Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈകല്യം വിസ്മയത്തിന് വഴിമാറി; പ്രശാന്ത് ഇന്ത്യന്‍ റെക്കോര്‍ഡ് ബുക്കില്‍

prasanth-calendar പ്രശാന്ത്‌

പൂർണ്ണാരോഗ്യമുള്ള ഒരു വ്യക്തിക്ക് കേവലം ഒരു വർഷത്തെ കലണ്ടർ ഓർത്ത്‌ വയ്ക്കാൻ പറ്റുമോ ? എന്തിന് കേവലം ആറ് മാസത്തെ, പോട്ടെ വെറും ഒരുമാസത്തെ കലണ്ടർ? ഇല്ല അല്ലെ? എന്നാല്‍ കരമന സ്വദേശി പ്രശാന്തിന് പറ്റും. ഒന്നോ രണ്ടോ വര്‍ഷത്തെയല്ല 10000 വർഷത്തെ കലണ്ടർ മനഃപാഠമാക്കിയാണ് ഈ പത്തൊമ്പതുകാരന്‍ വിസ്മയം തീര്‍ത്തത്. പ്രശാന്തിന് എന്താണ് ഇത്ര പ്രത്യേകത എന്നാണ് ആലോചിക്കുന്നത് എങ്കില്‍ കേട്ടോളൂ ജന്‍മനാ കേള്‍വിക്കുറവും സംസാര വൈകല്യവും കാഴ്ച്ചക്കുറവുമുള്ള വ്യക്തിയാണ് പ്രശാന്ത്‌. സ്വന്തം ശാരീരിക, മാനസിക അവസ്ഥ തന്നെ പ്രതികൂലമായിട്ടും പ്രശാന്ത്‌ വിധിയോട് പൊരുതി. 

പതിനായിരം വര്‍ഷങ്ങളിലെ കലണ്ടര്‍ മനഃപാഠമാക്കിക്കൊണ്ട്  പ്രശാന്ത് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സിലും ഇടം നേടി. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സ് പ്രതിനിധിയുടെ സാന്നിധ്യത്തിൽ ആയിരുന്നു പ്രശാന്തിന്റെ പ്രകടനം. വി എസ് അച്യതാനന്ദൻ സാക്ഷിയായിരുന്നു. പതിനായിരം വര്‍ഷങ്ങള്‍ക്കിടയില്‍ നിന്നും സംഘാടകര്‍ നല്‍കിയ പത്തുദിവസങ്ങള്‍ ഏതാഴ്ചയായിരുന്നുവെന്ന് പ്രശാന്ത് സംശയത്തിനിടയില്ലാതെ പറഞ്ഞു കേൾപ്പിച്ചു. ഇതിനെത്തുടർന്ന് വി എസില്‍ നിന്ന് സര്‍ട്ടിഫിക്കറ്റും സ്വര്‍ണമെഡലും പ്രശാന്ത് സ്വന്തമാക്കി.

കാഴ്ച്ചക്കുറവും കേള്‍വിയില്ലായ്മയും സംസാരിക്കാനുള്ള ശേഷിക്കുറവുമായാണ് കരമന തളിയില്‍ സ്ട്രീറ്റില്‍ ചന്ദ്രന്റേയും സുഹിതയുടേയും മകൻ പ്രശാന്ത് ജനിച്ചു വീണത്‌. എന്നാൽ ഒര്മ്മശേഷിയുടെ കാര്യത്തിൽ ഈ വൈകല്യങ്ങൾ വഴിമാറി. മാത്രമല്ല, സംഗീതത്തിലും പ്രശാന്ത് തന്റെ കഴിവ് തെളിയിച്ചു. പ്രശാന്തിന്റെ വിരലുകൾ കീബോര്‍ഡില്‍ മാതൃക സംഗീതം രചിച്ചു. വൈകല്യങ്ങള്‍ നല്‍കിയെങ്കിലും ആ വൈകല്യങ്ങളെ മറികടക്കുന്ന രീതിയിലുള്ള കഴിവുകളും ദൈവം പ്രശാന്തിന് നല്‍കി. 

വഴുതക്കാട് റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പ്രശാന്ത് പഠിക്കുന്നത്. ഇപ്പോള്‍ സ്പെഷ്യല്‍ സ്കൂള്‍ പഠനമാണ് എങ്കിലും ഓപ്പന്‍  സ്‌കൂള്‍വഴി നാലാം ക്ലാസ് തുല്യതാ പരീക്ഷ പ്രശാന്ത്‌ പാസായി.  മൊബൈല്‍ ഫോണിന്റെ സഹായത്തോടെയാണ് പ്രശാന്ത് തീയതികള്‍  നോക്കി പഠിച്ചത്.പതിയെ പതിയെ അത് മനസ്സില്‍ പതിഞ്ഞു. സംസാരിക്കാനുള്ള കഴിവ് ഇല്ലാത്തതിനാല്‍ പലതും എഴുതിയാണ് കാണിക്കുക. 

കേള്‍വിക്കുറവും സംസാരശേഷിക്കുരവും മാത്രമല്ല പ്രശാന്തിനെ പ്രശ്നത്തില്‍ ആഴ്ത്തുന്നത്. ഹൃദയ വൈകല്യത്തിനും തലച്ചോറില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനും ശ്രീചിത്രാ മെഡിക്കല്‍ സെന്ററിന്റെ കീഴില്‍ ചികിത്സയിലാണ് ഈ യുവാവ്. മാത്രമല്ല, മുച്ചുണ്ട് മാറാനുള്ള ശസ്ത്രക്രിയയും പലകുറി നടത്തി. കഴിവുകള്‍ ഏറെയുണ്ട് എങ്കിലും കലോസവങ്ങളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍ ഒന്നും പ്രശാന്തിന് ലഭിച്ചിട്ടില്ല. 

അടുക്കും ചിട്ടയുമുള്ള ജീവിതമാണ് തിരിച്ചടികള്‍ക്ക് ഇടയിലും പ്രശാന്തിനെ വളര്‍ത്തുന്നത്. സ്‌കൂളില്‍നിന്ന് വന്ന് ഹോം വര്‍ക്ക് പൂര്‍ത്തിയാക്കിയാല്‍ നേരെ പോകുക കീബോര്‍ഡിന്റെ അടുത്തേക്കാണ്. വീടിന്റെ ഒരു നല്ല ഭാഗം സമ്മാനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയ  ശേഷം പ്രശാന്ത്‌ അടുത്തതായി ലക്ഷ്യമിടുന്നത് ഗിന്നസ് ബുക്കില്‍ എത്തുക എന്നതാണ്. വീട്ടില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കുന്ന പ്രശാന്തിന് പ്രോത്സാഹനവുമായി അനിയത്തി പ്രിയങ്കയും ഉണ്ട്.