Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോ ഷേവ് നവംബറിൽ താരമായി പെണ്ണൊരുത്തി

Ryma കാൻസർ രോഗികള്‍ക്കു വേണ്ടിയാണെന്നു പറഞ്ഞ് പലരും മു‌ടി വളർത്തി നടന്നപ്പോൾ എറണാകുളം സ്വദേശിയായ റിമ ചെയ്തത് തന്റെ മുടി മുഴുവനായി അവർക്കു വേണ്ടി ദാനം ചെയ്യുകയാണ്.

നവംബർ ഇങ്ങെത്തിയതോടെ ദാ താടി വെക്കാത്തവർ പോലും താടി വളർത്തിത്തുടങ്ങി, കാരണം ചോദിച്ചപ്പോഴോ 'നോ ഷേവ് നവംബർ' എന്നാണ് ഉത്തരം. സത്യത്തിൽ പലർക്കും ഈ നോ ഷേവ് നവംബർ എന്തിനാണെന്നു പോലും വലിയ ധാരണയില്ലാതെയാണു അതിനു വേണ്ടി വാദിക്കുന്നത്. കാൻസറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, കാൻസർ രോഗികൾക്കായി ധനസമാഹരണം നടത്തുക എന്നതാണ് നോ ഷേവ് നവംബറിന്റെ പ്രധാന ഉദ്ദേശം. ഇക്കാര്യം അറിഞ്ഞു ചെയ്യുന്നതോ വളരെ ചുരുക്കം പേരും. എന്തായാലും നവംബറിൽ നോ ഷേവ് വാദവുമായി നടക്കുന്നവർക്കിടയിൽ വ്യത്യസ്തമായിരിക്കുകയാണ് റിമ എന്ന പെൺകുട്ടി. കാൻസർ രോഗികള്‍ക്കു വേണ്ടിയാണെന്നു പറഞ്ഞ് പലരും മു‌ടി വളർത്തി നടന്നപ്പോൾ എറണാകുളം സ്വദേശിയായ റിമ ചെയ്തത് തന്റെ മുടി മുഴുവനായി അവർക്കു വേണ്ടി ദാനം ചെയ്യുകയാണ്.

ആ തീരുമാനം പിറന്നാൾ ദിനത്തിൽ

നവംബർ ഒന്നിന് തന്റെ പിറന്നാൾ ദിനത്തിലാണ് റിമ ആ കാരുണ്യ പ്രവർത്തി ചെയ്യുന്നത്. മുട്ടോളം മുടി വളർത്തിയും ബോയ്കട്ടിലുമൊക്കെ യുവതലമുറ തിളങ്ങുമ്പോൾ അതിനുമപ്പുറം ചിന്തിച്ചു റിമ. അങ്ങനെയാണ് തന്റെ മുടി മുഴുവനായി ഷേവ് ചെയ്യാമെന്നു തീരുമാനിക്കുന്നത്. സത്യത്തിൽ മുടി കാന്‍സർ രോഗികൾക്കു വേണ്ടി ദാനം ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചതായിരുന്നു. ഇപ്പോള്‍ ഒരു മൂന്നുമാസം മുമ്പാണ് എന്നു വെട്ടണമെന്നു തീരുമാനിച്ചത്. നല്ല കാര്യത്തിനു വേണ്ടിയായതുകൊണ്ടു തന്നെ വീട്ടിൽ നിന്നും മറ്റ് എതിർപ്പുകളൊന്നുമുണ്ടായില്ല, മാത്രമല്ല അവർക്കിപ്പോൾ സന്തോഷവുമാണ് ധീരയായ ഈ മകളുടെ തീരുമാനത്തെയോർത്ത്.

Ryma നവംബർ ഒന്നിന് തന്റെ പിറന്നാൾ ദിനത്തിലാണ് റിമ ആ കാരുണ്യ പ്രവർത്തി ചെയ്യുന്നത്. മുട്ടോളം മുടി വളർത്തിയും ബോയ്കട്ടിലുമൊക്കെ യുവതലമുറ തിളങ്ങുമ്പോൾ അതിനുമപ്പുറം ചിന്തിച്ചു റിമ.

മുടി ജീവൻ തന്നെ, അതിലും വലുതാണ് മനുഷ്യത്വം

മുടിയെ ജീവനാണെന്നു പറയുന്നു റിമ. മുടി പരിപാലിക്കാനായി ഒരു മണിക്കൂർ വേണമെങ്കിലും യാതൊരു മടുപ്പുമില്ലാതെ കണ്ണാടിക്കു മുന്നിൽ നിൽക്കും. പക്ഷേ കാൻസർ ബാധിച്ചു മുടിയെല്ലാം പോയി വിഷമിച്ചിരിക്കുന്ന പലരുടെയും അവസ്ഥ കണ്ടപ്പോഴാണ് ഇതിലൊന്നും വലിയ കാര്യമില്ലെന്നു മനസിലാകുന്നത്. കഴിഞ്ഞ ഒരുവർഷമായി മുടി വളർത്തിയതു തന്നെ കാൻസർ രോഗികൾക്കു വേണ്ടിയാണ്. മുടിയില്ലാത്ത തന്നെ കാണുമ്പോൾ പലരും അത്ഭുതത്തോടെ നോക്കാറുണ്ട്. അയൽപക്കക്കാരും സുഹൃത്തുക്കളുമൊക്കെ അഭിമാനം തോന്നുന്നുവെന്നു പറഞ്ഞു. ഒരാൾക്കെങ്കിലും ഈ തീരുമാനം പ്രചോദനമായാൽ അത്രയും സന്തോഷം അതല്ലാതെ മറ്റൊരു തരത്തിലുമുള്ള പ്രശസ്തിയും ആഗ്രഹിക്കുന്നില്ല-റിമ പറയുന്നു.

ഹൃദയം തൊട്ടു ആ സംഭവം

പിജി ചെയ്യുന്ന സമയത്താണ് ഒരിക്കൽ ഒരു കാൻസർ ഫൗണ്ടേഷനിൽ നിന്ന് കുറച്ചു പേർ ഹോസ്റ്റലിലേക്കെത്തിയത്. അന്നവർ ഒരു ബക്കറ്റ് തന്നിട്ടു പറഞ്ഞു നിങ്ങളിൽ നിന്നും പൊഴിഞ്ഞുവീഴുന്ന മുടി അതിനുള്ളിൽ ശേഖരിച്ചു വച്ച് അവർക്കു കൈമാറണമെന്ന്. കുറച്ചുനാൾ കഴിഞ്ഞു ബക്കറ്റ് തുറന്നപ്പോഴേക്കും അസഹ്യമായ മണമായിരുന്നു, പലരുടെയും മുടി കൂടിച്ചേർന്നതല്ലേ. അന്ന് ആ ബക്കറ്റിലെ മുടിയാകെ കളയുമ്പോൾ തീരുമാനിച്ചതാണ് എന്നെങ്കിലും കാൻസർ രോഗികൾക്കു വേണ്ടി മുടി ദാനം ചെയ്യുമെന്ന്.

Ryma ഒരാൾക്കെങ്കിലും ഈ തീരുമാനം പ്രചോദനമായാൽ അത്രയും സന്തോഷം അതല്ലാതെ മറ്റൊരു തരത്തിലുമുള്ള പ്രശസ്തിയും ആഗ്രഹിക്കുന്നില്ല-റിമ പറയുന്നു.

ഹെയർ ഫോര്‍ ഹോപിലേക്ക്

മുടി ദാനം ചെയ്യാൻ ആലോചിച്ചിരുന്ന സമയത്താണ് നെറ്റിൽ അതിനെക്കുറിച്ചു സെർച്ച് ചെയ്യുന്നത്. അങ്ങനെയാണ് ഹെയർ ഫോർ ഹോപ് എന്ന സംഘടനയെക്കുറിച്ച് അറിഞ്ഞത്. അപ്പോൾ തന്നെ അവരുടെ ഫേസ്ബുക് പേജിൽ തനിക്ക് ഇത്തരമൊരു താൽപര്യമുള്ള കാര്യം അറിയിച്ചു. അധികം വൈകാതെ തന്നെ ഹെയർ ഫോർ ഹോപ്പിന്റെ മേധാവി പ്രമി മാത്യു മറുപടി നൽകുകയും മിനിമം പതിനഞ്ച് ഇഞ്ചു നീളമെങ്കിലും വേണമെന്നും അറിയിക്കുന്നത്. സംഘടനയുടെ കേരളത്തിലെ അംഗങ്ങളുമായി ബന്ധപ്പെട്ടാണ് പിന്നീടു മുടി ദാനം ചെയ്തത്. വൈകാതെ തന്റെ മുടി ഏതെങ്കിലും കാന്‍സർ രോഗിയെ മനോഹരമാക്കുമെന്ന പ്രതീക്ഷയിലാണ് റിമ.

നോ ഷേവ് നവംബറിനെക്കുറിച്ച് അറിഞ്ഞതേയില്ല

പലരും റിമയോടു ചോദിച്ചിരുന്നു നോ ഷേവ് നവംബറിൽ എല്ലാവരും മുടി നീട്ടിവളർത്തിത്തുടങ്ങിയപ്പോൾ വ്യത്യസ്തതയ്ക്കു വേണ്ടിയാണോ മുടി വെട്ടാൻ തീരുമാനിച്ചതെന്ന്. എന്നാൽ താൻ മുടി വെട്ടിയതിന്റെ പിറ്റേദിവസം മാത്രമാണ് നോ ഷേവ് നവംബറിനെക്കുറിച്ച് അറിഞ്ഞതെന്നു പറയുന്നു റിമ. അവരും കാൻസർ രോഗികളെ പിന്തുണയ്ക്കുകയാണ് താനും അതുപോലെ തന്നെ.

വിദൂരമായി എംഎ സൈക്കോളജി ചെയ്യുന്ന റിമ എറണാകുളത്തെ ഒരു വൃദ്ധസദനത്തിൽ കൗൺസിലറായും പ്രവർത്തിക്കുന്നുണ്ട്. മുടിയൊന്നു കൊഴിഞ്ഞാൽ കണ്ണിൽക്കാണുന്ന പരസ്യങ്ങൾക്കെല്ലാം പിന്നാലെ പായുന്ന യുവതലമുറ കണ്ടുപഠിക്കേണ്ടതാണ് റിമ എന്ന മനുഷ്യ സ്നേഹിയെ.