Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടവുകാർക്ക് എന്താണു വിളമ്പുന്നത്?

Prison Representative Image

കുറ്റം ചെയ്തതിന്റെ പേരിൽ അഴിക്കുള്ളിലാകുന്നവരുടെ ആരോഗ്യത്തിലും ജയിൽ വകുപ്പ് അതീവ ശ്രദ്ധയാണു പുലർത്തുന്നത്. ഓരോ തടവുകാരനും ചെയ്യുന്ന ജോലിക്കനുസരിച്ച് ശരീരത്തിനാവശ്യമായ കലോറി കണക്കാക്കിയാണു ജയിൽ വകുപ്പ് തടവുകാർക്കുള്ള മെനു നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിലെ ജയിലുകളിൽ പ്രവേശിപ്പിക്കുന്ന തടവുകാരെ വൈദ്യ പരിശോധനയ്‌ക്കു വിധേയരാക്കുമ്പോൾ തടിയും തൂക്കവും ജയിൽ രേഖകളിൽ രേഖപ്പെടുത്തും. ജയിലിൽ വിളമ്പുന്ന ഭക്ഷണത്തിലെ ‘പോഷക’ ഗുണത്താൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ തടവുകാരുടെ ശരീരഭാരം കുറഞ്ഞത് അഞ്ചു കിലോ മുതൽ എട്ടു കിലോ വരെ കൂടുമെന്നു ജയിൽ അധികൃതർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഗോതമ്പുണ്ട പടിയിറങ്ങി, ഇഡ്ഡലിയും ചപ്പാത്തിയും ഉപ്പുമാവും പടികയറി

ജയിലിലെത്തിയാൽ ചൂടുള്ള ഗോതമ്പുണ്ട തിന്നാമെന്നതൊക്കെ പഴങ്കഥ. ഉണ്ടയെ ജയിലിന്റെ പടിക്കു പുറത്താക്കിയിട്ട് വർഷങ്ങളായി. സമീകൃത ആഹാരമാണ് കേരളത്തിലെ ജയിലുകളിലെ തടവുകാർക്കു നൽകുന്നത്. മൂന്നു നേരം മൃഷ്‌ടാന്ന ഭോജനം! ആഴ്‌ചയിലൊരിക്കൽ മട്ടൺകറിയും, രണ്ടു ദിവസം മീനും കൂട്ടി ഊണ്. രണ്ടു നേരം ചായ.....ചിക്കണും ബീഫും ജയിലുകളുടെ പടിക്കു പുറത്ത്!

രാവിലെ ഏഴു മണിയോടെ ജയിലുകളിൽ പ്രഭാത ഭക്ഷണം വിളമ്പും. ഇതിനു ശേഷം തടവുപുള്ളികളെ പണിക്കിറക്കും. ഉച്ചയ്ക്ക് 12.30 ന് ചോറു വിളമ്പും. ഊണിനു ശേഷം തടവുകാർ പിന്നെയും പണി സ്ഥലത്തേക്ക്. വൈകിട്ട് നാലിനു ചായ. അഞ്ചിനു അത്താഴം വിളമ്പും. പിന്നെ അഴികൾക്കുള്ളിലേക്ക്. ആറു മണിയോടെ സെല്ലുകൾക്കു മുന്നിൽ താഴു വീഴും. പിറ്റേ ദിവസം ആറു മണിക്കാണു ഇവ തുറക്കുക. ജയിൽ ജീവിതത്തിന്റെ രത്നച്ചുരുക്കം ഇതാണ്. പല തടവുകാരും അത്താഴത്തിനു വിളമ്പുന്ന ഭക്ഷണം വാങ്ങി സൂക്ഷിച്ച ശേഷം രാത്രി എട്ടോടെയാണു കഴിക്കുക. കൈ കഴുകാനും പ്രാഥമിക കൃത്യം നിർവഹിക്കാനും തടവുകാരുടെ സെല്ലുകളിൽക്കുള്ളിൽ തന്നെ സൗകര്യമുണ്ട്. ഓരോ തടവുകാരനും ഭക്ഷണത്തിനായി നൽകേണ്ട അളവും ജയിൽ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. രുചി മൂത്താൽ വീട്ടിലേതു പോലെ ഭക്ഷണം കൂടുതൽ ആവശ്യപ്പെടാനും തടവുകാർക്കു കഴിയില്ല. ‘‘നാവടക്കി കിട്ടുന്നതു വാങ്ങി നിശബ്ദത പാലിച്ച് അന്നമുണ്ണണം’’– ഇതാണ് ജയിൽച്ചിട്ട. വിശേഷദിവസങ്ങളിൽ ജയിലുകളിൽ അടിപൊളി സദ്യയും വിളമ്പും.

