Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈൻ ഡേറ്റിങ്, അറിയണം ഈ 9 കാര്യങ്ങൾ!

Online Dating Representative Image

സാങ്കേതിക വിദ്യകളുടെയും ഇന്റർനെറ്റിന്റെയും വളർച്ചയോടെ വൻ മുന്നേറ്റങ്ങളാണ് വിവിധ മേഖലകളിലായി മനുഷ്യൻ നടത്തികൊണ്ടിരിക്കുന്നത്. എന്നാൽ ഇവയ്ക്കൊപ്പം തന്നെ സൈബർ ലോകം ഒരുക്കിവച്ചിരിക്കുന്ന കെണികളെ കുറിച്ചും അവയ്ക്ക് ഇരയായവരെ കുറിച്ചുമുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. ഇത്തരം ചതിക്കുഴികളെ പേടിച്ച് ഓൺലൈൻ സംവിധാനങ്ങളിൽ നിന്നും വിട്ടുനില്‍ക്കുന്നവരും കുറവല്ല. എന്നാൽ ചില മുൻകരുതലുകൾ സ്വീകരിച്ചാൽ ഡേറ്റിങ് ആപ്ലിക്കേഷൻ ഉൾപ്പടെയുള്ള ഓൺലൈൻ സംവിധാനങ്ങളിൽ സുരക്ഷ ഉറപ്പാക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

തട്ടിപ്പുകാർക്കു മുന്നിൽ അകപ്പെടാതിരിക്കാൻ ഓൺലൈൻ ഡേറ്റിങ്, ചാറ്റിങ് സർവ്വീസുകൾ ഉപയോഗിക്കുന്നവർക്കായി ചില സുരക്ഷാ മുൻകരുതലുകൾ നിർദ്ദേശിച്ചിരിക്കുകയാണ് സ്കാമാലിറ്റിക്സ് എന്ന സോഫ്റ്റ്വെയർ നിർമ്മാണ സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളായ നിക് സിനോണിസും ഓൺലൈൻ വിദ്ഗ്ധനായ ചാർളി ലെസ്റ്ററും.

ചാറ്റിങ് വെബ്സൈറ്റിൽ മാത്രമാക്കുക

ഓൺലൈൻ ചാറ്റിങ്ങിലെ സംഭാഷണങ്ങളെല്ലാം വെബ്സൈറ്റുകളിൽ മാത്രം ഒതുക്കി നിർത്തുക എന്നതാണ് ആദ്യപടി. ഡേറ്റിങ് സൈറ്റുകൾക്ക് ഉപയോക്താക്കളുടെ പെരുമാറ്റം തിരിച്ചറിയാാൻ സാധിക്കും. അതിനാൽ വൈബ്സൈറ്റുകൾ നൽകുന്ന മെസേജിങ്ങ് സേവനങ്ങളിൽ മാത്രം അപരിചിതരുമായുള്ള സന്ദേശ കൈമാറ്റം ഒതുക്കി നിർത്തുന്നത് തട്ടിപ്പുകാരിൽ നിന്നും രക്ഷപെടാൻ സഹായിക്കും.

ബ്ലോക് ചെയ്യാൻ മടിക്കേണ്ട

മുൻപ് പറഞ്ഞതു പോലെ ഡേറ്റിങ് സൈറ്റുകൾക്ക് ഉപയോക്താക്കളുടെ ഓണ്‍ലൈൻ പെരുമാറ്റം നിരീക്ഷിക്കാൻ സാധിക്കും. മോശമായ തരത്തിൽ ഓൺലൈൻ ചാറ്റിങ് നടത്തുന്നവരെ സൈറ്റ് തന്നെ കണ്ടെത്താറുമുണ്ട്. എന്നിരുന്നാലും സംശയം തോന്നുന്ന ആളുകളെ ഉപയോക്താക്കൾക്കു തന്നെ ബ്ലോക്ക് ചെയ്യാനുള്ള മാർഗ്ഗങ്ങളും ഇത്തരം വൈബ്സൈര്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവ കൃത്യമായി പ്രയോജനപ്പെടുത്തുക എന്നതാണ് തട്ടിപ്പുകാരെ ഒഴിവാക്കാമനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം.

Online Dating Representative Image

അറിയാം, സമയമെടുത്ത് തന്നെ

നേരിൽ കാണുന്നില്ല എന്നതുകൊണ്ടു തന്നെ ഒരാളെ വേഗം തെറ്റിദ്ധരിപ്പിക്കാൻ സാധിക്കുന്ന മാർഗ്ഗമാണ് ചാറ്റിങ്. തെല്ലും സംശയം ഉണ്ടാകാത്ത വിധം ചാറ്റിങ് സേവനങ്ങൾ ഉപയോഗിച്ച് ചതിക്കുഴികൾ ഒരുക്കുന്നവരും കുറവല്ല. അതിനാൽ ചാറ്റിങ്ങിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിയെക്കുറിച്ച് പെട്ടെന്ന് നിഗമനങ്ങളിൽ എത്തിച്ചേരാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. പറയുന്നെല്ലാം പൂർണ്ണമായി വിശ്വസിക്കുന്നവരാണ് അബദ്ധങ്ങളിൽ ചെന്നു ചാടുന്നവരിൽ അധികവും. അതിനാൽ പറയുന്ന കാര്യങ്ങള്‍ സത്യസന്ധമാണെന്ന് സമയമെടുത്ത് ഉറപ്പിക്കാൻ ശ്രദ്ധിക്കുക.

