Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൈജീരിയൻ സയാമീസ് ഇരട്ടകളെ അമേരിക്കയിൽ വേർപ്പെടുത്തി 

niger-siamese-twins മിറക്കിൾ, അയേണി എന്നീ രണ്ടു പെൺകുഞ്ഞുങ്ങളെയാണ് ശസ്ത്രക്രിയയിലൂടെ അമേരിക്കയിലെ ഡോക്ടർമാർ വേർപ്പെടുത്തിയത്. ഇരുവരുടെയും ഒന്നാം പിറന്നാളിന്റെ തലേന്നായിരുന്നു ശസ്ത്രക്രിയ.

സയാമീസ് ഇരട്ടകളെ എന്നും കൗതുകത്തോടെയാണ് ലോകം കണ്ടിരുന്നത്. എന്നാൽ മറ്റുള്ളവർ കാണുന്ന അത്ര കൗതുകം നിറഞ്ഞതല്ല അവരുടെ ജീവിതം. എന്തിനും ഏതിനും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ. സ്വന്തം വ്യക്തിത്വം പോലും അറിയാതെ ഇങ്ങനെ ജീവിച്ചുപോകുന്ന സയാമീസ് ഇരട്ടകളിൽ ലാദനെയും ലാലയെയും പോലെ പൊരുതി സ്വന്തം ജീവിതം കണ്ടെത്തിയവർ ചുരുക്കം. അതുകൊണ്ട് തന്നെയാണ് എന്തുവിലകൊടുത്തും സയാമീസ് ഇരട്ടകളെ വേർപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ശാസ്ത്രലോകം പ്രത്യേക പരിഗണന നല്കുന്നതും. 

ശാസ്ത്രലോകത്തിന്റെ അത്തരം ശ്രമങ്ങൾക്ക് കൂടുതൽ ആവേശം പകരുകയാണ് നൈജീരിയയിൽ നിന്നും സയാമീസ് ഇരട്ടക്കുട്ടികളെ വിജയകരമായി വേർപ്പെടുത്തിയ വാർത്ത. മിറക്കിൾ, അയേണി എന്നീ രണ്ടു പെണ്കുഞ്ഞുങ്ങളെയാണ് ശസ്ത്രക്രിയയിലൂടെ അമേരിക്കയിലെ ഡോക്ടർമാർ വേർപ്പെടുത്തിയത്. 

niger-siamese-twins-seperated

ഇരുവരുടെയും ഒന്നാം പിറന്നാളിന്റെ തലേന്നായിരുന്നു ശസ്ത്രക്രിയ. ലെ ബോണേവൂർ ചിൽഡ്രൻസ് ആശുപത്രിയിൽ 18  മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് ഇരുവരെയും വേർപ്പെടുത്തിയത്. കഴിഞ്ഞ ജൂൺ മുതൽ ശസ്ത്രക്രിയക്കായി അമേരിക്കയിൽ താമസിക്കുകയായിരുന്നു കുട്ടികളും മാതാപിതാക്കളും. 

പൂർണാരോഗ്യത്തോടെയാണ് ഇരുവരും ജനിച്ചു വീണത്. കൈകാലുകളും മറ്റു ആന്തരീയ അവയവങ്ങളും ഇരുവർക്കും പ്രത്യേകം ഉണ്ടെങ്കിലും അരക്കെട്ട് കൂടിച്ചേർന്ന നിലയിലായിരുന്നു ഇരുവരും. നൈജീരിയയിലെ ചികിത്സകൊണ്ട് ഫലം കാണില്ല എന്നുറപ്പായപ്പോഴാണ് കുഞ്ഞുങ്ങളുമായി മാതാപിതാക്കൾ അമേരിക്കയിൽ എത്തിയത്. ബുധനാഴ്ച രാവിലെ ആരംഭിച്ച ശസ്ത്രക്രിയ ഏറെ വൈകിയാണ് അവസാനിച്ചത്. 

niger-siamese-twins-with-family

അരഭാഗത്തെ എല്ലുകൾ പകുത്ത്, ഇരുവരെയും വേർപ്പെടുത്തുകയായിരുന്നു. ശസ്ത്രക്രിയ പൂർണ വിജയകരമായിരുന്നു എന്നും ശസ്ത്രക്രിയക്ക് ഒടുവിൽ ഇരുവരും സുഖം പ്രാപിച്ചു വരികയാണ് എന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കുഞ്ഞുങ്ങൾ പൂർണമായും സുഖപ്പെട്ടു രണ്ടു വ്യക്തികളായി ജീവിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് വീട്ടുകാർ. 

related stories