Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജൻ കൊലപാതകം, ഞെട്ടിക്കുന്ന വിവരണം !

Rajan Case

കയ്യിൽ അറ്റം കൂർപ്പിച്ച പെൻസിലുമായാണു ജയറാം പടിക്കൽ ഇരുന്നത്.

“എവിടെയാണു കെ.വേണു?” മൂർച്ചയോടെ ചോദ്യം വന്നു.

“എനിക്കറിയില്ല” എന്നു പറഞ്ഞു മുഴുമിക്കുന്നതിനു മുൻപ് അറ്റംകൂർത്ത പെൻസിൽ ഒരു ശീൽക്കാരത്തോടെ പാഞ്ഞുവന്നു. കണ്ണായിരുന്നു ലക്ഷ്യം. പേടിച്ചു തല വെട്ടിച്ചപ്പോൾ ചെവിയിലാണു കുത്തേറ്റത്. ചോര പൊടിഞ്ഞു.

അടുത്ത ചോദ്യം

“ആക്‌ഷൻ ആസൂത്രണം ചെയ്തത് നിന്‍റെ വീട്ടിൽ നിന്നല്ലേ?”

“അല്ല”.

“നീ ഇയാളെ അറിയും,” രാമചന്ദ്രന്‍റെ താടിയുള്ള ഫോട്ടോ കാണിച്ചാണു ചോദ്യം.

“അറിയില്ല”.

ഇത്തവണ കൂർത്ത പെൻസിൽ മുന എന്‍റെ നെറ്റിയിൽ തറച്ചുകയറി.

“കൊണ്ടുപോ...” എന്നു ജയറാം പടിക്കൽ അലറി.

rajan-pic-1 കക്കയം പീഡന ക്യാംപ് ഇതേപോലെയുള്ള കെട്ടിടത്തിലായിരുന്നു


ചാത്തമംഗലത്തു ടൈപ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയിരുന്ന കാനങ്ങോട്ടു രാജൻ എന്ന സഹതടവുകാരൻ, രാജൻ കൊല്ലപ്പെടുന്ന സമയത്ത് അതേ മുറിയിൽ ഉണ്ടായിരുന്നു. ഈ കൊലപാതകത്തിന്‍റെ ഏറ്റവും വ്യക്തമായ തെളിവാണ് കെ.രാജന്‍റെ മൊഴികൾ. കെ.രാജൻ എഴുതിയ ലേഖനത്തിലാണ് മേൽപറഞ്ഞ വിവരണമുള്ളത്.

കെ. രാജന്‍റെ ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ തുടരുന്നു:

പൊലീസ് സ്റ്റേഷൻ ആക്രമണത്തെക്കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു.

പൊലീസുകാരൻ ജയദേവൻ എന്നെ പിടിച്ച് അടുത്ത മുറിയിലേക്കു കൊണ്ടുപോയി. എന്‍റെ പിന്നാലെ അഞ്ചാറു പൊലീസുകാർ ചോദ്യം ചെയ്യുന്ന മുറിയിലേക്കു കയറിവന്നു. അവിടെ വേലായുധനും പുലിക്കോടനും ബീരാനും ജയരാജനും ലോറൻസുംകൂടി രാജനെ ഒരു ബെഞ്ചിൽ കിടത്തി ഉരുട്ടിക്കൊണ്ടിരുന്നു. ശബ്ദം പുറത്തുവരാതിരിക്കാൻ അവന്‍റെ വായ തുണികൊണ്ടു ബീരാൻ അമർത്തിപ്പിടിച്ചിരുന്നു.

അപ്പോഴേക്കും ബെഞ്ചും വേറൊരു ഇരുമ്പുലക്കയും റെഡിയാക്കിയിരുന്നു. അവർ എന്നെ മലർത്തിക്കിടത്തി കയ്യും കാലും ബെഞ്ചിൽ ചേർത്തു മുറുക്കിക്കെട്ടി.

“എന്നെ ഒന്നും ചെയ്യല്ലേ, എനിക്കൊന്നും അറിഞ്ഞുകൂടാ” എന്നു ഞാൻ കെഞ്ചിനോക്കി.

എന്‍റെ അടുത്ത ബെഞ്ചിൽനിന്ന് അമർത്തിയ ഞരക്കം കേട്ടാണു നോക്കിയത്. അപ്പോൾ അന്നത്തെ നാദപുരം എസ്ഐ അബൂബക്കർ രാജനെ ഉരുട്ടുന്ന ബെഞ്ചിനടുത്തേക്കുചെന്നു. ബീരാന്‍റെ കയ്യിൽനിന്നു തുണി വാങ്ങി രാജന്‍റെ നിലവിളിക്കുന്ന വായ ശക്തിയായി അമർത്തിപ്പിടിച്ചു. സഹിക്കാനാവാത്ത വേദനയുടെ ശബ്ദം ആ മുറിയിൽ തിങ്ങിനിറഞ്ഞു. ഷഡ്ഡി മാത്രം ഇട്ട രാജൻ മലർന്നുകിടന്നു വേദന തിന്നുകയായിരുന്നു. കൈകൾ താഴെ കൂട്ടിക്കെട്ടിയിരുന്നു. കാൽ ബെഞ്ചിനോടു ചേർത്തു വലിച്ചമർത്തിക്കെട്ടിയിരുന്നു.

മലർത്തിക്കിടത്തിയിരുന്ന എന്‍റെ നാഭി ഞെരിച്ചുകൊണ്ടു മുരളീകൃഷ്ണദാസ് പറഞ്ഞു: “നിനക്കിനി അതൊന്നും വേണ്ടെടാ”.

പിന്നെ ഉരുട്ടൽ തുടങ്ങി. എസ്ഐ ആയ വി.ടി.തോമസ് നടുവിൽനിന്നു മേലോട്ടും താഴോട്ടും തുടർച്ചയായി ഉരുട്ടി. തുണി അമർത്തിപ്പിടിച്ചിരിക്കുന്നതുകൊണ്ട് “ഉം..” എന്ന ശബ്ദമേ പുറത്തുവരുന്നുള്ളു.

തൊട്ടപ്പുറത്തെ ഞരക്കം നിലച്ചു. അവർ രാജനെ ഉരുട്ടുന്നതു നിർത്തി മാറിനിന്നു. എന്‍റെ വായിൽ തുണി അമർത്തിപ്പിടിച്ച പൊലീസുകാരനും നിവർന്നുനിന്നു. എല്ലാവരും അങ്ങോട്ടുനോക്കി. രാജന്‍റെ കൈകൾ അഴിച്ചു സോമൻ താങ്ങിയിരുത്തി. അവന്‍റെ തല ഒരു വശത്തേക്കു ചരിഞ്ഞിരുന്നു.

ബീരാൻ പുറത്തേക്കുപോയി വെള്ളവുമായി വന്നു രാജന്‍റെ മുഖത്തു തളിച്ചു. അപ്പോഴും അവന്‍റെ തട്ടിപ്പാണെന്നു സോമൻ പറയുന്നുണ്ടായിരുന്നു. ബോധം കെട്ടതായിരിക്കുമെന്നു വേലായുധനും പറഞ്ഞു. ബീരാൻ വീണ്ടും പുറത്തേക്കുപോയി ജയറാം പടിക്കലുമായി വന്നു. അയാൾ രാജനെ തൊട്ടുനോക്കി. എന്നിട്ടു ഡോക്ടറെ വിളിക്കാൻ ബീരാനെ പറഞ്ഞയച്ചു.

അപ്പോഴേക്കും ലക്ഷ്മണയും മുരളീകൃഷ്ണദാസും വന്നു. പൊലീസുകാരെ എല്ലാം മുരളീകൃഷ്ണദാസ് പുറത്താക്കി. ലക്ഷ്മണയ്ക്കു പിന്നിലായി മധുസൂദനൻ പുറത്തെ മുറിയിലേക്കു കടന്നു.

ഏകദേശം പത്തിരുപതു മിനിറ്റ് കഴിഞ്ഞുകാണും. ലോറൻസും ബീരാനും വേലായുധനും സോമനും ജയദേവനും കൂടി വന്നു രാജന്‍റെ മൃതദേഹം ബെഞ്ചിൽ നിന്നു പൊക്കിയെടുത്ത് ആസ്ബസ്റ്റോസ് ഷീറ്റിന്‍റെ വാതിലിലൂടെ പുറത്ത് ഓഫിസർമാർ ഇരുന്ന മുറിയിലേക്കു കൊണ്ടുപോയി. പുറത്തു ജീപ്പ് സ്റ്റാർട്ടാക്കുന്ന ശബ്ദം കേട്ടു.

ഹൈക്കോടതിയിലും രാജന്‍റെ മരണത്തെപ്പറ്റി അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിലും കേസ് വിസ്തരിച്ച കോയമ്പത്തൂർ കോടതിയിലും കെ.രാജൻ മൊഴി നൽകിയിട്ടുണ്ട്. ആർഇസി വിദ്യാർഥിയായ രാജന്‍റെ കൊലപാതകം നേരിട്ടുകണ്ട, പൊലീസുകാരൻ അല്ലാത്ത ഏക സാക്ഷിയുടെ മൊഴി. എന്നാൽ രാജൻ കൊല്ലപ്പെട്ടതായി നീതിപീഠത്തിനു മുന്നിൽ തെളിയിക്കുവാൻ അതു മതിയായില്ല.


ഇനി രാജൻ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർ എന്തു പറയുന്നു എന്നു നോക്കാം.

1977 മാർച്ച് 17നു പേരാമ്പ്ര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ രാജന്‍റെ കൊലപാതകം അന്വേഷിച്ച ഡിഎസ്പി നൽകിയ റിപ്പോർട്ടിൽ അടങ്ങിയിട്ടുള്ള വിവരങ്ങൾ:

rajan-pic-2 ജയറാം പടിക്കൽ താമസിച്ചിരുന്ന കക്കയം ടൂറിസ്‍റ്റ് ബംഗ്ലാവ്

1976 മാർച്ച് രണ്ടാം തീയതി വൈകിട്ട് ഉദ്ദേശം ആറു മണിക്കോ ആറര മണിക്കോ കക്കയം സർക്കാർ ഡിസ്പെൻസറിയിലെ അസി. സർജൻ ഡോ. വിശാലാക്ഷ മേനോനെ അടിയന്തരമായി ക്യാംപിൽ വരുത്തി. ക്യാംപിൽ അസാധാരണമായ മൂകത തളംകെട്ടിനിന്നിരുന്നതായി ഡോക്ടർ പറയുന്നു. അഞ്ചു മിനിറ്റിനകം ആരെയെങ്കിലും പരിശോധിക്കുന്നതിനോ ആർക്കെങ്കിലും വൈദ്യസഹായം നൽകുന്നതിനോ ആവശ്യപ്പെടാതെ അദ്ദേഹത്തോടു മടങ്ങിപ്പൊയ്ക്കൊള്ളുവാൻ പറഞ്ഞു.

കക്കയം ക്യാംപിനു സമീപം താമസിക്കുന്ന തോമസ്, തന്‍റെ വീട്ടിലെ മുറിയിൽ കിടക്കുമ്പോൾ ക്യാംപിൽനിന്ന് ഒരു മൃതദേഹം പൊലീസ് വാനിലേക്കു കയറ്റുന്നതായി കണ്ടു.

കക്കയം ഇൻസ്പെക്‌ഷൻ ബംഗ്ലാവിലെ വാച്ച്മാനോടു ചില പൊലീസുകാർ മാർച്ച് രണ്ടാം തീയതി രാത്രി കാലിച്ചാക്ക് ആവശ്യപ്പെട്ടതായി അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ട്. പിന്നീടു പൊലീസുകാർ അവിടെ കന്‍റീൻ നടത്തുന്ന ദാമോദരന്‍റെ പക്കൽ നിന്നു ചാക്ക് വാങ്ങി.

