Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിത് ഇല്ലാത്ത ഒരു വർഷം, ഇവിടെ ഒന്നും മാറിയില്ല, ഹൃദയം നുറുങ്ങുന്ന വേദനയിൽ സഹോദരന്റെ കുറിപ്പ്

rohith-vemula രോഹിത് വെമുല

ഹൈദരാബാദ് സർവകലാശാലയിലെ വിദ്യർഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്യപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം. രോഹിതിന് നീതി നടപ്പാക്കുന്നതിനായി നടത്തിയ ശ്രമങ്ങൾ വിജയം കണ്ടോ? ദളിത് ചൂഷണം എന്ന വ്യവസ്ഥിതിയിൽ മാറ്റം വന്നോ? രോഹിത് ഇല്ലാത്ത ഒരു വർഷം കൊണ്ട് 'അമ്മ രാധികയും സഹോദരൻ രാജ ചൈതന്യ കുമാർ വെമൂലയും പഠിച്ചതെന്തെല്ലാമാണ് ? രോഹിത് വെമുല ഇല്ലാത്ത ഒരു വർഷത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സഹോദരൻ രാജ ചൈതന്യ കുമാർ വെമൂല....

എന്റെ പ്രിയ സഹോദരൻ രോഹിത് വെമുല നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. ഇക്കഴിഞ്ഞ നാളത്രയും ഞങ്ങൾ കടന്നു പോയ മാനസിക വ്യഥകളെയും വിഷമങ്ങളെയും കുറിച്ചു പറഞ്ഞറിയിക്കുക പ്രയാസം. നീതിക്കു വേണ്ടിയുള്ള പോരാട്ടം ഏറെ ശ്രമകരമാണ് എങ്കിലും ഞങ്ങൾ അതിന് സജ്ജരായിക്കഴിഞ്ഞു. എന്റെ സഹോദരന് മാത്രമല്ല ഇവിടെ നീതി നിഷേധിക്കപ്പെട്ടത്. ഇപ്പോൾ ഞങ്ങൾ ദളിതരല്ല എന്നു കാണിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ, എനിക്കുറപ്പുണ്ട് സത്യം ഒരുനാൾ മറനീക്കി പുറത്തു വരും. അവന്റെ മരണത്തിന് പിന്നിലുള്ളവർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.  

രോഹിത്തിന്റെ മരണശേഷം ഞങ്ങളുടെ 'അമ്മ രാധിക വെമുല ശാരീരികവും മാനസികവുമായി ഏറെ തളർന്നു. ഈ അടുത്തിടെ മാത്രമാണ് 'അമ്മ തയ്യൽ ജോലിയിലേക്ക് മടങ്ങിയത്. ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകൾക്കിടയിലും ഞങ്ങളുടെ 'അമ്മ രോഹിതിനു നീതി ലഭിക്കുന്നതിനായി രാജ്യത്തുടനീളം സഞ്ചരിച്ച്, ഞങ്ങൾക്കു സമാനമായി ജാതിയുടെ പേരിൽ നീതി നിഷേധിക്കപ്പെട്ട വിവിധ ആളുകളുമായി സംസാരിച്ചു. ജെ എൻ യു മുതൽ ജിഷ കൊലചെയ്യപ്പെട്ട പെരുമ്പാവൂർ വരെ ഞങ്ങൾ ഇതിനായി സഞ്ചരിച്ചു. 

അത്തരം യാത്രകളിലൂടെ ഞങ്ങൾ അറിഞ്ഞ കഥകൾ ഭയമുളവാക്കുന്നതായിരുന്നു. ജാതി വ്യവസ്ഥയുടെ പേരിൽ നീതിനിഷേധിക്കപ്പെടുന്ന ജനവിഭാഗത്തിന് വേണ്ടി പോരാടാൻ ആ അറിവുകൾ പ്രയോജനപ്പെടും. ദളിത് വിഭാഗത്തിന്റെ ഉന്നമനത്തിനായി സംഘടിപ്പിക്കപ്പെട്ട പല മാർച്ചുകളുടെയും പിന്നിലെ ചാലക ശക്തി ഇത്തരം അനുഭവങ്ങൾ തന്നെയായിരുന്നു. 

