Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജൻ കേസ്: ഈച്ചരവാരിയരുടെ കണ്ണീരിൽ തുടക്കം

Rajan Case

പത്തനംതിട്ടയിലെ കോഴഞ്ചേരി സ്വദേശി. കോഴിക്കോട് റീജനൽ എൻജിനീയറിങ് കോളജിൽനിന്ന് 1977ൽ ബിരുദം. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നു കംപ്യൂട്ടർ സയൻസിൽ എംടെക്. ബെൽജിയം, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഉന്നതപദവികളിൽ ജോലിചെയ്തു. രാജൻ സംഭവത്തിൽ രാജന്റെ അച്ഛൻ പ്രഫ. ഈച്ചരവാരിയർ നൽകിയ ഹേബിയസ്കോർപസ് ഹർജിയിൽ സാക്ഷിയായ ഏകവിദ്യാർഥി. ആർഇസിയിൽ രാജന്റെ ഒരുവർഷം ജൂനിയറായിരുന്നു. മുപ്പത്തിയെട്ട് വർഷം പഴക്കമുള്ള രാജൻകേസിന്റെ ഫയൽ തോമസ് ജോർജ് തുറക്കുന്നു...

1977 ഏപ്രിൽ രണ്ട്. ശനിയാഴ്‌ച. കോഴിക്കോടു റീജനൽ എൻജിനീയറിങ് കോളജ്. ഹോസ്റ്റൽ ക്യാംപസ്. പരീക്ഷ അടുത്തിരിക്കുന്നു. ഹോസ്റ്റലിന്റെ മുന്നിലുള്ള വഴിയിലൂടെ ഞാൻ മുറിയിലേക്കു ധൃതിയിൽ പോവുകയാണ്. രണ്ടുമൂന്നുപേർ എതിർദിശയിൽ വരുന്നുണ്ട്. ശ്രദ്ധിക്കാതെ നടക്കാൻ തുനിഞ്ഞപ്പോൾ നനുത്ത ഒരു ശബ്ദം,
“തോമസ് ജോർജ് അല്ലേ...?”
ഞാൻ നിന്നു. കുറിയ ഒരുമനുഷ്യൻ മുന്നിൽ. അദ്ദേഹം പറഞ്ഞു:
“എന്റെ പേർ ഈച്ചരവാരിയർ, പൊലീസ് അറസ്റ്റ് ചെയ്ത രാജന്റെ അച്ഛനാണ്... രാജനെ കൊണ്ടുപോകുന്നതു തോമസ് കണ്ടിരുന്നോ?”
ഞാൻ ഉവ്വെന്നു തലയാട്ടി.
അദ്ദേഹം ഒന്നു നിശ്ശബ്ദനായി, മെല്ലെ കണ്ണടച്ചു. ശേഷം പറഞ്ഞു:
“അതു കോടതിയിൽ പറയുമോ?”
കേസിൽ സാക്ഷി പറയാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. കണ്ടു പരിചയമുള്ളതല്ലാതെ രാജൻ എന്റെ സുഹൃത്തായിരുന്നില്ല. ഒരുവർഷം സീനിയറായിരുന്നു അയാൾ.
ഞാൻ ഈച്ചരവാരിയരെ നോക്കി പറഞ്ഞു:
“പരീക്ഷയ്ക്കു കുറച്ചു ദിവസമേ ഉള്ളൂ; ഈ സമയത്താണ് എന്തെങ്കിലും പഠിക്കുന്നത്. കോടതിയിൽ വരാൻ ബുദ്ധിമുട്ടാണ്.”

എന്റെ മറുപടി അദ്ദേഹം പ്രതീക്ഷിച്ചതുപോലെ തന്നെയാകാം. കാരണം, രാജനെ കൊണ്ടുപോകുന്നതു കണ്ട പല വിദ്യാർഥികളെയും സാക്ഷി പറയാൻ അദ്ദേഹം സമീപിച്ചിരുന്നതായി പിന്നീട് അറിഞ്ഞു. അവരാരും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടാവില്ല. താൻ പരാജയപ്പെടുകയാണെന്ന് അദ്ദേഹത്തിനു തോന്നിയിരിക്കണം. എന്റെ മുന്നിൽവച്ച് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു.
എൻജിനീയറിങ് പാസായിക്കഴിഞ്ഞ് ഒരു ജോലി എന്നതിനപ്പുറം ഞാൻ ചിന്തിച്ചിട്ടില്ല. കോടതികളും പൊലീസ് സ്‌റ്റേഷനുകളും കയറിയിറങ്ങാത്ത സമാധാനപൂർണമായ ജീവിതമാണു ഞാൻ ആഗ്രഹിച്ചിരുന്നത്.

rajan02

ഈച്ചരവാരിയർ ഒറ്റയ്ക്കാണ്. സാധാരണക്കാരൻ. അദ്ദേഹത്തിന്റെ എതിരാളികളോ....?
കെ.കരുണാകരൻ മുഖ്യമന്ത്രിയായി അധികാരമേറ്റിട്ട് അന്ന് എട്ടുദിവസമേ ആയിട്ടുള്ളൂ. അടിയന്തരാവസ്ഥ ഭാഗികമായി നിലനിൽക്കുന്നു. മുഖ്യമന്ത്രിക്കും പൊലീസിലെ ഉന്നതർക്കും എതിരെയാണ് ഈച്ചരവാരിയർ. ആ വലിയ വിവാദത്തിന്റെ വാലിൽ തൂങ്ങാനാണ് ഇദ്ദേഹം എന്നോട് ആവശ്യപ്പെടുന്നത്. എന്റെ ജീവിതത്തെ അത് എങ്ങോട്ടു കൊണ്ടുപോകുമെന്ന് ഉറപ്പില്ല. കരുണാകരൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ എടുത്ത അതേ ദിവസമാണു തന്റെ മകനെ കാണാനില്ലെന്നു കാണിച്ച് ഈച്ചരവാരിയർ ഹൈക്കോടതിയിൽ ഹേബിയസ്കോർപസ് ഹർജി ഫയൽചെയ്തത്. കേരള ആഭ്യന്തര സെക്രട്ടറി, പൊലീസ് ഐജി, ഡിഐജി ജയറാം പടിക്കൽ എന്നിവർ മാത്രമായിരുന്നു ആദ്യത്തെ പ്രതിപ്പട്ടികയിൽ.

മാര്‍ച്ച് 29ന് കേരള അസംബ്ലിയിൽ രാജന്റെ തിരോധാനം ചര്‍ച്ചയ്ക്കു വന്നു. മുഖ്യമന്ത്രി കെ. കരുണാകരൻ ‘രാജനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടില്ല’ എന്നു പ്രസ്താവിച്ചു (കോഴിക്കോട് എസ്.പി.ലക്ഷ്മണയുടെ റിപ്പോർട്ട് വിശ്വസിച്ചാണു മുഖ്യമന്ത്രി അതു പറഞ്ഞത്). അതോടെ കരുണാകരനെയും ലക്ഷ്മണയെയും ഈച്ചരവാരിയർ പ്രതിപ്പട്ടികയിൽ ചേർത്തു.

ചുരുക്കിപ്പറഞ്ഞാൽ മുഖ്യമന്ത്രിക്കും പൊലീസിനും എതിരായാണു ഞാൻ കോടതിയിൽ സാക്ഷി പറയേണ്ടത്. അടിയന്തരാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസിന് എന്തുംചെയ്യാൻ തുടർന്നും അധികാരമുള്ള കാലം.

പിന്നീടു നടന്നത് എന്നെ തളർത്തിക്കളഞ്ഞ രംഗമാണ്.
ഈച്ചരവാരിയരുടെ ശബ്ദം ഇടറി. അദ്ദേഹം ഗദ്ഗദത്തോടെ പറഞ്ഞു:
“എന്റെ മകനെ ഒരിക്കലും തിരിച്ചുകിട്ടില്ല എന്നെനിക്കറിയാം. എന്നാൽ മറ്റൊരു പിതാവിനും എന്റെ ഗതി വരരുത്. ഈ അച്ഛനോട് ദയതോന്നണം.”
പ്രഫ. ഈച്ചര വാരിയർ നിസ്സഹായനായി എന്റെ മുന്നിൽനിന്നു കരഞ്ഞുതുടങ്ങി. ഒരുകൊച്ചുകുട്ടിയെപ്പോലെ... ഞാനെന്താണു പറയേണ്ടത്? രാജൻ കേസ് എന്റെ മനസ്സിലൂടെ ആ നിമിഷം ഭയത്തോടെ കടന്നുവരികയാണ്..

thomas george2 തോമസ് ജോർജ്

കായണ്ണ... പിന്നെ കക്കയം ക്യാംപ്

രാജൻ കേസിന് അടിസ്ഥാനമായ സംഭവം ഇതായിരുന്നു:
1976 ഫെബ്രുവരി 28 പുലര്‍ച്ചയ്ക്കുമുന്‍പേ, കോഴിക്കോട്ടുനിന്ന് ഏകദേശം 60 കിലോമീറ്റർ ദൂരെയുള്ള കായണ്ണ പൊലീസ് സ്‍റ്റേഷൻ നക്സ‌ൈലറ്റുകൾ ആക്രമിച്ചു.
ഒരു ഹെഡ്കോണ്‍സ്റ്റബിളിനും മൂന്നു പെലീസുകാര്‍ക്കും സാരമായി പരുക്കേറ്റു. സ്റ്റേഷനിലെ വെടിയുണ്ട നിറച്ച തോക്കുകളുമായി നക്സ‌ൈലറ്റുകൾ രക്ഷപ്പെട്ടു. അടിയന്തരാവസ്ഥ നിലനില്‍ക്കുമ്പോൾ നടന്ന ആക്രമണം ഗുരുതര സുരക്ഷാവീഴ്ചയായി കേരള ഗവണ്‍മെന്റ് കണ്ടു. ആഭ്യന്തര മന്ത്രി കെ. കരുണാകരൻ അന്വേഷണത്തിന് ഉത്തരവിട്ടു.

ഫെബ്രുവരി 28ന് അന്വേഷണ ചുമതല ഡിഐജി ജയറാം പടിക്കലിനെ ഏല്‍പിച്ചു. കേരള പൊലീസിന്റെ വടക്കൻ മേഖല പടിക്കലിന്റെ കീഴിലായി. കോഴിക്കോട്ടുനിന്ന് 50 കിലോമീറ്റർ ദൂരെ വിജനമായ കക്കയം വനത്തിനുള്ളിൽ ജയറാം പടിക്കൽ ക്യാംപ് സ്ഥാപിച്ചു. പൊലീസ് അറിയാതെ ഒരു ഈച്ചയ്ക്കുപോലും കക്കയത്തേക്കു കടക്കാൻ ആകുമായിരുന്നില്ല. കുന്ദമംഗലം മുതൽ കക്കയംവരെ മലബാര്‍ റിസർവ് പൊലീസ് കാവൽ നിന്നു. ഇരുന്നൂറില്‍പരം പൊലീസുകാരും അന്‍പതോളം വാഹനങ്ങളും. വലിയ സന്നാഹം.

map final rajan

നക്സലൈറ്റുകളെന്നു സംശയമുള്ളവരെ ഫെബ്രുവരി 29 മുതൽ അറ‌സ്‌റ്റ് ചെയ്യാൻ തുടങ്ങി. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ ധനതത്ത്വശാസ്ത്രത്തിൽ റിസർച്ച് ചെയ്തുകൊണ്ടിരുന്ന ഏബ്രഹാം ബെൻഹറിനെ 29നു രാവിലെ പത്തരയ്ക്കു വയനാട്ടിലെ മൈലമ്പാടിയിലുള്ള അയാളുടെ വസതിയിൽനിന്നു കസ്‍റ്റഡിയിൽ എടുത്തു. ആകെ ഇരുന്നൂറോളം പേരെ പിടിച്ചതായി പറയപ്പെടുന്നു. ഭൂരിഭാഗവും കായണ്ണ, കൂരാച്ചുണ്ട്, കക്കയം, ചാത്തമംഗലം പ്രദേശങ്ങളിൽനിന്നുള്ളവര്‍. പിടികൂടിയവരെ ക്രൂരമായ മര്‍ദനത്തിനു വിധേയരാക്കി.

കക്കയം ക്യാംപിൽ തടവിലുണ്ടായിരുന്ന വേണു പറയുന്നു: “വെള്ളംകിട്ടാതെ വന്നപ്പോൾ മൂത്രത്തിന്റെ നിറം ആദ്യം മഞ്ഞയും പിന്നെ ചുവപ്പും ആയി. മൂത്രം ഒഴിക്കുമ്പോൾ കഠിനമായ വേദന. ദാഹിച്ചു വലഞ്ഞവർ മൂത്രംകുടിച്ചു ദാഹം ശമിപ്പിക്കുന്നതു തടയുവാനായി മൂത്രം ഒഴിക്കുമ്പോൾ പൊലീസുകാർ കാവൽ നിൽക്കും. എന്റെ തുടയിലെ മാംസം എല്ലിൽനിന്നു വേർപെട്ടുപോയിരുന്നു”. പൊലീസ് മര്‍ദന ക്യാംപ് പതിമൂന്നു ദിവസം നീണ്ടുനിന്നു.

സഹ്യപർവതത്തിന്റെ അടിവാരത്തിലുള്ള വനനിബിഡമായ പ്രദേശമാണു കക്കയം. വനത്തിന്റെ ഉള്ളിലായി, ഇലക്ട്രിക് സാമഗ്രികൾ സൂക്ഷിക്കുവാനായി ഉണ്ടാക്കിയ, ടിന്‍ഷീറ്റ് മേഞ്ഞ് നീളത്തിലുള്ള ഒരു കെട്ടിടത്തിലായിരുന്നു ക്യാംപ്. കുറച്ചു ദൂരെയായി ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഇന്‍സ്പെക്‌ഷൻ ബംഗ്ലാവ്. അതിനടുത്ത് ഒരു ആരോഗ്യകേന്ദ്രം. നീളത്തിലുള്ള കെട്ടിടത്തെ പ്ലൈവുഡ്കൊണ്ടു മുറികളായി തിരിച്ചിരുന്നു. ക്രൂരമായ മര്‍ദനത്തിന് ഉപയോഗിച്ച കുപ്രസിദ്ധമായ ഈ കെട്ടിടം പില്‍ക്കാലത്തു ‘ഭാര്‍ഗവീനിലയം’ എന്നു വിശേഷിപ്പിക്കപ്പെട്ടു. കേരളത്തിന്‌ അപകീര്‍ത്തികരമായ സ്മാരകമായി മാറാതിരിക്കാൻ പിന്നീട് ഇടിച്ചുനിരത്തി.

Rajan's Room in REC D-Hostel

കായണ്ണ പൊലീസ്‌ സ്‌റ്റേഷൻ ആക്രമണം കഴിഞ്ഞപ്പോൾ‘ രാജാ ഓടിക്കോ’ എന്ന് അക്രമികളിൽ ഒരാൾ പറയുന്നതു പൊലീസ് കേട്ടത്രേ. അതിനാൽ കസ്റ്റഡിയിൽ എടുത്തവരിൽ അഞ്ചാറു രാജന്മാർ ഉണ്ടായിരുന്നു. ഈ പേരുള്ളവരെ കൂടുതൽ ഭീകരമായി മര്‍ദിച്ചതിനു കാരണം അതാകാം. ഈ പശ്ചാത്തലത്തിലാണ് 1976 മാർച്ച് ഒന്നിനു രാജനെ തേടി പൊലീസ് ക്യാംപസിലേക്കു വന്നത്. ഞാനാ സംഭവത്തിനു സാക്ഷിയായത് നിയോഗമാകാം. രാഷ്ട്രീയ പശ്ചാത്തലമോ രാജനുമായി യാതൊരു വ്യക്തിബന്ധമോ ഇല്ലായിരുന്ന ഞാൻ പക്ഷേ, നിസ്സഹായനായ ഒരു അച്ഛന്റെ കണ്ണീരിനു മുന്നിൽ തളർന്നുപോയി. ഈച്ചരവാരിയർക്കു വേണ്ടി ദൈവം എന്നെക്കൊണ്ട് സമ്മതംമൂളിക്കുകയായിരുന്നു.

ഞാൻപറഞ്ഞു:
‘‘സർ, കരയരുത്! ഞാൻ വരാം.’’ പ്രതീക്ഷയോടും അവിശ്വസനീയതയോടെയും ഈച്ചരവാരിയർ എന്നെ നോക്കി. ഒരുകാര്യംകൂടി അഭ്യർഥിച്ചു.
‘‘സത്യവാങ്മൂലം തയാറാക്കുവാനായി കോഴിക്കോട്ടേക്കു വരണം. ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം.’’ എന്റെ പരീക്ഷ വെള്ളത്തിലായല്ലോ എന്നു ഞാൻ വ്യാകുലപ്പെട്ടു.
കലങ്ങിയ കണ്ണുകളോടെ, നന്ദിയോടെ പ്രഫസർ ഈച്ചരവാരിയർ കൈകൂപ്പി. ആ മനുഷ്യനോടു മറുത്തുപറയുവാൻ എന്നെക്കൊണ്ടായില്ല.

ഈച്ചരവാരിയരുടെ ഒപ്പമുള്ളവർ പറഞ്ഞു:
‘‘രണ്ടുദിവസംകഴിഞ്ഞ് എറണാകുളത്തു പോകണം. വേറെ സാക്ഷികളും കൂടെയുണ്ടാവും.’’ സ്വയം അറിയാതെ ഞാൻ രാജൻകേസിന്റെ ഭാഗമായി മാറുകയാണ്. രണ്ടു സംസ്ഥാനങ്ങളിലായി നാലു കോടതികളിൽ ഞാൻ സാക്ഷിപറയാൻ നടത്തിയ യാത്രകളുടെ തുടക്കം. രാജൻകേസിന്റെ വിവരമടങ്ങിയ ഫയൽ അന്നുമുതൽ ഞാൻ സൂക്ഷിച്ചിരിക്കുന്നു. 38 കൊല്ലം പഴക്കമുള്ള ആ ഫയൽ മുന്നിൽവച്ചാണു ഞാന്‍ ഈ കഥ നിങ്ങളോടു പറയുന്നത്. എറണാകുളത്തു പോകുന്നതിനു മുൻപ്, ആദ്യം കോഴിക്കോടു നഗരത്തിൽ കുഞ്ഞിരാമപ്പൊതുവാൾ വക്കീലിന്റെ അടുത്തേക്ക് ഈച്ചര വാരിയർ എന്നെ കൂട്ടിക്കൊണ്ടുപോയി. ദൃക്‌സാക്ഷിപത്രം തയാറാക്കിക്കൊണ്ടുവന്നു. മുദ്രപ്പത്രത്തിൽ ഒപ്പിട്ടുകൊടുത്തു.

അധ്യായം രണ്ട്: രാജൻ കേസ്, നിർണ്ണായകമായത് ആ വിദ്യാർഥിയുടെ മൊഴി!