Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗരഗനഹള്ളിയിൽ ഒരോണക്കാലത്ത്...

gayathri ഈ ഓണത്തിന് ഒരു യാത്ര പോയാലോ?.. കേരളത്തിലേക്ക് ഓണത്തിന് പൂക്കളെത്തുന്ന പാടങ്ങളുള്ള ഗുണ്ടല്‍ പേട്ടിലേക്ക്...

ഡല്‍ഹിയില്‍ നിന്ന് അപ്രതീക്ഷിതമായി ഒരു യാത്ര പോയതാണ് മൈസൂരിലേക്ക്‍... പെട്ടെന്നെവിടെ നിന്നോ ഒരു ഓര്‍മപ്പെരുമഴ. മൈസൂര്‍പാക്കിലേക്ക് നോക്കുമ്പോള്‍ പോലും വെളിച്ചെണ്ണയില്‍ പൂത്തുവിരിയുന്ന പപ്പടത്തിന്‍റെയും പായസത്തിലെ തേങ്ങാപ്പാലിലേക്ക് കിനിഞ്ഞിറങ്ങുന്ന നെയ്യില്‍ പൊരിച്ച കിസ്മിസിന്‍റെയും കശുവണ്ടിയുടെയുമൊക്കെ ഓണമോർമകൾ‍. തിരിഞ്ഞും മറിഞ്ഞും ആലോചിച്ചു. അതിനിടയ്ക്ക് ജെഎസ്എസ് ആശുപത്രിയുടെ റസിഡന്റ് ഹോസ്റ്റലിലെ ആന്ധ്രക്കാരി റൂം മേറ്റ് ഡോ. വിജയയുടെ വക ചോദ്യം-  ‘അടുത്തമാസമല്ലേ നിങ്ങളുടെ ഓണം?’ അതു കേട്ടപ്പോഴാണ് സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടിയത്..

എന്തായാലും ഓണത്തിന് നാട്ടില്‍ പോകുന്ന കാര്യം ആലോചിക്കാനേ പറ്റില്ല. കിട്ടിയ തക്കത്തിന് പൂക്കള മഹാത്മ്യം ആന്ധ്രക്കാരിയോട് വിസ്തരിക്കുമ്പോഴാണ് പണ്ടെങ്ങാണ്ട് എവിടെയോ കേട്ട ഓര്‍മ്മയില്‍ നിന്നും കേരളത്തിലേക്ക് ഓണത്തിന് പൂക്കളെത്തുന്ന പാടങ്ങളുള്ള ഗുണ്ടല്‍ പേട്ട് മനസിലേക്ക് വന്നത്.  അതും ചര്‍ച്ചയായപ്പോള്‍ ഒരു പകലില്‍ പോയി വരാനുള്ള ദൂരമേയുള്ളു ഗുണ്ടല്‍പേട്ടിലേക്ക് എന്ന് അവൾ‍.

പൂക്കള്‍ പണ്ടേ ഭ്രാന്താണ്. അതുകൊണ്ടു തന്നെ രാവിലെ  ആറിന് ഞാന്‍ ബസ് സ്റ്റാന്‍റില്‍ ഹാജർ. ഗുണ്ടല്‍പേട്ട് എന്ന ബോര്‍ഡ് കണ്ടപ്പോഴേ മനം കുളിര്‍ത്തു. കഷ്ടി 59 കിലോമീറ്റർ‍. ഒന്നരമണിക്കൂറില്‍ ബസ് സ്ഥലത്ത് എത്തും. ബസ്സിലെ സഹയാത്രിക ഒരു സ്കൂള്‍ വിദ്യാര്‍ഥിനി. കക്ഷിക്ക് കന്നഡ കലര്‍ന്ന ഇംഗ്ലിഷ് കുറച്ച് വഴങ്ങും. വഴിയരികില്‍ ഒരിടത്ത് സൂര്യകാന്തി പൂപ്പാടങ്ങള്‍ കണ്ട് അന്തംവിട്ടപ്പോള്‍ അവള്‍ക്ക് പുച്ഛം. ഗുണ്ടല്‍പേട്ടില്‍ ഇത് സീസണല്ല എന്ന് നേരത്തെ അറിയാം. അതുകൊണ്ട് അവിടുത്തെ പൂക്കളൊക്കെ കാക്ക കൊത്തിക്കൊണ്ട് പോയിരിക്കാമെന്ന് പേടിച്ച് ഞാന്‍ അപ്പോള്‍ തന്നെ സഹയാത്രികയോട് സ്ഥലം ചോദിച്ച് മനസ്സിലാക്കി- ഗരഗനഹള്ളി.