ഇതാണു ജയിൽ മെനു!

ഞായർ

പ്രാതൽ: ഇഡ്ഡലി അല്ലെങ്കിൽ ദോശ. സാമ്പാറിനൊപ്പം ചായയും നൽകും. 100 ഗ്രാം അരിയും, 40 ഗ്രാം ഉഴുന്നും പ്രഭാത ഭക്ഷണത്തിൽ ചേർത്തിരിക്കണം(കുറഞ്ഞത് നാല് ഇഡ്ഡലി). 30 മില്ലി ഗ്രാം ചായയാണു നൽകുക

ഉച്ചഭക്ഷണം: ചോറിനൊപ്പം അവിയൽ, തീയൽ തൈര്

അത്താഴം: 200 ഗ്രാം ചോറ്, തോരൻ, രസം

തിങ്കൾ

പ്രാതൽ: ചപ്പാത്തി, കടലക്കറി(200 ഗ്രാം ഗോതമ്പുമാവാണു ഓരോ തടവുകാരനും നീക്കി വയ്ക്കുക. ഇതുപയോഗിച്ച് കുറഞ്ഞത് നാലു ചപ്പാത്തി തയാറാക്കാം)

ഉച്ചഭക്ഷണം: ചോറിനൊപ്പം മീൻ വറുത്തത്, പുളിശേരി(140 ഗ്രാം പച്ചമീൻ വറുത്തു നൽകണമെന്നു നിർദേശം. വറുത്തുകോരുമ്പോൾ മീൻ 100 ഗ്രാമിൽ താഴെയായി ചുരുങ്ങും)

അത്താഴം: ചോറിനൊപ്പം തോരൻ, രസം

ചൊവ്വ

പ്രാതൽ: ഉപ്പുമാവ്, വാഴപ്പഴം

ഉച്ചഭക്ഷണം: ചോറിനൊപ്പം അവിയൽ, സാമ്പാറ്, തൈര്

അത്താഴം: തോരൻ, ചെറുപയർ കറി എന്നിവയ്ക്കൊപ്പം ചോറ്

ബുധൻ

പ്രാതൽ: ചപ്പാത്തി, കടലക്കറി ഉച്ചഭക്ഷണം: ചോറിനൊപ്പം മീൻകറി, പുളിശേരി, അവിയൽ അത്താഴം: ചോറിനൊപ്പം കപ്പപ്പുഴുക്ക്, രസം, അച്ചാറ്

വ്യാഴം

പ്രാതൽ: ഉപ്പുമാവ്, വാഴപ്പഴം

ഉച്ചഭക്ഷണം: ചോറിനൊപ്പം സാമ്പാറ്, അവിയൽ, തൈര്

അത്താഴം: ചോറ്, തോരൻ, തീയൽ

വെള്ളി

പ്രാതൽ: ചപ്പാത്തി, കടലക്കറി

ഉച്ചഭക്ഷണം: ചോറിനൊപ്പം അവിയൽ, എരിശേരി, പുളിശേരി

അത്താഴം: തോരൻ, രസം എന്നിവയ്ക്കൊപ്പം ചോറ്

ശനി

പ്രാതൽ: ഉപ്പുമാവ്, വാഴപ്പഴം

ഉച്ചഭക്ഷണം: ചോറിനൊപ്പം, തോരൻ, മട്ടൺകറി. 100 ഗ്രാം മട്ടൺകറിയാണു വിളമ്പുക(മട്ടൺ വേവാൻ താമസമുണ്ടായാൽ ചോറു വിളമ്പാനും താമസിക്കും)

അത്താഴം: കപ്പപ്പുഴുക്ക്, രസം, അച്ചാറ് എന്നിവയ്ക്കൊപ്പം ചോറ്

വെജിറ്റേറിയൻ ‘പുള്ളികൾ’

തടവുപുള്ളികളിൽ ‘വെജിറ്റേറിയൻ’കാർക്ക് പച്ചക്കറികൾ അടങ്ങിയ കറികൾ കൂടുതലായി നൽകണമെന്നാണു ജയിൽ നിയമത്തിൽ പറയുന്നത്. ജയിലുകളിൽ മീൻകറി വിളമ്പുന്ന ദിവസങ്ങളിൽ ‘വെജിറ്റേറിയൻ’ പുള്ളികൾക്ക് 350 ഗ്രാം പച്ചക്കറിയും, മട്ടൺകറി നൽകുന്ന ദിനങ്ങളിൽ ഇവർക്ക് 800 ഗ്രാം പച്ചക്കറിയും നൽകണമെന്നാണു നിർദേശം. തുറന്ന ജയിലുകളിൽ ജോലി ചെയ്യുന്നവർക്ക് എല്ലാ ദിവസവവും രാവിലെ(പ്രാതൽ കൂടാതെ)100 ഗ്രാം കഞ്ഞിയും, ചമ്മന്തിയും നൽകിയിരുന്നു. കഠിന ജോലികൾ ചെയ്യുന്നതിനാലാണ് ഇത്. തടവുപുള്ളികൾ ഉൾപ്പെടുന്ന വെൽഫയർ കമ്മിറ്റിയാണ് ജയിലുകളിലെത്തിക്കുന്ന പലവ്യഞ്‌ജനങ്ങളുടെയും പച്ചക്കറിയുടെയും ഗുണനിലവാരം പരിശോധിക്കുന്നതും തൂക്കം നോക്കുന്നതും. ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലാണ് ഇത്.

രുചിച്ചറിഞ്ഞ് സാക്ഷ്യപ്പെടുത്തും

ജയിലുകളിൽ തയാറാക്കുന്ന ഭക്ഷണം ജയിൽ ഉദ്യോഗസ്ഥർ രുചിച്ചു നോക്കി സാക്ഷ്യപ്പെടുത്തിയ ശേഷം മാത്രമാണു തടവുകാർക്കു നൽകുക. വീഴ്ച വന്നാൽ ജയിൽ ചുമതലയുള്ള ഉദ്യോഗസ്ഥൻ കയ്യോടെ ‘പണി’യും കിട്ടും. 1958 ലെ കേരള പ്രിൻസൺസ് റൂൾസ് പ്രകാരമാണു കേരളത്തിലെ ജയിലുകളിലെ തടവുകാർക്കു ഭക്ഷണം നൽകിയിരുന്നത്. 2012 ൽ നടപ്പാക്കിയ കേരള പ്രിസൺസ് ആൻഡ് കറക് ഷണൽ സർവീസസ് മാനേജ്മെന്റ് ആക്ട് പ്രകാരമാണു ഇപ്പോൾ തടവുകാർക്ക് ഭക്ഷണം വിളമ്പുന്നത്. മൂന്നു സെൻട്രൽ ജയിലുകൾ, 10 ജില്ലാ ജയിലുകൾ, വനിതകളുടേതുൾപ്പെടെ മൂന്നു തുറന്ന ജയിലുകൾ, 16 സ്പെഷൽ സബ് ജയിലുകൾ, 16 സബ് ജയിലുകൾ, വനിതകൾക്കായി മൂന്നു ജയിലുകൾ എന്നിവയാണു സംസ്ഥാനത്തുള്ളത്. 18 നും 21 നും ഇടയിൽ പ്രായമുള്ള തടവുകാരെ പാർപ്പിക്കാൻ എറണാകുളത്ത് ബോർസ്റ്റൽ സ്കൂളുമുണ്ട്. ഒരു വർഷം കേരളത്തിലെ ജയിലുകളിലെ തടവുകാരുടെ ഭക്ഷണത്തിനായി രണ്ടു കോടി രൂപയാണു സർക്കാർ ചെലവഴിക്കുന്നത്.

