Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരാലി നിനക്കഭിമാനിക്കാം, അംഗപരിമിതർക്കായി ഇന്ത്യൻ റെയിൽവേ കണ്ണുതുറന്നു 

Virali Modi വിരാലി മോഡി

അംഗപരിമിതരെയും പൊതു നിരത്തിൽ ശാരീരികമായി ചൂഷണം ചെയ്യുന്ന വിധത്തിൽ നമ്മുടെ സമൂഹം അധഃപതിച്ചെന്ന കാര്യം തീർത്തും ഞെട്ടലോടെ അറിഞ്ഞിട്ടു ദിവസങ്ങളേ ആകുന്നുള്ളൂ. ഏതാനും ദിവസങ്ങൾക്കു മുൻപ് മുംബൈ നഗരത്തിൽ നിന്നും ഡൽഹിയിലേക്ക് റെയിൽവേ മുഖാന്തരം യാത്ര ചെയ്യേണ്ടി വന്ന വിരാലി മോഡി എന്ന അംഗപരിമിതയായ മോഡലിനായിരുന്നു റെയിൽവേ തൊഴിലാളികളിൽ നിന്നും ഈ ദുർവിധി നേരിടേണ്ടി വന്നത്. 

വീൽചെയർ ഉപയോഗിക്കുന്നവർക്ക് സഞ്ചാര യോഗ്യമല്ലാത്ത റെയിൽവേ പ്ലേറ്റ് ഫോമുകളിൽ കയറാനും ഇറങ്ങാനും ഒക്കെയായി റെയിൽവേ പോർട്ടർമാരുടെ സഹായം തേടേണ്ടി വന്നു വിരാലിക്ക്. ഈ അവസരത്തിലാണ് വിരാലിക്ക് പലവിധ ശാരീരിക ചൂഷണങ്ങളും നേരിടേണ്ടി വന്നത്. അരയ്ക്കു കീഴ്പോട്ടു തളർന്ന തനിക്ക് കരയുകയല്ലാതെ മറ്റു പോംവഴികൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് അന്നവർ പറഞ്ഞിരുന്നു. 

സംഭവത്തിനു ശേഷം, മാനസിക നില വീണ്ടെടുത്ത വിരാലി ഇതിനെതിരെ സോഷ്യൽ മീഡിയയിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു. തന്റെ ഈ അവസ്ഥക്ക് കാരണം റെയിൽവേയുടെ നിരുത്തരവാദകരമായ നടപടികളാണ് എന്ന് റെയിൽവേ മന്ത്രിയെ ധരിപ്പിച്ച വിരാലി മോഡി സംഭവം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. തുടർന്ന് , റെയിൽവേ അംഗപരിമിതർക്ക് അനുകൂലമായ മാറ്റങ്ങൾ ഉടൻ കൊണ്ടുവരും എന്ന് റെയിൽവേ വാക്കു നൽകിയിരുന്നു. 

ആ വാക്ക് ഇപ്പോൾ യാഥാർഥ്യമാകുകയാണ്. റെയിൽവേ വകുപ്പു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അംഗപരിമിതർക്ക് എളുപ്പത്തിൽ വീൽചെയർ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള പ്ലാറ്റ്‌ഫോമുകളും സ്റ്റെയറുകളും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ആദ്യം പരീക്ഷിക്കും. ഇതിനു പിന്നാലെ, ചെന്നൈയിലും ഇതു നടപ്പാക്കും.  തന്റെ ചെറിയ ജീവിതം കൊണ്ടു ചെയ്യാനായ വലിയൊരു കാര്യമാണ് ഇതെന്ന് വിരാലി മോഡി പറഞ്ഞു. 

ഇതിനു പുറമെ ഒറ്റയ്ക്കു യാത്ര ചെയ്യുന്ന സ്ത്രീകളെ തുണയ്ക്കുന്നതിനായി പ്രത്യേക ഹെൽപ് ലൈനുകളും ഉണ്ടായിരിക്കും. വിരലിയുടെ ഈ വിജയത്തിന് പത്തരമാറ്റിന്റെ തിളക്കമുണ്ട്. പ്രിയ, വിരാലി നിനക്കഭിമാനിക്കാം, അംഗപരിമിതർക്കായി ഇന്ത്യൻ റെയിൽവേ കണ്ണുതുറന്നു എന്നതിൽ. 

Your Rating: