Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചന്ദനസുഗന്ധമുള്ള പ്രണയം

gay-lovee

''ഷീലാ, നീയൊരു ആണ്‍കുട്ടിയായിരുന്നെങ്കില്‍ നിനക്കെന്നെ സ്‌നേഹിച്ചു തുടങ്ങാമായിരുന്നു. എന്റെ അച്ഛന്‍ നിന്നെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ നിന്റെ ഗുരുപുത്രിയാണ്. ഗുരുപുത്രിമാരെ സ്‌നേഹിച്ച രാജകുമാരന്‍മാരെപ്പറ്റി നീ കേട്ടിട്ടില്ലേ? നീ എന്തുകൊണ്ട് ഒരാണായി ജനിച്ചില്ല?'' മാധവിക്കുട്ടിയുടെ ചന്ദനമരങ്ങളിലെ കല്ല്യാണികുട്ടി സംസാരിച്ചത് പ്രണയമായിരുന്നു. കാമത്തിനും രതിയ്ക്കുമപ്പുറത്തുള്ള ഒരു സ്ത്രീയ്ക്ക് മറ്റൊരു സ്ത്രീയോട് തോന്നാവുന്ന മനോഹരമായ പ്രണയം. കല്ല്യാണിക്കുട്ടിയുടെ ഭാഷ സ്ത്രീയെ പ്രണയിക്കുന്ന സ്ത്രീയുടെയും, പുരുഷനെ പ്രണയിക്കുന്ന പുരുഷന്റെയും ഭാഷയായിരുന്നു. ചന്ദനമരങ്ങളിലൂടെ മാധവിക്കുട്ടി പറഞ്ഞുതന്ന ചന്ദനസുഗന്ധമുള്ള പ്രണയം കാലാകാലങ്ങളിൽ പിറന്നുകൊണ്ടേയിരുന്നു. സമൂഹം അതിനെ തെറ്റെന്ന് വ്യാഖ്യാനിക്കപ്പെടുമ്പോഴും അത്തരം പ്രണയങ്ങളിലെ സത്യസന്ധതയെക്കുറിച്ച് നൈർമല്ല്യത്തെക്കുറിച്ച് മനോരമ ഓൺലൈനിനോട് മനസ്സുതുറക്കുകയാണ് ഗിരിഷ്

കൊച്ചിയിൽ ഒരു എഡ്യൂക്കേഷൻ കൺസൾട്ടെന്റാണ് ഗിരി. പ്ലസ് ടുവിൽ പഠിക്കുമ്പോഴാണ് തനിക്ക് ഒരിക്കലും ഒരു പെൺകുട്ടിയെ പ്രണയിക്കാനാവില്ല എന്ന് ഗിരി മനസ്സിലാക്കുന്നത്. '' ആ പെൺകുട്ടി എന്നോട് പ്രണയമാണെന്ന് പറഞ്ഞപ്പോൾ അക്ഷരാർഥത്തിൽ ഞാൻ കരഞ്ഞുപോയി. അന്നാണ് എനിക്കൊരു പെൺകുട്ടിയെ പ്രണയിക്കാനും ജീവിതത്തിലുടനീളം ഒപ്പം കൂട്ടാനുമാകില്ലെന്ന് മനസ്സിലാകുന്നത്. അന്നു തൊട്ട് ഞാൻ എന്നെതന്നെ പഠിക്കാനുള്ള ശ്രമമായിരുന്നു, എന്നെ സ്വയം അറിയാനുള്ള ശ്രമം. അനൂപും പരിചയപ്പെട്ടപ്പോൾ എനിക്ക് മനസ്സിലായി ഞാൻ തേടിയ എന്നെ ഞാൻ അവനിലൂടെ കണ്ടെത്തുകയായിരുന്നുവെന്ന്.''

മാധവിക്കുട്ടി പറഞ്ഞതുപോലെ അവനവന്റെ ഇരട്ടയെ മറ്റൊരാളിൽ കണ്ടെത്തുന്ന മനോഹരമായൊരു അവസ്ഥയായിരുന്നു ഗിരിയ്ക്കത്. ഒരേ ഇഷ്ടങ്ങൾ, താൽപ്പര്യങ്ങൾ, കാഴ്ച്ചപാടുകൾ. ഗിരിയും അനൂപും ദ്വന്ദങ്ങളിൽ നിന്നും ഏകത്വത്തിലേക്ക് സാന്ദ്രീകരിക്കപ്പെടാൻ അധികം നാളുകൾ വേണ്ടി വന്നില്ല.

പക്ഷെ വീട്ടിൽ ഈ പ്രണയം അറിഞ്ഞതോടെ ഇരുവർക്കും ജീവിക്കാൻ പറ്റാത്ത സാഹചര്യമായി. അല്ലെങ്കിലും പൊതുസമൂഹം ഞങ്ങളുടെ പ്രണയത്തെ പ്രണയമായി കാണാറില്ലല്ലോ? കേവലം ലൈംഗികത അതുമല്ലെങ്കിൽ രതിയ്ക്ക് വേണ്ടി മാത്രമുള്ള ബന്ധങ്ങൾ എന്ന നിലയിലാണ് മിക്കവരും കാണുന്നത്. വെറും ബട്ടർഫ്ലൈ പ്രണയമായിട്ടാണ് ആണും ആണും തമ്മിലുള്ള പ്രണയത്തെ വ്യാഖ്യാനിക്കുന്നത്. ആൺ പ്രണയങ്ങൾ പൂവും പൂമ്പാറ്റയും തമ്മിലുള്ള നൈമിഷിക പ്രണയമായിപ്പോകുന്നതിന്റെ മുഖ്യകാരണം സമൂഹമാണ്.

സമൂഹത്തെ ഭയന്ന് ആരും പ്രണയം തുറന്നു പറയില്ല. പറഞ്ഞാൽ തന്നെ വീട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ ഇമോഷണൽ ബ്ലാക്ക്മെയ്‌ലിങ്ങ്. ചിലർ പ്രണയമുപേക്ഷിച്ച് മറ്റുനാടുകളിലേക്ക് പോകും. അവിടെ നമ്മുടെ നാട്ടിന്റെയത്ര സങ്കുചിത മനസ്സില്ല. അവിടെ അവന് അവന്റെ പ്രണയം വീണ്ടെടുക്കാൻ സാധിക്കും. ചിലരാകട്ടെ സാഹചര്യങ്ങളുടെ സമർദ്ദം മൂലം സാമ്പ്രദായിക വിവാഹത്തിന് തയ്യാറാകും. അതുപക്ഷെ അറിഞ്ഞുകൊണ്ട് രണ്ട് ജീവിതങ്ങൾ നശിപ്പിക്കുകയാണ്. സ്വന്തം ജീവിതം നശിക്കുന്നതോടൊപ്പം ഇതൊന്നുമറിയാതെ ഭാര്യയാകുന്ന പെൺകുട്ടിയുടെ ജീവിതവും ഉടഞ്ഞു പോകും. എത്രകാലം ആ പെൺകുട്ടിയോട് പ്രണയം തോന്നുന്നില്ല എന്നുള്ളകാര്യം മറച്ചുവെയ്ക്കാൻ പറ്റും. വിവാഹബന്ധത്തില്‍ വിള്ളൽ വീഴും. സമൂഹം ഒന്ന് മനസ്സിലാക്കാൻ തയ്യാറായാൽ രക്ഷപെടുന്നത് രണ്ടു കുടുംബങ്ങളായിരിക്കും.

മാനസികാരോഗ്യവിദഗ്ധർ പോലും ഇത്തരം പ്രണയങ്ങളെ വൈകല്യമായാണ് പലപ്പോഴും കാണുന്നത്. ആണുങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾ കൂടുതലുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന പെൺകുട്ടികൾക്കുമാണ് കൂടുതലും പരസ്പരം പ്രണയം തോന്നുക എന്നാണവർ പറയുന്നത്. അത് തെറ്റാണ്. ഞാൻ വളർന്ന ചുറ്റുപാടിൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളായിരുന്നു. ഇത്തരം വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നേ പറയാൻ പറ്റും. എന്റെ പ്രണയം മറ്റൊരു പുരുഷനോടാണെന്ന് പറഞ്ഞപ്പോൾ എന്റെ സ്ത്രീസുഹൃത്തുക്കൾ പോലും പരിഹസിച്ചിട്ടുണ്ട്. ഇത് അറിഞ്ഞതോടെ ഞാൻ ആദ്യം ജോലി ചെയ്തിരുന്ന കമ്പനി എന്നെ ഒരു കാരണവും കൂടാതെ പിരിച്ചുവിട്ടു. സ്ത്രീപുരുഷ പ്രണയത്തെ അംഗീകരിക്കുന്ന മനസ്സ് ഞങ്ങളുടെ പ്രണയത്തെ നിസാരവത്കരിക്കുന്നത് കഷ്ടമാണ്.'' ഗിരി പറയുന്നു