ഉപ്പുമാവിന്റെ അളവു കൂട്ടുന്നു, വാഴപ്പഴത്തിനു പകരം കടലക്കറി വരുന്നു

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വിളമ്പുന്ന ഉപ്പുമാവിന്റെ അളവിന്റെ പേരിലുള്ള പരാതി ജയിലധികൃതർക്കു തീരാതലവേദനയായിരുന്നു. 150 ഗ്രാം റവ കൊണ്ടു ഉപ്പുമാവു തയാറാക്കിയാൽ പലപ്പോഴും അളവു കുറയുന്നുവെന്നും, വെള്ളം കൂടുതൽ ചേർത്താൽ ഉപ്പുമാവ് ‘ഉപ്പുപുഴ’യാകുന്നുവെന്നുമാണു തടവുകാരുടെ മുഖ്യ പരാതി. ഉപ്പുമാവിനൊപ്പം വിതരണം ചെയ്യുന്ന പഴത്തിന്റെ അളവു സംബന്ധിച്ചും പരാതികളുയർന്നിരുന്നു. ഒരു ചെറുപഴമോ അല്ലെങ്കിൽ ഒരു ഏത്തയ്ക്കായോ തടവുകാർക്കു നൽകണമെന്നാണു ജയിൽ മെനുവിൽ പറയുന്നത്. എന്നാൽ പഴത്തിന്റെ അളവു കുറഞ്ഞതിന്റെ പേരിൽ തടവുകാർ തമ്മിലടിച്ചതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ജയിലുകളിൽ റിപ്പോർട്ടു ചെയ്ത പശ്ചാത്തലത്തിൽ ഉപ്പുമാവിന്റെ അളവ് 150 ഗ്രാമിൽ നിന്നു 200 ഗ്രാമാക്കി വർധിപ്പിക്കാനും ഇനി മുതൽ വാഴപ്പഴം വിളമ്പേണ്ടെന്നും, പകരം കടലക്കറി നൽകാനുമാണു ജയിൽ വകുപ്പു മേധാവി, ആഭ്യന്തര വകുപ്പിനോടു ശുപാർശ ചെയ്തിരിക്കുന്നത്. ജയിൽ മേധാവി നൽകിയ ശുപാർശ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ പരിശോധിച്ചു വരികയാണ്.

