Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലിന്റെ അമ്മയ്ക്കു വേണം ഒരു ജോലി! വേദനകൾക്കിടയിലും മകന്റെ പിറന്നാൾ മധുരം പങ്കുവച്ച് മിനി

Rahul പ്രതീക്ഷയുടെ വാതിൽ മകനായി തുറന്നു വച്ച് മിനിക്ക് ഇനിയും ജീവിച്ചേ തീരൂ. അവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ ഇത്തിരിവെട്ടം തെളിയിക്കാന്‍ സുമനസുകൾക്കേ കഴിയൂ. അതിനായി ഒരു ജോലി നൽകാൻ ആരെങ്കിലും തയാറാകുമോ?

‘ദിവസവും ഞാൻ പ്രാർഥിക്കുന്ന ശിവക്ഷേത്രത്തിൽ അവന്റെ പേരിൽ അർച്ചനയും ധാരയും കഴിപ്പിച്ചു. വീടിനടുത്തെ അംഗനവാടിയിലെയും ശിവാനിയുടെ ട്യൂഷൻക്ലാസിലെയും കുട്ടികൾക്ക് മധുരം നൽകി. ഇത്തവണ അത്രയേ ചെയ്തുള്ളൂ. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളിൽ ഇവിടെ അടുത്തുള്ള ഒരു മോന് രാഹുലിന്റെ പിറന്നാൾ ദിവസം അരിയും ഉടുപ്പുമൊക്കെ കൊടുക്കുമായിരുന്നു. ഈ വർഷം അതൊന്നുമുണ്ടായില്ല.’’ –പതിനൊന്നു വർഷത്തെ കാത്തിരിപ്പിന്റെ ദു:ഖഭാരത്തിനിടയിലും മറ്റു സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും രാഹുലിന്റെ പതിനെട്ടാം പിറന്നാളാഘോഷത്തിന് മങ്ങലേൽക്കാതിരിക്കാൻ മിനി പാടുപെട്ടു.

കടന്നുപോയത് രാഹുലിന്റെ പതിനെട്ടാം പിറന്നാൾ; കണ്ണീരുണങ്ങാത്ത കണ്ണുമായി അമ്മ കാത്തിരിക്കുന്നു

‘പണമുണ്ടായിട്ടൊന്നുമല്ല. എന്റെ പൊന്നുമോന്റെ പിറന്നാളായിട്ട് അത്രയെങ്കിലും ചെയ്തില്ലെങ്കിൽ എനിക്കുറക്കം വരില്ല. അവന്റെ അച്ഛൻ അസുഖക്കാരനായിട്ടും വിദേശത്ത് കഷ്ടപ്പെട്ടുണ്ടാക്കുന്ന പണമേയുള്ളൂ ഞങ്ങൾക്ക്. നീതി മെഡിക്കൽ സ്റ്റോറിലെ പതിനഞ്ചു ദിവസത്തെ കരാർ ജോലി ഇടയ്ക്ക് നഷ്ടമായിരുന്നു. മന്ത്രി ഐസക് സാറിനെ കണ്ട് ഇവിടത്തെ ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോൾ വീണ്ടും ജോലിക്കു ചെല്ലാൻ പറഞ്ഞിട്ടുണ്ട്. എന്നാലും മോളുടെ പഠിത്തവും വീട്ടുചെലവും എല്ലാം കൂടി രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ്. അച്ഛനും അവിടെ കരാർ ജോലിയാണ്. ഒരു മാസത്തെ വരുമാനം 4500 രൂപയാണ്. ഇപ്പോഴത്തെ കരാർ തീർന്നു വന്നാൽ പിന്നെ തിരിച്ചു പോകേണ്ടെന്നാണ് തീരുമാനം. പ്രായമായില്ലേ, വയ്യാതായി. എന്റെ വരുമാനം മാത്രം വച്ച് പിന്നെങ്ങനെ മുന്നോട്ടു പോകുമെന്നാലോചിച്ചാൽ ആധി കേറും. സ്ഥിരവരുമാനമുള്ളൊരു ജോലി എനിക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ മതിയായിരുന്നു. എന്റെ മകനുമില്ല, അച്ഛനും അസുഖക്കാരനായി...ഞങ്ങളുടെ ജീവിതം ഇങ്ങനെ തീരാനാകും വിധി...’’

പ്രതീക്ഷയുടെ വാതിൽ മകനായി തുറന്നു വച്ച് മിനിക്ക് ഇനിയും ജീവിച്ചേ തീരൂ. അവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ ഇത്തിരിവെട്ടം തെളിയിക്കാന്‍ സുമനസുകൾക്കേ കഴിയൂ. അതിനായി ഒരു ജോലി നൽകാൻ ആരെങ്കിലും തയാറാകുമോ? ആ അമ്മയുടെ കണ്ണീരിന് അൽപമെങ്കിലും ആശ്വാസമേകുമോ?