മേൽവിവരിച്ച വസ്തുതകളിൽനിന്നു രാജൻ മാർച്ച് രണ്ടാം തീയതി പൊലീസ് പീഡനങ്ങൾക്കു വിധേയനായി മരിച്ചു എന്ന അപ്രതിരോധ്യമായ അനുമാനത്തിൽ മാത്രമാണ് എത്തിച്ചേരാൻ കഴിയുക. തെളിവുകൾ നശിപ്പിക്കാനായി മൃതദേഹം നശിപ്പിച്ചു എന്നുവേണം കരുതേണ്ടത്.


അടുത്തതായി, 1977 ജൂൺ 21നു കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച അറുപത്തിമൂന്നു പേജുള്ള കുറ്റപത്രത്തിൽനിന്ന്:

ചാലിയെ ആണ് ആദ്യം ഉരുട്ടിയത്. ആ സമയത്തു രാജനെ ചുമരിനോടു ചേർത്തുനിർത്തി അടിച്ചു. രാജനും ഉരുട്ടലിനു വിധേയനായി. ഒരു ബെഞ്ചിൽ മലർത്തിക്കിടത്തി, കരങ്ങൾ ബെഞ്ചിനടിയിൽ വലിച്ചുകെട്ടിയിരുന്നു. തല ബെഞ്ചിനു താഴോട്ടു തൂങ്ങിക്കിടന്നു. വായിൽ തുണി കുത്തിനിറച്ചു. കുറച്ചു നേരം ഉരുട്ടൽ കഴി‍ഞ്ഞപ്പോൾ രാജൻ ബോധരഹിതനായി.

മറ്റു പ്രതികളെയും ഉരുട്ടി. മാർച്ച് രണ്ടിന് ഉരുട്ടൽ തുടർന്നു. ചങ്ങല കൊണ്ടുള്ള മർദനങ്ങൾ നടന്നു. അന്നു രാജൻ പൂർണമായും നിശ്ചലനായിക്കിടക്കുന്നതു സാക്ഷികളായ ചാലിയും ചാത്തമംഗലത്ത് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന രാജനും കണ്ടിട്ടുണ്ട്. രാജന്‍റെ വായിലെ തുണി നീക്കി, വെള്ളം കുടഞ്ഞപ്പോഴും ഭാവഭേദം ഉണ്ടായില്ല. സാക്ഷികളെ രാജൻ കിടന്നിരുന്ന മുറിയിൽനിന്നു മാറ്റിയതിനാൽ പിന്നീട് എന്തു നടന്നുവെന്ന് അവർക്കറിയില്ല. ഇതെല്ലാം നടക്കുമ്പോൾ ഉച്ചയ്ക്കു രണ്ടുമണി ആയിക്കാണും.

അന്നു വൈകിട്ട് ആറരമണിക്കും ഏഴു മണിക്കും മധ്യേ ഒരു മൃതദേഹം ചാക്കിൽ കെട്ടി കൊണ്ടുപോകുന്നത് ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരനായ കേസിലെ സാക്ഷി തോമസ് കണ്ടു. കേസിലെ മറ്റൊരു സാക്ഷി മറിയം ലോനപ്പനും ഇതു സംബന്ധിച്ചു മൊഴി നൽകി.


ക്രിമിനൽ കേസ് വിസ്തരിച്ച കോയമ്പത്തൂർ കോടതിയുടെ വിധിയിൽ പറയുന്നു :

“പി.രാജൻ മർദനത്തെ തുടർന്ന് കക്കയം ക്യാംപിൽ മരിച്ചു എന്ന് സാഹചര്യത്തെളിവുകളിൽനിന്നു അനുമാനിക്കാം. എന്നാൽ മൃതദേഹം കണ്ടെടുത്തിട്ടില്ല. അതു നശിപ്പിച്ചതായും തെളിയിച്ചിട്ടില്ല. അതിനാൽ കൊലക്കുറ്റം സംശയാതീതമായി തെളിയിച്ചിട്ടില്ല”.

അധ്യായം 6: രാജന്റെ മൃതദേഹം എങ്ങനെ നശിപ്പിച്ചു?