ഗോതമ്പുണ്ടയുടെ കഥ

‘‘നിന്നെ ഞാൻ ഉണ്ട തീറ്റിക്കുമെന്നു’’ പറഞ്ഞാൽ നടുങ്ങി വിറയ്ക്കാത്ത ഒരാളും ഒരിക്കൽ ഉണ്ടായിരുന്നില്ല. ഉണ്ട തീറ്റിക്കുമെന്നാൽ ജയിലിൽ കിടത്തുമെന്നു അർഥം. നനവിന്റെ അംശമില്ലാത്ത, ശരീരം വീണ്ടു കീറിയ ഉണ്ട വിഴുങ്ങിയാൽ തൊണ്ടയിൽ തടയും. കപ്പടാ മീശയും, തുറിച്ച കണ്ണുകളും ഇരുമ്പു വടികളുമായി ജയിൽ വാർഡർമാർ അടുത്തു നിൽക്കുമ്പോൾ മനം പിരട്ടലുണ്ടായാൽ പോലും ഏതു തടവുകാരനും ‘ഉണ്ട വിഴുങ്ങിയ കാലം’ ഒരിക്കൽ കേരളത്തിലെ ജയിലുകളിലുണ്ടായിരുന്നു. ഉണ്ട തിന്നില്ലെങ്കിൽ തടവുകാർക്ക് അടി പാഴ്സലാണ്. അന്നത്തെ ജയിൽ മർദനങ്ങൾ ‘ഗോതമ്പുണ്ട’യുടെ ഭീകരത വർധിപ്പിക്കുകയും ചെയ്തു. ഗോതമ്പുണ്ടയെന്നാൽ ജയിലാണെന്ന അർഥവും അന്നു മുതൽ കൈവന്നു. തടവുകാരെ എല്ലു മുറിയെ പണിയെടുപ്പിക്കാൻ ബ്രിട്ടീഷുകാർ നടപ്പാക്കിയതാണു ‘ഉണ്ട തീറ്റിക്കൽ’ എന്നാണു പറയപ്പെടുന്നത്.

200 ഗ്രാം ഗോതമ്പുമാവു കൊണ്ടാണു ഉണ്ട തയാറാക്കിയിരുന്നത്. ഗോതമ്പു പൊടി അരിച്ചെടുത്ത് കുഴച്ച് കുഴൽരൂപത്തിലാക്കും. കത്തി ഉപയോഗിച്ച് കഷ്ണങ്ങളാക്കിയ ശേഷം ഇവ പന്തുരൂപത്തിലാക്കി തട്ടിൽ നിരത്തും. തുടർന്ന് തിളച്ച വെള്ളത്തിലേക്കിടും. ഒന്നര മണിക്കൂർ തിളച്ച വെള്ളത്തിൽ ഉണ്ടകളുടെ നീരാട്ട്. ഉണ്ടകൾ പരസ്പരം ഒട്ടിപ്പിടിക്കാറില്ലെന്നതും പ്രത്യേകത. വെള്ളം കുടിച്ച് ഉണ്ടകൾ വീണ്ടു കീറുമ്പോഴാണു ഇവയെ പുറത്തെടുത്ത് വിളമ്പുക.

ഒരു തടവുകാരനു മൂന്ന് ഗോതമ്പുണ്ടകൾ പ്രാതലിനായി നൽകിയിരുന്നു. ഒരു ഉണ്ട അകത്താക്കിയാൽ വിശപ്പു പമ്പകടക്കും. മുൻപ് ഗോതമ്പുണ്ടകൾ മാത്രമായിരുന്നു പ്രാതലിന്. പിന്നീട് ഉണ്ടകൾക്കൊപ്പം തേങ്ങയും ഉണക്കമുളകും കൂട്ടി ചതച്ച ചമ്മന്തിയും നൽകി. ‘തിന്നാൽ വയറിന്റെ പ്രതിഷേധം, തിന്നില്ലെങ്കിൽ ലാത്തിയുടെ രോഷം’ – ഇങ്ങനെയായിരുന്നു രാഷ്ട്രീയ തടവുകാർ ഗോതമ്പുണ്ട തീറ്റയെക്കുറിച്ച് വിശേഷിപ്പിച്ചിരുന്നത്. തടവുകാർക്ക് പ്രാതലിനു ഗോതമ്പുണ്ട നൽകുന്നത് അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട് കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലൻ 1972 ജൂണിൽ അന്നു മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന് കത്തെഴുതിയിരുന്നു. എംപിയായിരിക്കെ 23 ദിവസം തിരുവനന്തപുരം സെൻട്രൽ ജയിലിൽ എ.കെ.ജി. കഴിഞ്ഞിരുന്നു. ‘‘ജയിലിൽ എന്തും സഹിക്കാം, ഉണ്ട തീറ്റയൊഴികെ..’’ എന്നാണു എകെജി അന്നു പറഞ്ഞത്.