Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടാകെ പടർന്ന കറുപ്പിന്റെ പ്രതിഷേധകല

ps jaya രോഹിത് വെമുലയുടെ മരണത്തെത്തുടർന്ന് 125 ദിവസമായി ചിത്രകാരി പി.എസ്. ജയ ശരീരത്തിൽ കറുത്ത ചായം പൂശി നടത്തുന്ന ആർട്ട് പെർഫോർമൻസിന്റെ സമാപനത്തിൽ നിന്ന്. പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ സ്മരണക്കായി കലാകക്ഷിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കുന്ന ശിൽപമാണ് മുന്നിൽ. ചിത്രം: മനോരമ

ദലിതർക്കെതിരായ അക്രമങ്ങളിൽ പ്രതിഷേധിച്ചു 125 ദിവസം കൺമഷി ചാലിച്ചു കറുപ്പു തേച്ച ശരീരവുമായി സംസ്ഥാനത്തിനകത്തും പുറത്തും ചിത്രകാരി പി.എസ്.ജയ നടത്തിയ ‘21-ാം നൂറ്റാണ്ടിലെ 125 കറുത്ത ദിനരാത്രങ്ങൾ’ കലാപ്രകടനത്തിനു സമാപനം. ഹൈദരാബാദ് സർവകലാശാലയിലെ ദലിത് ഗവേഷക വിദ്യാർഥി രോഹിത് വേമുല ജീവനൊടുക്കേണ്ടിവന്നതു അംബേദ്കറുടെ 125-ാം ജന്മവാർഷികത്തിലായതിനാൽ പ്രതിഷേധത്തിനു 125 ദിനങ്ങൾ തിരഞ്ഞെടുക്കുകയായിരുന്നു. 125 ദിവസവും ബസിലും വഴിയിലും യാത്രകളിലുമെല്ലാം ശരീരം കറുപ്പിച്ചാണു ജയ പ്രത്യക്ഷപ്പെട്ടത്.

രോഹിത് വേമുലയുടെ ആത്മഹത്യയെത്തുടർന്നുണ്ടായ സമരങ്ങളിലും പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സമരങ്ങളിലും ജയയുടെ പ്രതിഷേധകലയും അണിചേർന്നു. തൃപ്പൂണിത്തുറ ആർഎൽവി കോളജിൽനിന്നു ചിത്രകലയിൽ മാസ്റ്റർ ബിരുദം നേടിയ ജയ പനമ്പള്ളി നഗറിലെ നൃത്തകൈരളിയിലെ ചിത്രകലാ അധ്യാപികയാണ്.
സമാപനച്ചടങ്ങിൽ ആർഎൽവി കോളജിലെ ശിൽപകലാ വിദ്യാർഥിനികളായ അഞ്ജലിയും ജലജയും ചേർന്നു ജിഷയുടെ കളിമൺ ശിൽപത്തിനും രൂപം നൽകി.

ജയയുടെ സമരത്തെ പിന്തുടർന്നു ഫൊട്ടോഗ്രഫർ ഡേവിഡ് എടുത്ത 125 ചിത്രങ്ങളുടെ പ്രദർശനം - ‘ഹെർ ബ്ലാക്ക് സ്റ്റോറി’ അനിത ദുബെ ഉദ്ഘാടനം ചെയ്തു. ‘ജാതി ഉന്മൂലനം’ ചർച്ചയിൽ കവി കുരീപ്പുഴ ശ്രീകുമാർ, ആദിവാസി ഗോത്രമഹാസഭാ നേതാവ് എം.ഗീതാനന്ദൻ, എം.ടി.ധന്യ, ചിഞ്ചു, സതി അങ്കമാലി തുടങ്ങിയവർ പങ്കെടുത്തു. ഊരാളി ബാൻഡ്, വയനാടൻ നാട്ടുകൂട്ടം എന്നിവ കലാവതരണങ്ങൾ നടത്തി.