അഭിപ്രായങ്ങൾ‍ ആരായാം

ചാറ്റിങ്ങിലൂടെ സുഹൃത്താകുന്ന വ്യക്തികളെക്കുറിച്ച് അസ്വാഭാവികമായി എന്തെങ്കിലും തോന്നിയാലും അവ അടുപ്പമുള്ളവരോടു പോലും തുറന്നു പറയാൻ മടിക്കുന്നതാണ് തട്ടിപ്പുകാരുടെ വലകളിൽ വേഗം അകപ്പെടുന്നതിനുള്ള മറ്റൊരു കാരണം. അതിനാൽ ചാറ്റിങ്ങിൽ പരിചയപ്പെട്ട ഒരു വ്യക്തിയെക്കുറിച്ച് സംശയകരമായി എന്തെങ്കിലും തോന്നിയാൽ വിശ്വസ്തനായ സുഹൃത്തിനോടോ സുഹൃത്തുക്കളോടോ അഭിപ്രായം ആരായാം. ഇത് ശരിയായ മാർഗ്ഗം തിരഞ്ഞെടുക്കുന്നതിന് നിങ്ങൾക്കു സഹായകരമാകും.

കൃത്യമായ വിവരങ്ങൾ അറിയാന്‍ ഗൂഗിൾ

ഓൺലൈനിൽ കണ്ടുമുട്ടുന്ന വ്യക്തിയെക്കുറിച്ച കൃത്യമായ വിവരങ്ങൾ അറിയാൻ ശ്രമിക്കുന്നത് ചതിക്കുഴികളിൽ പെട്ടുപോകാതിരിക്കാൻ അത്യാവശ്യമാണ്. ചാറ്റിങ്ങിലേർപ്പെട്ടിരിക്കുന്ന വ്യക്തി ഉപയോഗിച്ചിരിക്കുന്ന പ്രൊഫൈൽ ചിത്രവും മറ്റും വ്യാജമാണോ എന്നറിയാൻ ഗൂഗിൾ ഇമേജസ് പോലെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാം. ഇത്തരത്തിൽ പരിചയപ്പെടുന്നവർ കൃത്യമായ വിവരങ്ങളാണോ നൽകിയിരിക്കുന്നത് എന്നറിയാന്‍ സാമൂഹ്യ മാധ്യമങ്ങളളുടെ സഹായവും തേടാം. പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ പിന്നെ വൈകേണ്ട. എത്രയും വേഗന്നു തന്നെ ആ വ്യക്തിയെ ബ്ലോക്ക് ചെയ്ത് ചാറ്റിങ്ങ് അവസാനിപ്പിക്കാം.

Online Dating Representative Image

ഒറ്റക്കുള്ള കൂടിക്കാഴ്ചകൾ വേണ്ട

ഓൺലൈനിലൂടെ കണ്ടുമുട്ടുന്ന എല്ലാവരും അപരിചിതരാണെന്ന ബോധം എപ്പോഴും ഉണ്ടാകണം. ഇങ്ങനെ പരിചയപ്പെടുന്ന സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾക്കു അവസരമുണ്ടായാൽ അത് പൊതു സ്ഥലങ്ങളില്‍ വച്ചു മാത്രമാണെന്ന് ഉറപ്പുവരുത്തുക. രണ്ടോ മൂന്നോ തവണ കൂടിക്കാഴ്ചകൾ നടത്തിയാലും ഇത്തരം സ്ഥലങ്ങൾ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

സുഹൃത്തുകളെ അറിയിക്കാം..

ഓൺലൈൻ സൗഹൃദങ്ങൾ അടുത്ത സുഹൃത്തുക്കളിൽ നിന്നും മറച്ചുപിടിക്കാതിരിക്കേണ്ടത് അനിവാര്യമാണ്. ഓൺലൈൻ സുഹൃത്തുക്കളെ കാണാൻ പോകുന്ന വിവരവും മറ്റും നേരിട്ടറിയുന്ന അടുത്ത സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക.

അൽപ്പം ശ്രദ്ധിക്കാം..

ഓൺലൈൻ സുഹൃത്തുമായി നേരിട്ടു കാണുന്ന അവസരങ്ങളിൽ ഭക്ഷണ സമയത്തും ശ്രദ്ധിക്കണം. ഔപചാരികതയുടെ പേരിൽ നൽകുന്ന പാനീയങ്ങളും മറ്റും നിരസിക്കുന്നത് അപമര്യാദയായി കരുതേണ്ടതില്ല. സുഹൃത്തിനെക്കുറിച്ച് പൂർണ്ണ ബോധ്യം ലഭിക്കുന്നതു വരെ ഇത്തരം അകൽച്ചകൾ പാലിക്കേണ്ടത് അത്യാവശ്യമാണ്.

Online Dating Representative Image

തുറന്നു പറച്ചിൽ...

ചാറ്റിങ്ങിലൂടെ മാത്രം പരിചയപ്പെടുന്നവരുമായി നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം വിവരങ്ങൾ തട്ടിപ്പുകാർക്ക് നിങ്ങളെ വേഗത്തിൽ വലയിലാക്കാനുള്ള അവസരങ്ങളൊരുക്കി കൊടുക്കും. ഓൺലൈൻ പരിചയങ്ങളിൽ അസ്വസ്ഥത അനുഭവപ്പെട്ടാൽ പിന്നെ വൈകേണ്ട, ആ സൗഹൃദം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക. ഓർക്കുക നിങ്ങളുടെ ജീവിതത്തിനും സുരക്ഷിതത്വത്തിനുമാണ് മറ്റെന്തിനേക്കാളും പ്രാധാന്യം കൽപ്പിക്കേണ്ടത്.

Your Rating: