുടെ പാസ്പോർട്ട് കളഞ്ഞുപോയപ്പോൾ മണിപ്പൂരിൽ പോയി വേണ്ടകാര്യങ്ങൾ ചെയ്യാനും ഡൽഹിയിൽ പോയി അത് വാങ്ങി ഏൽപിക്കാനും ഒൺലർ ഉത്സാഹിച്ചു. അതോടെ തന്റെ മനസ്സിലേക്ക് മേരി ഒൺലർക്കു പാസ്പോർട്ട് നൽകി.

ഇഷ്ടം പെട്ടന്നാണ് പ്രണയമായി മാറിയത്. മേരിക്കത് മനസ്സിലായിരുന്നില്ല. പ്രണയം തുറന്നുപറയാൻ വേണ്ടി മേരിയെയും കൂട്ടുകാരി ജെന്നിയെയും ഒൺലർ ലഞ്ചിന് ക്ഷണിച്ചു. ഗംഭീര ഊണിനുശേഷം തമാശ പറഞ്ഞു സംസാരിച്ചെങ്കിലും ഒൺലറിനു പറയാനുള്ള ധൈര്യം കിട്ടിയില്ല. തിരിച്ച് ഹോസ്റ്ററിലെത്തിയപ്പോൾ ഒൺലർ വീണ്ടും മേരിയെ ഫോൺ ചെയ്തു. എന്തെങ്കിലും മറന്നുവച്ചോ എന്നായിരുന്നു മേരിയുടെ സംശയം. ‘പ്രശ്‌നമൊന്നുമില്ലാതെ ഹോസ്റ്റലിൽ തിരിച്ചെത്തിയില്ലേ?’– ഒൺലറുടെ ചോദ്യം. എത്തി... മേരി പറഞ്ഞു. മറുതലയ്ക്കൽ നീണ്ട മൗനം... ഞാനൊരുകാര്യം പറഞ്ഞോട്ടേ?– വീണ്ടും ഒൺലർ. തീർച്ചയായും... മേരിയുടെ മറുപടി. ഒൺലർ വീണ്ടും മൗനിയായി. അവസാനം ശക്തിസംഭരിച്ച് ഒൺലർ പറഞ്ഞത് ഇത്രമാത്രം: ‘‘നിനക്ക് മനസ്സിലായിട്ടുണ്ടാവും ഞാൻ എന്താണു പറയാൻ ശ്രമിക്കുന്നതെന്ന്’’– ഒൺലർ ഫോൺവച്ചു. മേരി അത്ഭുതപ്പെട്ടു. ഐ ലവ് യു എന്ന മാന്ത്രിക വാക്കുകൾ ഒൺലർ പറയുമെന്നു മേരി പ്രതീക്ഷിച്ചു. കുറഞ്ഞപക്ഷം അത്തരത്തിലുള്ള എന്തെങ്കിലും വാക്കുകൾ, പക്ഷേ, ഒന്നുമുണ്ടായില്ല. ഫോണിലൂടെ ഒന്നുംപറയാതെ അങ്ങനെ ഒൺലർ മേരിയോട് പ്രണയാഭ്യർഥന നടത്തി. ഒന്നും പറയാതെ മേരി അതു സ്വീകരിച്ചു.

ഒളിച്ചുകളിച്ചു നടന്ന നാളുകൾക്കുശേഷം വീട്ടിൽ പറയേണ്ട സമയമെത്തി. അച്ഛനെയും അമ്മയെയും പറഞ്ഞു മനസ്സിലാക്കുന്നതു വലിയ പണിയാണെന്ന് മേരിക്കറിയാമായിരുന്നു. 2000 മുതൽ ഒൺലറെ പരിചയമുണ്ട്. പക്ഷേ, അച്ഛനോ അമ്മയോ ഒൺലറെ കണ്ടിട്ടില്ല. അച്ഛന്റെ സ്വഭാവം ശരിക്ക് അറിയാവുന്നതുകൊണ്ട് മേരി കാര്യം പറയുന്നത് നീട്ടിക്കൊണ്ടു പോയി. ഒടുവിൽ പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു– ഒൺലറെ ഇനിമുതൽ കാണരുത്. അവസാനവാക്ക് പറയുന്നതിനു മുൻപ് ഒൺലറെ ഒന്നുകാണൂ– മേരി യാചിച്ചു. നാട്ടിൽനിന്നു മൊയ്‌രംഗിലേക്കുള്ള ബസ് പിടിച്ച്, കാംഗതെയിയിലുള്ള മേരിയുടെ വീട്ടിലേക്കു രണ്ടര കിലോമീറ്റർ നടന്നാണ് ഒൺലർ വന്നത്. ഒൺലറെ കണ്ടപ്പോഴേക്കും അച്ഛന്റെ മുഖഭാവം മാറി. രൂക്ഷമായ നോട്ടം.

ആരാ? അച്ഛൻ ചോദിച്ചു. ‘ഞാൻ ഒൺലർ, സമുലംലാൻ ഗ്രാമത്തലവൻ രെഖ്പുതാംഗ് കരോംഗിന്റെ മകനാണ്’– ഒൺലറുടെ മറുപടി. നീ... ക്രോധമടക്കാൻ അച്ഛനൊന്നു നിർത്തി. നീയെന്താ എന്നോടു ധിക്കാരം കാണിക്കുകയാണോ? എന്റെ മകളുടെ കരിയർ ഇല്ലാതാക്കാനാണോ നിന്റെ ഉദ്ദേശ്യം? എന്തിനാ അവളെ ശല്യംചെയ്യുന്നത്? ഒൺലറുടെ മുഖത്തുപോലും നോക്കാതെ അച്ഛൻ തുടർന്നു: എന്റെ മകളുടെ പിറകെ ഇനി നടക്കരുത്. എന്നെ ബോധിപ്പിക്കാൻ വേണ്ടി മിടുക്കനാവുകയൊന്നും വേണ്ട. അവളെ സഹായിക്കാൻ നീയല്ലെങ്കിൽ വേറെ ആരെങ്കിലുമുണ്ടാകും. പോകാനായി ഒൺലർ എഴുന്നേറ്റപ്പോൾ അപ്പ പറഞ്ഞു: ഇനി ഇക്കാര്യം സംസാരിക്കാൻ കുടുംബക്കാരെ ആരെയും ഇങ്ങോട്ടയയ്‌ക്കണ്ട.

എല്ലാ പ്രണയകഥകളെയും പോലെ പിന്നീട് വഴിത്തിരിവുണ്ടാക്കുന്നത് മേരിയുടെ അമ്മ. വീട്ടിലേക്കു കുടുംബക്കാരെ അയയ്ക്കാൻ അമ്മ ഒൺലറോടു പറഞ്ഞു. അച്ഛനെ ആവുംവിധം പറഞ്ഞ് സമ്മതിപ്പിക്കാം എന്ന് വാക്കുംകൊടുത്തു. ഒൺലറുടെ അച്ഛൻ വന്നപ്പോൾ മേരിയുടെ അമ്മാവനാണു സ്വീകരിച്ചത്. പക്ഷേ, ഒൺലറുടെ അച്ഛൻ കുടുംബക്കാരുമായി വന്നപ്പോൾ അപ്പ അവരെ വീട്ടിനകത്തു കയറാൻപോലും സമ്മതിച്ചില്ല. അതോടെ മേരി ഒൺലറോടു പറഞ്ഞു– നമുക്ക് ഒളിച്ചോടാം... ഒൺലർ തയാറായില്ല. മേരിയെ ഉപദേശിച്ചു: ‘‘മേരി, നീയാണു വീട്ടിലെ ഏറ്റവും മുതിർന്നത്. എന്റെ കുടുംബത്തിൽ ഞാൻ മാത്രമാണു കല്യാണം കഴിക്കാനുള്ളത്. നമ്മുടെ കുടുംബത്തെ നമ്മൾ അപമാനിക്കരുത്.’’ പതുക്കെ പതുക്കെ അച്ഛൻ ശാന്തനാകാൻ തുടങ്ങി. ഒൺലറുടെ ഉദ്ദേശത്തിൽ കുലീനത കണ്ടു. ഒന്നു മയപ്പെട്ടു തുടങ്ങിയപ്പോൾ മേരി അദ്ദേഹത്തോടു ഹൃദയം തുറന്നു സംസാരിച്ചു. ‘എപ്പോഴും അപ്പയ്‌ക്കെന്നെ സഹായിക്കാനാവില്ല. ഒരാളുടെ സഹായമില്ലാതെ ഓരോകാര്യങ്ങൾ നടക്കാൻ എന്തു ബുദ്ധിമുട്ടാണെന്ന് അപ്പയ്ക്കറിയില്ലേ?’ അതോടെ അച്ഛന്റെ മനസ്സലിഞ്ഞു.

2005ലെ മാർച്ച് 12. ഉന്മേഷകരമായ വസന്തകാല ദിനത്തിൽ ഇംഫാലിലെ വലിയ ചർച്ചുകളിലൊന്നായ മണിപ്പൂർ ബാപ്റ്റിസ്റ്റ് കൺവൻഷൻ ചർച്ചിൽ വച്ച് മേരിയും ഒൺലറും വിവാഹിതരായി. മേരിയുടെ കരിയറിലെ വസന്തകാലവും അതോടെ തുടങ്ങി. പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്ന, 2012 ലണ്ടൻ ഒളിംപിക്സ് വെങ്കലം, പത്മഭൂഷൺ എന്നിവയെല്ലാം മേരിയെ തേടിയെത്തി. അതിനെക്കാൾ മൂല്യമുള്ള മറ്റൊന്നും. റെംഗ്പ, നെയ്നെയ്, പ്രിൻസ്... തങ്കക്കുടം പോലെ മൂന്നു മക്കൾ...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.