jamanthi കണ്ണെത്താ ദൂരത്തോളം ജമന്തി പൂപ്പാടങ്ങൾ‍. തെളിഞ്ഞ നീലാകാശം. ഇതിനിടയില്‍ രാഗവിസ്താരം നടത്തുന്ന കാറ്റ്.

അധികദൂരം ചെന്നില്ല, അതാ കണ്ണില്‍ മലയാള ബോര്‍ഡൊന്ന് മിന്നി മറഞ്ഞു–തലശ്ശേരി ബിരിയാണി !!!! അമ്പരപ്പില്‍ തുറന്ന വാ അടയ്ക്കുന്നതിന് മുന്‍പേ ബോര്‍ഡ് കണ്ടു - ഗുണ്ടല്‍പേട്ട്. ആദ്യം കണ്ട മലയാളിഹോട്ടലില്‍ കയറി ‘കട്ടന്‍ ചായ ഉണ്ടോ’ എന്ന് ചോദിച്ചതേ ഉള്ളൂ, ചായയോടൊപ്പം ഗുണ്ടല്‍പ്പേട്ടിലെ ചരിത്രവും ഭൂമിശാസ്ത്രവും ഒക്കെ പോന്നു– ‘ജമന്തി പാടങ്ങള്‍ ഒത്തിരി ഉണ്ട്’ അവരുടെ ഉറപ്പ്. പക്ഷെ പ്രതീക്ഷിച്ചതു പോലെ സൂര്യകാന്തിയുടെ സീസണ്‍ കഴിഞ്ഞിരിക്കുന്നു. മിക്ക പാടങ്ങളിലും വിളവെടുപ്പ് കഴിഞ്ഞുകാണും.

എന്തായാലും മൈസൂര്‍ റൂട്ടിലേക്ക് ഒരു 20 മിനിറ്റ് പോയാല്‍ ഒരിടത്ത് ഇപ്പോഴും പാടങ്ങള്‍ ഉണ്ടെന്ന് ഹോട്ടലിലെ ജീവനക്കാരന്‍ പറഞ്ഞു. ‘ഓ നമ്മുടെ ഗരഗനഹള്ളി’ എന്ന് ഞാൻ‍. നന്നായി ഹോം വര്‍ക്ക് ചെയ്ത കുട്ടിയെ നോക്കുന്ന ടീച്ചറിനെ പോലെ ആ ചേട്ടന്‍റെ കണ്ണുകളില്‍ വാത്സല്യം.

പോകാനിറങ്ങിയപ്പോൾ അവിടുള്ളവര്‍ക്ക് ആശങ്ക– ‘ഒറ്റയ്ക്ക് പോകേണ്ട'. കൂട്ടിന് അടുത്തുള്ള ലോഡ്ജിലെ റൂം ബോയ് നന്ദയെ റെഡിയാക്കി. ദൈവം സഹായിച്ച് കന്നഡയല്ലാതെ ഒരു വാക്കും അറിയില്ല അവന്. ഞാന്‍ ചോദിക്കുന്നത് മനസിലായില്ലെങ്കിലും വൃത്തിയായി കന്നഡയിൽ എന്തൊക്കെയോ പറയും,  ഇടയ്ക്ക് ചിരിക്കുന്നുമുണ്ട്. സ്റ്റാൻഡിലെത്തി ഓട്ടോ പിടിച്ചു. ആദ്യം 500 രൂപ ചോദിച്ച ഡ്രൈവറെ നന്ദ ഇരുനൂറില്‍ ഒതുക്കി. റിട്ടേണും വെയ്റ്റിങ്ങും എല്ലാം സഹിതം. ടൗണ്‍ വിട്ടപ്പോള്‍ കൺനിറയെ പാടങ്ങൾ‍. പക്ഷേ ഊഷര ഭൂമിയാണ്. കള്ളിച്ചെടികളും മുള്‍ക്കാടുകളും അങ്ങിങ്ങ് വളര്‍ന്ന് നില്‍ക്കുന്നു. ഇവിടെന്ത് വളരാനാണെന്ന് ഓര്‍ക്കാന്‍ പോലും അവസരം തരാതെയായിരുന്നു കണ്മുന്നിലേക്ക് പുഞ്ചിരിച്ച് നില്‍ക്കുന്ന ജമന്തി പാടങ്ങള്‍ കയറിവന്നത്.

ഡൈ കമ്പനിക്കാര്‍ കൂട്ടത്തോടെ പൂക്കളുടെ ക്വട്ടേഷന്‍ എടുക്കുന്നതിനാല്‍  ദൈവങ്ങള്‍ക്കും ഓണത്തിനും അത്ര വലിയ ഡിമാൻഡ് പോര ഇപ്പോൾ കര്‍ഷകര്‍ക്കിടയില്‍ എന്ന് ഡ്രൈവര്‍ തിരുപ്പതി. എന്നാലും ഡൈക്കാരുടെ കയ്യില്‍ നിന്ന് കൂടുതല്‍ വില കിട്ടാന്‍ ഓണം സഹായിക്കുമെന്ന് കള്ളച്ചിരിയോടെ കൂട്ടിച്ചേര്‍ത്തു അദ്ദേഹം. അമ്മയും ഭാര്യയും പാടങ്ങളില്‍ പണിയെടുക്കുന്നു. നീലഗിരിയില്‍ നിന് കുടിയേറിയവരാണവർ‍. 

കണ്ണെത്താ ദൂരത്തോളം ജമന്തി പൂപ്പാടങ്ങൾ‍. തെളിഞ്ഞ നീലാകാശം. ഇതിനിടയില്‍ രാഗവിസ്താരം നടത്തുന്ന കാറ്റ്.  എന്‍റെ നിശബ്ദത വളരെ പെട്ടെന്ന് കൂട്ട് വന്നവരിലേക്കും പടര്‍ന്നു കയറി. 

പാടത്തിനകത്ത് കാക്കത്തൊള്ളായിരം പൂക്കളങ്ങളുടെ ജൈവീകതക്ക് നടുവില്‍ ഞാൻ‍. എത്രനേരം അവിടങ്ങനെ ഇരുന്നു എന്നറിയില്ല...പെട്ടെന്ന് എവിടുന്നോ പൊട്ടിവീണ നന്ദയുടെ കന്നഡ എന്‍റെ ധ്യാനം മുറിച്ചു. ‘അടുത്തെവിടെയോ സൂര്യകാന്തിപ്പാടം പൂത്ത്നില്‍ക്കുന്നു... നടാന്‍ വൈകിയതാണ്’–തിരുപ്പതി മൊഴിമാറ്റി തന്നു. പറഞ്ഞുതീരുന്നതിന് മുന്‍പെ ഞാന്‍ഓട്ടോയില്‍ കയറി. വണ്ടി ബന്ദിപ്പൂര്‍ റൂട്ടിലേക്ക്തിരിഞ്ഞു. നല്ല മിടുക്കന്‍ റോഡ്. ഇരുവശവും വീണ്ടും മനോഹരമായ പാടങ്ങൾ. ജമന്തിക്കൊപ്പം ബീറ്റ്റൂട്ടും, ചീരയും, കാബേജും ഒക്കെ വിളഞ്ഞുനില്‍ക്കുന്നു. 

ഓട്ടോ നിര്‍ത്തിയത് ഒരു ചെറിയവീടിനു മുന്നൽ‍. കൃഷിക്കാരാണ്. വിളവെടുപ്പ് കഴിഞ്ഞ നിലക്കടല വൃത്തിയാക്കുകയാണ്. എന്തൊക്കെയോ കൃഷി വിശേഷങ്ങളൾ അവര്‍ പറയുന്നുണ്ട്. ‘സൂര്യകാന്തിപ്പാടങ്ങള്‍ എങ്കെ തിരുപ്പതി?’ ആശങ്കയോടെ ഞാൻ‍. ‘ഇരുക്കമ്മാ..ആത്തോടെ പിന്നാടി ഇരുക്ക്..’ വീടിനു പിന്നിലേക്ക് കണ്ണ്പാളിയപ്പോൾ....ദാ...നില്‍ക്കുന്നു..കുലുങ്ങിച്ചിരിച്ച് സൂര്യകാന്തികൾ‍..

g1 ദാ...നില്‍ക്കുന്നു..കുലുങ്ങിച്ചിരിച്ച് സൂര്യകാന്തികൾ‍..

വെയിലു കണ്ട് കോരിത്തരിച്ച വിന്‍സന്‍റ് വാന്‍ഗോഗിന് ഇത്ര ആഹ്ലാദം ഉണ്ടായി കാണുമോ എന്നറിയില്ല. പിന്നെ ഒരൊറ്റഓട്ടമായിരുന്നു...തക്കാളിപ്പാടങ്ങള്‍ക്ക് ഇടയിലൂടെ. നാലുചുറ്റും സൂര്യകാന്തിപൂക്കൾ.നടുവില്‍ ഞാൻ‍. മറ്റൊരു വയലിനും പകർന്നുതരാന്‍ കഴിയാത്ത അനുഭവവിസ്മയം. നിശബ്ദത എന്നെങ്കിലും പൊട്ടിച്ചിരിച്ചാൽ അതിനൊരു പക്ഷേ സൂര്യകാന്തിയുടെ സൗന്ദര്യമായിരിക്കും.

sunflower

വരയ്ക്കാന്‍ വാന്‍ഗോഗ് അല്ലാത്തതിനാല്‍ സെല്‍ഫികള്‍എടുത്ത് ഞാന്‍ ആഘോഷമാക്കി. പാടത്തു നിന്ന് ഇറങ്ങി തിരികെ നടക്കുമ്പോൾ വീട്ടുകാർ ഉച്ചത്തിലെന്തോ പറഞ്ഞു. കാപ്പികുടിച്ചിട്ട് പോകാമെന്നാണു ക്ഷണം. പ്രാതലിന് ചോളപ്പൊടിയും കാപ്പിയും. 

വീട്ടുകാര്‍ക്കൊപ്പം വെറും നിലത്തിരുന്ന് കാപ്പിക്കൊപ്പം പേരറിയാത്ത ഇലയില്‍ നിന്ന് ചോളപ്പൊടി വാരിക്കഴിച്ചപ്പോള്‍ ഓണസദ്യയുണ്ടതിന്റെ സംതൃപ്തി. തിരികെ വന്ന് ഒരു ചായയും കുടിച്ച്പിരിഞ്ഞപ്പോള്‍ യാത്ര പറയാന്‍ ചില പ്രിയപ്പെട്ട മുഖങ്ങൾ‍.

യാത്രകളായാലും ആഘോഷങ്ങളായാലും ഇതൊക്കെതന്നെയല്ലേ നമ്മുടെ സന്തോഷങ്ങൾ!!!

(ഡൽഹിയിൽ കൗൺസിലിങ് സൈക്കോളജിസ്റ്റ് ആണ് ലേഖിക)