Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞു കരഞ്ഞില്ലായിരുന്നെങ്കിൽ ആ അമ്മ ഒരിക്കലും ഉണരില്ലായിരുന്നു

Shelly Cawley ഷെല്ലി കൗളി മകൾ റൈലാനൊപ്പം

അമ്മമാർ കുഞ്ഞുങ്ങൾക്കാണു സാധാരണ ജന്മം നൽകാറ്. ഇവിടെ ഒരു കുഞ്ഞ് തന്റെ അമ്മയ്ക്ക് പുനർജന്മം നൽകിയിരിക്കുകയാണ്. അതും ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞ്. ജീവന്റെ തുടിപ്പുകൾ മാത്രം നിലനിന്ന അമ്മയെ ഇന്നു ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നതിന്റെ അംഗീകാരം മുഴുവൻ ഇന്ന് ആ കുഞ്ഞിനുള്ളതാണ്. ‌2014ൽ നടന്ന ഇൗ സംഭവത്തിന്റെ വിഡിയോ ഇന്ന് ഇന്റർനെറ്റില്‍ വൈറലാവുകയാണ്. നോർത്ത് കരോലീന ഹോസ്പിറ്റലിലാണ് സംഭവം. കുഞ്ഞിനു ജന്മം നൽകി ഏതാനും മണിക്കൂറുകൾക്കകം ഷെല്ലി കൗളി എന്ന യുവതി കോമയിലാണ്ടു. പലരും കരുതി ഇനി ഷെല്ലിയ്ക്കൊരു മടങ്ങിവരവില്ല, ഊർജസ്വലയായിരുന്ന ആ യുവതിയ്ക്ക് യാത്രാമൊഴി പറയാൻ സമയമായി എന്നെല്ലാം. പക്ഷേ എല്ലാവരെയും അത്ഭുതത്തിലാഴ്ത്തി ഷെല്ലി തിരിച്ചുവന്നു, അതിനു കാരണമായത് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞായിരുന്നു.

ഷെല്ലിയുടെ പ്രസവദിനത്തിന് ഒരുമാസം മുമ്പാണ് കാലിൽ രക്തം കട്ടപിടിച്ചു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രസവത്തിനായി പ്രവേശിപ്പിച്ച ദിവസം രക്തസമ്മർദ്ദം അമിതമായി ഉയര്‍ന്ന് ജീവനു തന്നെ ഭീഷണിയായി. പക്ഷേ റൈലാനെ പ്രസവിക്കുക തന്നെ ചെയ്തു. ഷെല്ലിയ്ക്കു കുഴപ്പമൊന്നുമില്ലെന്നും അല്‍പസമയത്തിനകം സാധാരണ സ്ഥിതിയിലെത്തുമെന്നും ആയിരുന്നു ഡോക്ടർമാർ ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് ഷെല്ലിയുടെ ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറയുകയാണെന്നും സ്വയം ശ്വസിക്കാൻ ബുദ്ധിമുട്ടുന്നുണ്ടെന്നും പറഞ്ഞു. റൈലാന്റെ ഭാരം മൂലം രൂപപ്പെട്ട കട്ടപിടിച്ച രക്തം പ്രസവത്തോടെ ശ്വാസകോശത്തിലേക്കു നീങ്ങുകയായിരുന്നു. പ്രസവത്തിനു പ്രവേശിപ്പിച്ച ഷെല്ലിയുടെ രക്തസമ്മർദ്ദം അപകടകരമാം വിധം കുറഞ്ഞതിനൊപ്പം ഹൃദയതാളം അമിത വേഗത്തിലാവുകയും ചെയ്തിരുന്നു. അങ്ങനെ ജീവൻ നിലനിർത്താനുള്ള അവസാന വഴിയായ വെന്റിലേറ്ററിൽ ഷെല്ലിയെ കിടത്തി. പക്ഷേ ഇങ്ങനെയൊക്കെയായെങ്കിലും ഹോസ്പിറ്റൽ അധികൃതർക്ക് ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു. കുഞ്ഞിലൂടെ അമ്മയെ ഉണർത്താനുള്ള സ്കിൻ ടു സ്കിൻ രീതിയാണ് ഡോക്ടർമാർ അവലംബിച്ചത്.

