Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

8 മാസം പ്രായമുള്ള മകൾക്ക് ദയാവധം ആവശ്യപ്പെട്ട് മാതാപിതാക്കൾ !

Mercy Killing രമണപ്പയും സരസ്വതിയും മകൾക്കൊപ്പം

മക്കൾ എത്രത്തോളം വലുതായാലും അവരുടെ ജീവനും ആരോഗ്യത്തിനും ഒന്നും സംഭവിക്കരുതേയെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവരാണു മാതാപിതാക്കൾ. മക്കള്‍ക്കു വേണ്ടി സ്വന്തം ജീവൻ പണയം വെക്കാൻ പോലും അവർ തയ്യാറാകും. പക്ഷേ ആന്ധ്രാപ്രദേശിൽ ഒരു മാതാപിതാക്കൾ മകളുടെ ജീവന് സംരക്ഷിക്കാൻ വേണ്ടിയല്ല മറിച്ച് കൈവെടിയാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. എട്ടുമാസം പ്രായമുള്ള മകൾക്കു ദയാവധം തേടി കോടതിയിലെത്തിയിരിക്കുകയാണ് ഇവർ, കരൾ രോഗം ഗുരുതരമായി ബാധിച്ച മകളുടെ ചികിത്സാ ചിലവുകൾ നോക്കിനടത്താന്‍ കഴിവില്ലാത്തതുകൊണ്ട് ഇരുവരും ഇത്തരത്തിലൊരു മാർഗം തിരഞ്ഞെടുത്തത്.

കാത്തുകാത്തിരുന്ന കിട്ടിയ പൊന്നോമനയെ കൊലപ്പെടുത്താൻ ഒരച്ഛനും അമ്മയ്ക്കും ആഗ്രഹമുണ്ടാകില്ല, പക്ഷേ നിവൃത്തിയില്ലാതായതോടെയാണ് ചിറ്റൂർ സ്വദേശികളായ രമണപ്പ സരസ്വതി എന്നീ ദമ്പതികള്‍ എട്ടുമാസം പ്രായമുള്ള ജ്ഞാനാ സായ് എന്ന തങ്ങളുടെ പെൺകുഞ്ഞിന് ദയാവധം ആവശ്യപ്പെട്ട് കോടതിയിലെത്തിയിരിക്കുന്നത്. ഗുരുതര കരൾ രോഗം ബാധിച്ച ജ്ഞാനയുടെ കരൾ മാറ്റി വെച്ചാലേ ജീവൻ നിലനിർത്താനാകൂ എന്നു ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ കർഷകരായ ഇവർക്ക് മകളുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ആവശ്യമായ ഭീമമായ തുക പോയിട്ട് നിത്യചിലവുകൾക്കു പോലും നിവർത്തിയില്ല. ഇതോടെയാണ് തംബല്ലപാല്ലെയിലെ സിവിൽ കോടതിയിൽ ദയാവധത്തിന് അനുമതി തേടി ഇരുവരും എത്തിയത്.

എന്നാൽ സിവിൽ കോടതിയിലെ ജഡ്ജി ഹർജി തള്ളുകയും ഇക്കാര്യത്തിൽ തനിക്ക് നടപടി കൈക്കൊള്ളാനാകില്ലെന്ന് അറിയിക്കുകയും ചെയ്തു. മാതാപിതാക്കൾക്കു വേണമെങ്കില്‍ ജില്ലാ കോ‌ടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു മാസത്തോളമായി ബെംഗളൂരുവില്‍ ചികിത്സയിൽ കഴിയുന്ന ജ്ഞാനാ സായിക്ക് നേരത്തെ ഒരു ശസ്ത്രക്രിയ നടത്തിയെങ്കിലും പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് രണ്ടുമാസത്തിനകം കരൾ മാറ്റി വെക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. ചികിത്സാ ചിലവുകൾക്കായി ഇതിനകം തന്നെ അഞ്ചു ലക്ഷത്തോളം ചിലവഴിച്ചെന്നും ഇനി തങ്ങളുടെ കയ്യിൽ നയാപൈസ പോലുമില്ലെന്നും അതിനാലാണ് ഇത്തരമൊരു സാഹചര്യത്തിലേക്കു നീങ്ങേണ്ടി വന്നതെന്നും രമണപ്പ പറഞ്ഞു.

മകൾക്കു വേണ്ടി തന്റെ കരൾ നൽകാൻ തയ്യാറാണ്, പക്ഷേ ചിലവുവരുന്ന മുപ്പതു ലക്ഷത്തിനു വഴിയില്ലാത്തതു കൊണ്ടാണ് ഉള്ളിൽ വേദന നിറച്ച് കോടതിയെ സമീപിച്ചതെന്നും രമണപ്പ പറഞ്ഞു. വിഷയം സമൂഹമാധ്യമങ്ങളിലും ചർച്ചയായി കഴിഞ്ഞു, സംസ്ഥാന സർക്കാർ ജ്ഞാനയുടെ ചികിത്സാ ചിലവുകൾ ഏറ്റെ‌ടുക്കാൻ തയ്യാറാകണമെന്നാണ് ഭൂരിഭാഗം പേരുും ആവശ്യപ്പെടുന്നത്