Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിലറിയിക്കാതെ ഡി3യിലെത്തി; നാട്ടിലെ താരമായി നാസിഫ്...

nasif

മഴവിൽ മനോരമയിലെ ഹിറ്റ് ഡാൻസ് റിയാലിറ്റി ഷോ ആയ ഡി ഫോർ  ഡാൻസ് സീസൺ 3യിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ ഒരു മൽസരാർഥിയാണ് നാസിഫ് അപ്പു. ദൃഢനിശ്ചയത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഈസ്റ്റേൺ ഡി 3 യുടെ സോളോ വിഭാഗം വിജയി ആയ നാസിഫ് അപ്പുവിന്റെ വിശേഷങ്ങളിലേക്ക്:

ഡാൻസ് എന്റെ പാഷൻ ഡാൻസ് എന്നും എനിക്ക്  ഒരു പാഷൻ ആണ്. എന്നാൽ വളരെ യാഥാസ്ഥിതിക കുടുംബത്തിൽനിന്നാണ് ഞാൻ വരുന്നത്. ഡാൻസ് ഒരിക്കലും ഒരു ജീവിതമാർഗം എന്ന നിലക്ക് എന്റെ വീട്ടുകാർ കണ്ടിരുന്നില്ല. എത്രയും പെട്ടന്ന് പഠിച്ചു  ഒരു ജോലി നേടുക എന്നതായിരുന്നു അവരുടെ ആവശ്യം. 

ഓഡിഷന് വന്നതുപോലും വീട്ടിൽ പറയാതെ ആണ്. അറിഞ്ഞാൽ അവർ അനുവദിക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നു. എന്നാൽ വൈകാതെ ഡാൻസ് എനിക്ക്  എത്ര വലുതാണെന്ന് അവർക്കു ബോധ്യം വന്നു. പിന്നെ അവിടുന്നങ്ങോട്ട് എന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് എന്റെ വീട്ടുകാർ തന്നെയാണ്. എനിക്ക് വേണ്ടി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഓടിനടന്നത് എന്റെ വാപ്പച്ചിയാണ്.

ഡി 4 ഡാൻസ് എന്ന ഷോയിൽ എത്തിയത് 

ടിവിയിൽ ഡി 4 ഡാൻസ് ആദ്യ സീസൺ വന്നതു മുതൽ ഞാൻ ഈ  ഷോയുടെ ഒരു ആരാധകനായതാണ്. ഈ ഷോയുടെ ഒരു ഭാഗമാകണമെന്ന് ഒരുപാട് ആഗ്രഹിച്ചതുമാണ്. അങ്ങനിരിക്കെയാണ് ഡി 4 ഡാൻസിന്റെ രണ്ടാം സീസണിലേക്കുള്ള ഓഡിഷന് ക്ഷണിക്കുന്നത്. ആദ്യ റൗണ്ട് കടന്നു. പക്ഷെ രണ്ടാം വട്ട ഓഡിഷന് പുറത്തായി.

ആ സംഭവം എന്നെ വല്ലാതെ സ്വാധിനിച്ചു. ഡാൻസിലൂടെ ഒരു നിലയിലെത്തണമെന്നു ഞാൻ എന്നും  ആഗ്രഹിച്ചിരുന്നത്, അപ്പോൾ ഇങ്ങനെയൊരു പരാജയം എന്നെ വല്ലാതെ തളർത്തി. ഡി 2 വിൽ ഞാൻ സ്ഥിരം വരുമായിരുന്നു, കൊറിയോഗ്രാഫർ ആയിട്ടും കണ്ടസ്റ്റൻസിനെ സപ്പോർട്ട് ചെയ്യാനുമെല്ലാം. ഇതിനെല്ലാം ശേഷമാണു ഞാൻ ഡി 3 ഓഡിഷന് എത്തുന്നത്.

ഫ്ലോറിലെ പുതുമകൾ 

ഷോയിലേയ്ക്ക് സെലെക്റ്റഡ്  ആകണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. അത് കഴിഞ്ഞു  ഇനിയെന്തു  ചെയ്യണം എന്നതിനെ കുറിച്ചു  ഞാൻ ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. ഓരോ റൗണ്ടിലും എന്തെങ്കിലുമൊക്കെ ഒരു പുതുമ കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ കഴിവിന്റെ പരമാവധി ഞാൻ അതിനു ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പ്രിയപ്പെട്ട പ്രകടനം 

മിക്ക പെർഫോമൻസുകളും ഞാൻ വളരെ ആസ്വദിച്ചു ചെയ്തവയാണ്. കുറെ ഏറെ സമയമെടുത്തു റിസർച്ച് ചെയ്തുമൊക്കെയാണ്  അവയെല്ലാം ഞാൻ തയ്യാറാക്കിയത്. കുറെ പെർഫോമൻസുകൾ ഞാൻ  സ്വയം കൊറിയോഗ്രാഫി ചെയ്തവയാണ്, ബാക്കി ഡാന്സസ്  ഒക്കെ ചെയ്യാൻ എന്നെ സഹായിച്ച ഒത്തിരിപേർ ഉണ്ട്. ഡി 3 യുടെ ഗ്രൂമർ ആയ ശ്രീജിത് സർ, കൊല്ലത്തുള്ള രാജേഷ് മാസ്റ്റർ. ഇവർ രണ്ടാളും എന്നെ ഒരുപാടു മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്. ഓരോ റൌണ്ട് കഴിയുമ്പോളും എനിക്ക് ഇതിലും നന്നായി ചെയ്യാൻ കഴിയും എന്നെല്ലാം എന്നോട് അവർ പറയുമായിരുന്നു.

മറ്റ് ഇഷ്ടങ്ങൾ 

ഡാൻസ് പോലെ തന്നെ ഞാൻ ഒരുപാടു സ്നേഹിക്കുന്ന മറ്റൊന്നാണ് കൊറിയോഗ്രഫി. ഡാൻസ് സിറ്റി അക്കാദമി ഓഫ് ഡാൻസ് എന്ന ഡാൻസ് സ്കൂളിൽ ഹിപ്ഹോപ്  ഇൻസ്ട്രക്ടർ  ആയിട്ട് ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. പിന്നെ ഇഷ്ടമുള്ള വേറൊരു മേഖലയാണ് സൗണ്ട് മിക്സിങ്. എന്റെ പെർഫോമൻസിനു വേണ്ടി പാട്ടുകൾ മിക്സ് ചെയ്യുന്നത്  ഞാൻ തന്നെയാണ്. 

വളരെ അധികം ദൃഢനിശ്ചയം ഉള്ള ഒരാളെ പോലെയായിരുന്നു നാസിഫ് ഫ്ലോറിൽ?...

ആണോ..? അറിയില്ല..(ചിരിക്കുന്നു) സത്യത്തിൽ ആളുകളെ ചിരിപ്പിക്കാൻ ഇഷ്ടപെടുന്ന ഒരു വ്യക്തിയാണ് ഞാൻ പക്ഷെ ഇവിടെ അതൊന്നും പുറത്തെടുക്കാൻ സാധിച്ചില്ല എന്നതാണ് സത്യം. ഈ ഷോയിൽ വന്നതിനു ശേഷം എന്റെ ശ്രദ്ധ എല്ലാം തന്നെ ഡാൻസിലായിരുന്നു. എന്റെ അടുത്തിരുന്നു ആളുകൾ സംസാരിച്ചാൽപോലും ചിലപ്പോൾ ഞാൻ അറിയാറില്ല. എന്റെ മുന്നിൽ ഒരു ലക്ഷ്യം ഉണ്ടായിരുന്നു, അവിടെയായിരുന്നു എന്റെ ശ്രദ്ധ മുഴുവൻ. ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ് ഈ ഫ്ലോറിൽ കളിയ്ക്കാൻ ഒരു അവസരം, അത് ലഭിച്ചപ്പോൾ എന്റെ ശ്രമങ്ങളെല്ലാം തന്നെ ഇതിൽ മികവ് തെളിയുക എന്നതിലായിരുന്നു.  

ഡി 4 ഡാൻസ് നൽകിയ നല്ല പാഠം

 എന്നെ സംബന്ധിച്ചിടത്തോളം ഒരു റിയാലിറ്റി ഷോ ചെയ്യുമ്പോഴാണ് നമ്മൾ എത്രത്തോളം കൃത്യനിഷ്ഠയുള്ളവരാണ് എത്രത്തോളം ഡെഡിക്കേറ്റഡ് ആണ് എന്നൊക്കെ മനസിലാക്കുന്നത്. എന്റെ കാര്യവും വ്യത്യസ്ഥമല്ല. സമയത്തിന്റെ വിലയും വ്യാപ്തിയും എനിക്ക്  മനസിലാക്കിത്തന്നത്  ഡി 4 ഡാൻസ് എന്ന ഈ  ഫ്ലോറാണ്.

കുടുംബം 

വാപ്പച്ചി ഉമ്മച്ചി  രണ്ടു ചേച്ചിമാർ പിന്നെ ഞാൻ, ഇതാണെന്റെ കുടുംബം. വാപ്പച്ചി ആസാദ് ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി  ജോലി നോക്കുന്നു. ഉമ്മച്ചി  വാഹിദ  ഹൗസ് വൈഫ് ആണ്. ചേച്ചിമാരായ  നാസിനിയും  നാസിയയും വിവാഹിതരാണ്. 

നാസിഫിനെ സ്നേഹിക്കുന്നവരോട് എന്താണ് പറയാനുള്ളത്? 

സോഷ്യൽ മീഡിയയിലൊന്നും ഒട്ടും ആക്റ്റീവ് ആയ ഒരു വ്യക്തിയല്ല ഞാൻ. എനിക്ക് മെസേജ്  അയച്ചവരിൽ ഒരുപാട് പേർക്കൊന്നും മറുപടി കൊടുക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. അവരോടെക്കെ ക്ഷമ ചോദിക്കുന്നു. ഇനി മുതൽ കൂടുതൽ ആക്റ്റീവ് ആയി മറുപടികൾ നല്കാൻ ഞാൻ ശ്രമിക്കും. ഈ  ഷോയുടെ ആരംഭം മുതൽ ഇവിടം വരെ എന്റെ കൂടെ നിന്നവരാണിവർ. മെസേജസ്  ഒക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നിട്ടുണ്ട്. എന്നെ ഒരുപാടു സഹായിച്ച  ശ്രീജിത്  മാസ്റ്ററും കുടുംബവും, രാജേഷ് മാസ്റ്റർ.. ഒരിക്കലും പറഞ്ഞാൽ തീരുന്നതല്ല അവരോടുള്ള എന്റെ നന്ദി.  ജഡ്ജസ്, പിന്നെ എന്റെ പ്രിയ കൂട്ടുകാർ, എല്ലാവർക്കും ഒരു വല്യ താങ്ക്സ്.