Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ അപകടം കൈ തളർത്തി, പക്ഷേ ഇന്ന് ലോകം അറിയപ്പെടുന്ന ഇരുമ്പുമനുഷ്യൻ!

Iron Man വയാൻ സുമർദാനാ

കയ്യോ കാലോ ഒന്നിടറി തട്ടുകയോ പൊട്ടുകയോ ചെയ്താൽ ഒരാഴ്ച്ചത്തയേക്ക് അനങ്ങാതിരിക്കുന്നവരാണ് ഭൂരിഭാഗം പേരും. പേരിനൊരു അപകടം സംഭവിച്ചാലും നീണ്ട അവധിക്കു അപേക്ഷിച്ച് മടിപിടിച്ച് ചടഞ്ഞുകൂടിയിരിക്കും. അപ്പോള്‍ കയ്യുംകാലുമൊക്കെ പൂർണമായും തളർന്നു പോയവരെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? അവരിൽ പലരും എഴുന്നേറ്റു നടക്കാനും അധ്വാനിക്കാനും തയ്യാറായിട്ടും ശാരീരികാവസ്ഥ അതിനനുവദിക്കാത്ത സാഹചര്യമാണ്. ഇത്തരത്തിൽ ഒരു കൈ മുഴുവനായി തളർന്നിട്ടും തോറ്റു പിന്മാറാതെ കരുത്തോടെ മുന്നോട്ടു പോകുന്ന ഒരു യുവാവാണ് ഇപ്പോൾ വാര്‍ത്തകളിലെ താരം. ഇന്തോനേഷ്യക്കാരനായ വെൽഡറാണ് തന്റെ തളർന്നുപോയ ഇടതുകൈ ആത്മവിശ്വാസത്തിലൂടെ വീണ്ടും ചലിപ്പിച്ചത്. വയാൻ സുമർദാനാ എന്ന ബാലി സ്വദേശി തന്റെ വർക്‌ഷോപ്പിൽ നിന്നാണ് റോബോട്ടിനു സമാനമായ യന്ത്രക്കൈ ഘടിപ്പിച്ചത്.

Iron Man വയാൻ സുമർദാനാ

2015ൽ ഉണ്ടായ ഒരു സ്ട്രോക്കാണ് വയാന്റെ വലതുകൈ തളർത്തിയത്. പക്ഷേ കൈ തളർന്നു പോയെന്നു കരുതി വീട്ടിലിരുന്നാൽ കുടുംബം പുലര്‍ത്തുന്നതെങ്ങനെ? അങ്ങനെയാണ് ചിന്തകള്‍ക്കനുസരിച്ച് ചലിക്കുന്ന യന്ത്രക്കൈ നിർമ്മിച്ചത്. സ്വന്തം ബുദ്ധികൊണ്ടു യന്ത്രക്കൈ ഉണ്ടാക്കിയ വയാൻ ഇപ്പോൾ ഇന്തോനേഷ്യയിലെ ഇരുമ്പു മനുഷ്യൻ എന്ന പേരിലാണ് അറിയപ്പെ‌ടുന്നത്. ടെക്നിക്കൽ സെക്കൻഡറി സ്കൂളിലെ വിദ്യാഭ്യാസവും കുട്ടിക്കാലം മുതൽ ഇലക്ട്രിക് എഞ്ചിനീയറിങിനോടുള്ള താൽപര്യവും യന്ത്രം നിർമിക്കാൻ ഏറെ സഹായിച്ചുവെന്നു പറയുന്നു ഇദ്ദേഹം.

തലയിൽ ഘടിപ്പിക്കുന്ന ഹെഡ്ഗിയർ വഴിയാണ് വയാൻ യന്ത്രം പ്രവർത്തിപ്പിക്കുന്നത്. നുണ പരിശോധനാ യന്ത്രം പോലെ തലച്ചോറിൽ നിന്നും ഒരു സന്ദേശം നൽകുകയും മെഷീൻ അതു സ്വീകരിച്ച് പ്രവർത്തന യോഗ്യമാവുകയും ചെയ്യുന്നുവെന്നാണ് വയാന്റെ വാദം. ആർക്കും നിർമ്മിക്കാവുന്നതാണ് ഈ യന്ത്രമെന്നും അല്ലാതെ തന്റെ പ്രാഗത്ഭ്യം മാത്രമല്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ വയാന്റെ യന്ത്രക്കൈ വ്യാജമാണെന്നു പറഞ്ഞു നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ സഹായമില്ലാതെ എങ്ങനെയാണ് ഒരു യന്ത്രം നിർദ്ദേശം തിരിച്ചറിയുന്നതെന്നാണ് വിമർശകരുടെ സംശയം. എന്തായാലും ഒരൊറ്റ കണ്ടുപിടുത്തം കൊണ്ടു നാട്ടിലെ താരമായിരിക്കുകയാണ് ഈ ഇരുമ്പു മനുഷ്യൻ. വിമർശനങ്ങളെ തെല്ലും വകവയ്ക്കാതെ തന്റെ ആശയം പക്ഷാഘാതത്താൽ ശരീര ഭാഗങ്ങൾ തളർന്ന പലർക്കും സഹായകമാകുമെന്നാണ് വയാൻ കരുതുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.