Shelly Cawley ഷെല്ലി ഭർത്താവ് ജെറിമിയ്ക്കും മകൾക്കുമൊപ്പം

അവർ കുഞ്ഞിനെ ഷെല്ലിയ്ക്കു സമീപത്തേക്ക് കൊണ്ടുപോകാനും ഷെല്ലിയുടെ ശരീരം ചേർത്തു വയ്ക്കാനും പറഞ്ഞു. കുഞ്ഞിന്റെ ശബ്ദം കേൾക്കാനും ഗന്ധം അറിയാനുമൊക്കെ കഴിഞ്ഞാൽ അതു ഷെല്ലിക്ക് ജീവിതത്തിലേക്കു തിരികെ വരാനുള്ള കരുത്തു നൽകുമെന്നായിരുന്നു അവരുടെ വിശ്വാസം. അങ്ങനെ ജനിച്ചു മണിക്കൂറുകൾ മാത്രം തികഞ്ഞ കുഞ്ഞിനു മാത്രമേ ഷെല്ലിയെ ഇനി സഹായിക്കാനാവൂ എന്നവർ കരുതി. കുഞ്ഞിനെ അവർ അമ്മയുടെ നെഞ്ചിൽ വച്ചു. പക്ഷേ അപ്പോഴേയ്ക്കും കുഞ്ഞു റൈലാൻ ഉറങ്ങിത്തുടങ്ങിയിരുന്നു. അങ്ങനെ അവളുടെ ദേഹത്തു വിഷമിച്ചാണെങ്കിലും നുള്ളി അവളെ എഴുന്നേൽപ്പിച്ചു. എന്നാൽ മാത്രമേ കുഞ്ഞു കരയുകയും ഷെല്ലിയ്ക്ക് അത് കേൾക്കാനും സാധിക്കുമായിരുന്നുള്ളു. റൈലാന്‍ ശരീരത്തിൽ സ്പർശിച്ചതോടെ അമ്മയുടെ മർമഭാഗങ്ങൾ ഉണർന്നു. അതവൾക്ക് ജീവിക്കാനുള്ള ഊര്‍ജം നൽകി. ഒരാഴ്ച്ചയ്ക്കു ശേഷം ഷെല്ലി ഉണരുകയും തന്റെ കുഞ്ഞിനെ കാണുകയും ചെയ്തു. ഒരാഴ്ച്ചത്തെ നീണ്ട ഉറക്കത്തിനു ശേഷം തന്റെ മകളെ കണ്ട ഷെല്ലിയ്ക്ക് ആ നിമിഷം മറക്കാനാവില്ല.

താനിന്നു ജീവിക്കാൻ കാരണം റൈലാൻ ആണെന്ന് ഷെല്ലി പറയുന്നു. അവൾ വളർന്നു ബുദ്ധിയുറയ്ക്കുമ്പോൾ അമ്മയെ രക്ഷിച്ചതു നീയാണെന്നു പറയാൻ കാത്തിരിക്കുകയാണ് ഷെല്ലിയിന്ന്. കഴിഞ്ഞയാഴ്ച്ചയാണ് ഭർത്താവു ജെറിമി കൗളിയ്ക്കൊപ്പം കുഞ്ഞു റൈലാന്റെ പിറന്നാൾ ഷെല്ലി ആഘോഷിച്ചത്. മുപ്പത്തിയഞ്ചുകാരനായ ജെറിമി വൈഎംസിഎ ഡയറക്ടറും ഇരുപത്തിനാലുകാരിയായ ഷെല്ലി നഴ്സിങ് വിദ്യാർഥിനിയുമാണ്.