Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പങ്കാളിക്കു വേണ്ടി ഒരിക്കലും ത്യജിക്കരുത് ഈ 5 കാര്യങ്ങൾ

Couple Representative Image

നമ്മളെ നമ്മളായി തന്നെ അംഗീകരിക്കുന്ന പങ്കാളിയെ ആണ് ഏവരും ആഗ്രഹിക്കുന്നത്. ഏറെക്കുറെ തന്റെ ഇഷ്ടങ്ങളുമായി ചേർന്നു പോകുന്ന ആളുമായിട്ടായിരിക്കും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ. എങ്കിലും രണ്ടു വ്യക്തികള്‍ ആണെന്നിരിക്കെ പരസ്പരം വിട്ടുവീഴ്ചകള്‍ തീര്‍ച്ചയായും അനിവാര്യമായി വരും. പക്ഷേ അപ്പോഴും നമ്മള്‍ നമ്മളായി തന്നെ നിൽക്കണം, മറ്റൊരാൾക്കു വേണ്ടി നമ്മുടെ വ്യക്തിത്വം പോലും മാറുന്ന അവസ്ഥയാകരുത്. ജീവിത പങ്കാളിക്കു വേണ്ടി നിങ്ങള്‍ ഒരിക്കലും ത്യജിക്കരുതാത്ത അഞ്ചു കാര്യങ്ങളാണു താഴെ പറയുന്നത്.

1. സുഹൃത്തുക്കള്‍, കുടുംബം

തനിക്കു വേണ്ടി സുഹൃത്തുക്കളെ ഉപേക്ഷിക്കണമെന്നോ അല്ലെങ്കിൽ വീട്ടുകാരെ പിരിയണമെന്നോ നിര്‍ബന്ധം പിടിക്കുന്നെങ്കിൽ തീര്‍ച്ചയായും ആ ബന്ധം നല്ല രീതിയില്‍ അവസാനിക്കില്ലെന്നു മനസ്സിലാക്കുക. യഥാര്‍ഥ സ്നേഹബന്ധത്തില്‍ പങ്കാളി ഒരിക്കലും ഇത്തരത്തില്‍ ആവശ്യപ്പെടില്ലെന്നു മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു.

2. നിങ്ങളുടെ കുറവുകള്‍

നിങ്ങളുടെ കുറവുകള്‍ നിങ്ങളുടെ തന്നെ ഭാഗമാണ്. അതു പരിഹരിക്കാന്‍ നിങ്ങള്‍ക്കു ശ്രമിക്കാം. എന്നാല്‍ അതു മാറ്റാത്തതിന്റെ പേരില്‍ പരിഹാസത്തിനോ കുറ്റപ്പെടുത്തലിനോ പങ്കാളി മുതിര്‍ന്നാല്‍ അത് ഒരിക്കലും അനുവദിക്കേണ്ടതില്ല. കാരണം ആ കുറവുകള്‍ കൂടി ഉള്‍പ്പെട്ടതാണു നിങ്ങള്‍. ഇന്ന് ഒരു കാര്യത്തിന്‍റെ പേരില്‍ പരിഹസിച്ചാല്‍ അതു പരിഹരിച്ചാലും നാളെ കുറ്റപ്പെടുത്താന്‍ പുതിയ കാരണം കണ്ടുപിടിച്ചേക്കാം.

3. നിങ്ങളുടെ മൂല്യങ്ങള്‍

നിങ്ങലുടെ മൂല്യങ്ങള്‍ നിങ്ങളുടെ വിശ്വാസത്തിന്‍റെ ഭാഗമാണ്. മറ്റൊരാള്‍ക്കു വേണ്ടി അതിനെ മാറ്റേണ്ട കാര്യമില്ല. അങ്ങനെ മാറ്റിയാലും അതിനെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്കു കഴിഞ്ഞെന്ന് വരില്ല. ഇന്നല്ലെങ്കില്‍ നാളെ അടച്ചു വക്കുന്നതു പുറത്തു ചാടുക തന്നെ ചെയ്യും. മികച്ച ബന്ധമാണെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും മൂല്യങ്ങളില്‍ ഒത്തുതീര്‍പ്പു നടത്തേണ്ടി വരില്ല

4. ജീവിത ലക്ഷ്യങ്ങള്‍

മിക്കവാറും പങ്കാളിയെ കണ്ടെത്തുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ തിരിച്ചറിഞ്ഞത് നിങ്ങളുടെ ജീവിത ലക്ഷ്യമായിരിക്കാം. അങ്ങനെയിരിക്കെ പങ്കാളിയുടെ നിര്‍ബന്ധത്തിനു വഴങ്ങി അല്ലെങ്കില്‍ അവരുടെ നിര്‍ദ്ദേശ പ്രകാരം അത് ഉപേക്ഷിക്കുന്നത് ദീര്‍ഘകാലത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. 

5. നിങ്ങളുടെ താല്‍പര്യങ്ങള്‍

വ്യക്തിപരമായ താല്‍പര്യങ്ങളാണ് അതതു വ്യക്തികളെ അവരാക്കി മാറ്റുന്നത്. അങ്ങനെയിരിക്കെ ആ താല്‍പ്പര്യങ്ങള്‍ അതു നൃത്തമായാലും സംഗീതമായാലും സിനിമയായാലും ഉപേക്ഷിക്കാന്‍ അവശ്യപ്പെടുന്നതു ക്രൂരത തന്നെയാണ്. അതുമൂലം ബന്ധത്തിലുണ്ടായേക്കാവുന്ന വിടവു വളരെ വലുതായിരിക്കും.

മുകളില്‍ പറഞ്ഞ കാര്യങ്ങളുടെ പേരില്‍ ബന്ധം അവസാനിപ്പിക്കണം എന്നതല്ല പറയാന്‍ ഉദ്ദേശിച്ചത്. പകരം പങ്കാളിയോട് ഇത്തരം കാര്യങ്ങളിലെ തന്‍റെ നിലപാടു വ്യക്തമാക്കുക. അവരെ കാര്യങ്ങള്‍ മനസ്സിലാക്കി അവരുടെ പിന്തുണ കൂടി ഉറപ്പാക്കുക. അതേസമയം ഒരു വിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും പങ്കാളി തയ്യാറല്ലെങ്കില്‍ അവര്‍ നിങ്ങളുടെ വ്യക്തിത്ത്വത്തെ തന്നെ മാനിക്കുന്നില്ല എന്നാണ് അതിനര്‍ഥം