നിന്റെ ഉള്ളു ചികഞ്ഞ് നിന്റെ രഹസ്യങ്ങളെ അന്വേഷിച്ചു കണ്ടെത്തുന്നതുകൊണ്ടാണോ നിന്റെ കണ്ണില്‍ ഞാനൊരു ദുഷ്ടജീവിയായത്? നീയാരാണെന്ന് എനിക്കറിയാം. എനിക്കറിയാമെന്ന് നിനക്കറിയാം. എനിക്കറിയാമെന്ന് നിനക്കറിയാമെന്ന് എനിക്കറിയാം.'' എന്ന് മാധവിക്കുട്ടി എഴുതിയത് അക്ഷരാർഥത്തിൽ സത്യമാണ്. സ്ത്രീപുരുഷ പ്രണയത്തേക്കാൾ പരസ്പരമുള്ള മനസ്സിലാക്കൽ വളരെയേറെ കൂടുതലാണ് ആൺ പ്രണയങ്ങളിലെന്ന് ഗിരി ആണയിടുന്നു.

രണ്ടുപേരും പുരുഷന്മാർ ആയതിനാൽ അവിടെ ഈഗോയ്ക്കും, അധികാരം സ്ഥാപിച്ചെടുക്കലിനും, ആൺമേൽക്കോയ്മയ്ക്കുമൊന്നും സ്ഥാനമില്ല. എന്റെ മുഖമൊന്നു വാടിയാൽ, എനിക്കെന്തെങ്കിലും ശാരിരിക ബുദ്ധിമുട്ടുകളുണ്ടായാൽ ഞാൻ പറയാതെ തന്നെ അനൂപിന് മനസ്സിലാകും. അവന്റെ പ്രയാസങ്ങൾ എനിക്ക് തിരിച്ചും. പരസ്പരം മനസ്സിലാക്കിയുള്ള പ്രണയങ്ങളാണ് ഞങ്ങളുടെ ഇടയിലുള്ളത്. കാമത്തിനേക്കാൾ സ്നേഹത്തിനാണ് സ്ഥാനം. സ്നേഹമുണ്ടെങ്കിലല്ലേ കാമവും രതിയുമൊക്കെ തോന്നൂ. എന്നെ അറിയുന്ന എനിക്ക് അറിയാവുന്ന അവനെ വീട്ടുകാർക്കു വേണ്ടി ഒരിക്കലും വിട്ടുകളയില്ലെന്ന് പറയുമ്പോൾ ഗിരിയുടെ കണ്ണുകളിൽ പ്രണയത്തിന്റെ തീഷ്ണതയാണ് കണ്ടത്.

പരസ്പരം പ്രതിഫലിച്ച് പകര്‍ന്നാടുന്ന ഇത്തരം സ്നേഹബന്ധങ്ങൾ നമുക്ക് ചുറ്റും നിരവധിയാണ്. സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടൽ കുറ്റപ്പെടുത്തൽ അവഗണന ഇതൊക്കെ കൊണ്ട് പലരും പ്രണയങ്ങളെക്കുറിച്ച് സൗഹൃദസദസ്സിൽ പോലും പറയാറില്ല. പറയാൻ പറ്റാറില്ല. ഒരിക്കൽ പറയാൻ തയ്യാറായവർ പോലും പിന്നീട് മനസ്സുതുറക്കില്ല. കാരണം നമ്മുടെ സമൂഹം അവരെ കാണുന്നത് അങ്ങനെയാണ്. ദേശവും കാലവും ലിംഗവും മതവും പ്രായവുമെല്ലാം അനശ്വര പ്രണയത്തിനു മുമ്പിൽ തോറ്റിട്ടേയുള്ളു. അതുപോലെ ഇവരുടെ പ്രണയത്തിന്റെ മഹത്വവും സമൂഹം തിരിച്ചറിയുന്ന ഒരു കാലം വരുമെന്ന് പ്രത്യാശിക്കാം.

പ്രണയദിനാഘോഷത്തിനു പിന്നിൽ ഒരു മരണമാണ്.. കൂടുതൽ വായിക്കാന്‍ വാലന്റൈൻസ് ഡേ സ്പെഷ്യൽ പേജ് ലോഗിന്‍ ചെയ്യാം

ഈ പ്രണയദിനത്തിലെങ്കിലും പ്രണയിക്കാനുള്ള ഇവരുടെ അവകാശത്തിന് മുന്നിൽ സമൂഹത്തിന്റെ വാതിലുകൾ തുറന്നിരുന്നെങ്കിൽ. മറ്റുനാടുകളിലെപ്പോലെ പരസ്പരപൂരകമായ പ്രണയങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ കേരളീയ സമൂഹവും തയ്യാറായിരുന്നെങ്കിൽ ഒരുപാട് ഹൃദയങ്ങളുടെ നിശബ്ദമായ വിങ്ങലുകൾക്ക് ശുഭപര്യവസാനമുണ്ടാകും.