എന്നാൽ, രോഹിത് ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്ന യാഥാർഥ്യത്തിലേക്ക് ഇനിയും ഞങ്ങൾ നടന്നെത്തേണ്ടിയിരിക്കുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ ചാലകശക്തിയായിരുന്നു രോഹിത്. ഒരുപാട് ആശയങ്ങളും സ്വന്തമായി വേറിട്ട വ്യക്തിത്വവും ഉള്ളവനായിരുന്നു അവൻ. കഴിഞ്ഞ ജനുവരിയിൽ രോഹിത് ആത്മഹത്യ ചെയ്യുമ്പോൾ ഞാൻ നാഷണൽ ജോഗ്രഫിക്കൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ പ്രോജക്ട് ചെയ്യുകയായിരുന്നു. അടുത്ത 3  മാസത്തേക്ക് സ്ഥാപനം എന്റെ വേക്കൻസി അതുപോലെ സംരക്ഷിച്ചു നിർത്തി. ഒടുവിൽ എനിക്കിനി ജോലിയിൽ തുടരാനാവില്ല എന്നു ഞാൻ അവരെ അറിയിക്കുകയായിരുന്നു. രോഹിത്തിന് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രതിഷേധങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു വരികയായിരുന്നു, എനിക്കതിന്റെ ഭാഗമാകണമായിരുന്നു. 

ഒരു വർഷത്തിനു ശേഷം ഞങ്ങൾ മനസിലാക്കി , പ്രതിഷേധങ്ങൾ ഒന്നും ഫലം കണ്ടില്ല. ജാതിവ്യവസ്ഥയും ചൂഷണങ്ങളും മാറ്റമില്ലാതെ തുടർന്നു. പക്ഷെ ഞങ്ങൾ ഇനിയും പോരാട്ടം ശക്തമാകും, സ്വാതന്ത്ര്യത്തിനും സാമൂഹിക സമത്വത്തിനും വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം. ഞാൻ ആവശ്യപ്പെടുന്നത് അടിസ്ഥാനപരമായ സ്വാതന്ത്ര്യമാണ്. എന്റെ സഹോദരന് നഷ്ടപ്പെട്ട സ്വാതന്ത്ര്യം. ഈ രാജ്യത്ത് മാന്യമായി ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യം, അതാണ് ഞങ്ങൾക്ക് വേണ്ടത്. 

ഞങ്ങളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യമെന്നത് ബാബാസാഹിബ് പറഞ്ഞ പോലെ ജാതി വ്യവസ്ഥയിൽ നിന്നുള്ള മോചനമാണ്. അന്ധവിശ്വാസങ്ങൾ ഇല്ലാതെയുള്ള ജീവിതമാണ്, സഹജീവികളോട് കരുണയോടും സ്നേഹത്തോടും കൂടിയ ജീവിതമാണ്, മാനഹാനിയിൽ നിന്നുള്ള മോചനമാണ്, വിദ്യാലയങ്ങളിലും സർവകലാശാലകളിലും ഉള്ള വേർതിരിവിൽ നിന്നുള്ള മോചനമാണ്, എവിടെയും ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ്. 

ഇതിനു പുറമെ, എനിക്ക് എന്റേതായ ചില സ്വപ്നങ്ങളുണ്ട്, ഞങ്ങളുടെ അമ്മയ്ക്ക് പ്രവേശനം നിഷേധിച്ച ഹൈദരാബാദ് കാമ്പസിൽ കയറാനുള്ള സ്വാതന്ത്ര്യം വേണം, അമ്മയുടെ മകന്റെ ജീവൻ ബലികൊടുത്ത മണ്ണാണ് അത്. തന്റെ മകൻ മരണപ്പെട്ടിടത്ത് അമ്മയ്ക്ക് പോകാൻ കഴിഞ്ഞില്ല എങ്കിൽ, മറ്റു സ്വാതന്ത്ര്യങ്ങൾ കൊണ്ട് എന്താണ് അർഥ?

ഞാൻ ഈ പറഞ്ഞതിനപ്പുറം പല സ്വാതന്ത്ര്യവും ഇവിടെ പലരും അനുഭവിക്കുന്നുണ്ട്, ഭയം കൂടാതെ കൊലപാതകം ചെയ്യാൻ ഇവിടെ പലർക്കും സ്വാതന്ത്ര്യമുണ്ട്, പണത്തിന്റെയും അധികാരത്തിന്റെയും പിൻബലത്തിൽ ഭരണം നടത്താൻ ഇവിടെ സ്വാതന്ത്ര്യമുണ്ട്, സ്വാതന്ത്ര്യം കിട്ടി 70  വർഷം പിന്നിടുമ്പോഴും ജനനത്താൽ താഴെത്തട്ടിലുള്ളവരെ ചൂഷണം ചെയ്യാനുള്ള സ്വാതന്ത്ര്യം പലർക്കും ഇവിടുണ്ട്, മാറ്റം വരേണ്ടത് ഈ വ്യവസ്ഥയ്ക്കാണ്.‌

(രോഹിത് വെമുല ഇല്ലാത്ത ഒരു വർഷത്തെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ഒരു മാധ്യമത്തിനു നൽകിയ കുറിപ്പിലാണ് രാജ ചൈതന്യകുമാർ വെമുല ഇക്കാര്യങ്ങൾ പറഞ്ഞത്.)

Your Rating: