Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അവനാണ് എന്റെ ഹൃദയമിടിപ്പ്, മരണമേ, നിനക്ക് ഞാൻ വിട്ടുതരില്ല ', കണ്ണുനനയ്ക്കും അമ്മയുടെ കുറിപ്പ്

Drake ഡ്രേക്, അമ്മ ജെസീക്ക ഫേസ്ബുക്കിൽ പങ്കുവച്ച ഡ്രേക്കിന്റെ ചിത്രം

മക്കൾ ജനിക്കുമ്പോൾ തൊട്ടുതന്നെ കുന്നോളം സ്വപ്നങ്ങളുമായാണ് മാതാപിതാക്കൾ അവരെ വളർത്തുക,. അവരുടെ ഇഷ്‌ടങ്ങൾക്കെല്ലാം കൂടെനിന്ന് മിടുക്കരായി വളരുന്നതു കാണുന്നതാണ് ഓരോ അച്ഛനമ്മമാരെയും ആനന്ദിപ്പിക്കുന്നത്. അപ്പോള്‍‌ ജീവിതത്തിൽ എങ്ങും എത്തിപ്പെ‌ടുന്നതിനു മുമ്പെ നൊന്തു പ്രസവിച്ചു വളർത്തിയ മക്കൾ മരണത്തിനു കാതോർത്തിരിക്കുകയാണെന്ന് അറിഞ്ഞാലോ? ഏതമ്മയും തകരും. പക്ഷേ ടെക്സാസ് സ്വദേശിയായ ജെസിക്കാ മെ‍ഡിങ്കർ എന്ന അമ്മ പിടിച്ചു നിൽക്കുകയാണ് ഡ്രേക് എന്ന തന്റെ മകൻ ലുക്കീമിയ ബാധിച്ചു മരണത്തോടു മല്ലിടുമ്പോഴും, അവനെ ഒരു മരണത്തിനും വിട്ടുകൊടുക്കില്ലെന്ന വാശിയോടെ.

മരിക്കുന്നതിനെക്കുറിച്ചോർത്തു ഭയന്നിരിക്കുന്ന മകനെക്കുറിച്ചും അവന്റെ രോഗത്തെക്കുറിച്ചും ജെസിക്ക ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് കണ്ണു നനയാതെ വായിച്ചു തീര്‍‍ക്കാനാവില്ല. കാൻസറിനോടു പൊരുതുന്ന നിരന്തര കീമോതെറാപ്പികൾക്കു വിധേയരാകുന്ന ഈ ഭയാനകമായ അസുഖത്തെയും പേറിനടക്കുന്ന എല്ലാവർക്കും വേണ്ടി എന്നു പറഞ്ഞാണ് ജെസീക്ക തന്റെ കുറിപ്പ് ആരംഭിക്കുന്നത്. കീമോതെറാപ്പികൾ മൂലം അവശനായ മകനാണ് ജ‌െസിക്കയുടെ ചിത്രത്തിലുള്ളത്. ഡ്രേക്കിന്റെ ഭയങ്ങളും തങ്ങളുടെ ലോകവുമൊക്കെ പങ്കുവെക്കുന്നതിനൊപ്പം കാൻസർ എന്ന ഭീകരമായ അവസ്ഥയെക്കുറിച്ചു കൂടി വ്യക്തമാക്കുന്നതാണ് ജെസീക്കയുടെ കുറിപ്പ്.

''ഞാൻ പോസ്റ്റു ചെയ്യുന്ന ഈ ചിത്രം ഇന്നു രാവിലെ എടുത്തതാണ്. നിങ്ങളിൽ പലരും ഇവൾ എന്തിനീ ചിത്രം എ​ടുത്തു എന്നും അതു മാന്യമല്ല എന്നും അലറും മുമ്പും പറയട്ടെ, ജീവിതം എപ്പോഴും പൊളിറ്റിക്കലി കറക്റ്റ് ആകണമെന്നും മനോഹരമാകണമെന്നുമില്ല, കാരണം ജീവിതം എന്നതു യാഥാർഥ്യമാണ്, അത്ര സുന്ദരമല്ല, കാൻസർ ഒരു മനുഷ്യജീവനെ തകർക്കുകയാണ് ചെയ്യുന്നത്.

ഡ്രേക്കിനെ ബാത്റൂമിലേക്ക് കൊണ്ടുപോയതിനു ശേഷം എടുത്ത ചിത്രമാണിത്. ഭൂരിഭാഗം സമയവും അവനു ബാത്റൂമിൽ പോകണമെന്നതു നിയന്ത്രിക്കാൻ കഴിയാറില്ല. ഇതൊരു മജ്ജയും മാംസവുമുള്ള ശരീരമല്ലേ, അത്താഴത്തിന് ഒരു ബീൻസും ജിവസം മുഴുവനും ഒരു കപ്പ് വെള്ളവും കുടിക്കാൻ ഞാൻ അവനു പിറകെ നടക്കണം. എ​ന്തെങ്കിലും സംഭവിക്കുമോയെന്ന് പേടിച്ചിരിക്കുന്ന മകന്‍ തനിക്കൊപ്പം കിടക്കുന്നതിനെക്കുറിച്ചാണ് ഈ ചിത്രം, അവൻ പേടിക്കുന്നത് മരണത്തെയാണ്. അർധരാത്രിയിൽ പെട്ടെന്ന് എഴുന്നേറ്റ് താൻ മരിച്ചാൽ സ്വർഗത്തിൽ പോകുമോ എന്നും അങ്ങനെയായാൽ അച്ഛനെ കാണാനും അദ്ദേഹത്തിനൊപ്പം കളിക്കാനും സംസാരിക്കാനുമൊക്കെ കഴിയുമോയെന്നും ചോദിക്കുന്ന പത്തുവയസുകാരനായ മകനെക്കുറിച്ചാണ്.

ബെഡിൽ നിന്നും എഴുന്നേല്‍ക്കാനോ ശരിക്കൊന്നു നടക്കാനോ കഴിയാതെ ഭൂരിഭാഗം സമയവും എടുക്കുകയോ വീൽചെയറിൽ ഇരുത്തുകയോ ചെയ്യേണ്ട എന്റെ മകൻ, ആരെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴേക്കും ഉറക്കത്തിലേക്കു വഴുതിവീഴുന്ന എന്റെ പൊന്നോമന, 24 മണിക്കൂറിനു വേണ്ടി കഴിഞ്ഞ ആഴ്ചയിൽ 44 കീമോഗുളികകൾ കഴിച്ച 'എനിക്കതു സാധ്യമാകുന്നില്ല' എന്നു പറഞ്ഞു കരയുന്ന എന്റെ മകനെക്കുറിച്ചാണിത്. വേദനിക്കുന്നതു കൊണ്ടു തൊടുന്നതു പോലും നിഷേധിക്കുന്ന ദിവസം മുഴുവൻ വേദനസംഹാരിയുമായി കഴിയുന്ന എന്റെ മകൻ. പിന്നെ, അതീവ ഭയത്തോടെ താൻ പതിനൊന്നാം പിറന്നാളിനു ജീവിച്ചിരിക്കില്ലെന്നു വിലപിക്കുന്ന എന്റെ മകനുവേണ്ടി തുടർച്ചയായി പോരാടുന്ന അവന്റെ അമ്മയായ ഞാൻ. ഇതാണ് അവനും ഞാനും ഞങ്ങളുടെ ലോകവും. ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതൽ ജീവിച്ചിരിക്കാനുള്ള കാരണം അവനാണ്. അവനാണ് എന്റെ ചിരിയും സ്നേഹവും ഹൃദയമിടിപ്പുമെല്ലാം. അവൻ തന്നെയാണ് എന്റെ കണ്ണുനീരും ഹൃദയവേദനയും പിണക്കവുമെല്ലാം, അവനാണ് എന്റെ ജീവിതം.''

2012ലാണ് ഡ്രേക്കിന് ആദ്യമായി ലുക്കീമിയ സ്ഥിരീകരിക്കുന്നത്. പിന്നീടിങ്ങോട്ട് ആശുപതികളുടെയും മരുന്നുകളുടെയും കാലമായിരുന്നു. ഡ്രേക്കിന്റെ ചികിത്സകൾക്കായി ' യു കെയറിങ് ' എന്ന സംഘടനയിലൂടെ പണം സ്വരൂപിക്കുകയാണ് ഈ കുടുംബം. അവന്റെ അമ്മ മാത്രമല്ല ലോകം മുഴുവൻ ഈ കുരുന്നിന്റെ സുഖപ്രാപ്തിക്കായി പ്രാർഥിക്കുകയാണിപ്പോൾ.