Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവക്കിടക്കയിൽ വച്ച് ആ അമ്മ തിരിച്ചറിഞ്ഞു, കാൻസർ മരണത്തിലേക്ക് മാടിവിളിക്കുന്നു!

kim കിം മക്കൾക്കൊപ്പം

കുഞ്ഞിനു ജന്മം നൽകുന്നതിന് രണ്ടു മണിക്കൂറുകൾക്ക് മുമ്പ് ഒരമ്മ തിരിച്ചറിയുകയാണ് തന്റെ ഉദരത്തിൽ പൊന്നോമനയ്ക്കൊപ്പം കാൻസർ കൂടി വളർച്ചപ്രാപിച്ചിരുന്നുവെന്ന്. പക്ഷെ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ കിം തോറ്റ് പിന്മാറിയില്ല. ഓസ്ട്രേലിയയിലെ പെർത്തിൽ ഇന്ന് ജീവിതത്തിലേക്ക് മടങ്ങിവരുവാൻ ഈ അമ്മ നടത്തുന്ന പ്രയത്നങ്ങൾ ഓരോ രോഗിക്കും പ്രചോദനമാണ്.

മകനെ ഗർഭം ധരിച്ചത് മുതൽ കിം മക് കണൽ എന്ന മുപ്പത്തൊന്ന് വയസുകാരിക്ക് ഉദരത്തിൽ വേദന തുടങ്ങിയതാണ്. ഗർഭസംബന്ധമായ അസ്വസ്ഥതകൾക്കു പുറമെ അസഹ്യമായ വേദനയും അനുഭപ്പെട്ടപ്പോൾ കിം പലപ്പോഴും ചികിത്സ തേടിയിരുന്നു. ഗാസ്ട്രോ എൻട്രോളജിസ്റ്റ് നിർദേശിച്ചതനുസരിച്ച് ടെസ്റ്റുകൾ നടത്തിയെങ്കിലും പ്രസവത്തിനു രണ്ടുമണിക്കൂർ മുൻപാണ് രോഗം തിരിച്ചറിഞ്ഞത്. കുടലിലും കരളിന്റെ രണ്ടു ഭാഗത്തും കാൻസർ പിടിപെട്ടിരിക്കുന്നു അതും വളരെ ആഴത്തിൽ.

ബവ്വൽ കാൻസർ സാധാരണ ഗതിയിൽ പത്തു വർഷം കൊണ്ടാണ് വളർച്ച പ്രാപിക്കാറുള്ളത്. എന്നാൽ കിം മൂന്നു വർഷം കൊണ്ടു വയറിനുള്ളിൽ വളർന്ന 11 മീറ്ററോളമുള്ള ട്യൂമറിന്റെ വേദനകളെ അറിയാതെ പോകുകയായിരുന്നു. ‘‘പലപ്പോഴും ഈ രോഗം ഇങ്ങനെയാണ്. മരണത്തിന്റെ ചിരിയോടെയാണ് നമ്മൾക്കരികിലേക്ക് കടന്നുവരിക. പക്ഷെ എന്റെ രണ്ട് കുഞ്ഞുങ്ങൾക്കായി എനിക്ക് ജീവിക്കണം. അതിന് എത്ര കടുത്ത രോഗമെങ്കിലും ചികിത്സയെടുക്കുകയേ നിവൃത്തിയുള്ളു.’’ കിം പറഞ്ഞു.

kim2 കിം ഭർത്താവിനും മക്കൾക്കുമൊപ്പം

പ്രസവത്തിനു പിറ്റേദിവസം തന്നെ ബവ്വലും കരളിന്റെ രണ്ട് രോഗബാധിതഭാഗവും മാറ്റുകയാണ് ആദ്യം ചെയ്തത്. പിന്നീട് കീമോ തെറാപ്പികൾ തുടരാൻ ഡോക്ടർമാർ നിർദേശം നൽകി. വ്യത്യസ്തമായ ചികിത്സകളിലൂടെയാണ് കിം തന്റെ രോഗത്തോട് യുദ്ധം ചെയ്ത് മുന്നേറുന്നത്. രോഗം ചികിത്സിച്ചു ഭേദമാക്കാവുന്ന ശരീരത്തിന്റെ അവസ്ഥയാണെന്ന് വിശ്വസിക്കുകയാണ് കിം ആദ്യം ചെയ്തത്. റോ ഡയറ്റ് ആണ് കിം നോക്കുന്നത്. അതായത് കഴിക്കുന്ന ഭക്ഷണത്തിന്റെ 90 ശതമാനവും വേവിക്കാത്ത പ്രകൃതിദത്തമായവ ഉൾപ്പെടുത്തൽ. പഴച്ചാറുകൾ പോലും വളരെ തിരഞ്ഞെടുത്ത് മാത്രം.

മാനസികമായ ആരോഗ്യവും രോഗത്തിന്റെ വിവിധഘട്ടങ്ങളിലെ മാറ്റങ്ങളും അംഗീകരിക്കാൻ മനസിനെ പാകപ്പെടുത്താൻ ഈ അമ്മ മാനസിക രോഗവിദഗ്ധരുടെ സഹായവും തേടുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ചികിത്സയ്ക്കായുള്ള പണം കണ്ടെത്താൻ നെട്ടോട്ടമോടുകയാണ് ഈ അമ്മ. കഴിഞ്ഞ എട്ടുമാസത്തിൽ തന്നെ എട്ടുലക്ഷത്തിലേറെ രൂപയാണ് കിമ്മിന് ചികിത്സയ്ക്കായി വന്ന ചിലവ്. ഇതു മാത്രമല്ല, രണ്ടു കുട്ടികളെ നോക്കാൻ കിമ്മിന്റെ ഭർത്താവിനു ജോലിക്ക് പോകാൻ കഴിയുന്നില്ല എന്നതിനാൽ ഓൺലൈനിലൂടെ പണം തേടുകയാണ് കിം.

ഇതിനായി ഒരു വെബ്സൈറ്റ് കിം തുടങ്ങിയിട്ടുണ്ട്. ഇതിനോടകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന ഈ അമ്മയ്ക്കായി എത്തുന്നു സഹായങ്ങൾ. ഒപ്പം ഒരമ്മ മക്കൾക്കായി മരണത്തിൽ നിന്ന് കരകയറാനായുള്ള പ്രാർഥനകളും.


Your Rating: