Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയാകുന്നതിനു പിന്നിലെ വെല്ലുവിളികൾ, വൈറലായി ഒരമ്മയുടെ സ്റ്റാറ്റസ്

Alexandra അലക്സാണ്ട്രയും കുഞ്ഞും

മാതൃത്വം മനോഹരമായ അനുഭൂതിയാണ്. എല്ലുകൾ നുറുങ്ങുന്ന വേദന അനുഭവിച്ചാണ് ഓരോ അമ്മമാരും തന്റെ കൺമണികൾക്കു ജന്മം നൽകുന്നത്. പക്ഷോ പ്രസവത്തെക്കുറിച്ചു പറയുമ്പോൾ പലരും അതിന്റെ പോസിറ്റീവ് വശങ്ങൾ മാത്രമാണ് കൂടുതല്‍ ചർച്ച ചെയ്തിട്ടുള്ളത്. പ്രസവം ഓരോ അമ്മമാരിലും എത്രത്തോളം മാറ്റങ്ങൾ കൂടി ഉണ്ടാക്കുന്നുണ്ടെന്ന് ആരും അത്ര കാര്യമാക്കാറില്ല. ശാരീരികമായി മാത്രമല്ല മാനസികമായും പല അമ്മമാരും വെല്ലുവിളികൾ നേരിടുന്ന ഘട്ടമാണത്.

പ്രസവാനന്തരം താൻ നേരിട്ട വെല്ലുവിളികളെ സധൈര്യം തുറന്നു പറഞ്ഞിരിക്കുകയാണ് ഒരമ്മ. ഫ്ലോറിഡ സ്വദേശിയായ അലക്സാണ്ട്ര കിൽമുറേ എന്ന യുവതിയാണ് പ്രസവശേഷമുള്ള തന്റെ വയറിന്റെ ചിത്രത്തോടൊപ്പം അനുഭവവും പങ്കുവച്ചത്. ഒരമ്മയാകുന്നതിന്റെ വെല്ലുവിളികൾ കൂടി വ്യക്തമാക്കുന്നതാണ് ചിത്രം. പ്രസവത്തെ വാഴ്ത്തിപ്പാടുന്ന പലരും അതിന്റെ കറുത്ത വശങ്ങൾ ചർച്ച ചെയ്യപ്പെടാറില്ലെന്നും പ്രസവാനന്തരം വിഷാദം അനുഭവിക്കുന്ന അമ്മമാർക്കു പ്രചോദനമാകുവാൻ കൂടി വേണ്ടിയാണ് തന്റെ സ്റ്റാറ്റസ് എന്നും അലക്സാണ്ട്ര പറയുന്നു.

Alexandra അലക്സാണ്ട്രയും കുഞ്ഞും- ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം

''നിങ്ങളിൽ പലരും ചിന്തിക്കുന്നുണ്ടാകും എന്തിനാണ് ഇവൾ ഈ ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന്, പക്ഷേ ഇതുവരെ എത്തുന്നതിലേക്ക് പതിനെട്ടു മാസം എടുത്തിട്ടുണ്ട്, എന്റെ ചർമം വീണ്ടും സുന്ദരമാണെന്നു തോന്നിക്കാന്‍ പതിനെട്ടു മാസമെടുത്തു. ഗർഭധാരണത്തിന്റെയും മാതൃത്വത്തിന്റെയും കറുത്ത വശങ്ങളെക്കുറിച്ച് ആരും നിങ്ങളോടു പറയാറില്ല. ഒരമ്മയായി കഴിഞ്ഞതിനു ശേഷം മാനസികമായും ശാരീരികമായും നിങ്ങൾ എത്രത്തോളം മാറുമെന്നതിലും ആരും ശ്രദ്ധ കൊടുക്കാറില്ല. എന്നെ സംബന്ധിച്ചിടത്തോളം പ്രസവാനന്തരമുള്ള ദിവസങ്ങൾ കഠിനമായിരുന്നു. ആദ്യത്തെ മകൻ ജനിച്ച് പതിനെട്ടു മാസത്തിനു ശേഷവും രണ്ടാമത്തെ മകൻ ജനിച്ച് എട്ടു മാസവും കഴിഞ്ഞാണ് എനിക്കു വീണ്ടും ജീവിതത്തിൽ പ്രകാശം തെളിഞ്ഞു കണ്ടത്, ആത്മാർഥമായി പറയട്ടെ അതു വളരെ അമേസിങ് ആണ്, പ്രസവാനന്തരം വിഷാദരോഗം അനുഭവിക്കുന്ന(പോസ്റ്റ്പാർട്ടം ഡിപ്രഷൻ) എന്നിട്ടും ദിവസവും തന്റെ മക്കൾക്കു വേണ്ടി ഊർജം സംഭരിക്കുന്ന എല്ലാ അമ്മമാർക്കും ചിയേഴ്സ്. ചർമ്മത്തിലെ പാടുകൾ േനാക്കി വിഷമിക്കുന്ന ഓരോ അമ്മമാർക്കും ചിയേഴ്സ്.. മാതൃത്വത്തിനും ചിയേഴ്സ്.. ഇതും തരണം ചെയ്ത് എല്ലാം ശുഭമാകും. ''

പ്രസവാനന്തരം സമാന ചിന്തകള്‍ അലട്ടിയിരുന്നവരെല്ലാം അലക്സാണ്ട്രയുടെ ഫോട്ടോക്കും സന്ദേശത്തിനും പിന്തുണയുമായി രംഗത്തെത്തി. തന്റെ കുഞ്ഞിനു പിറവി നൽകുമ്പോൾ ഒരമ്മ ശാരീരികമായി മാത്രമല്ല മാനസികമായും പല പിരിമുറുക്കങ്ങളും നേരിടുന്നുണ്ടെന്നും പക്ഷേ തന്റെ കുഞ്ഞിന്റെ പാൽപുഞ്ചിരിയാണ് അവ മറക്കാൻ സഹായിക്കുന്നതെന്നും വ്യക്തമാക്കുന്നതാണ് അലക്സാണ്ട്രയുടെ സ്റ്റാറ്റസ്. തന്നെപ്പോലെ വെല്ലുവിളികൾ നേരിട്ട മറ്റ് അമ്മമാർക്ക് ഒരു പ്രചോദനമാകുവാൻ കൂടി വേണ്ടിയാണ് അലക്സാണ്ട്രയുടെ സ്റ്റാറ്റസ്.